ചൂട് അസഹ്യം; ശരാശരിയിലും ഒരു ഡിഗ്രി കൂടി

Posted on: 06 Apr 2013

എസ്.എന്‍.ജയപ്രകാശ്‌



ശരാശരി താപനില 35 ഡിഗ്രി കടന്നു


തിരുവനന്തപുരം: കേരളം ഉറക്കമെണീക്കുമ്പോള്‍ ചൂട് 25-26 ഡിഗ്രി. പകല്‍ വെട്ടിത്തിളയ്ക്കുന്ന ഉച്ചയ്ക്ക് രണ്ടരയ്ക്ക് ചൂട് 34-35 ഡിഗ്രി. വേനലില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെപ്പോലെ വെന്തുരുകുകയാണ് നല്ല കാലാവസ്ഥയ്ക്ക് പേരുകേട്ടിരുന്ന കേരളം.

വിവിധ സ്ഥലങ്ങളില്‍ ഏറ്റവും ഉയര്‍ന്ന താപനില ദീര്‍ഘകാല ശരാശരിയില്‍ നിന്ന് ഒരു ഡിഗ്രി ഉയര്‍ന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ദിവസത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നത്. പുലര്‍കാലത്തെ ചൂട് 1.2 ഡിഗ്രി കൂടി. ഉയര്‍ന്ന താപനിലയില്‍ ഏപ്രില്‍ മാസത്തെ ശരാശരി 34.1 ഡിഗ്രിയായിരുന്നു. ഇപ്പോളത് 35.1 ഡിഗ്രിയാണ്. മഴക്കുറവിന് പുറമെ മനുഷ്യന്‍ കാരണമുള്ള പരിസ്ഥിതിനാശവും ഹരിതഗൃഹ വാതക പ്രഭാവവുമൊക്കെയാണ് ഇങ്ങനെ ക്രമാതീതമായി ചൂടുകൂടുന്നതിന്കാരണം. പുലര്‍ച്ചെ സൂര്യരശ്മി പതിച്ചുതുടങ്ങുമ്പോള്‍ത്തന്നെ 25-26 ഡിഗ്രി ചൂടുള്ളതിനാല്‍ ദിവസം മുഴുവന്‍ അസഹ്യമായ കാലാവസ്ഥയിലാണ് ഇപ്പോള്‍ കേരളം.

വെള്ളിയാഴ്ച പാലക്കാട്ടും പുനലൂരുമായിരുന്നു ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. രണ്ടിടത്തും 37 ഡിഗ്രി. കോഴിക്കോട്ടും തിരുവനന്തപുരത്തും 35 ഡിഗ്രി. കൊച്ചിയില്‍ 34. ചൂടില്‍ ഏറ്റവും പിന്നിലുള്ള ആലപ്പുഴയില്‍പ്പോലും 33 ഡിഗ്രി ചൂടുണ്ടായിരുന്നു. പുലര്‍കാല ചൂടില്‍ മുന്നില്‍ കോഴിക്കോടും ആലപ്പുഴയുമായിരുന്നു. 27ഡിഗ്രി. കൊച്ചിയിലും തിരുവനന്തപുരത്തും പുനലൂരിലും 26 ഡിഗ്രി. ഏറ്റവും പിന്നിലുള്ള കോട്ടയത്ത് 25 ഡിഗ്രി.

പകല്‍ മണ്ണില്‍ പതിക്കുന്ന ചൂട് മുഴുവന്‍ രാത്രിയില്‍ പുറത്തേക്ക് പോയാലേ താപനിലയില്‍ സന്തുലിതാവസ്ഥ ഉണ്ടാവൂ. എന്നാല്‍ ഇതിനിപ്പോള്‍ തടസ്സമുണ്ട്. വാഹനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ മോണോകൈ്‌സഡ് പോലുള്ള ഹരിതഗൃഹ വാതകങ്ങളുട പെരുപ്പം, കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ വര്‍ദ്ധന, വനനശീകരണം എന്നിവയൊക്കെ ഇതിന് കാരണങ്ങളാണ്. ഇടവപ്പാതിയിലും തുലാവര്‍ഷത്തിലും മഴ കുറഞ്ഞതിനാല്‍ മണ്ണില്‍ ഈര്‍പ്പവുമില്ല.

മാര്‍ച്ചിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നതെന്ന് വളരെ നാളത്തെ കണക്കുകള്‍ കാണിക്കുന്നു. മാര്‍ച്ചില്‍ 34.2 ഡിഗ്രിയാണ് ശരാശരി താപനില. ഏപ്രിലില്‍ 34.1 ഡിഗ്രി. മെയില്‍ താപനില കുറഞ്ഞ് 32 ഡിഗ്രിയിലെത്തും. ഈ ശരാശരിയില്‍ നിന്നാണ് ഇപ്പോള്‍ ഒരു ഡിഗ്രിയുടെ വര്‍ദ്ധനയുള്ളത്.

കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ സാധാരണയിലും കൂടുതല്‍ വേനല്‍മഴ ലഭിച്ചെങ്കിലും അതിന്റെ ഫലമുണ്ടായില്ലെന്നാണ് ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ.സന്തോഷ് പറഞ്ഞു. ഏപ്രില്‍ പകുതി കഴിയുമ്പോള്‍ കൂടുതല്‍ വേനല്‍മഴ ലഭിക്കുന്നതിനുള്ള അനുകൂല സാഹചര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.




MathrubhumiMatrimonial