മുനിയറകള്‍ മണ്‍മറയുന്നു

Posted on: 11 Jul 2013



മറയൂര്‍:ശിലായുഗ തിരുശേഷിപ്പുകളായ മുനിയറകള്‍ കാലയവനികയ്ക്കുള്ളില്‍ മറയുന്നു. നൂറ്റാണ്ടുകള്‍ക്കുമുന്‍പ് മുനിമാര്‍ താമസിച്ചിരുന്ന സ്ഥലമാണ് മുനിയറയെന്നും അതല്ല ആദിമ മനുഷ്യന്റെ ശവകുടീരങ്ങളാണ് ഇതെന്നും വാദഗതികളുണ്ട്. ഡോള്‍മെന്‍സ് എന്ന നാമത്തില്‍ അറിയപ്പെടുന്ന മുനിയറകള്‍ശവകുടീരങ്ങളാണെന്ന വാദത്തിനാണ് മുന്‍ഗണന. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ജീവിച്ചിരുന്നവരുടെ സംസ്‌കാരം, ജീവിതശൈലി തുടങ്ങിയവ മനസ്സിലാക്കാന്‍ ഇത്തരം ശേഷിപ്പുകള്‍ സഹായിക്കുന്നു. പക്ഷേ, ഇവിടെ വിനോദസഞ്ചാരികളായി വന്നുപോകുകമാത്രമാണ് പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥര്‍.

ഇന്ത്യയില്‍ ആന്ധ്രപ്രദേശിലും തമിഴ്‌നാട്ടില്‍ പഴനിയിലും കേരളത്തില്‍ മറയൂര്‍, കാന്തല്ലൂര്‍ പ്രദേശങ്ങളിലുമാണ് മുനിയറകള്‍ ഉള്ളത്. ഡോ.എസ്.പത്മനാഭന്‍ തമ്പി ഗവേഷണവിഷയമായി മറയൂരിലെ ശിലാലിഖിതങ്ങള്‍, എഴുത്തറകള്‍, ഗുഹകള്‍ എന്നിവയെപ്പറ്റി വിശദപഠനംനടത്തി ഡോക്ടറേറ്റ് നേടിയപ്പോഴാണ് ലോകം മറയൂരിലെ മുനിയറകളെപ്പറ്റി അറിയുന്നത്. ഇപ്പോള്‍ മറയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ 600ഉം കാന്തല്ലൂര്‍ പഞ്ചായത്തില്‍ 500ഉം മുനിയറകള്‍ ഉള്ളതായാണ് കണക്ക്. പണ്ട് 3000 മുനിയറകള്‍ ഉണ്ടായിരുന്നു. മറയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ആലാംപെട്ടി, മുരുകന്‍മല, കോട്ടക്കുളം, കിളിക്കൂട്ടുമല, പൊന്റുഗുണ്ടുമല, ചന്ദ്രകുമരാണ്ടി കോവില്‍, കുട്ടിപരപ്പന്‍കുടി, പള്ളനാട് പ്രദേശങ്ങളിലും കാന്തല്ലൂരില്‍ പയസ്‌നഗര്‍, പാളപ്പെട്ടി, ഇടക്കടവ്, കണക്കാംകൊട്ടപ്പള്ളം, കര്‍ശനാട് എന്നിവിടങ്ങളിലുമാണ് മുനിയറകള്‍ കണ്ടു വരുന്നത്.

ഇനിയും ലോകം അറിയാത്ത നൂറുകണക്കിന് മുനിയറകള്‍ ഭൂമിക്കടിയില്‍ ഉണ്ടെന്ന് കരുതപ്പെടുന്നു. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇന്ന് കാണപ്പെടുന്ന മുഴുവന്‍ മുനിയറകളും മണ്ണിനടിയില്‍ ഉണ്ടായിരുന്നവയാണെന്നാണ് കരുതപ്പെടുന്നത്.

കനത്തമഴയില്‍ മണ്ണൊലിപ്പുമൂലം മണ്ണ് ഒഴുകി പാറ തെളിഞ്ഞു വന്ന ഇവ ഇന്ന് ആര്‍ക്കുംവേണ്ടാത്ത അവശിഷ്ടങ്ങളായി മാറി. പാറമടകള്‍ നിരോധിച്ചപ്പോള്‍ വീടുനിര്‍മ്മാണത്തിനും മറ്റും തദ്ദേശവാസികള്‍ കൂടുതല്‍ മുനിയറകള്‍ കൈയടക്കി പാറക്കല്ലുകള്‍ ശേഖരിച്ചു. വിനോദസഞ്ചാരികള്‍ മദ്യം കഴിക്കുന്നതിനും മറ്റും ഇടത്താവളമായി ഇവയെ ഉപയോഗിക്കുന്നു. മുറിയറകളുടെ ഉള്ളറകളെപ്പറ്റി വിശദപഠനത്തിന് പുണെ ഡെക്കാന്‍ കോളേജ് ഓഫ് ആര്‍ക്കിയോളജിയിലെ വിദഗ്ദ്ധര്‍ മറയൂരില്‍ വന്നു. രണ്ടു മുനിയറകളുടെ എസ്‌കവേഷനും, ഗുഹാചിത്രങ്ങളുടെ ഫ്ലോര്‍ എക്‌സവേഷനും നടത്തി. എന്നാല്‍ പഠന റിപ്പോര്‍ട്ട് നാളിതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

മറയൂര്‍ ഗ്രാമപ്പഞ്ചായത്ത് 2010-11 സാമ്പത്തിക വര്‍ഷത്തില്‍ 3 ലക്ഷം രൂപ പദ്ധതിവിഹിതത്തില്‍ ഉള്‍പ്പെടുത്തി 19 മുനിയറകള്‍ മുരുകന്‍മലയില്‍ ഇരുമ്പുവേലികെട്ടി സംരക്ഷിച്ചു. മറ്റു മുനിയറകള്‍ സംരക്ഷിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് ജനപ്രതിനിധികളും അധികാരികളും നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് പ്രകൃതിസ്‌നേഹികള്‍.



MathrubhumiMatrimonial