കടലുണ്ടിപ്പുഴയെ പരീക്ഷണശാലയാക്കി രമേശന്റെ കല്ലുമ്മക്കായ് കൃഷി

Posted on: 26 Feb 2013


കല്ലുമ്മക്കായ് കൃഷിയില്‍ വേറിട്ട രീതിയില്‍ പരീക്ഷിച്ച് മാതൃകയാവുകയാണ് കടലുണ്ടി പഞ്ചായത്തിലെ മണ്ണൂര്‍ കിഴ്‌ക്കോട് മേലെ പൊയ്യാളില്‍ സി.കെ. രമേശന്‍. സൈക്കിള്‍ ടയറുകള്‍, ചൂടിക്കയര്‍, നൈലോണ്‍ വല, പ്ലാസ്റ്റിക് കവറുകള്‍ തുടങ്ങി വിവിധ രീതികളില്‍ കല്ലുമ്മക്കായ് കൃഷി നടത്തി വിജയം കൊയ്‌തെടുക്കാമെന്ന് തെളിയിക്കുകയാണ് ഈ കര്‍ഷകന്‍.

കൃഷിരീതിയിലെ വ്യത്യസ്തങ്ങളായ പരീക്ഷണങ്ങള്‍ക്ക് അംഗീകാരമായി 'മത്സ്യകേരളം' പദ്ധതിപ്രകാരം ഇദ്ദേഹത്തെ 2010-11 വര്‍ഷത്തില്‍ ജില്ലയിലെ മികച്ച കല്ലുമ്മക്കായ് കര്‍ഷകനായി തിരഞ്ഞെടുത്തിരുന്നു.

കായലോര മത്സ്യത്തൊഴിലാളിയായ രമേശന്‍ ഒമ്പതുവര്‍ഷം മുമ്പാണ് കല്ലുമ്മക്കായ് കൃഷിയില്‍ ഏര്‍പ്പെട്ടു തുടങ്ങിയത്. അധ്വാനിക്കാനും പുതിയ ആശയങ്ങള്‍ സ്വീകരിക്കാനും മനസ്സുണ്ടായാല്‍ കല്ലുമ്മക്കായ് കൃഷി ചതിക്കില്ലെന്ന് രമേശന്‍ പറയുന്നു. തുടര്‍ച്ചയായി ഒരു സ്ഥലത്ത് ഒരേ രീതിയില്‍ കൃഷിചെയ്താല്‍ വിളവുകുറയും. അതിനാല്‍ വ്യത്യസ്തങ്ങളായ കൃഷിരീതികള്‍ സ്വീകരിക്കുന്നത് മികച്ച വിളവിന് സഹായമാകുമെന്ന് രമേശന്‍ സ്വന്തം അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തി പറയുന്നു.

ഫിഷറീസ്, മത്സ്യകര്‍ഷക വികസന ഏജന്‍സി എന്നിവയുടെ സഹായത്തോടെയാണ് കൃഷി പരീക്ഷണങ്ങള്‍. ഈ വര്‍ഷം അധികൃതരില്‍ നിന്ന് സഹായം ലഭിക്കാത്തതിനാല്‍ പുഴയുടെ അടിത്തട്ടില്‍ സ്വാഭാവിക രീതിയില്‍ വിത്തു നിക്ഷേപിച്ചുള്ള കൃഷിയാണ് അവലംബിച്ചിട്ടുള്ളതെന്ന് രമേശന്‍ പറഞ്ഞു. ചൂടിക്കയറിലും സൈക്കിള്‍ ടയറിലും കൃഷി ചെയ്യുമ്പോഴാണ് മികച്ച വിളവ് ലഭിക്കാറ്.

അതുപോലെ പഴയ പ്ലാസ്റ്റിക് കവറുകള്‍ പുഴയുടെ അടിത്തട്ടില്‍ ഉറപ്പിച്ച് അതിനുമുകളില്‍ വിത്ത് നിക്ഷേപിച്ചാലും മികച്ച വിളവ് ലഭിക്കുന്നുണ്ട്.

എന്നാല്‍ ഈ രീതി പുഴമലിനമാക്കുമോയെന്ന ആശങ്കയുള്ളതിനാല്‍ വ്യാപകമായ തോതില്‍ പരീക്ഷിച്ചിട്ടില്ല. കൃഷിക്ക്‌ശേഷം ഉപയോഗിച്ച പ്ലാസ്റ്റിക് കവറുകള്‍ മുഴുവനും പുഴയില്‍ നിന്ന് നീക്കം ചെയ്താല്‍ മലിനീകരണപ്രശ്‌നം ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.

നേരത്തേ ഒരു ബോക്‌സ് വിത്തിറക്കിയാല്‍ നാല് ബോക്‌സ് വരെ വിളവ് ലഭിക്കാറുണ്ടായിരുന്നു. ഇപ്പേള്‍ ഇത് പകുതിയായി കുറഞ്ഞിരിക്കുകയാണ്. ഡിസംബര്‍ മുതല്‍ മെയ് മാസം വരെയാണ് പുഴയിലെ കല്ലുമ്മക്കായ കൃഷി സീസണ്‍. വിത്തിന്റെ വില ഓരോ വര്‍ഷവും കുത്തനെ ഉയരുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയാവുകയാണ്. വിത്ത് വില ബോക്‌സിന് 1300 രൂപവരെയായി ഉയര്‍ന്നു. കല്ലുമ്മക്കായ് കൃഷിക്ക് പുറമെ മത്സ്യബന്ധനം, മറ്റ് നാട്ടുപണികള്‍ എന്നിവയിലൂടെയും ഈ മാതൃകാകര്‍ഷകന്‍ഉപജീവനമാര്‍ഗം കണ്ടെത്തുന്നു. ഭാര്യ ഷീനയും മക്കളായ ജാന്‍സി, അശ്വനി, ശ്രീഷ്മ എന്നിവരാണ് രമേശന് കൃഷിയിലെ പരീക്ഷണങ്ങള്‍ക്കും പരിചരണത്തിനും കൂട്ടായി ഒപ്പമുള്ളത്.



MathrubhumiMatrimonial