
ചാലിയം ടെര്‍മിനസ്സിന്റെ എഴുതാപ്പുറങ്ങള്‍
Posted on: 02 Jun 2013
അഡ്വ. ടി.ബി. സെലുരാജ്

പഴയകാല ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍ കാണുന്നതുപോലെ തന്നെയാണ് ആദ്യകാല തീവണ്ടിയാത്രയുടെ ഓര്‍മകളും. രണ്ടും സമ്മാനിക്കുന്നത് ഗൃഹാതുരത്വംതന്നെ. ഇങ്ങനെയൊക്കെയായിരുന്നു നിങ്ങളുടെ ബാല്യം അതല്ലെങ്കില്‍ യൗവനമെന്ന് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആല്‍ബം നിങ്ങളെ ഓര്‍മിപ്പിക്കുന്നു. മനസ്സില്‍ ഒരല്പം നഷ്ടബോധത്തിന്റെ നൊമ്പരങ്ങള്‍ പതഞ്ഞുയരുമ്പോഴും നിങ്ങള്‍ സ്വയമാശ്വസിക്കുന്നു: ''വാര്‍ധക്യത്തിനും സൗന്ദര്യമുണ്ട്''.
ആദ്യകാല തീവണ്ടിയാത്രകളുടെ ഓര്‍മകളും ഏറെക്കുറെ ഇതേപോലെത്തന്നെ. തീവണ്ടിയെന്ന മഹാദ്ഭുതത്തെ ആദ്യമായി കാണുന്നത് എറണാകുളം സ്റ്റേഷനില്‍നിന്നുതന്നെ. കുറേയേറെ കാത്തിരിപ്പിനൊടുവില്‍ ദൂരെ കറുത്തപുക ഉയരുകയായി. ഒടുവില്‍ സ്റ്റേഷനെത്തന്നെ പിടിച്ചുകുലുക്കിക്കൊണ്ടുള്ള ചൂളംവിളിയുമായി അവനെത്തിച്ചേര്‍ന്നു. അച്ഛന്റെ കൈയിലെ പിടിത്തം വിടുവിച്ചുകൊണ്ട് കരഞ്ഞോടിയത് ഇന്നും മനസ്സിലുണ്ട്. നെറ്റിയില്‍ നക്ഷത്രപ്പൊട്ടുമായി നില്‍ക്കുന്ന തീവണ്ടിയിലേക്ക് 'കൊല്ലന്റെ ആലയിലെ മുയലിനെ'പ്പോലെ ഒരല്പം ഭീതിയോടെ ഞാനും കയറി. ഇന്നത്തെപ്പോലെ എ.സി.യും ഫസ്റ്റ് ക്ലാസ്സുമൊന്നും ഞങ്ങളന്വേഷിച്ചിരുന്നില്ല. അവ ഞങ്ങളുടെ പരിധിക്കപ്പുറത്തായിരുന്നു എന്നതാണ് വാസ്തവം.
തേര്‍ഡ് ക്ലാസ്സ് എന്ന ഇന്നത്തെ ജനറല്‍ കമ്പാര്‍ട്ടുമെന്റായിരുന്നു ഞങ്ങളെപ്പോഴും തിരഞ്ഞെടുത്തിരുന്നത്. ഓരോ സ്റ്റേഷനിലും മണിക്കൂറുകളോളം നിര്‍ത്തിയിടുന്ന തീവണ്ടിയില്‍നിന്ന് കോഴിക്കോട്ടെത്തി ഇറങ്ങുമ്പോഴാണ് ഒരല്പം ആശ്വാസം തോന്നിയിരുന്നത്. അപ്പോഴേക്കും ഞങ്ങള്‍ കല്‍ക്കരിഖനിയിലെ തൊഴിലാളികളെപ്പോലെ കറുത്തിരുണ്ടതായി ഓര്‍മയുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലത്താണല്ലോ മലബാറില്‍ റെയില്‍ ഗതാഗതം തുടങ്ങുന്നതിനെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നത്. മലബാര്‍ റെയില്‍ ഗതാഗതത്തിന്റെ ടെര്‍മിനസ്സായി അവര്‍ കണ്ടെത്തിയത് ചാലിയമെന്ന കൊച്ചു മുക്കുവഗ്രാമമായിരുന്നു. ഇതിനും അവര്‍ക്ക് കാരണമുണ്ടായിരുന്നു. ചെങ്കല്ല് ഇവിടെ വളരെയധികം ലഭ്യമാണെന്നും ഇതൊരു തുറമുഖ നഗരമാണെന്നുമായിരുന്നു അവരുടെ കണ്ടെത്തല്‍. ചാലിയം ടെര്‍മിനസ്സിന്റെ എഴുതാപ്പുറങ്ങള്‍ വെളിവാക്കുന്നതാണ് എന്റെ മുന്നിലിരിക്കുന്ന രേഖകള്‍. എങ്ങനെയായിരുന്നു ഈ സ്ഥലം? സര്‍ക്കാര്‍ നേരിടേണ്ടിവന്ന പ്രശ്‌നങ്ങളെന്തൊക്കെ? എന്നീ വിവരങ്ങള്‍ നമുക്കീ രേഖകളില്‍നിന്ന് ലഭ്യമാകുന്നു. അതിങ്ങനെ:
ആക്ടിങ് റെസിഡന്റ് എന്‍ജിനീയറായിരുന്ന ഫെന്‍വിക്കിന് മലബാര്‍ കളക്ടറായിരുന്ന ക്ലര്‍ക്ക് 1855 നവംബര്‍ 30-ന് അയച്ച ഒരെഴുത്തുതന്നെ നമുക്ക് ആദ്യം നോക്കാം. ''ഇപ്പോള്‍ നാം തീരുമാനിച്ചപ്രകാരമാണ് റെയില്‍വേ ലൈന്‍ പോകുന്നതെങ്കില്‍ വളരെ ചെറിയ ഒരു ഹിന്ദുക്ഷേത്രം പൊളിക്കേണ്ടതായി വരും.
ഇതൊരു ബ്രാഹ്മണക്ഷേത്രമാണ്. നാമാദ്യം തീരുമാനിച്ചത് അമ്പലം ഏറ്റെടുക്കുമ്പോള്‍ അമ്പലക്കുളവും നികത്താമെന്നാണല്ലോ. അമ്പലം പൊളിച്ചുമാറ്റാനും നഷ്ടപരിഹാരം കൊടുക്കുവാനുമായി 5,000 രൂപ ചെലവാകും. ക്ഷേത്രം പൊളിച്ചുമാറ്റുന്നതിന് നഷ്ടപരിഹാരമായി ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നത് 10,000 രൂപയാണ്. എന്നാലിത് അയ്യായിരത്തിലൊപ്പിക്കാം. അമ്പലക്കുളം നികത്താന്‍ 450 രൂപയും. അമ്പലം വിട്ടുതരാന്‍ ഇക്കൂട്ടര്‍ക്ക് യാതൊരു താത്പര്യവുമില്ല. വളരെ പരിശ്രമിച്ചതിനുശേഷമാണ് അവരിതിന് തയ്യാറായത്. എന്തുകൊണ്ട് നമുക്കീ റെയില്‍വേ ലൈന്‍ ഒരല്പം മാറ്റിക്കൂടാ? അങ്ങനെയാണെങ്കില്‍ നമുക്കീ തുക ലാഭിക്കുവാന്‍ പറ്റും. എന്നുമാത്രമല്ല, ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തേണ്ടി വരികയുമില്ല. അതിനാല്‍ ലൈന്‍ ഒരല്പം മാറ്റുന്നതായിരിക്കും നല്ലത്. ബേപ്പൂര്‍ ടെര്‍മിനസ്സിന്റെ സ്ഥലത്തുള്ള ചെറിയ കുടിലുകള്‍ ലേലത്തില്‍ വെക്കണമെന്നാണെന്റെ അഭിപ്രായം.
ഞാനീയിടെയാണ് സ്ഥലം വാങ്ങിച്ചതും കൈവശത്തിലെടുത്തതും. ഈ ചെറുവീടുകളില്‍ ഏതെങ്കിലും വീടുകള്‍ റെയില്‍വേക്ക് വേണ്ടിവരുമെങ്കില്‍ അറിയിക്കുക. എന്നാല്‍, പൊളിക്കാതിരിക്കാം. ഈ കത്ത് കൊണ്ടുവരുന്നയാള്‍ താങ്കള്‍ക്ക് സ്ഥലം കാണിച്ചുതരും. എന്നുമാത്രമല്ല, ഈ സ്ഥലത്തെക്കുറിച്ച് കൂടുതല്‍ വല്ലതും അറിയണമെങ്കില്‍ ഇദ്ദേഹത്തിന് പറഞ്ഞുതരുവാനും കഴിയും. താങ്കള്‍ ബേപ്പൂര്‍ വിടുന്നതിനുമുമ്പ് ഈ സ്ഥലത്തുള്ള 331 തെങ്ങുകളുടെ ആദായം പാട്ടത്തിന് കൊടുക്കുന്നത് നന്നായിരിക്കും. ഇവ പെട്ടെന്ന് മുറിക്കുവാനുദേശിക്കുന്നില്ലെങ്കില്‍ അതായിരിക്കും നല്ലത്. താങ്കള്‍ക്കിതില്‍ വിരോധമില്ലെന്ന് കരുതട്ടെ. മറ്റൊരു പ്രശ്‌നംകൂടിയുണ്ട്. റെയില്‍വേ ടെര്‍മിനസ്സിനായി എടുക്കുന്ന സ്ഥലത്തിന്റെ അടുത്തുതന്നെ ഒരു മുസ്‌ലിം പള്ളിയുമുണ്ട്. വളരെ ചെറിയൊരു പള്ളിയാണിത്. നമുക്കിതിന് വലിയൊരു മൂല്യമൊന്നും കാണുന്നില്ലെങ്കിലും മാപ്പിളമാര്‍ക്കങ്ങനെയല്ല. അവര്‍ക്കീ ആരാധനാലയം വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
യാതൊരു വ്യവസ്ഥയിലും ഇത് വിട്ടുതരാന്‍ അവര്‍ തയ്യാറില്ലെന്നറിയിക്കട്ടെ. എന്റെ മുന്‍ഗാമിയായ കനോലിക്ക് ഈ പള്ളി അങ്ങനെത്തന്നെ നിലനിര്‍ത്തണമെന്നാണ് ആഗ്രഹമുണ്ടായിരുന്നത്. ഞാനും അദ്ദേഹത്തിന്റെ നിര്‍ദേശത്തോട് യോജിക്കുന്നു. റെയില്‍വേ ലൈന്‍ ഒരല്പം മാറ്റിയാല്‍ ഈ അമ്പലവും പള്ളിയും നമുക്കൊഴിവാക്കാവുന്നതേയുള്ളൂ. ഞാന്‍ ഈ വ്യതിയാനം കാണിച്ച പ്ലാന്‍ ഇതോടൊപ്പമയയ്ക്കുന്നു. നാമെപ്പോഴും മതങ്ങളെ ഒരുപോലെ കാണുന്നതായിരിക്കും നല്ലത്.
ഈ നാട്ടിലെ രണ്ട് പ്രധാന മതങ്ങളാണ് ഇക്കൂട്ടരുടേത്. അതിനാല്‍ മുസ്‌ലിം പള്ളി പൊളിക്കുന്നത് ഒഴിവാക്കി ഹിന്ദുക്ഷേത്രം പൊളിക്കുന്നത് ശരിയായിരിക്കില്ല. നാമേതെങ്കിലുമൊരു കൂട്ടരെ പ്രീണിപ്പിക്കുന്നതായി അവര്‍ക്ക് തോന്നരുത്. Fcd XX vi 1852 cmapoh XVIII പ്രകാരം കൊടുത്തിട്ടുള്ള നോട്ടീസിന്റെ കാലാവധി കഴിഞ്ഞാല്‍ ഭൂമി ഏറ്റുവാങ്ങി റെയില്‍ അധികൃതര്‍ക്കേല്‍പ്പിക്കുന്നതായിരിക്കും. ഈ സ്ഥലത്ത് കുറച്ച് ചെറുകുടിലുകളും നാല് നല്ല കെട്ടിടങ്ങളുമുണ്ട്. ബേപ്പൂര്‍ ടെര്‍മിനസ്സിനായി നാമെടുത്ത 34 കൗണീസ് (1 കൗണി = 1.37 ഏക്കര്‍) വിസ്തൃതിയുള്ള ഈ സ്ഥലത്തുനിന്ന് 331 തെങ്ങുകള്‍ വെട്ടിമാറ്റി അടുത്തുതന്നെ സ്ഥലം റെയില്‍വേക്ക് കൈമാറുന്നതായിരിക്കും. 121 ഉറുപ്പിക 14 അണയാണ് ഈ മരങ്ങള്‍ക്ക് വില കണക്കാക്കിയിട്ടുള്ളത്.
ദീര്‍ഘവീക്ഷണം ബ്രിട്ടീഷ് സര്‍ക്കാറിന്റെ ഒരു നല്ല ഗുണമായിരുന്നു. അതുകൊണ്ടാണ് തുടക്കത്തില്‍ത്തന്നെ പാത ഇരട്ടിപ്പിക്കുന്നതിനുവേണ്ടി റെയില്‍വേ സ്ഥലം എടുത്തിരുന്നത്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പാത ഇരട്ടിപ്പിക്കലിന് നമ്മുടെ സര്‍ക്കാറിന് സ്ഥലമേറ്റെടുക്കേണ്ടതായി വന്നിട്ടില്ലല്ലോ. എന്നിട്ടും പണി പൂര്‍ത്തീകരിക്കാന്‍ ഇപ്പോഴും അവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് ഖേദകരം. ബേപ്പൂരില്‍ ടെര്‍മിനസ്സിനായി സ്ഥലം കണ്ടെത്തിയപ്പോഴാണ് അവര്‍ മറ്റു ചില വസ്തുതകളിലേക്ക് കടന്നുചിന്തിച്ചത്. റെസിഡന്റ് എന്‍ജിനീയറായ ഫെന്‍വിക്കിന് മലബാര്‍ ആക്ടിങ് കളക്ടറായിരുന്ന റോബിന്‍സണ്‍ 24-10-1856ന് അയച്ച ഒരു കത്തുകൂടി നമുക്ക് നോക്കാം. ബേപ്പൂരിലാണല്ലോ മലബാറിലെ റെയില്‍ഗതാഗതം അവസാനിക്കുന്നത്. ബേപ്പൂര്‍ തുറമുഖം ഏറെ വാഗ്ദാനങ്ങള്‍ സമ്മാനിക്കുന്ന ഒരു തുറമുഖമാണ്. എന്നുമാത്രമല്ല, കടലില്‍നിന്ന് കൈവഴികളായി കായലുകളും നദികളും ഒട്ടേറെയുണ്ടുതാനും.
ജനസാന്ദ്രത തീരെ കുറഞ്ഞതായ ഒരു ഗ്രാമമാണ് ചാലിയം. നാട്ടുകാരുടേതായ നിക്ഷേപങ്ങളൊന്നും ഇവിടെയാരും നടത്താറില്ല. കോഴിക്കോടിനെ ഫറോക്കാബാദിലേക്ക് മാറ്റുകയെന്ന ടിപ്പുസുല്‍ത്താന്റെ സ്വപ്നം ഒരുപക്ഷേ ഭാവിയില്‍ നടന്നേക്കാം. കോഴിക്കോടാണ് ഈ ഗ്രാമത്തിന്റെ വ്യാപാര തലസ്ഥാനം. ഇവിടെത്തന്നെയാണ് ഒരുവിധമെല്ലാ ഭരണാധികാരികളും താമസിക്കുന്നത്. അതിനാല്‍ റെയില്‍വേ ടെര്‍മിനസ്സായ ചാലിയത്തിനെ കോഴിക്കോടുമായി ബന്ധിപ്പിക്കേണ്ടത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഇതിനായി വാര്‍ത്താവിനിമയ മാര്‍ഗങ്ങളും ഗതാഗതമാര്‍ഗങ്ങളും ത്വരപ്പെടുത്തണം. എത്രത്തോളം നേരത്തേ സര്‍ക്കാര്‍ ഇതിന് തുനിയുന്നുവോ അത്രയും നല്ലത്. രണ്ട് മാര്‍ഗങ്ങളാണ് ഇതിനായി എനിക്ക് നിര്‍ദേശിക്കാനുള്ളത്. ഒന്നുകില്‍ ചാലിയത്തുനിന്ന് കോഴിക്കോട്ടേക്ക് ഒരു ട്രാംവേ തുടങ്ങുക. അതല്ലെങ്കില്‍ നദികളെയും കായലുകളെയും ബന്ധപ്പെടുത്തിക്കൊണ്ട് നല്ലൊരു സഞ്ചാരമാര്‍ഗം ശക്തിപ്പെടുത്തുക. ഏതായാലും ഇക്കാര്യത്തില്‍ തീരെ അമാന്തം കാണിച്ചുകൂടാ.''
ചാലിയം ടെര്‍മിനസ്സിന്റെ കഥ ഇതാണ്. പില്‍ക്കാലത്ത് തീവണ്ടിപ്പാതകള്‍ തലങ്ങും വിലങ്ങും ബഹുദൂരത്തില്‍ സ്ഥാപിക്കപ്പെട്ടു. അതിനിടെ ചാലിയം ടെര്‍മിനസ് ചരിത്രമായി. ഇപ്പോള്‍ കടലുണ്ടി -ഫറോക്ക് വഴി കോഴിക്കോട്ടേക്ക് തീവണ്ടി എത്തുമ്പോള്‍ ചാലിയം ടെര്‍മിനസ് എന്ന സ്ഥലത്ത് അവശേഷിക്കുന്നത് പഴയൊരു കിണര്‍ മാത്രം.
