NagaraPazhama

കോഴിക്കോടിന്റെ ആദ്യ ബാങ്ക്

Posted on: 06 Jun 2013

അഡ്വ. ടി.ബി. സെലുരാജ്‌




ബാങ്കുകള്‍ നമുക്കിന്ന് സുപരിചിതമാണ്. പടിപ്പുരയും നടുമുറ്റവും ഒക്കെയുള്ള നാലുകെട്ടിലേക്ക് കടന്നുചെല്ലുന്ന അപരിചിതനെപ്പോലെ മടിച്ചുമടിച്ചായിരുന്നു പണ്ടൊക്കെ സാധാരണക്കാരന്‍ ബാങ്കുകളിലേക്ക് കടന്നുചെന്നിരുന്നത്. ഏഴുമലയും ഏഴുകടവും താണ്ടിയാല്‍ ചെന്നെത്തുന്ന ഒറ്റക്കണ്ണന്‍ രാക്ഷസന്റെ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍നിന്ന് പൂപറിച്ചെത്തിയാല്‍ ലോണ്‍ തരപ്പെടുത്താമെന്ന് പറയുന്ന ബാങ്കുകളൊന്നും ഇക്കാലത്ത് ഏതായാലും ഇല്ല. ബാങ്കുകള്‍ സാധാരണക്കാരനെ അന്വേഷിച്ചെത്തുന്ന കാലമാണ് ഇപ്പോള്‍.
ഇനി പറയാന്‍ പോകുന്നത് മലബാറിലെ ആദ്യത്തെ ബാങ്കായ ബാങ്ക് ഓഫ് മദ്രാസിന്റെ ചരിത്രമാണ്. ഇത് മാനാഞ്ചിറയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥലത്തിന്റെ ചരിത്രവുമാണ്. അതിങ്ങനെ:
മാനാഞ്ചിറയിലെ സ്റ്റേറ്റ് ബാങ്ക് കോഴിക്കോട്ടുകാര്‍ക്ക് വളരെയേറെ പരിചിതമാണ്. കോഴിക്കോടിന്റെ ഹൃദയഭാഗത്തെന്നോ കണ്ണായ സ്ഥലത്തെന്നോ വിശേഷിപ്പിക്കാവുന്ന ഈ സ്ഥലത്ത് മുമ്പുണ്ടായിരുന്നതും ഒരു ബാങ്കാണ്. 'ബാങ്ക് ഓഫ് മദ്രാസ്' എന്നായിരുന്നു ഇതിന്റെ പേര്‍. 1843 ജൂലായ് 1 നാണ് മദ്രാസ് പ്രസിഡന്‍സിയില്‍ ഈ ബാങ്ക് ജന്മംകൊള്ളുന്നത്. ബ്രിട്ടീഷ് ഇന്ത്യയില്‍ ഇതിനുമുന്‍പ് മറ്റു രണ്ട് ബാങ്കുകളാണ് നിലവിലുണ്ടായിരുന്നത്. 1809 -ല്‍ സ്ഥാപിതമായ 'ബാങ്ക് ഓഫ് ബംഗാളും' 1840-ല്‍ സ്ഥാപിതമായ 'ബാങ്ക് ഓഫ് ബോംബെ'യുമായിരുന്നു അവ. 1843-ല്‍ സ്ഥാപിതമായ 'ബാങ്ക് ഓഫ് മദ്രാസ്' മലബാറില്‍ ഒരു ബ്രാഞ്ച് തുടങ്ങിയത് 1864-ല്‍ കോഴിക്കോട്ടാണ്. ഇന്ന് മാനാഞ്ചിറയില്‍ കാണുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വളപ്പില്‍ത്തന്നെയായിരുന്നു ഇത് പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തില്‍ വാടകക്കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം.

ശേഷം ചരിത്രം 14.03.1909-ന് മദ്രാസ് ബാങ്കിന്റെ ഏജന്റായിരുന്ന സ്ട്രനോക്ക്, മദ്രാസ് ഗവര്‍ണര്‍ക്കയച്ച ഒരെഴുത്തില്‍നിന്ന് വെളിപ്പെടുന്നുണ്ട്. സര്‍ക്കാര്‍ കോഴിക്കോടുണ്ടായിരുന്ന കറന്‍സി ഓഫീസ് നിര്‍ത്തുവാനും പകരം ഒരു കറന്‍സി ചെസ്റ്റ് തുടങ്ങി ബാങ്ക് ഓഫ് മദ്രാസിനെ ഏല്പിക്കുവാനും തീരുമാനിച്ചതായി അറിയുന്നു. മാനാഞ്ചിറയിലെ ഇപ്പോഴത്തെ കെട്ടിടത്തില്‍ ഇതത്ര സുരക്ഷിതമായിരിക്കുമെന്ന് ഞങ്ങള്‍ക്കു തോന്നുന്നില്ല. മാത്രവുമല്ല, മറ്റു സൗകര്യങ്ങളും ഇവിടെ കുറവാണ്. ഞങ്ങളുടെ കെട്ടിടമുടമയായ കാര്യാടന്‍ കുട്ടിഹസ്സന്‍ കൂടുതല്‍ പണം ഇറക്കി കെട്ടിടം വിപുലീകരിക്കുവാന്‍ കഴിവുള്ള ആളല്ല. അനുയോജ്യമായ മറ്റൊരു സ്ഥലം ബാങ്കിനായി കോഴിക്കോട്ട് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ സ്ഥലത്തോടുതന്നെയാണ് ഞങ്ങള്‍ക്ക് താത്പര്യം. കാരണം, ഇത് ഹജൂര്‍കച്ചേരിയോടും ട്രഷറിയോടും അടുത്തു കിടക്കുന്നു എന്നതുതന്നെ. കൂട്ടുകുടുംബത്തിന്റെ നൂലാമാലകളില്‍ കുടുങ്ങിക്കിടക്കുന്നതിനാലും ആധാരത്തിലുള്ള ചില അവ്യക്തതകളാലും ഈ സ്ഥലം കാര്യാടന്‍ കുട്ടിഹസ്സനില്‍നിന്ന് വില കൊടുത്ത് വാങ്ങിക്കുവാന്‍ ഞങ്ങള്‍ക്കു കഴിയില്ല. ആയതിനാല്‍ ബാങ്ക് ഓഫ് മദ്രാസിനു വേണ്ടി ഈ സ്ഥലം താങ്കള്‍ അക്വയര്‍ ചെയ്തുതരുമല്ലോ.

ആര്‍.ബി. വുഡ് എന്ന മലബാര്‍ കളക്ടറുടെ മുന്നിലേക്ക് ഒരു കീറാമുട്ടി വലിച്ചിടുകയാണ് ബാങ്ക് ഏജന്റ് സ്ട്രനോക്ക് വാസ്തവത്തില്‍ ചെയ്തത്. കാരണം, ലാന്‍ഡ് അക്വിസിഷന്‍ ആക്ട് പ്രകാരം സര്‍ക്കാര്‍ ആവശ്യത്തിനു വേണ്ടി സ്ഥലം ഏറ്റെടുക്കാമെന്നല്ലാതെ സ്വകാര്യവ്യക്തികള്‍ക്കോ കമ്പനികള്‍ക്കോ വേണ്ടി സ്ഥലം ഏറ്റെടുക്കുവാന്‍ കഴിയുമായിരുന്നില്ല. ബാങ്ക് ഓഫ് മദ്രാസ് ആകട്ടെ, ഒരു സര്‍ക്കാര്‍ സ്ഥാപനമല്ല. മറിച്ച് ഒരു കമ്പനിയാണുതാനും. അപ്പോള്‍ എന്ത് ചെയ്യുമെന്നായി കളക്ടര്‍. ഇതിനു മുന്‍പ് വല്ല കീഴ്‌വഴക്കവുമുണ്ടോ എന്നായി അടുത്ത അന്വേഷണം. ഇതിനായി മുന്‍കാലരേഖകള്‍ പരിശോധിക്കുവാന്‍ അദ്ദേഹം തന്റെ കീഴ്ജീവനക്കാരോടു കല്പിച്ചു. 'നിദ്രാവിഹീനങ്ങളല്ലോ അവരുടെ രാവുകള്‍' എന്ന നിലയിലായി കീഴ്ജീവനക്കാരുടെ സ്ഥിതി. ഡെപ്യൂട്ടി കളക്ടറും റെക്കാര്‍ഡ് ക്ലാര്‍ക്കും രേഖകള്‍ തപ്പി മടുത്തു. എന്നാല്‍ ഒടുവില്‍ ഹര്‍ട്ടീസ് എന്ന ഇംഗ്ലീഷ് ഹെഡ് ക്ലാര്‍ക്ക് ഒരു കീഴ്‌വഴക്കമുണ്ടെന്നതിന്റെ രേഖകള്‍ കണ്ടെത്തി. അന്നത്തെ ബാസല്‍ ജര്‍മന്‍ മിഷന്‍ (ഇന്നത്തെ മലബാര്‍ ക്രിസ്ത്യന്‍ കോളേജ്) കോളേജിനുവേണ്ടി സ്ഥലം അക്വയര്‍ ചെയ്ത് കൊടുത്തത് സര്‍ക്കാറാണെന്ന് ഹര്‍ട്ടീസ് കണ്ടെത്തി.

തുടര്‍ന്ന് കളക്ടറായിരുന്ന ആര്‍.ബി. വുഡ് എത്രയും വേഗം മാനാഞ്ചിറയിലെ ബാങ്ക് ഓഫ് മദ്രാസ് വാടകയ്ക്ക് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും പരിസരവും ഏറ്റെടുക്കുവാന്‍ നടപടികള്‍ ആരംഭിച്ചു.

ഈ സ്ഥലം ഒരു കുടുംബസ്വത്തായിരുന്നു എന്നു സൂചിപ്പിച്ചല്ലോ. മരുമക്കത്തായസമ്പ്രദായം പിന്‍തുടര്‍ന്നിരുന്ന കാര്യാടന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഇവിടം. മൂത്ത കാരണവരാകട്ടെ, കാര്യാടന്‍ കുട്ടിഹസ്സനും. അവര്‍ക്ക് സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ വിരോധം ഉണ്ടായിരുന്നില്ല. എന്നാല്‍ കാര്യാടന്‍ സൂപ്പി എന്നയാള്‍ കളക്ടര്‍ക്ക് ഇങ്ങനെ ഒരു കത്ത് എഴുതിയതായി കാണുന്നു: 'ഇത് ഒരു കൂട്ടുകുടുംബസ്വത്താണ്. സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് 19,260 ഉറുപ്പിക നഷ്ടപരിഹാരമായി തന്നുകൊണ്ടാണ്. ഈ തുകകൊണ്ട് കുടുംബത്തിന്റെ പേരില്‍ത്തന്നെ മറ്റൊരു സ്ഥലം വാങ്ങിക്കുവാന്‍ താങ്കള്‍ കാരണവരോട് ശുപാര്‍ശ ചെയ്യണം.' എന്നാല്‍ വേലിയില്‍ കിടക്കുന്ന പാമ്പിനെ എടുത്ത് തോളത്തു വെക്കുവാന്‍ മലബാര്‍ കളക്ടര്‍ക്ക് താത്പര്യമില്ലായിരുന്നു. അദ്ദേഹം നഷ്ടപരിഹാരത്തുകയായ 19,260 ഉറുപ്പിക കോടതിയില്‍ കെട്ടിവെക്കാനാണ് കല്പനയായത്. രണ്ടേമുക്കാല്‍ ഏക്കര്‍ ആയിരുന്നു ഈ വളപ്പിന്റെ വിസ്തൃതി. ബാങ്ക് പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് കെട്ടിടത്തിനു പുറമേ ഒരു ബംഗ്ലാവും ഒരു കുതിരപ്പന്തിയും ഇവിടെ ഉണ്ടായിരുന്നു. വസ്തുവഹകള്‍ സ്വന്തമായപ്പോള്‍ ബാങ്കിനു വേണ്ടി മറ്റൊരു കെട്ടിടംകൂടി ഇവിടെ പണിയപ്പെട്ടു. വിക്‌ടോറിയന്‍ വാസ്തുശില്പത്തിന്റെ എല്ലാ സൗന്ദര്യവും ആവാഹിച്ചെടുത്ത കെട്ടിടങ്ങളായിരുന്നു ഇവ. കെട്ടിടത്തിനു പുറമേ ഒന്നാംതരം കൊത്തുപണികളുള്ള ഫര്‍ണിച്ചറുകളും ഇവിടെ ഉണ്ടായിരുന്നു.
27.01.1921-ല്‍ ബാങ്ക് ഓഫ് മദ്രാസും ബാങ്ക് ഓഫ് ബോംബെയും ബാങ്ക് ഓഫ് ബംഗാളും ലയിക്കുകയും 'ഇമ്പീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യ' എന്ന ബാങ്ക് നിലവില്‍ വരികയും ചെയ്തു. ഇതോടെ ബാങ്ക് ഓഫ് മദ്രാസിന്റെ മാനാഞ്ചിറയിലെ വസ്തുവഹകള്‍ ഇമ്പീരിയല്‍ ബാങ്കിന്റേതായി. സ്വാതന്ത്ര്യലബ്ധിക്കു ശേഷം 1955 ജൂലായ് 1 ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജന്മംകൊള്ളുകയും മാനാഞ്ചിറയിലെ ഇമ്പീരിയല്‍ ബാങ്കിന്റെ വസ്തുവഹകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൈവശമാവുകയും ചെയ്തു. പഴയ കെട്ടിടങ്ങളില്‍ കുതിരപ്പന്തിയും ഒരു ബംഗ്ലാവും മാത്രം ഇപ്പോള്‍ ഇവിടെ അവശേഷിക്കുന്നു. ബാക്കിയുള്ളതെല്ലാം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍തന്നെ. എന്നാലും തലയെടുപ്പ് ഈ പഴയ ബംഗ്ലാവിനുതന്നെ എന്ന് സമ്മതിക്കാതെ വയ്യാ.



MathrubhumiMatrimonial