
ആഫ്രിക്കയില്‍ 26 കാട്ടാനകളെ കൂട്ടക്കശാപ്പ് ചെയ്തു
Posted on: 11 May 2013

കലാഷ്നിക്കോവ് തോക്കുകളുമായെത്തിയ വേട്ടക്കാര്‍ മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ 26 കാട്ടാനകളെ കൂട്ടക്കൊല ചെയ്തു. റിപ്പബ്ലിക്കിലെ സാന്‍ഗ-എന്ഡോകി നാഷണല്‍ പാര്‍ക്കിലാണ് സംഭവം.
വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ( WWF ) അധികൃതരാണ് ഈ ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
ആനക്കൊമ്പ് കടത്താനെത്തിയ വേട്ടക്കാര്‍, പാര്‍ക്കിലെ ഒരു ഗവേഷകന്റെ നിരീക്ഷണ സംവിധാനം ഉപയോഗിച്ച് ആനകളെ വെടിവെയ്ക്കുന്നതായുള്ള റിപ്പോര്‍ട്ട് ഈയാഴ്ച ആദ്യം പുറത്തുവന്നിരുന്നു.
ആനകള്‍ വെള്ളംകുടിക്കാന്‍ കൂട്ടമായെത്തുന്ന 'ബെയ്' എന്ന തുറസ്സിനടുത്താണ് ആ നിരീക്ഷണ സംവിധാനം. വെള്ളം കുടിക്കാനെത്തിയ ആനകളെ വേട്ടക്കാര്‍ വെടിവെച്ചു വീഴ്ത്തുകയായിരുന്നു എന്നാണ് കരുതുന്നത്.
മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ ( CAR ) തെക്കുപടിഞ്ഞാറന്‍ മേഖലയിലാണ്, ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുള്ള സാന്‍ഗ-എന്ഡൊകി നാഷണല്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. കാട്ടാനകളുടെ ഒരു സവിശേഷ ആവാസമേഖലയാണ് ഈ പാര്‍ക്കെന്ന് വിശേഷിപ്പിക്കപ്പെടുന്നു.
മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ ഏതാനും മാസങ്ങളായി അക്രമവും കൊള്ളിവെയ്പ്പും വ്യാപകമായതോടെ ഡബ്ല്യു.ഡബ്ല്യു.എഫ്. പോലുള്ള പ്രകൃതിസംരക്ഷണ സംഘങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തകരെ പിന്‍വലിച്ചിരുന്നു.
'ആനകളുടെ ഗ്രാമ'മെന്ന് പ്രദേശവാസികള്‍ വിശേഷിപ്പിക്കുന്ന ബെയ് പ്രദേശത്തേക്ക് തോക്കുകളും മറ്റായുധങ്ങളുമായി 17 പേര് കടന്നുകയറിയതിനെക്കുറിച്ച് തിങ്കളാഴ്ച സംരക്ഷണ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആയുധധാരികള്‍ പിന്‍വാങ്ങിയപ്പോള്‍ ആ പ്രദേശം ശരിക്കും ആനകളുടെ ഒരു മോര്‍ച്ചറിയായി മാറിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ലോക പൈതൃക കേന്ദ്രം സംരക്ഷിക്കാന്‍ മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് അടിയന്തിരമായ ഇടപെടണമെന്ന്, ഡബ്ല്യു.ഡബ്ല്യു.എഫ്. ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ജനറല്‍ ജിം ലീപ് ആവശ്യപ്പെട്ടു.
സുഡാനില്‍ നിന്നുള്ള ആനവേട്ടക്കാരാണ് ആനകളെ കൂട്ടക്കശാപ്പിനിരയാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
