വിലാസമില്ലാത്ത ആഘോഷക്കാര്‍

Posted on: 22 Apr 2013



തൃശ്ശൂര്‍: മൂത്ത സഹോദരന്‍ ഡല്‍ഹിയിലെ ഒരു ബഹുനില കെട്ടിടത്തില്‍നിന്ന് വീണുമരിച്ച നാള്‍ അവസാനിച്ചതാണ് ബിഹാറുകാരനായ സുരേന്ദറിന്റെ പഠനം... ഐഡിയില്ലാത്തവന്റെ മരണമായതിനാല്‍ യാതൊരുവിധ സര്‍ക്കാര്‍ സഹായങ്ങളും ലഭിച്ചില്ല... കുടുംബത്തിന്റെ എല്ലാ ബാധ്യതകളും ഏറ്റെടുത്ത് നേരെ കേരളത്തിലേക്ക് വണ്ടി കയറുകയായിരുന്നു ഈ പതിനെട്ടുകാരന്‍.... ഇവിടെ വിധി പോലെ തേടിയെത്തിയത് സഹോദരന്റെ അതേ ജോലി... കെട്ടിടനിര്‍മ്മാണ ത്തൊഴിലാളി.... സുരേന്ദറിനെപ്പോലെ ഒട്ടനേകം പേരെ പൂരത്തിന്റെ ആരവങ്ങള്‍ക്കിടയില്‍ നമുക്ക് കാണാം....

തൃശ്ശൂരിലെത്തിയിട്ട് ഏഴ് വര്‍ഷമായെങ്കിലും ആദ്യമായാണ് ഇവരില്‍ പലരും തൃശ്ശൂര്‍ പൂരം കാണുന്നത്. വര്‍ഷങ്ങള്‍ക്കുശേഷമെത്തിയ ഞായറാഴ്ച നാളിലെ പൂരമായതുകൊണ്ടു തന്നെ ഇത്തവണത്തെ പൂരം അന്യസംസ്ഥാന തൊഴിലാളികളുടെ കൂടി പൂരമാണ്... കനംപിടിച്ചുറച്ച ദുഃഖങ്ങള്‍ക്കിടയിലും അവര്‍ ആഘോഷിക്കാന്‍ ശ്രമിക്കുകയാണ്. വീടടച്ച് കുടുംബങ്ങളോടൊത്ത് വരുന്ന മലയാളികളെ കണ്ടപ്പോള്‍ തങ്ങള്‍ തങ്ങളുടെ കുടുംബങ്ങളെ ഓര്‍ത്തുപോയെന്ന് പശ്ചിമബംഗാളില്‍ നിന്നെത്തിയ ജഗദീഷും സോമേറും ഒരേ സ്വരത്തില്‍ പറഞ്ഞു

പൂരനഗരിക്കടുത്തുള്ള മീഠാ പാന്‍ വില്‍പനക്കാരനായ അശോക്കുമാര്‍ ആറുവര്‍ഷമായി തൃശ്ശൂരിലെത്തിയിട്ട്. യു.പി.യിലെ മവു ഗ്രാമത്തില്‍നിന്ന് വരുന്ന അശോകിനെ സംബന്ധിച്ച് തൃശ്ശൂരിലെ പൂരാഘോഷരീതി വിചിത്രമാണ്. ഇവിടത്തെ പൂരത്തിന് മദ്യപിച്ച ആളുകളുണ്ടാവും മവു ഗ്രാമക്കാരെ സംബന്ധിച്ച് പൂജയ്ക്കും പ്രാര്‍ഥനക്കുമാണ് ആഘോഷത്തെക്കാള്‍ പ്രാധാന്യം. മദ്യപിച്ചോ മാംസാഹാരം കഴിച്ചോ ഉത്സവത്തിന് ആരും എത്തില്ലെന്ന് അശോക്. ആഘോഷം തങ്ങള്‍ക്ക് ഭക്തിയാണ് എന്നിരുന്നാലും വിവിധ മതസ്ഥര്‍ ചേര്‍ന്നുള്ള വെടിക്കെട്ടോടുകൂടിയുള്ള വിപുലമായ ഉത്സവം സ്വന്തം നാട്ടിലില്ലെന്ന് പറയാന്‍ മറന്നില്ല അശോക്. അതേസമയം പൂരത്തിലെ ആനയുടെ കേമത്തം പറഞ്ഞാല്‍ കുലുങ്ങാത്തവരാണ് ബിഹാറികള്‍. ബിഹാറിലെ മോത്തിഹാരിക്കാരായ രവികുമാറും ഉപേന്ദ്രകുമാറും മലയാളികള്‍ കണ്ടതിനെക്കാള്‍ കൂടുതല്‍ ആനകളെ കണ്ടിരിക്കുന്നു. ഇവിടത്തെ ആനകളില്‍ പലതും തങ്ങളുടേതാണെന്ന് ഏറെ അഭിമാനത്തോടെയാണ് അവര്‍ പറഞ്ഞത്.

രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിനികളായ പൂജയെയും റിക്കോയെയും സംബന്ധിച്ച് കേരളത്തിലെ ഓരോ പൂരവും അവര്‍ക്കന്നമാണ്... ആഘോഷങ്ങള്‍ക്കിടയിലും കുട്ടികളെ ഒക്കത്തിരുത്തി ബലൂണ്‍ വിറ്റ് ഉപജീവനത്തിനുള്ള മാര്‍ഗ്ഗം കണ്ടെത്തുകയാണ് 18കാരികളായ ഈ അമ്മമാര്‍. ഒരു ദിവസംപോലും സ്‌കൂളില്‍ പോയിട്ടില്ലാത്ത ഇവര്‍ കണ്ടിട്ടുള്ള ഏക ഉത്സവം സൊറാളി എന്ന രാജസ്ഥാനി ഉത്സവം മാത്രം.

ജാര്‍ഖണ്ഡില്‍നിന്നുള്ള പതിനഞ്ച് ചെറുപ്പക്കാര്‍ കഴിഞ്ഞ നവംബറില്‍ തുടങ്ങിയതാണ് ഉത്സവപ്പറമ്പ് ലക്ഷ്യമാക്കിയുള്ള വ്യാപാരം. നവംബര്‍ മാസത്തില്‍ വൈക്കത്തുനിന്ന് തുടങ്ങിയതാണ് കേരളത്തിലെ ഇവരുടെ ഈ വര്‍ഷത്തെ കച്ചവടം. ഓച്ചിറ വിളക്ക്, ആലപ്പുഴ മുല്ലയ്ക്കല്‍ ചിറപ്പ്, ആറ്റുകാല്‍ പൊങ്കാല എന്നിവ കഴിഞ്ഞാണ് തൃശ്ശൂര്‍ പൂരത്തിനെത്തിയത്. തൃശ്ശൂരിലെ ആളുകള്‍ക്ക ചെണ്ടയും ആനയും മതി... സാധനം വാങ്ങാനൊന്നും താത്പര്യമില്ലെന്ന് ദുഃഖത്തോടെയാണ് ഇവര്‍ പറഞ്ഞത്.തൃശ്ശൂര്‍ പൂരത്തോടെ സ്വദേശമായ ജാര്‍ഖണ്ഡിലേക്ക് ഒരു വലിയ ലക്ഷ്യവുമായാണ് ഈ സംഘം മടങ്ങുന്നത്. 'അടുത്ത വര്‍ഷം കേരളത്തിലേക്ക് മടങ്ങുംവരെ സ്‌കൂളില്‍ പോയി പഠിക്കണം' -ഗരിസി ജില്ലക്കാരനായ അസിമിന്റെ മുഖത്ത് മറ്റ് തൊഴിലാളികളിലൊന്നും കാണാത്ത ആത്മവിശ്വാസം...



MathrubhumiMatrimonial