AnnaChandam Head

ഉത്സവകേരളത്തിലെ ചക്രവര്‍ത്തിയായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

Posted on: 19 Mar 2009

- വി. ഹരിഗോവിന്ദന്‍



എട്ടടി ഉയരവുമായി ബിഹാറില്‍നിന്ന് വാളയാര്‍ചുരം കടന്നുവന്ന മോട്ടിപ്രസാദ് ഇന്ന് ഉത്സവകേരളത്തിലെ കിരീടംവെക്കാത്ത ഗജചക്രവര്‍ത്തിയാണ്. സ്വന്തം പേരുകൊണ്ട് ദേശത്തിന്റെ പ്രശസ്തി കേരളം മുഴുവന്‍ പടര്‍ത്തിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഈ ഗജോത്തമന്‍.

ഉത്സവപ്പറമ്പുകളില്‍ ചൂടപ്പംപോലെ വിറ്റഴിയുന്ന കലന്‍ഡറുകളിലൊന്ന് രാമചന്ദ്രന്റെ പടമുള്ളതാണ്.

കേരളത്തിലിന്ന് ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവുമധികം ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. 317 സെന്റീമീറ്ററാണ് ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം. ഉടല്‍നീളം 340 സെന്റീമീറ്ററോളമാണ്. വിരിഞ്ഞ മസ്തകം, കൊഴുത്തുരുണ്ട നീണ്ട ഉടല്‍, ഉറച്ച കാലുകള്‍, ആനച്ചന്തം എന്തെന്ന് ചൂണ്ടിക്കാണിക്കാവുന്ന മട്ടിലുള്ള നടത്തം ഇതൊക്കെ രാമചന്ദ്രനെ വ്യത്യസ്തനാക്കുന്നു. ലക്ഷണമൊത്ത 18 നഖവും നിലംമുട്ടുന്ന തുമ്പിക്കൈയും തലയെടുപ്പുമൊക്കെ കണ്ടാല്‍ രാമചന്ദ്രന്‍ നാടന്‍ ആനയാണെന്നേ ഒറ്റനോട്ടത്തില്‍ പറയൂ. എഴുന്നള്ളത്തിന് കോലം കയറ്റിക്കഴിഞ്ഞാല്‍ തിടമ്പിറക്കുംവരെയും തല എടുത്തുപിടിച്ചുനില്‍ക്കുമെന്നതാണ് രാമചന്ദ്രന്റെ പ്രത്യേകത.

ബിഹാറിലെ ആനച്ചന്തയില്‍നിന്ന് കേരളത്തിലും പിന്നീട് തൃശ്ശൂരെ വെങ്കിടാദ്രിസ്വാമിയുടെ കൈവശവുമെത്തിയ രാമചന്ദ്രന് സ്വാമി നല്‍കിയ പേര് ഗണേശന്‍ എന്നായിരുന്നു. 1984 ലാണ് പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങി ഭഗവതിയുടെ നടയ്ക്കിരുത്തി രാമചന്ദ്രന്‍ എന്ന പേര് നല്‍കുന്നത്. ആന വന്നതിനുശേഷം ദേവസ്വത്തിന് ഐശ്വര്യം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.എസ്. നാരായണന്‍ പറഞ്ഞു.

പൊതുവില്‍ ശാന്തനാണെങ്കിലും ഒരുകാലത്ത് കൂട്ടാനക്കുത്തിന്റെ പേരില്‍ ഒരല്പം പഴി കേള്‍ക്കേണ്ടിവന്ന കഷ്ടകാലവും രാമചന്ദ്രനുണ്ടായിരുന്നു. വലതുകണ്ണിന്റെ കാഴ്ചയ്ക്ക് ഒരല്പം മങ്ങലുള്ളതിനാല്‍ രാമചന്ദ്രന് പേടിയൊരല്പം കൂടുതലുമാണ്. ഇതുമൂലം ഒന്നാംപാപ്പാന്‍ എരിമയൂര്‍ സ്വദേശി മണിയും രണ്ടാംപാപ്പാന്‍ സന്തോഷ്‌കുമാറും ഇരുകൊമ്പിലും പിടിച്ചേ രാമചന്ദ്രനെ എഴുന്നള്ളത്തിന് കൊണ്ടുവരൂ.

കേരളത്തിലെ ആനകളില്‍ കരുത്തനായ രാമചന്ദ്രന്‍ ചെറായി, ഇത്തിത്താനം തലപ്പൊക്ക മത്സരങ്ങളില്‍ മറുവാക്കില്ലാത്ത വിജയിയായിരുന്നു. 43 നടുത്ത് മാത്രം പ്രായമുള്ള രാമചന്ദ്രന് ഗജരാജകേസരി, ഗജസാമ്രാട്ട്, ഗജചക്രവര്‍ത്തി തുടങ്ങി ഒട്ടേറെ ബഹുമതികളും കിട്ടിയിട്ടുണ്ട്.



harigovi2@gmail.com
Tags:    Elephant, Kerala Festivals, Anachantham, Thechikottukavu Ramachandran



MathrubhumiMatrimonial