എണ്ണായിരം വര്‍ഷം മുമ്പ് മുരിയാട് വരെ കടല്‍ കയറിക്കിടന്നെന്ന് പഠനം

Posted on: 22 Feb 2013

എന്‍. സുസ്മിത



പ്രകാശതരംഗ പഠനം ഇതാദ്യം


തൃശ്ശൂര്‍: മുരിയാട് കോള്‍പ്പാടം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കടല്‍ കയറിക്കിടന്ന പ്രദേശമായിരുന്നെന്ന് ശാസ്ത്രീയപഠനം വ്യക്തമാക്കി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഭൗമ, പരിസ്ഥിതി ശാസ്ത്രവിഭാഗം നടത്തിയ പഠനത്തിലാണ് 7000-8000 വര്‍ഷം മുമ്പുള്ള ഹോളോസീന്‍ കാലഘട്ടത്തില്‍ മുരിയാട് കോള്‍ വരെ കടല്‍ കയറി കിടന്നിരുന്നു എന്ന് കണ്ടെത്തിയത്.

ജര്‍മ്മനിയിലെ ലീബെന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അപ്ലൈഡ് ജിയോ ഫിസിക്‌സിന്റെ സഹായത്തോടെ കോള്‍പ്പാടത്തെ മണ്ണില്‍ നടത്തിയ പ്രകാശതരംഗ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇപ്പോള്‍ കോള്‍പ്പാടത്തു നിന്ന് 15 കിലോമീറ്ററോളം അകലെയാണ് കടല്‍. പിന്നീട് കടല്‍ പിന്‍വാങ്ങിയപ്പോഴായിരിക്കണം കോള്‍പ്പാടത്തെ സവിശേഷമായ ഭൂപ്രകൃതി രൂപപ്പെട്ടതെന്ന് പഠനം സൂചിപ്പിക്കുന്നു. 5500-6000 വര്‍ഷം മുമ്പ് ഇവിടം കണ്ടല്‍ക്കാടുകളായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.

കോള്‍പ്പാടത്തിന്റെ ഭൂവിജ്ഞാനീയത്തെപ്പറ്റി ഇതാദ്യമായാണ് ഇത്രയും വിശദമായ പഠനം നടക്കുന്നത്. രാപ്പാള്‍ ഭാഗത്ത് വന്‍മരങ്ങളുടെ അവശിഷ്ടങ്ങള്‍ മണ്ണടരുകള്‍ക്കിടയില്‍ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. കളിമണ്ണിലും മറ്റും കാണുന്ന വേരോടെയുള്ള മരക്കുറ്റികളും കണ്ടല്‍ക്കാടുകളുടെ പരാഗരേണുക്കളും കോള്‍നിലത്തില്‍ ഉണ്ടെന്ന് തെളിഞ്ഞത് പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹായത്തോടെ നടത്തിയ കാര്‍ബണ്‍ ഡേറ്റിങ് പഠനത്തിലാണ്. പശ്ചിമഘട്ടത്തില്‍നിന്ന് ശക്തമായ മഴയില്‍ ഒലിച്ചുവന്നവയാവണം മരക്കുറ്റികളെന്ന് അനുമാനിക്കുന്നു. വിസ്താരമേറിയ നദിയും അഴിമുഖവുമായിരുന്നു അന്ന് ഇവിടെ ഉണ്ടായിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. മലമ്പ്രദേശത്ത് പുഴയോരത്ത് വളരുന്ന മരങ്ങളുടേതാണ് കിട്ടിയിട്ടുള്ള അവശിഷ്ടങ്ങളില്‍ ഏറെയും. അതിശക്തമായ മഴയില്‍ പുഴയിലൂടെ ഒലിച്ചു വന്നവയായിരിക്കണം ഇവ. മുരിയാട് കായലിനും ഇപ്പോഴത്തെ കടല്‍ത്തീരത്തിനുമിടയില്‍ പലയിടത്തും കടലുണ്ടാക്കുന്ന തരം മണല്‍ത്തിട്ടകളുള്ളതായും കണ്ടെത്തിയിട്ടുണ്ട്.

മുമ്പ് ചാലക്കുടി പുഴയും കരുവന്നൂര്‍ പുഴയും ഇരിങ്ങാലക്കുടയില്‍ വെച്ച് സംഗമിച്ചിരുന്നു എന്ന വിശ്വാസത്തെ പിന്താങ്ങുന്നതാണ് ഈ കണ്ടെത്തലെന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഭൗമ, പരിസ്ഥിതി ശാസ്ത്രവിഭാഗത്തിലെ അധ്യാപകനും ഗവേഷണസംഘത്തിന്റെ തലവനുമായിരുന്ന ഡോ. എസ്. ശ്രീകുമാര്‍ പറയുന്നു. പിന്നീടെപ്പോഴോ ചാലക്കുടിപ്പുഴ വഴിമാറി ഒഴുകിയതാവണം. കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായി സംഘം പഠനങ്ങള്‍ തുടരുകയാണ്. ക്രൈസ്റ്റ് കോളേജിലെ ഗവേഷണ വിദ്യാര്‍ഥിയായ പി.ജി. ഗോപകുമാര്‍, ഡോ. ലിന്‍േറാ ആലപ്പാട്ട്, എം. ഫ്രെച്ചെന്‍ എന്നിവരാണ് പഠനസംഘത്തിലുണ്ടായിരുന്നത്.

കോള്‍പ്പാടത്തെ സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകള്‍ അടങ്ങിയ പ്രബന്ധം 2012 നവംബറില്‍ ജപ്പാനില്‍ നടന്ന ഏഷ്യാ പസഫിക് ഡേറ്റിങ് കോണ്‍ഫറന്‍സില്‍ ഇവര്‍ അവതരിപ്പിക്കുകയും ചെയ്തു. തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ഉടമ്പടിയായ രാംസാര്‍ കണ്‍വെന്‍ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കോള്‍പ്പാടങ്ങളുടെ ഒരു പ്രധാന ഭാഗമാണ് കരുവന്നൂര്‍ പുഴയുടെ തെക്കുഭാഗത്തുള്ള മുരിയാട് കോള്‍പ്പാടം. കോള്‍പ്പാടങ്ങളുടെ സവിശേഷ പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതാണെന്ന വാദത്തിന് ആക്കം കൂട്ടുകയാണ് പുതിയ കണ്ടെത്തല്‍. ആഗോളതാപനവും അതിന്റെ ഫലമായി സമുദ്രനിരപ്പ് ഉയരുന്നതും ഭീഷണിയാവുന്ന കാലത്ത് ഈ പുതിയ അറിവുകള്‍ ശാസ്ത്രജ്ഞര്‍ക്ക് വഴികാട്ടിയാവുമെന്നാണ് പ്രതീക്ഷ.



MathrubhumiMatrimonial