കെ.കെ. ശ്രീരാജ്

തൃശ്ശൂര്‍:നൂറോളം വര്‍ഷത്തെ പൂരം പഞ്ചവാദ്യത്തിന്റെ കൂട്ടിക്കൊട്ടലും താളവട്ടങ്ങളും കയ്യേറ്റ ഈ തിമില ഇത്തവണയും പൂരത്തിനുണ്ട്. മഠത്തില്‍വരവ് പഞ്ചവാദ്യത്തിന് 60 വര്‍ഷം പ്രാമാണികത്വം വഹിച്ച അന്നമനട അച്യുതമാരാരുടെ തിമിലയിലാണ് ശിഷ്യന്‍ പരയ്ക്കാട് തങ്കപ്പമാരാര്‍ പൂരത്തിന് പഞ്ചവാദ്യപ്പൊലിമ തീര്‍ക്കുന്നത്. പഞ്ചവാദ്യത്തെ ഇന്നത്തെ രീതിയില്‍ അച്യുതമാരാര്‍ ചിട്ടപ്പെടുത്തിയതും ഈ തിമിലയില്‍തന്നെ. തിരുവമ്പാടിയുടെ മഠത്തില്‍വരവിന് മുക്കാല്‍ നൂറ്റാണ്ടോളം താളമിട്ട തിമില പാറമേക്കാവ് പഞ്ചവാദ്യത്തിലാണ് ഇപ്പോള്‍ മുഴങ്ങുന്നത് എന്നുമാത്രം.

1984ല്‍ അച്യുതമാരാര്‍ മരിക്കുംമുമ്പെ തിമില തങ്കപ്പമാരാര്‍ക്കു നല്‍കിയിരുന്നു. അച്യുതമാരാരോടൊപ്പം തിമില കൊട്ടിയ പൊറത്തുവീട്ടില്‍ നാണുമാരാരുടെ മകനാണ് തങ്കപ്പമാരാര്‍. 1975ല്‍ അരങ്ങേറ്റസമയം മുതല്‍ക്കുള്ള ബന്ധമാണ് ഈ തിമിലദാനത്തിലെത്തിച്ചത്. അച്യുതമാരാര്‍ രംഗത്ത് തിളങ്ങിനില്‍ക്കുമ്പോള്‍തന്നെ അദ്ദേഹത്തിന്റെ തിമിലയില്‍ തങ്കപ്പമാരാരെക്കൊണ്ട് കൊട്ടിക്കാറുണ്ടായിരുന്നു.
എണ്‍പതുവയസ്സായപ്പോള്‍ പിന്നെ പഞ്ചവാദ്യത്തിന് പോകാന്‍ പറ്റാത്ത സ്ഥിതിയായി അച്യുതമാരാര്‍ക്ക്. തുടര്‍ന്ന് തങ്കപ്പമാരാരുടെ അച്ഛന്‍ പൊറത്തുവീട്ടില്‍ നാണുമാരാരായിരുന്നു പ്രമാണി. ഈ സമയങ്ങളിലെല്ലാം കൂടെ കൊട്ടാന്‍ തങ്കപ്പമാരാരുമുണ്ടായിരുന്നു. കഴിഞ്ഞ മുപ്പതുവര്‍ഷമായി പാറമേക്കാവ് പഞ്ചവാദ്യത്തിന്റെ പ്രമാണിയായ ചോറ്റാനിക്കര വിജയന്റെ വലത്ത് പരയ്ക്കാട് തങ്കപ്പമാരാരുണ്ട്; ആശാന്റെ തിമിലയുമായിത്തന്നെ. നൂറ്റാണ്ടുകള്‍ പൂരം കൂടിയിട്ടും ഈ തിമിലയ്ക്ക് യാതൊരു കോട്ടവുമില്ലെന്ന് ഇതില്‍ ഇപ്പോള്‍ വാദ്യവിസ്മയം തീര്‍ക്കുന്ന തങ്കപ്പമാരാര്‍ പറയുന്നു. 'എങ്കിലും ആശാന്റെ കൈവിരുത് തിമിലയ്ക്ക് നല്‍കാനാവില്ലല്ലോ' -അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.