NagaraPazhama

കുടിച്ചാല്‍ വയറ്റില്‍ കിടക്കണം

Posted on: 02 Jun 2013

അഡ്വ. ടി.ബി. സെലുരാജ്‌



ക്യടിച്ചാല്‍ വയറ്റില്‍ കിടക്കണമെന്നാണ് പഴമക്കാരുടെ ഉപദേശം. വാസ്തവം അതാണുതാനും! എന്നാല്‍ മദ്യപിച്ചാല്‍ 'ഫോര്‍ പീപ്പിള്‍' അതറിഞ്ഞേ മതിയാവൂ എന്ന് നിര്‍ബന്ധമുള്ളവരാണ് ചിലരെങ്കിലും. ഇതിനായി എന്ത് വേഷങ്ങള്‍ കാട്ടാനും ഇക്കൂട്ടര്‍ക്ക് മടിയില്ലതാനും. സംശയമുണ്ടെങ്കില്‍ നമുക്കൊരു ബാറിലേക്കൊന്നു കടന്നുചെല്ലാം. അരണ്ട വെളിച്ചം! ഷെല്‍ഫുകളില്‍ വിവിധ വര്‍ണങ്ങളിലും രൂപത്തിലുമുള്ള മദ്യക്കുപ്പികള്‍. അന്തരീക്ഷത്തിന് യോജിച്ച രീതിയില്‍ ഉയര്‍ന്നുപൊങ്ങുന്ന സംഗീതം. കല്പനകള്‍ക്കായി കാത്തുനില്ക്കുന്ന യൂണിഫോമിട്ട സേവകര്‍. ചുരുക്കത്തില്‍ ഒരല്പനേരത്തേക്കെങ്കിലും സ്വര്‍ഗത്തില്‍ മുറിയെടുത്തതുപോലെ നിങ്ങള്‍ക്കനുഭവപ്പെടാം. എല്ലാവരും മാന്യരായിട്ടാണ് ബാറില്‍ പ്രവേശിക്കുക. ഏതെങ്കിലുമൊരു ആഘോഷങ്ങളുടെ പേരിലായിരിക്കും ഒരു സാധുവിന്റെ നേതൃത്വത്തില്‍ ഇവിടെയെത്തുന്നത്.

തുടക്കത്തില്‍ പാര്‍ട്ടി നടത്തുന്നവന്‍ മാത്രമായിരിക്കും ഓര്‍ഡര്‍ കൊടുക്കുക. കൂട്ടുകാര്‍ മാന്യരായി നിശ്ശബ്ദരായി ഇരിക്കും. 'എക്‌സ്‌ക്യൂസ് മീ, നോ താങ്ക്‌സ്, വെല്‍കം' എന്നീ മര്യാദയുടെ പദങ്ങള്‍ തുടക്കത്തില്‍ നിര്‍ലോഭം നിങ്ങള്‍ക്കിവിടെ കേള്‍ക്കാം. ഒന്നോ രണ്ടോ പെഗ്ഗ് കഴിയുമ്പോള്‍ രംഗം ആകെയൊന്ന് മാറുന്നു. ഓരോരുത്തരും സേവകരെ വിളിക്കുകയായി. മര്യാദയുടെ പദങ്ങള്‍ ഇനിയങ്ങോട്ട് നിങ്ങള്‍ കേള്‍ക്കുകയില്ല. സ്പൂണും ഫോര്‍ക്കുമൊക്കെ മാറ്റിവെച്ച് പത്തുവിരലുകളെയും ഇക്കൂട്ടര്‍ അഴിഞ്ഞാടാന്‍ വിടുന്നു.
'കാഷ്യു' എന്ന് തുടക്കത്തില്‍ പറഞ്ഞവര്‍ അണ്ടിപ്പരിപ്പെന്നും അണ്ടിയെന്നുമൊക്കെ പറയാന്‍ തുടങ്ങും. ഭക്ഷണം ഇക്കൂട്ടര്‍ കഴിക്കുകയല്ല, മറിച്ച് ആക്രമിക്കുകയാണ് പതിവ്. വേണ്ടതും വേണ്ടാത്തതുമൊക്കെ ഓര്‍ഡര്‍ ചെയ്യാന്‍ ഇവര്‍ക്ക് വിരുതേറും. സംസാരം അത്യുച്ചത്തിലും അവ്യക്തതയിലുമാകും. ഗായകരുണ്ടെങ്കില്‍ പാട്ടും കൊട്ടും തുടങ്ങും. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളിലെ പാട്ടുകളോടാണ് തദവസരത്തില്‍ പ്രിയം. അല്ലിയാമ്പല്‍ കടവാണത്രെ ഇവരുടെ ഇഷ്ട നമ്പര്‍. ബില്ല് താനുദ്ദേശിച്ചതിനുമപ്പുറത്താകുമെന്നൊരു ഭീതി അപ്പോഴേക്കും ആതിഥേയനെ പിടികൂടിയിരിക്കും. ബില്ല് പറയട്ടെ എന്നൊരു ചോദ്യം അയാളില്‍നിന്നറിയാതെ പുറത്തേക്ക് തെറിച്ചുവീഴും. ബില്ലെത്തിയാലും പ്രശ്‌നംതന്നെ. ബില്ലെത്തിയാല്‍ അത് വിശദമായി പരിശോധിച്ചേ ചില ലഹരിക്കാര്‍ അടങ്ങുകയുള്ളൂ.ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ നാമനിര്‍ദേശപത്രിക സൂക്ഷ്മപരിശോധന നടത്തുന്നതുപോലെ ഒടുവില്‍ ബെയറര്‍ പറയുന്നത് തലകുലുക്കി സമ്മതിച്ചുകൊണ്ട് ബില്‍ പേ ചെയ്യും. പുറത്തിറങ്ങിയാലും നാടകം അരങ്ങേറാറുണ്ട്. കാലുകള്‍ നിലത്തുറയ്ക്കാത്ത അവസ്ഥയിലും തന്റെ ടൂ വീലറില്‍ത്തന്നെ മടങ്ങണമെന്ന് വാശിപിടിക്കുന്നതാണ് അടുത്ത രംഗം. ഒടുവില്‍ കുറേ വാഗ്വാദങ്ങള്‍ക്കുശേഷം കൂട്ടുകാരന്റെ വണ്ടിയില്‍ത്തന്നെ കയറിപ്പറ്റും. ബാറിനെക്കുറിച്ചിത്രയുമെഴുതാന്‍ ഒരു കാരണമുണ്ട്.1844-ല്‍ കോഴിക്കോട്ടുവെച്ച് നടന്ന ഒരു വിരുന്നുസല്‍ക്കാരം മദ്യപാനംമൂലം അലങ്കോലപ്പെട്ടതിന്റെ രേഖകളാണ് എന്റെ മുന്നില്‍. അതിങ്ങനെ:
169 വര്‍ഷങ്ങള്‍ക്കുമുമ്പാണ് കോഴിക്കോട്ട് ഈ സംഭവം നടക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 1844-ല്‍. ഇംഗ്ലീഷുകാരായ മോര്‍ലിയും വെല്ലും കോഴിക്കോട്ടെ കച്ചവടക്കാരായിരുന്നു; ഇണപിരിയാത്ത സുഹൃത്തുക്കളും. അപ്പോഴാണ് വെല്ലിന്റെ മകളുടെ വിവാഹം നിശ്ചയിച്ചത്. വിവാഹത്തലേന്ന് കോഴിക്കോട്ടെ ബ്രിട്ടീഷ് സമൂഹത്തിന് നല്ലൊരു വിരുന്ന് കൊടുക്കാന്‍ മോര്‍ലി തീര്‍ച്ചയാക്കി. തീര്‍ച്ചയാക്കുക മാത്രമല്ല, അതിനുള്ള ഒരുക്കങ്ങളും തകൃതിയായി നടന്നു. ഇനിയെന്ത് സംഭവിച്ചെന്നുള്ളത് 1844 ഏപ്രില്‍ 12-ന് കമാന്‍ഡിങ് ഓഫീസര്‍, അഡ്ജുറ്റന്റ് ജനറല്‍ ഓഫ് ആര്‍മി അലാന്‍ ഹില്ലിന് എഴുതി അയച്ച റിപ്പോര്‍ട്ടില്‍നിന്ന് മനസ്സിലാക്കാം. അതിങ്ങനെ:

'സര്‍, കമാന്‍ഡിങ് ഓഫീസറുടെ അപേക്ഷപ്രകാരം ബഹുമാന്യനായ കമാന്‍ഡിങ് ചീഫിനു മുന്നില്‍ കോഴിക്കോട്ടുവെച്ച് നടന്ന ഈ സംഭവത്തിന്റെ പൂര്‍ണരൂപം റിപ്പോര്‍ട്ട് ചെയ്യട്ടെ. കോഴിക്കോട്ടുവെച്ച് നടന്ന ഒരു കല്യാണവിരുന്നിനിടയിലാണ് സംഭവമുണ്ടായിരിക്കുന്നത്. ഈ വിഷയം ഒത്തുതീര്‍ക്കാന്‍ മേജര്‍ ജനറല്‍ നടത്തിയ ശ്രമം അമ്പേ പരാജയപ്പെട്ടിരിക്കുന്നു എന്നുകൂടി താങ്കളെ അറിയിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. കോഴിക്കോട്ടെ മോര്‍ലി എന്ന കച്ചവടക്കാരന്‍ തന്റെ സ്‌നേഹിതന്‍ വെല്‍സിന്റെ മകളുടെ വിവാഹത്തോടനുബന്ധിച്ച് തലേ ദിവസം ഒരു വിരുന്നുസല്‍ക്കാരം നടത്തിയിരുന്നു. സല്‍ക്കാരം വളരെ നേരത്തേതന്നെ തുടങ്ങി രാത്രി പതിനൊന്നുമണി വരെ നീണ്ടുനിന്നു. വിരുന്നില്‍ മദ്യം സൗജന്യമായി വിളമ്പിയിരുന്നെന്ന് പറയേണ്ടതില്ലല്ലോ! വിരുന്നിനിടയില്‍ റൊട്ടിയും ബിസ്‌കറ്റുകളും ധരിച്ചിരുന്ന വസ്ത്രങ്ങളും മറ്റും അന്തരീക്ഷത്തിലൂടെ പറന്നുനടന്നിരുന്നു. അന്യോന്യം എറിഞ്ഞ് രസിച്ചിരുന്നുവെന്നതാകാം കൂടുതല്‍ ശരി. ഇതിനിടയില്‍ ജറാള്‍ഡ് എന്ന സിവില്‍ ഉദ്യോഗസ്ഥന്‍ വെള്ളം നിറച്ച ഒരു ജഗ്ഗ് മോര്‍ലിയുടെ തലയ്ക്കുനേരെ എറിഞ്ഞു. അദ്ദേഹത്തിന് ക്ഷതമേല്ക്കുകയും രക്തം ധാരയായി ഒഴുകുകയും ചെയ്തു. ജറാള്‍ഡാകട്ടെ ഉടനടി സ്ഥലംവിടുകയും കുറച്ചുകഴിഞ്ഞ് തിരിച്ചെത്തി മോര്‍ലിയോട് മാപ്പപേക്ഷിക്കുകയും ചെയ്തു. മോര്‍ലി ക്ഷമാപണം സ്വീകരിക്കുകയും ചെയ്തു. പ്രശ്‌നം ഇവിടെ തീരേണ്ടതായിരുന്നു. എന്നാല്‍ അവിടെയുണ്ടായിരുന്ന പട്ടാള ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് കൂപ്പര്‍ ആ വഴക്ക് ഏറ്റുപിടിച്ചു. ജറാള്‍ഡിനെതിരെ അസഭ്യവര്‍ഷം ചൊരിഞ്ഞുകൊണ്ട് കൂപ്പര്‍ കൂത്താടി. അസഭ്യം കേട്ടതോടുകൂടി ജറാള്‍ഡിനും സമനില തെറ്റി. അതു കൈയാങ്കളിയിലാണവസാനിച്ചത്. വിരുന്നുകാര്‍ പരക്കംപായേണ്ടിവന്നെന്ന് പറയേണ്ടതില്ലല്ലോ! എന്റെ അന്വേഷണത്തില്‍ മനസ്സിലായത്, കൂപ്പര്‍ കരുതിക്കൂട്ടിയാണ് കുഴപ്പങ്ങളുണ്ടാക്കിയതെന്നാണ്. വഴക്ക് തുടങ്ങിവെച്ച മോര്‍ലിയും ജറാള്‍ഡും കൈ കൊടുത്ത് പിരിഞ്ഞതാണ്. കൂപ്പറിന്റെ അനാവശ്യമായ ഇടപെടലിനെത്തുടര്‍ന്നാണ് പ്രശ്‌നം രൂക്ഷമായത്. വിശിഷ്ട വ്യക്തികള്‍ പങ്കെടുത്ത ഒരു വിരുന്നുസല്‍ക്കാരത്തെയാണ് കൂപ്പര്‍ അലങ്കോലപ്പെടുത്തിയിട്ടുള്ളത്. ഇത് മാപ്പര്‍ഹിക്കുന്നില്ല. ഈ വിഷയത്തില്‍ കൂപ്പറുടെ മേലുദ്യോഗസ്ഥന്മാരായ ലഫ്റ്റനന്റ് ക്ലമന്റ്‌സണും മേജര്‍ ജനറല്‍ എന്നിവരുടെ ഉപദേശം സ്വീകരിച്ച് കൂപ്പര്‍ ഒത്തുതീര്‍പ്പിന് തയ്യാറാവേണ്ടതായിരുന്നു. എന്നാല്‍ അയാള്‍ ഒത്തുതീര്‍പ്പിന് തയ്യാറാകാതെ മോര്‍ലിക്കും ജറാള്‍ഡിനുമെതിരെ പരാതിപ്പെടുകയാണ് ചെയ്തിട്ടുള്ളത്. മോര്‍ലി കോഴിക്കോട്ടെ ഒരു കച്ചവടക്കാരന്‍ മാത്രമാണ്. ജറാള്‍ഡാകട്ടെ ഒരു സിവില്‍ ഓഫീസറും. അതിനാല്‍ പട്ടാള കോടതിക്ക് ഇവര്‍ക്കെതിരെ ഒന്നും ചെയ്യാനാകില്ലെന്നുകൂടി ഓര്‍മിപ്പിക്കട്ടെ.'

ജറാള്‍ഡിനെതിരെ പട്ടാളക്കോടതിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു സര്‍ക്കാര്‍തല അന്വേഷണം നടന്നതായി കാണാം. മലബാര്‍ കളക്ടര്‍ ജറാള്‍ഡിന് ഇങ്ങനെയൊരു കത്തയച്ചതായി കാണുന്നു. 'താങ്കള്‍ സ്വഭാവം നിയന്ത്രിക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു. ഇതിനുമുമ്പും താങ്കള്‍ക്കെതിരെ പല പരാതികളും കിട്ടിയിട്ടുണ്ടെന്ന് താങ്കളുടെ മേലുദ്യോഗസ്ഥര്‍ അറിയിക്കുന്നു. ഇനിയൊരു പരാതി കിട്ടിയാല്‍ താങ്കള്‍ ബഹുമാന്യയായ രാജ്ഞിയുടെ സേവനത്തില്‍ ഉണ്ടായിരിക്കുന്നതല്ല എന്ന് അവസാനമായി അറിയിക്കട്ടെ.'

1844-ല്‍നിന്ന് നാം 21-ാം നൂറ്റാണ്ടിലെത്തിയിരിക്കുന്നു. വിവാഹസല്‍ക്കാരങ്ങളുടെ പേരില്‍ ഇപ്പോഴും മദ്യസല്‍ക്കാരങ്ങള്‍ മുറയ്ക്ക് നടക്കുന്നതായി കാണാം. വിവാഹം പവിത്രമായ ഒരു ചടങ്ങാണെന്നും (രവിവൗ്ൃള്‍) അതൊരാഘോഷമല്ലെന്നും (*വാവയിമറഹ്ൃ) മനസ്സിലാക്കുകയാണ് ആദ്യമായി നാം ചെയ്യേണ്ടത്.






MathrubhumiMatrimonial