
പൂരം കണ്ട് ഒഴുകിയങ്ങനെ...
Posted on: 22 Apr 2013

തൃശ്ശൂര്‍:പൂരം കാണാന്‍ ഒഴുകിയെത്തിയത് ആയിരങ്ങളാണ്. കൈക്കുഞ്ഞുങ്ങളുമായി... കുടുംബത്തോടെ... സുഹൃത്തുക്കളുമായി... ചിലര്‍ ആരെയും കൂട്ടാതെ...
ചിലര്‍ പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളത്തിനൊപ്പം നിന്നപ്പോള്‍ ചിലര്‍ തിരുവമ്പാടിയുടെ മഠത്തില്‍ വരവിനൊപ്പം കൂടി. കുടമാറ്റമായപ്പോള്‍ നഗരത്തിന്റെ മറ്റ് വീഥികളെയെല്ലാം വിജനമാക്കി കാഴ്ചക്കെത്തിയവരെല്ലാം തെക്കേഗോപുര നടയിലേക്ക് കുടമാറ്റത്തിന്റെ ദൃശ്യഭംഗി നുകരാനെത്തി.
കണിമംഗലം ശാസ്താവെത്തുമ്പോള്‍ വലിയ ജനത്തിരക്കൊന്നും ഉണ്ടായിരുന്നില്ല. നഗരം ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴേക്കും പൂരത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി ശാസ്താവ് മടങ്ങി. പിന്നീട് വലിയ ഇടവേളകള്‍ നല്‍കാതെ മറ്റ് ഘടകപൂരങ്ങള്‍ വടക്കുന്നാഥനെ വണങ്ങാനെത്തി. തിരുവമ്പാടിയുടെ മഠത്തിലേക്കുള്ള പോക്കും വരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും തുടങ്ങിയതോടെ പൂരപ്രേമികള്‍ ഏതാണ് ആസ്വദിക്കേണ്ടതെന്ന സംശയത്തിലായി.
അല്പനേരം ഘടകപൂരത്തിനൊപ്പം മേളത്തിന്റെ ഒന്നോ രണ്ടോ കലാശത്തിനുശേഷം തിരുവമ്പാടിയുടെ മഠത്തില്‍ വരവിലേക്ക്. അവിടെനിന്ന് പാറമേക്കാവിന്റെ എഴുന്നള്ളിപ്പിലേക്ക്. അവിടെനിന്ന് വീണ്ടും ഘടകപൂരത്തിലേക്ക്. വീണ്ടും സ്വരാജ് റൗണ്ടിനുചുറ്റും കറക്കം. അപ്പോഴേക്കും ഇലഞ്ഞിത്തറ മേളം തുടങ്ങി. നായ്ക്കനാലില്‍ തിരുവമ്പാടിയും മേളപ്പെരുക്കങ്ങള്‍ തീര്‍ക്കുന്നു. വടക്കുന്നാഥനിലേക്ക് അങ്ങോട്ടും ഇങ്ങോട്ടും കയറി ഇറങ്ങുന്നവരെ നിയന്ത്രിക്കുന്ന പോലീസ്. ഇതൊന്നും വകവെയ്ക്കാതെ മാറിമാറി ആസ്വദിക്കുന്നവര്‍. വൈകീട്ട് അഞ്ചോടെ എല്ലാവരും തെക്കോട്ടിറക്കത്തിലേക്കും കുടമാറ്റത്തിലേക്കും. വെടിക്കെട്ടിന്റെ മനോഹാരിതയും കഴിഞ്ഞ് ദൂരസ്ഥലങ്ങളില്‍നിന്നെത്തിയവര്‍ മടങ്ങുമ്പോള്‍ തിരുവമ്പാടിയും പാറമേക്കാവും പങ്കെടുക്കുന്ന പകല്‍പ്പൂരമായി. ഇതിനിടെ ഇനിയൊരിക്കല്‍ പോലും കാണാനോ മിണ്ടാനോ കഴിയാത്ത ഒട്ടേറെ കൂട്ടുകാരെയും ലഭിക്കും. എല്ലാം കഴിയുമ്പോള്‍ ഒന്നര ദിവസം കൊണ്ട് പൂരത്തിന്റെ എല്ലാ ചടങ്ങുകളും കണ്ടെന്നും ആസ്വദിച്ചെന്നും കൂട്ടുകാരോടും നാട്ടുകാരോടും പറയാം. അടുത്ത വര്‍ഷത്തേക്ക് മാധുര്യമേറെയുള്ള ഓര്‍മ്മകളും മനസ്സില്‍ സൂക്ഷിക്കാം.
