goodnews head

ജീവനെടുത്തപ്പോഴും അഞ്ചുപേര്‍ക്ക് ജീവിതം നല്‍കി ജോര്‍ജ് മാത്യു

Posted on: 24 Jun 2013


കോട്ടയം: റിട്ട. അധ്യാപകന്‍ ജോര്‍ജ് മാത്യുവിന്റെ ജീവന്‍ വിലയേറിയതായിരുന്നു. വിധി അകാലത്തില്‍ ആ വിലപ്പെട്ട ജീവന്‍ തട്ടിയെടുത്തപ്പോഴും അഞ്ചുപേര്‍ക്ക് ജീവിതം നല്‍കിയാണ് അദ്ദേഹം വിടചൊല്ലുന്നത്.

മസ്തിഷ്‌കമരണം സംഭവിച്ച കോട്ടയം അതിരമ്പുഴ പാലാ കൊല്ലപ്പള്ളി കുഴിവേലിതടത്തില്‍ ജോര്‍ജ് മാത്യുവിന്റെ(ജോയി-57) കരള്‍, വൃക്കകള്‍, കണ്ണുകള്‍ എന്നിവയാണ് മറ്റ് അഞ്ചുപേരുടെ ജീവിതത്തിന് വഴിതുറക്കുന്നത്. ജീവിച്ചിരുന്നപ്പോള്‍ അവയവദാനത്തിന് ആഗ്രഹം പ്രകടിപ്പിച്ചിരുന്ന ജോര്‍ജ് മാത്യുവിന്റെ അഭിലാഷം ഭാര്യയും മക്കളും ബന്ധുക്കളും നിറവേറ്റുകയായിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ജോര്‍ജ് മാത്യുവിനെ വീട്ടിലെ ടോയ്‌ലറ്റില്‍ ബോധരഹിതനായ നിലയില്‍ ഭാര്യ കുസുമം മാത്യുവാണ് കണ്ടത്. ഉടന്‍തന്നെ മകന്‍ ദീപക് ജോര്‍ജും അയല്‍വാസികളും ചേര്‍ന്ന് കോട്ടയം കാരിത്താസ് ആസ്പത്രിയില്‍ എത്തിച്ചു. എന്നാല്‍ തലച്ചോറിലെ രക്തസ്രാവംകാരണം മസ്തിഷ്‌കമരണം സംഭവിച്ചിരുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ ആസ്പത്രിയധികൃതരെ അവയവദാനത്തിന് സമ്മതം അറിയിച്ചത്.

തുടര്‍ന്ന് കാരിത്താസ് ആസ്പത്രി പി.ആര്‍.ഒ. ഡാരിസ് ജോസഫിന്റെ നേതൃത്വത്തില്‍ അവയവമാറ്റത്തിനുള്ള സാങ്കേതികനടപടികള്‍ ആരംഭിച്ചു.

ഞായറാഴ്ച വൈകീട്ട് മൂന്നുമണിയോടെ കാരിത്താസ് ആസ്പത്രിയില്‍ ശസ്ത്രക്രിയ ആരംഭിച്ചു. ആദ്യം കരളും പിന്നീട് വൃക്കകളും കണ്ണുകളും നീക്കംചെയ്തു. അപ്പോഴേക്കും സമയം രാത്രി ഒമ്പതുമണിയായി.

കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഡയാലിസിസിന് വിധേയരായിക്കൊണ്ടിരിക്കുന്ന ആലപ്പുഴ സ്വദേശി അജിത്ത്(36), തൃശ്ശൂര്‍ സ്വദേശിനി രാജി രാജന്‍(30) എന്നിവര്‍ക്കാണ് വൃക്കകള്‍ നല്‍കുക. ഇതിനുള്ള ശസ്ത്രക്രിയ അമൃതയില്‍ ഞായറാഴ്ച രാത്രി ആരംഭിച്ചു. കരള്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. കണ്ണുകള്‍ അങ്കമാലി ലിറ്റില്‍ഫ്ലവര്‍ ആസ്പത്രിയിലെ ഐ ബാങ്കിലും നല്‍കും.

ജോര്‍ജ് മാത്യുവിന്റെ ശ്വാസകോശവും ദാനംചെയ്യാന്‍ ബന്ധുക്കള്‍ തയ്യാറായിരുന്നെങ്കിലും യോജിച്ച വ്യക്തിയെ കണ്ടെത്താന്‍ കഴിയാതെവന്നതിനെത്തുടര്‍ന്ന് ആ ശ്രമം ഉപേക്ഷിച്ചു.

കാരിത്താസ് ആസ്പത്രിയിലെ ഡോ. എബി ജോണ്‍, അമൃത ആസ്പത്രിയിലെ ഡോ. ബിനോജ്, ഡോ. സക്കറിയ, മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയിലെ ഡോ. മരിയം, അങ്കമാലി ലിറ്റില്‍ഫ്ലവറിലെ ഡോ. കൗമദി, ഐ ബാങ്ക് ടെക്‌നിഷന്‍ ജയേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ആദ്യം കരളുമായി രാത്രി 8.15-ഓടെ മെഡിക്കല്‍ ട്രസ്റ്റിലെ ഡോക്ടര്‍മാര്‍ ആംബുലന്‍സില്‍ എറണാകുളത്തേക്ക് പുറപ്പെട്ടു. പിന്നീട് വൃക്കകള്‍ അമൃതയിലേക്ക് കൊണ്ടുപോയി. ഈസമയംതന്നെ ഇവ വെച്ചുചേര്‍ക്കുന്നതിനുള്ള ശസ്ത്രക്രിയ അമൃതയിലും മെഡിക്കല്‍ ട്രസ്റ്റിലും ആരംഭിച്ചിരുന്നു.

 

 




MathrubhumiMatrimonial