ഒരേ മനസ്സോടെ ഘടകപൂരങ്ങള്‍

Posted on: 22 Apr 2013

കെ.ആര്‍. ബാബു



തൃശ്ശൂര്‍: പടിഞ്ഞാറെ ഗോപുര നടയില്‍ അടിച്ച് തിമിര്‍ക്കുന്ന പാണ്ടിമേളം. ഓരോ മേളവും വീറുറ്റതാക്കുന്ന മേള കലാകാരന്മാര്‍. മേളത്തിന്റെയും കൊമ്പ് വിളികളുടെയും താളത്തിതെനാപ്പം ഉയര്‍ന്നു താഴുന്ന ആലവട്ടവും വെണ്‍ചാമരങ്ങളും. കൂടിയും കുറഞ്ഞും എഴുന്നെള്ളിയെത്തുന്ന ഗജവീരന്മാരും ചേരുമ്പോള്‍ ഘടകപൂരങ്ങള്‍ പൂര്‍ണ്ണം. പൂരപ്രേമികളില്‍ ആവേശം നിറയ്ക്കുന്നതിലും ദൃശ്യഭംഗി നല്‍കുന്നതിലും ഘടകപൂരങ്ങള്‍ തെല്ലും പിന്നിലായില്ല. രാവിലെ 7.30 മുതല്‍ ഒന്നു വരെയാണ് ഘടകപൂരങ്ങള്‍ വടക്കുന്നാഥനില്‍ ഒന്നിനു പിറകില്‍ ഒന്നായെത്തി മടങ്ങിയത്. രാത്രിയിലും ചടങ്ങുകള്‍ ആവര്‍ത്തിച്ചു.

മൂന്ന് ആനയോടെ തുടങ്ങുന്ന എഴുന്നള്ളിപ്പുകള്‍ വടക്കുന്നാഥനെ വണങ്ങാനെത്തുമ്പോഴേക്കും ഏഴിലേക്കും ഒമ്പതിലേക്കും പതിനാലിലേക്കും ഉയരും. സ്വന്തം തട്ടകങ്ങളില്‍ നിന്ന് എഴുന്നെള്ളിക്കുമ്പോള്‍ പഞ്ചവാദ്യവും നാദസ്വരവും അകമ്പടിയാകുമെങ്കിലും വടക്കുന്നാഥന് മുന്നിലേക്കെത്തിയാല്‍ പിന്നീട് പാണ്ടിയാണ്. ഇതേ കണക്കാണ് പൂരം കാണാന്‍ എത്തുന്നവര്‍ക്കും. രാവിലെ എത്തുന്ന ചെറിയ കുടുംബങ്ങളും സംഘങ്ങളും ഉച്ചയോടെ വലിയ ആരവമായി മാറും. മഞ്ഞും വെയിലും കൊള്ളാതെ വടക്കുന്നാഥനിലെത്തി മടങ്ങുന്ന കണിമംഗലം ശാസ്താവിന്റെ വരവോടെയാണ് തൃശ്ശൂര്‍ പൂരത്തിന് തുടക്കം കുറിച്ചത്. നട്ടുച്ച വെയിലില്‍ നെയ്തലക്കാവിലമ്മയെത്തി തൊഴുത് മടങ്ങിയതോടെ ഘടക ക്ഷേത്രങ്ങളുടെ പകല്‍പ്പൂരങ്ങള്‍ സമാപിച്ചു.

തെക്കേ ഗോപുര നടയിലൂടെയാണ് കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലേക്ക് കയറിയത്. ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ തിടമ്പേറ്റി. മേളത്തിന് ചെറുശ്ശേരി കുട്ടന്‍മാരാര്‍ പ്രമാണം വഹിച്ചു. ഒരാനപ്പുറത്താണ് ശാസ്താവ് എഴുന്നെള്ളിയത്. കുളശ്ശേരിയിലെത്തിയപ്പോഴും മണികണ്ഠനാലില്‍ എത്തിയപ്പോഴും ആനകളുടെ എണ്ണം വര്‍ദ്ധിച്ചു. തെക്കേഗോപുരത്തിലൂടെ കയറിയ ശാസ്താവ് പടിഞ്ഞാറെ നടയിലൂടെ തിരിച്ചിറങ്ങി.

പനമുക്കുംപിള്ളി ധര്‍മ്മശാസ്താവ് ക്ഷേത്രത്തില്‍ നിന്ന് പഞ്ചവാദ്യം, നാദസ്വരം എന്നിവയോടെ എഴുന്നള്ളി. കിഴക്കുംപാട്ടുകര ജങ്ഷനില്‍ നിന്ന് കിഴക്കേകോട്ട വഴി കോളേജ് റോഡിലൂടെ ജില്ലാ ആസ്പത്രി ജങ്ഷനിലെത്തി. അവിടെ നിന്ന് പാറമേക്കാവ് ക്ഷേത്രത്തിന്റെ മുന്നിലൂടെ വടക്കുന്നാഥ ക്ഷേത്രത്തിലെ കിഴക്കേ ഗോപുരത്തിലൂടെ അകത്ത് പ്രവേശിച്ചു. വടക്കുന്നാഥനെ വണങ്ങി തെക്കേ ഗോപുരം വഴി പുറത്തു കടന്നു. പഞ്ചവാദ്യത്തിന് കല്ലുവഴി ബാബുവും നാദസ്വരത്തിന് നെട്ടിശ്ശേരി ശ്രീധരനും നേതൃത്വം നല്‍കി.
ചെമ്പുക്കാവ് കാര്‍ത്ത്യായനി ദേവി ആറാട്ടിനു ശേഷം വടക്കുന്നാഥനിലേക്ക് എഴുന്നെള്ളി. പാറമേക്കാവ് ദേവീദാസന്‍ തിടമ്പേറ്റി. പഞ്ചവാദ്യത്തോടെയായിരുന്നു പുറപ്പാട്. കിഴക്കേനടയിലൂടെ അകത്തേക്ക് വടക്കുന്നാഥനിലേക്ക് പ്രവേശിച്ച് തെക്കേ ഗോപുരനടയില്‍ പഞ്ചവാദ്യം അവസാനിപ്പിച്ചു. തെക്കോട്ടിറങ്ങിയ എഴുന്നെള്ളിപ്പ് തിരിച്ച് കയറി പാണ്ടിമേളത്തോടെ പടിഞ്ഞാറെ നടവഴി തിരിച്ചിറങ്ങി. കുമ്മത്ത് നന്ദന്‍, ശങ്കരപുരം പ്രകാശന്‍, പെരിങ്ങോട് ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ മേളത്തിന് നേതൃത്വം നല്‍കി.

കാരമുക്ക്ഭഗവതി കുളശ്ശേരി ക്ഷേത്രത്തില്‍നിന്ന് മൂന്ന് ആനകളുടെ അകമ്പടിയോടെ മണികണ്ഠനാല്‍ പന്തലില്‍ എത്തി. ഒമ്പത് ആനകളുമായാണ് പൂരപ്പറമ്പിലേക്കെത്തിയത്. പാണ്ടിമേളത്തില്‍ 150 ലേറെ വാദ്യകലാകാരന്മാര്‍ പങ്കെടുത്തു. നന്തിലത്ത് പത്മനാഭന്‍ തിടമ്പേറ്റി. പെരുവനം കുട്ടന്‍മാരാര്‍ മേളത്തിന് പ്രമാണിയായി.

ലാലൂര്‍ കാര്‍ത്ത്യായനിദേവി തൃപ്രയാര്‍ ബലറാമിന്റെ പുറത്ത് പഞ്ചവാദ്യത്തിന്റെ അകമ്പടിയിലാണ് എഴുന്നള്ളിയത്. നടുവിലാല്‍ ജങ്ഷനില്‍ പഞ്ചവാദ്യം സമാപിച്ച് പാണ്ടിമേളത്തിലേക്ക് കടന്നു. ശ്രീമൂലസ്ഥാനത്തെത്തി മേളം കൊട്ടിയവസാനിച്ചപ്പോള്‍ ദേവിയുടെ തിടമ്പേറ്റിയ കൊമ്പന്‍ വടക്കുന്നാഥനെ വണങ്ങി തെക്കേ ഗോപുരത്തിലൂടെ പുറത്തേക്കിറങ്ങി. കലാമണ്ഡലം സോമന്‍ പഞ്ചവാദ്യത്തിനും കോലഴി പത്മനാഭന്‍ പാണ്ടിമേളത്തിനും നേതൃത്വം നല്‍കി.

14 ഗജവീരന്മാരുടെ അകമ്പടിയോടെയാണ് ചൂരക്കാട്ടുകാവിലമ്മ എഴുന്നെള്ളിയെത്തിയത്. പടിഞ്ഞാറെ ഗോപുരനടയില്‍ നടന്ന പാണ്ടിമേളത്തിന് കിഴക്കൂട്ട് അനിയന്‍മാരാര്‍ പ്രമാണിയായി. സ്വാമിയാര്‍ മഠം ആദിനാരായണന്‍ ഭഗവതിയുടെ തിടമ്പേറ്റി. പതിനൊന്നിന് മേളം സമാപിച്ചപ്പോള്‍ തിടമ്പേറ്റിയ ആന വടക്കുന്നാഥനെ വണങ്ങി തെക്കേ ഗോപുരത്തിലൂടെ പുറത്തിറങ്ങി. പിന്നീട് പാറമേക്കാവ് ക്ഷേത്രത്തില്‍ ഇറക്കി പൂജയോടെ എഴുന്നള്ളിപ്പ് സമാപിച്ചു.

അയ്യന്തോള്‍ കാര്‍ത്ത്യായനി ദേവി 13 ആനകളുടെ അകമ്പടിയോടെ ശ്രീമൂലസ്ഥാനത്തെത്തി. ഗുരുവായൂരപ്പന്‍ തിടമ്പേറ്റി. പരയ്ക്കാട് മഹേശ്വരന്‍, പരയ്ക്കാട് മഹേന്ദ്രന്‍ എന്നിവര്‍ പഞ്ചവാദ്യത്തിനും ചെറുശ്ശേരി കുട്ടന്‍ മാരാര്‍ മേളത്തിനും നേതൃത്വം നല്‍കി. പടിഞ്ഞാറെ നടയിലൂടെ കയറിയ ഭഗവതി തെക്കോട്ടിറങ്ങി തിരിച്ചു പോയി.

നെയ്തലക്കാവിലമ്മയാണ് ഘടകപൂരങ്ങളില്‍ അവസാനമെത്തിയത്. ഒമ്പത് ആനകളോടെ പടിഞ്ഞാറെ നടയില്‍ എത്തിയ എഴുന്നള്ളിപ്പില്‍ തൊടുപുഴ കാളകുത്തന്‍ കണ്ണന്‍ ഭഗവതിയുടെ തിടമ്പേറ്റി. കലാമണ്ഡലം ശിവദാസന്‍ മേളത്തിന് നേതൃത്വം നല്‍കി. നെയ്തലക്കാവിലമ്മ തെക്കോട്ടിറങ്ങിയതോടെ പകല്‍പ്പൂരത്തിലെ ഘടകപൂരങ്ങളുടെ ആവേശത്തിന് തിരശ്ശീല വീണു.



MathrubhumiMatrimonial