
തളരാത്ത ചിത്രങ്ങള്‍
Posted on: 20 Jun 2013
എ.എസ്. ജിബിന

എറണാകുളം: വിധിയുടെ കൈകള്‍ തട്ടിത്തെറിപ്പിച്ചത് ബിനോയ് സ്വരുക്കൂട്ടിയ സ്വപ്നങ്ങള്‍ മാത്രമായിരുന്നില്ല... അവന്റെ ജീവിതം കൂടിയായിരുന്നു. ഒന്‍പതില്‍ പഠിക്കുമ്പോഴാണ് ബിനോയിയുടെ കാലുകളുടെയും കൈകളുടെയും ചലനശേഷി വിധി കവര്‍ന്നെടുത്തത്. അതോടെ ബിനോയ് തന്റെ വേഗമേറിയ സ്വപ്നങ്ങളില്‍ നിന്ന് വേദനയോടെ പടിയിറങ്ങി.
വിധിയോട് മത്സരിക്കാന്‍ ദൈവവിശ്വാസിയായ ബിനോയ് ശ്രമിച്ചില്ല. പകരം, ഉള്ളില്‍ ഉറങ്ങിക്കിടന്ന ചിത്രകാരനെ മനസ്സില്‍ മൂര്‍ച്ചപ്പെടുത്തി. ചലനശേഷി നഷ്ടപ്പെട്ട കൈയാല്‍ മനോഹരമായ ചിത്രങ്ങള്‍ പിറവിയെടുത്തു.
ചെറുപ്പം മുതലേ ബിനോയിക്ക് നടക്കുമ്പോഴും ഓടുമ്പോഴും ശരീരത്തിന് ശേഷിക്കുറവ് അനുഭവപ്പെട്ടിരുന്നു. പക്ഷേ, അതൊന്നും അത്ര കാര്യമാക്കിയില്ല. ഭക്ഷണത്തിന്റെ കുറവ് മൂലമുള്ള ക്ഷീണമാണെന്നേ കരുതിയുള്ളൂ... ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കുഴഞ്ഞുവീണു... പീന്നീടുള്ള പതിനഞ്ച് വര്‍ഷങ്ങള്‍ ജീവിതം കട്ടിലില്‍ തന്നെയായിരുന്നു. വേഗമേറിയ വാഹനങ്ങളുടെ ലോകം എത്തിപ്പിടിക്കണമെന്ന ആഗ്രഹം അതോടെ ഇല്ലാതായി. പേശികളും ഞരമ്പുകളും ക്ഷയിക്കുന്ന അപൂര്‍വ രോഗത്തിന് അടിമപ്പെടുമ്പോള്‍ ഒന്നും ചെയ്യാന്‍ തനിക്ക് കഴിയുന്നില്ലല്ലോ എന്ന വേദനയാണ് ബിനോയിയെ തളര്‍ത്തിയത്. പക്ഷേ, ആ വേദന അവനിലെ ചിത്രകാരനെ ഉണര്‍ത്തി. ചലനമറ്റ കൈകളില്‍ ചിത്രങ്ങള്‍ വിരിഞ്ഞു.
ബാല്യത്തില്‍ എപ്പോഴൊക്കെയോ കഥാപുസ്തകങ്ങളില്‍ നോക്കി വരച്ച ചിത്രങ്ങളാണ് മൂലമ്പിള്ളിക്കാരനായ ബിനോയിക്ക് ചിത്രലോകത്ത് ആകെയുള്ള മുന്‍ പരിചയം. ചിത്രരചനയുടെ ശാസ്ത്രീയതകളോ നിറക്കൂട്ടുകളുടെ ചേര്‍ച്ചകളോ തന്ത്രങ്ങളോ മാതൃകകളോ പരിചയമില്ല. ചിത്രങ്ങളുടെ പണിപ്പുരയില്‍ പേനയും പെന്‍സിലും കടലാസുകളും ചിത്രകാരനും പിന്നെ, ശേഷികുറഞ്ഞ കൈകളെ ബലപ്പടുത്തുന്ന തലയണയും മാത്രം.

കല്ലുകളാല്‍ പൊക്കിവെച്ച കട്ടിലിലിരുന്നാണ് ബിനോയ് ചിത്രം വരയ്ക്കുന്നത്. കൈ പതിയെ പതിയെ ചലിപ്പിച്ചാണ് ചിത്രംവര. കാര്‍ട്ടൂണുകളും വ്യക്തിരൂപങ്ങളുമാണ് ഏറെ ഇഷ്ടം. രാഷ്ട്രീയ പ്രമുഖരും പ്രധാന വ്യക്തിത്വങ്ങളും ബിനോയിയുടെ പെന്‍സിലിന് വിഷയങ്ങളാണ്.
ബോള്‍ പേനയും ബിനോയിയുടെ ആയുധമാണ്. ബോള്‍ പെന്‍ ഉപയോഗിക്കുമ്പോള്‍ കൈകള്‍ വേഗം വഴങ്ങുന്നുണ്ടെന്നാണ് ബിനോയ് പറയുന്നത്. തന്റെ ചിത്രങ്ങളില്‍ ചായം പൂശാന്‍ ബിനോയിക്ക് നല്ല ആഗ്രഹമുണ്ട്. പക്ഷേ, വിലകൂടിയ നിറക്കൂട്ടുകള്‍ സ്വന്തമാക്കാനുള്ള സാമ്പത്തികശേഷിയില്ല.
ബിനോയിയുടെ അച്ഛന്‍ ജേക്കബ് കൂലിപ്പണിക്കാരനാണ്. ആ വരുമാനത്തിലാണ് ബിനോയിയും അമ്മ റെജീനയും കഴിഞ്ഞുകൂടുന്നത്. മകന്റെ ആഗ്രഹം സാധിക്കുന്നതില്‍ ഈ അച്ഛനും അമ്മയും നിസ്സഹായരാണ്.

ബൈബിള്‍ പുതിയ നിയമത്തെ അടിസ്ഥാനമാക്കി അറുപത് ചിത്രങ്ങള്‍ വരയ്ക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹമിപ്പോള്‍. അതില്‍ ക്രിസ്തുവിന്റെ പീഡാനുഭവങ്ങളുമായി ബന്ധപ്പെട്ട കുരിശിന്റെ വഴിയിലെ പതിനാലിടങ്ങളും ഉയിര്‍പ്പും ഉള്‍പ്പെടെ പതിനഞ്ച് ചിത്രങ്ങള്‍ വരച്ചുകഴിഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനത്തെ ആസ്പദമാക്കി ചിത്രം വരയ്ക്കാനുള്ള പദ്ധതിയും മനസ്സിലുണ്ട്. വികസനത്തിനു വേണ്ടി കുടിയിറക്കപ്പെട്ട അനേകങ്ങളുടെ വേദന ഈ മൂലമ്പിള്ളിക്കാരനിലുണ്ട്. ഇതും ക്യാന്‍വാസിലേക്ക് പകര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്.
നാല് ചുവരുകള്‍ക്കുള്ളില്‍ ജീവിക്കുമ്പോഴും ജനാലയ്ക്കപ്പുറത്തെ ലോകം ബിനോയ് പത്രങ്ങളിലൂടെയും ടെലിവിഷനിലൂടെയും അറിയുന്നുണ്ട്. പത്രങ്ങളില്‍ വരുന്ന കൗതുക വാര്‍ത്തകള്‍ വെട്ടിവച്ച് ആല്‍ബമാക്കുന്നതും ബിനോയിയുടെ വിനോദമാണ്. രണ്ട് ആല്‍ബങ്ങള്‍ കൗതുക വാര്‍ത്തകളാല്‍ നിറഞ്ഞുകഴിഞ്ഞു. മൂന്നാമത്തെ ആല്‍ബം പകുതിയായി.കഴിവുകളെ പ്രോത്സാഹിപ്പിക്കാന്‍ ചില നല്ല മനസ്സുകളും ബിനോയിക്കൊപ്പമുണ്ട്. പിഴല സ്വദേശി ജോബ്, ഫാദര്‍ ഡെന്നീസ് പാലയ്ക്കാപറമ്പില്‍, ബാബു സാബു, ഇടവക വികാരി അന്റോണ്‍ എന്നിവരാണവര്‍. അവരുടെ സഹായത്തോടെ ബിനോയ് തന്റെ ചിത്രങ്ങള്‍ രണ്ടുതവണ എക്‌സിബിഷന്‍ നടത്തി. ബിനോയിക്ക് വരയ്ക്കാനുള്ള വസ്തുക്കള്‍ വാങ്ങി നല്‍കുന്നതും ഇവരാണ്.
വിധി ഇടയ്ക്കിടയ്ക്ക് വേദന സമ്മാനിക്കുമ്പോഴും ശാന്തമായി അതെല്ലാം കടിച്ചമര്‍ത്തി ബിനോയ് ചിരിക്കുന്നു... ഇനിയും ഇനിയും വരയ്ക്കാന്‍ മാത്രം .
