AnnaChandam Head

ഉത്സവപ്പറമ്പുകളുടെ മുഖശ്രീയായി കൂറ്റനാട് രാജശേഖരന്‍

Posted on: 25 Mar 2009

വി. ഹരിഗോവിന്ദന്‍



പാലക്കാട്ടെയും തൃശ്ശൂരിലെയും ഉത്സവപ്പറമ്പുകളിലെ മുഖശ്രീയാണ് കൂറ്റനാട് രാജശേഖരന്‍. നാടന്‍ ആനകളുടെ സ്വഭാവങ്ങള്‍ക്കൊപ്പം സൗന്ദര്യം കൂടി ചേരുന്നതാണ് രാജശേഖരനെ ഉത്സവപ്പറമ്പുകള്‍ക്ക് പ്രിയങ്കരനാക്കുന്നത്.

കൂറ്റനാട്ടെ ഡോ. ശ്രീധരന്റെ പ്രിയപ്പെട്ടവനാണ് ഈ നാല്പത്തിയെട്ടുകാരന്‍. ഒമ്പതടി പത്തിഞ്ച് പൊക്കം. ഏത് എഴുന്നള്ളത്തിലും മിതത്വമുള്ള നില്പ്, നല്ല വിരിവുള്ള മുഖവും മുഖശ്രീയും, ഒത്തശരീരം ഇതൊക്കെയാണ് രാജശേഖരനെ ആനക്കമ്പക്കാരുടെ പ്രിയതാരമാക്കുന്നത്. നല്ല വെളുപ്പുനിറമുള്ള 18 നഖങ്ങള്‍, നല്ല ഇടനീളം എന്നിവയും രാജശേഖരന്റെ പ്രത്യേകതകളാണ്.

തിരുവേഗപ്പുറ മഹാക്ഷേത്രത്തില്‍നിന്നുള്ള ഗജരാജപ്പട്ടം ഇതിനകം രാജശേഖരന് ലഭിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് പാലോട്ട് തറവാട്ടുകാരുടെ കൈയില്‍നിന്നാണ് കല്പറ്റ നീലിക്കണ്ടി ഹാജിയാര്‍ക്ക് രാജശേഖരനെ ലഭിക്കുന്നത്. ഹാജിയാര്‍ക്കൊപ്പം കഴിയുമ്പോള്‍ ഇവന്‍ ഹമീദായിരുന്നു. 1982 ലാണ് ഡോ. ശ്രീധരന്‍ ആനയെ വാങ്ങുന്നത്. രാജശേഖരനെ കൂടാതെ മധു, ശിവന്‍കുട്ടി എന്നീ രണ്ട് നാടനാനകള്‍കൂടി ഡോ. ശ്രീധരന്റെ ഉടമസ്ഥതയിലുണ്ട്.

കൂറ്റനാട്ടെ പയ്യടതറവാട് വീടിനുമുന്നില്‍ നിറപറയും നിലവിളക്കുമായി സ്വീകരിച്ചിരുത്തിയ ആനയ്ക്ക് ഡോ. ശ്രീധരന്റെ അമ്മ പാറുക്കുട്ടിഅമ്മയാണ് പേരിട്ടത്. വീട്ടുകാരോട് ആന തികഞ്ഞ ഇണക്കത്തിലുമാണ്. ഡോ. ശ്രീധരനും ഭാര്യ അമ്മുവും ഭക്ഷണവുംകൊണ്ടെത്തിയാല്‍ ചെറിയ കുട്ടികളെ ഊട്ടുംപോലെ നേരിട്ട് വായില്‍ ഭക്ഷണംവെച്ചുകൊടുക്കണമെന്ന പതിവും ആനയ്ക്കുണ്ടെന്ന് ഡോ. ശ്രീധരന്‍ പറഞ്ഞു.

കര്‍ക്കടകമാസത്തിലാണ് രാജശേഖരന്‍ പതിവായി നീരിലാവുന്ന സമയം. ആനയെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്ന തരത്തില്‍ തുടര്‍ച്ചയായി എഴുന്നള്ളിപ്പുകള്‍ക്ക് വിടാറില്ലെന്ന് ഡോ. ശ്രീധരന്‍ പറഞ്ഞു. ഇരുപതുവര്‍ഷംമുമ്പ് ആനകള്‍ക്ക് സഞ്ചരിക്കാന്‍ പ്രത്യേകവാഹനം ആദ്യമായി രംഗത്തെത്തിച്ചത് ഡോ. ശ്രീധരനാണ്. നിലത്തുനിന്ന് ആനകളെ നേരിട്ട് ലോറിയില്‍ കയറ്റാന്‍ പരിശീലിപ്പിച്ചതും ഇദ്ദേഹംതന്നെ. (അടുത്ത ലക്കം: എഴുന്നള്ളിപ്പിന്റെ ചന്തമായി കുട്ടന്‍കുളങ്ങര അര്‍ജുനന്‍)

harigovi2@gmail.com
Tags:   Elephant, Kerala Festivals, Anachantham, Kuttanadu Rajasekharan



MathrubhumiMatrimonial