മലയാളി ഗവേഷകസംഘം ആന്‍ഡമാനില്‍നിന്ന് പുതിയ സസ്യത്തെ കണ്ടെത്തി

Posted on: 11 Apr 2013



കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്നുള്ള ഗവേഷകരുടെ സംഘം ആന്‍ഡമാന്‍ ദ്വീപസമൂഹത്തില്‍നിന്ന് പുതിയ ഇനം സസ്യത്തെ കണ്ടെത്തി. കൊമെലിനേസി വിഭാഗത്തില്‍പ്പെടുന്ന സസ്യത്തിന് കൊമെലിന ആന്‍ഡമാനിക്ക എന്നാണ് പേരിട്ടിരിക്കുന്നത്.

സസ്യവര്‍ഗീകരണ ശാസ്ത്രത്തിലെ അന്താരാഷ്ട്ര ജേണലായ 'ഫൈറ്റോടാസ്‌ക'യുടെ പുതിയ ലക്കത്തില്‍ സസ്യത്തെ സംബന്ധിച്ച വിശദാംശങ്ങളുണ്ട്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ബോട്ടണി പ്രൊഫസര്‍ സന്തോഷ് നമ്പി, ഗവേഷകന്‍ കെ.എം. മനുദേവ്, ബത്തേരി സെന്റ് മേരീസ് കോളേജിലെ ഷേബ എന്നിവര്‍ അടങ്ങിയ സംഘമാണ് സസ്യത്തെ കണ്ടെത്തിയത്.

തെക്കന്‍ ആന്‍ഡമാനിലെ ചിടിയതപ്പു എന്ന പക്ഷിസങ്കേതത്തില്‍ വനഭാഗത്തോടുചേര്‍ന്ന പാറക്കെട്ടുകള്‍ക്ക് സമീപത്തുനിന്നാണ് സസ്യത്തെ കണ്ടെത്തിയത്.

നിരവധി ശാഖകളായി പിരിഞ്ഞ് നിലംപറ്റി പടര്‍ന്നുപിടിക്കുന്ന ചെടിയില്‍ നീലനിറത്തിലുള്ള പൂക്കളാണ് ഉണ്ടാവുന്നത്. അണ്ഡാകൃതിയോടുകൂടിയ ചെറിയ ഇലകള്‍ നിറയെയുള്ള ചെടി ബഹുവര്‍ഷി സ്വഭാവത്തില്‍പ്പെടുന്നതാണ്. വിത്ത് ഉരുണ്ട് മിനുസമുള്ളതാണ്. കടലിനോട് ചേര്‍ന്നുകിടക്കുന്ന സ്ഥലങ്ങളിലാണ് പൊതുവേ പുതിയ സസ്യം വളരുന്നത്.

കൊമെലിന എന്ന ജനുസ്സില്‍ ലോകത്താകമാനമായി ഇതിനകം 170 സ്പീഷീസുകളെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 25-ഓളം ഇനം ഇന്ത്യയില്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ പശ്ചിമഘട്ടത്തിലും ഇതേ സ്പീഷീസില്‍പ്പെടുന്ന ചെടികളുണ്ട്. കേരളത്തില്‍ വാഴപടത്തില്‍ എന്ന നാട്ടുപേരില്‍ അറിയപ്പെടുന്ന ചെടിയും ഇതേ സ്പീഷീസില്‍ ഉള്‍പ്പെടുന്നതാണെന്ന് ഗവേഷകര്‍ പറഞ്ഞു.



MathrubhumiMatrimonial