
യൗവനകാന്തിയില്‍ പാമ്പാടി രാജന്‍
Posted on: 17 Mar 2009
- വി. ഹരിഗോവിന്ദന്‍

രണ്ടുവര്‍ഷം മുമ്പത്തെ 'എരണ്ടകെട്ടി' ല്‍നിന്നുള്ള പുനര്‍ജനിയാണ് രാജന്. മുപ്പത്തിമൂന്നുനാളാണ് എരണ്ടകെട്ടില്‍ രാജന്‍ പുളഞ്ഞത്.
ഉടമ പാമ്പാടി മൂടന്‍കല്ലിങ്കല്‍ ബേബി എന്ന എം.എ. തോമസ്സും കുടുംബവും ലഭ്യമാക്കാവുന്ന വിദഗ്ധ ചികിത്സകള്‍ മുഴുവനും ലഭ്യമാക്കി. എം.എ. തോമസ്സിന്റെ മകന്‍ റോബിറ്റിന്റെ നേതൃത്വത്തിലാണ് രാജന്റെ സംരക്ഷണം. കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒടുവിലായിരുന്നു മദപ്പാട്. രാജന്‍ കുടുംബാംഗംപോലെതന്നെയാണെന്ന് റോബിറ്റ് പറയുന്നു.
കോടനാട്ടെ ആനക്കൂട്ടില്‍നിന്ന് 1977 ലെ ലേലത്തിലാണ് എം.എ. തോമസ് നാടന്‍ ആനക്കുട്ടിയെ സ്വന്തമാക്കുന്നത്. കുറച്ചുകാലം കര്‍ണാടകത്തിലെ തടിക്കൂപ്പുകളിലുള്ള അധ്വാനം രാജനെന്ന ആനക്കുട്ടിയെ ഒരു ഒത്ത ആനയാക്കിമാറ്റി. ഉറച്ച ശരീരവും പ്രൗഢഗംഭീരമായ നടത്തവുമാണ് രാജനെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുക.
2001 ലെ തൃശ്ശൂര്‍ പൂരം മഠത്തില്‍വരവിന് തിരുവമ്പാടി വിഭാഗത്തില്‍ എഴുന്നള്ളിച്ച രാജന്‍ പിറ്റേക്കൊല്ലം പാറമേക്കാവ് എഴുന്നള്ളത്തിലെത്തി. അതേവര്‍ഷം രാത്രി യെഴുന്നള്ളത്തിന് ഒരു നിയോഗംപോലെ ഭഗവതിയുടെ തിടമ്പേന്താനായതോടെ രാജന്റെ പെരുമ വര്‍ധിച്ചു. ഇന്നിപ്പോള്‍ നെന്മാറ-വല്ലങ്ങി വേല, പരിയാനമ്പറ്റ പൂരം എന്നിവയുള്‍പ്പെടെ ജില്ലയിലെ പ്രധാന വേലപൂരങ്ങളുടെയെല്ലാം പൊലിമയുടെ ഭാഗമാണ് പാമ്പാടി രാജന്‍. 2006, 2007 വര്‍ഷങ്ങളില്‍ ഇത്തിത്താനം ഗജമേളയില്‍ ഗജരാജരത്‌നനമായി തിരഞ്ഞെടുക്കപ്പെട്ടത് പാമ്പാടി രാജനാണ്. പട്ടത്താനം ഗജമേളയില്‍ ഗജേന്ദ്രന്‍, ഗജമാണിക്യം, എരമല്ലൂരുനിന്ന് ഗജരാജ പ്രജാപതി തുടങ്ങി ഒട്ടേറെ ബഹുമതികള്‍ ഇതിനകം നേടിക്കഴിഞ്ഞു. (അടുത്ത ലക്കം: ആനത്തറവാടിന്റെ ശ്രീയായി മംഗലാംകുന്ന് ഗണപതി)
harigovi2@gmail.com
Tags: Elephant, Kerala Festivals, Anachantham, Pampady Rajan
