
മൂന്നര ഏക്കറില്‍ 'ഒറ്റമരക്കാട്'
Posted on: 21 Feb 2013
സി.കെ. റിംജു

സെക്കന്തരാബാദ്: ഒരുമരംകൊണ്ടൊരു കാട്... ഹോളിവുഡ് സിനിമകളിലോ മുത്തശ്ശിക്കഥകളിലോ മാത്രം പരിചിതമായ അത്തരമൊരു വിസ്മയം തലയുയര്‍ത്തി നില്ക്കുന്നുണ്ട് ആന്ധ്രാപ്രദേശിലെ മെഹബൂബ്‌നഗര്‍ ജില്ലയില്‍. മൂന്നര ഏക്കര്‍ സ്ഥലത്ത് അത്ഭുതമായി പടര്‍ന്നുപന്തലിച്ച് നില്ക്കുകയാണ് 'പിള്ളലാല്‍മരി' എന്ന ആല്‍മരം. മരം ഒരുവരമാണെന്നും ദൈവമാണെന്നും ആത്മാര്‍ഥമായി വിശ്വസിക്കുന്ന കൊത്തപ്പള്ളിയിലെ ഗ്രാമവാസികള്‍ നൂറുകണക്കിന് വര്‍ഷമായി ഈ ആലിനെ സംരക്ഷിച്ചുവരുന്നു.
എഴുന്നൂറിലേറെവര്‍ഷം പഴക്കമുണ്ട് ഈ ആലിനെന്നാണ് കണക്കാക്കുന്നത്. എങ്ങനെ മുളച്ചെന്നോ ആര് നട്ടെന്നോ ഒരറിവുമില്ല. കൊത്തപ്പള്ളിയിലെ പല തലമുറകള്‍ ജനിക്കുമ്പോഴേ ഈ ആല്‍ കണ്ടിട്ടുണ്ട്. കാലങ്ങളായി അവരുടെ ഓര്‍മയില്‍ ഇത് പടര്‍ന്നുപന്തലിച്ചുനില്പുണ്ട്.
ഒറ്റനോട്ടത്തില്‍ ചെറുകാടാണെന്നേ തോന്നൂ. ആ 'കാട്ടി'നുള്ളില്‍ ചെന്നാലാണ് അതൊരു ഒറ്റമരമാണെന്ന് തിരിച്ചറിയുക. തായ്ത്തടിയില്‍നിന്ന് വളര്‍ന്നുപോയ ശിഖരങ്ങള്‍ മണ്ണില്‍മുട്ടി വേറൊരുമരമായി പന്തലിച്ചിരിക്കുന്നു. ആലിന്‍കൊമ്പില്‍ നിന്ന് തൂങ്ങിയിറങ്ങിയ വേരുകളും മണ്ണിലമര്‍ന്ന് മരങ്ങളായി വളര്‍ന്നിട്ടുണ്ട്.
ആയിരത്തിലേറെ പേര്‍ക്ക് ഈ ആലിനുകീഴെ സുഖമായിരിക്കാമെന്ന് സംരക്ഷകനായ കാജാ ഖാന്‍ പറഞ്ഞു. ഇന്ന് കാണുന്നതിലും വലുതായിരുന്നു ഈ ആല്‍. 2010-ല്‍ ഫംഗസ് ബാധിച്ച് പകുതിയോളം നശിച്ചുപോയി. അതിനുശേഷമുള്ള പകുതിയാണ് ഇന്നീ മൂന്നരയേക്കറില്‍ പടര്‍ന്നിരിക്കുന്നത്.
സെ്‌പെക്കസ് ബംഗാളന്‍സിസ് എന്ന വിഭാഗത്തില്‍പ്പെടുന്ന പേരാലാണിതെന്ന് പയ്യന്നൂര്‍ കോളേജിലെ ബോട്ടണി വിഭാഗം അസി. പ്രൊഫസര്‍ ഡോ. രതീഷ് നാരായണന്‍ പറഞ്ഞു.
ഒഴിവുദിനങ്ങളിലും മറ്റുമായി ഒട്ടേറെപ്പേര്‍ ഈ ആലിന്‍ചുവട്ടില്‍ വിശ്രമിക്കാനെത്താറുണ്ട്. ഈ ഒറ്റമരക്കാട്ടിനുള്ളില്‍ പാര്‍ക്കും തടാകവും അക്വേറിയവും ഉണ്ട്. 'പിള്ളലാല്‍മരി'യുടെ കൗതുകവും വിനോദസഞ്ചാരസാധ്യതയും മനസ്സിലാക്കി ആന്ധ്രാപ്രദേശ് വിനോദസഞ്ചാര വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കുകയാണിപ്പോള്‍ ഈ ആലിനെ. കാണാന്‍ പ്രവേശനഫീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
