goodnews head

കുമാരന്റെയും കാര്‍ത്ത്യായനിയുടെയും വേദന നാടറിഞ്ഞു; നെല്ല് പത്തായത്തിലെത്തി

Posted on: 03 Apr 2013



കാസര്‍ഗോഡ്:മൂന്ന് മാസം മുമ്പ് പാടത്ത് വിത്തെറിയുമ്പോള്‍ കുമാരന്‍ അറിഞ്ഞിരുന്നില്ല. കതിര്‍ വിളയുമ്പോള്‍ തനിക്ക് പക്ഷാഘാതം പിടിപെടുമെന്നത്. രണ്ട് വൃക്കകളും തകരാറിലായ ഭാര്യ കാര്‍ത്ത്യായനിയെ കഷ്ടപ്പെടുത്താതെ പത്തായം നിറയ്ക്കണമെന്ന നിറമുള്ള സ്വപ്നമായിരുന്നു അന്ന് കുമാരന്റെ മനസ്സുനിറയെ. തന്റെ 60 സെന്റ് പാടത്ത് നെല്‍ക്കതിരുകള്‍ സമൃദ്ധമായപ്പോള്‍ നിറകണ്ണുകളോടെ കിടപ്പിലായി കുമാരന്‍.

കുമാരന്റെയും കുടുംബത്തിന്റെയും സങ്കടം നാടറിഞ്ഞു. യുവജനമഹിളാ ടീമുകള്‍ കൈകോര്‍ത്തു. അവര്‍ പാടത്തിറങ്ങി. മുഴുവന്‍ നെല്ലും കൊയ്ത് അവര്‍ കുമാരന്റെ വീട്ടിലെത്തിച്ചു. മടിക്കൈ കീക്കാംകോട്ട് കയ്യാലവളപ്പിലാണ് ബീഡിത്തൊഴിലാളിയായ കുമാരന്‍ താമസിക്കുന്നത്. കഴിഞ്ഞ മാസമാണ് പക്ഷാഘാതം പിടിപെട്ടത്. ഭാര്യ കാര്‍ത്ത്യായനിക്ക് രണ്ട് വര്‍ഷത്തോളമായി വൃക്കരോഗം പിടിപെട്ടിട്ട്. 22 വയസ്സുകാരന്‍ ധനേഷ് മാത്രമാണ് ഈ കുടുംബത്തിന്റെ അത്താണി. കീക്കാംകോട്ടെ കണിച്ചിറയിലാണ് കുമാരന്റെ നെല്‍പ്പാടം. നെല്ല് മൂപ്പെത്തിയിട്ടും കൊയ്യാനാകാതെ വിഷമിക്കുമ്പോഴാണ് നാട്ടിലെ ചെറുപ്പക്കാരും വീട്ടമ്മമാരും യുവതികളും നെല്ല് കൊയ്യാന്‍ പാടത്തിറങ്ങിയത്. കൊയ്‌തെടുത്ത നെല്ല് മെതിച്ചു നല്‍കാനും ഇവര്‍ തയ്യാറായി. 52 പറ നെല്ല് കിട്ടി.

ഡി.വൈ.എഫ്.ഐ. കീക്കാംകോട് യൂണിറ്റ് സെക്രട്ടറി പി.ബാബുരാജിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരും പ്രസന്ന, ദേവി, മിനി എന്നിവരുടെ നേതൃത്വത്തില്‍ കുടുംബശ്രീക്കാരും സൗഹൃദ കൂട്ടായ്മയില്‍ അണിനിരന്നു.

ഒത്തൊരുമയുടെയും മനുഷ്യസ്‌നേഹത്തിന്റെയും കൈത്താങ്ങ് ഇതുകൊണ്ട് അവസാനിക്കുന്നില്ല. 30,000 രൂപയുടെ സഹായം ഇവര്‍ കുമാരന്റെ കുടുംബത്തെ ഏല്പിച്ചുകഴിഞ്ഞു. വൃക്കരോഗിയായി കാര്‍ത്ത്യായനിയുടെ ഡയാലിസിസിന് വേണം ഇനിയും കുറെ പണം. അത് സ്വരൂപിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.

 

 




MathrubhumiMatrimonial