'റൊട്ടാലഖലീലിയാന'- കണ്ണൂരില്‍ നിന്ന് പുതിയ പുഷ്‌പിതസസ്യം

Posted on: 11 May 2013

ടി.എം. ശ്രീജിത്ത്‌




കല്പറ്റ:കണ്ണൂരിലെ കാനായി കാനം/നാടുകാണി എന്നിവിടങ്ങളിലെ ചെങ്കല്‍ കുന്നുകളില്‍ നിന്ന് സസ്യശാസ്ത്രലോകത്തേക്ക് പുതിയ അതിഥി. ലൈത്രേസിയ സസ്യകുടുംബത്തിലെ റൊട്ടാല ജനുസില്‍പ്പെട്ട പുഷ്പിത സസ്യത്തിന് 'റൊട്ടാല ഖലീലിയാന' എന്നാണ് പേരിട്ടിരിക്കുന്നത്.

മലബാറിലെ ചതുപ്പു നിലങ്ങളുടെയും കണ്ടല്‍ക്കാടുകളുടെയും സംരക്ഷണം ഏറ്റെടുത്ത ഡോ. കെ.എം. ഖലീലിനോടുള്ള ആദരസൂചകമായാണ് ഈപേര്‍ നല്‍കിയത്. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് പ്രിന്‍സിപ്പലാണ് ഡോ. ഖലീല്‍.

റൊട്ടാല ജനുസ്സില്‍പ്പെട്ട 45 ഇനം സസ്യങ്ങളെ ലോകത്ത് ഇതുവരെ കണ്ടെത്തിയതില്‍ ഇരുപത്തഞ്ചും ഇന്ത്യയിലാണ്. പുതിയ സസ്യം ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമാണെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ വ്യക്തമായി. സസ്യവര്‍ഗീകരണ വിദഗ്ധനായ കെ.എഫ്. വേള്‍ഡ് കാമ്പ് ഇതൊരു പുതുസസ്യമാണെന്ന് സ്ഥിരീകരിച്ചു.

പയ്യന്നൂര്‍ കോളേജ് ബോട്ടണി അസി. പ്രൊഫ. ഡോ. എം.കെ. രതീഷ് നാരായണന്‍, എറണാകുളം മാല്യങ്കര എസ്.എന്‍.എം. കോളേജിലെ പ്രൊഫ. സി.എന്‍. സുനില്‍, എം.എസ്. സ്വാമിനാഥന്‍ ഗവേഷണനിലയത്തിലെ ഗവേഷകരായ എം.കെ. നന്ദകുമാര്‍, ജയേഷ് പി. ജോസഫ്, തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് അസി. പ്രൊഫസര്‍ വി. അബ്ദുള്‍ ജലീല്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ കുഞ്ഞന്‍ സസ്യത്തെ ശാസ്ത്രലോകത്തിന് മുന്നിലെത്തിച്ചത്. ഇതുസംബന്ധിച്ച് പഠനറിപ്പോര്‍ട്ട് 'ഇന്‍റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് അഡ്വാന്‍സ്ഡ് റിസര്‍ച്ചി'ന്റെ ഏപ്രില്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചെങ്കല്‍ മേഖലയില്‍ വര്‍ഷകാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ടില്‍ മാത്രം മുളച്ചുപൊന്തുകയും വെള്ളം വറ്റുമ്പോള്‍ പുഷ്പിച്ച് ക്രമേണ ഉണങ്ങുന്നതുമായ ചെടിയാണിത്.



MathrubhumiMatrimonial