goodnews head

ജീവന്റെ മാലാഖയായി ജയപ്രസാദെത്തി; പ്രമോദിന് രണ്ടാം ജന്മം

Posted on: 15 May 2013


കൊച്ചി: അതിസങ്കീര്‍ണമായ ശസ്ത്രക്രിയയ്‌ക്കൊടുവില്‍ കോതമംഗലം സ്വദേശി പ്രമോദ് കുമാറിന്റെ ശരീരത്തിലേക്ക് പുതിയ കരളിന്റെ തുടിപ്പെത്തും വരെ ഡോക്ടര്‍മാര്‍ക്കൊപ്പം പ്രാര്‍ത്ഥനയിലായിരുന്നു ജയപ്രസാദും. തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച ഷെര്‍ളി സെബാസ്റ്റ്യന്റെ കരള്‍ പ്രമോദിനായി കൊച്ചിയിലേക്കെത്തിക്കാനുള്ള ദൗത്യം ഇടപ്പള്ളി അമൃത ആസ്പത്രിയിലെ ഈ ആംബുലന്‍സ് ഡ്രൈവര്‍ക്കായിരുന്നു.

ഡോക്ടര്‍മാരുടെ സംഘത്തെയും കൊണ്ട് ചൊവ്വാഴ്ച തിരുവനന്തപുരം പട്ടത്തെ എസ്.യു.ടി. ആസ്പത്രിയില്‍ നിന്ന് സൈറണുമിട്ട് പായുമ്പോള്‍ സമയം പുലര്‍ച്ചെ മൂന്നേകാല്‍. വേര്‍പെടുത്തിയ കരള്‍ ആറു മണിക്കൂറിനുള്ളില്‍ തന്നെ മറ്റൊരു ശരീരത്തില്‍ വെച്ചുപിടിപ്പിക്കണമെന്നിരിക്കെ സ്പീഡോ മീറ്ററില്‍ 130 വരെയെത്തിച്ച് കെഎല്‍7 ബി.ടി 770 ടെമ്പോട്രാവലര്‍ ആംബുലന്‍സ് ഹൈവേയിലൂടെ കുതിച്ചു പാഞ്ഞു. എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തുകയെന്നതു മാത്രമേ ഈ സമയം മനസ്സിലുണ്ടായിരുന്നുള്ളൂവെന്ന് ജയപ്രസാദ് പറയുന്നു. തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലെത്താന്‍ സാധാരണഗതിയില്‍ നാലു മണിക്കൂര്‍ സമയം വേണമെന്നിരിക്കെ രണ്ടേ കാല്‍ മണിക്കൂറിലാണ് ഫൈബര്‍ ബോക്‌സിനുള്ളിലെ ജീവന്റെ തുടിപ്പുമായി ഇദ്ദേഹം അമൃതയിലേക്ക് പാഞ്ഞെത്തിയത്. ട്രാഫിക് സിനിമയെ അനുസ്മരിപ്പിക്കും വിധം യാത്രയിലുടനീളം പോലീസ് വാഹനങ്ങളും അകമ്പടിയേകി.

എസ്.യു.ടി.യില്‍ നിന്ന് പുറപ്പെടുമ്പോള്‍ ഹൈവേ പോലീസിന്റെ രണ്ട് വാഹനങ്ങള്‍ മുമ്പിലും കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ പിന്നിലുമായി ആംബുലന്‍സിന് അകമ്പടിയുണ്ടായിരുന്നു. എന്നാല്‍ യാത്രയില്‍ പലപ്പോഴും പൈലറ്റ് വാഹനങ്ങളെയും മറികടന്നായിരുന്നു ജീവന്‍ രക്ഷിക്കാനായുള്ള ജയപ്രസാദിന്റെ കുതിപ്പ്. വഴിയില്‍ പ്രധാന ജംഗ്ഷനുകളിലെല്ലാം സംഘത്തിന് യാത്രാ തടസ്സമുണ്ടാകാതിരിക്കാന്‍ അതതിടത്തെ പോലീസ് സംഘങ്ങള്‍ ശ്രദ്ധിച്ചതും യാത്ര സുഗമമാക്കി. 227 കിലോമീറ്റര്‍ പിന്നിട്ട് ഇടപ്പള്ളി ബൈപ്പാസും കഴിഞ്ഞ് അഞ്ചരയോടെ വാഹനം അമൃത ആസ്പത്രിയുടെ കാഷ്വാലിറ്റിയ്ക്ക് മുമ്പിലെത്തുമ്പോള്‍ മറ്റൊരു സംഘം ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് സജ്ജരായിക്കഴിഞ്ഞിരുന്നു. നാലു മണിക്കൂര്‍ നീണ്ട വിജയകരമായ ശസ്ത്രക്രിയക്കൊടുവില്‍ പ്രമോദ് ജീവിതത്തിലേക്ക്.

മരണത്തോട് മല്ലടിക്കുന്നവരുമായി പലപ്പോഴും വാഹനമോടിച്ചിട്ടുണ്ടെങ്കിലും ജീവന്‍ കാത്തിരിക്കുന്ന ഒരാള്‍ക്കായുള്ള യാത്ര റിസ്‌ക്കെടുത്ത് തന്നെയായിരുന്നെന്ന് ജയപ്രസാദ് സമ്മതിക്കുന്നു. യാത്രയില്‍ ഇടയ്ക്ക് മഴയെ നേരിടേണ്ടി വന്നതും മറ്റും കുറച്ചൊക്കെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എന്നാല്‍ അമ്മയുടെ അനുഗ്രഹം കൊണ്ട് കൃത്യമായി തന്നെ എത്തിക്കാനായി. ഒരു ജീവന്‍ കൂടി രക്ഷപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജയപ്രസാദിന്റെ വാക്കുകള്‍. 15 വര്‍ഷമായി അമൃതാനന്ദമയീ മഠത്തിലെ ഡ്രൈവറായ ജയപ്രസാദ് കാസര്‍കോട് സ്വദേശിയാണ്. കോഴിക്കോട് എരഞ്ഞിപ്പാലം പി.എം. കുട്ടി റോഡ് മുണ്ടാങ്കല്‍ കാപ്പനില്‍ സെബാസ്റ്റ്യന്റെ ഭാര്യ ഷെര്‍ളി സെബാസ്റ്റ്യന്‍ കാല്‍വഴുതി വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരിച്ചത്. മരണശേഷം തന്റെ ആന്തരികാവയവങ്ങള്‍ ദാനം ചെയ്യണമെന്ന ഷെര്‍ളിയുടെ ആഗ്രഹപ്രകാരം മൂത്തമകന്‍ ജിതിന്‍ മഹാദാനത്തിനുള്ള സമ്മതപത്രത്തില്‍ ഒപ്പിടുകയായിരുന്നു.

 

 




MathrubhumiMatrimonial