മണിമലയാറിന് മരണമണി

Posted on: 05 Feb 2013

ഷിജു എസ്.നായര്‍



ഉറവിടം മുറിഞ്ഞ്, ഉറവകള്‍ വറ്റി പെരുവന്താനം മലനിരകളുടെ മകള്‍ അകാലമൃത്യുവിലേക്ക്. രക്തധമനികള്‍ വറ്റിവരണ്ടുണങ്ങി മണിമലയാര്‍. ചെളിപ്പുറ്റുകളുടെ തണലില്‍ കുഴികള്‍ മാന്തി ആറ്റിലെ ശേഷിക്കുന്ന ജലവും ഊറ്റിയെടുക്കുന്ന മനുഷ്യര്‍.

പെരുവന്താനം, ഉറുമ്പിക്കര മലനിരകളില്‍നിന്ന് ഒഴുകിയെത്തുന്ന ഏഴ് കാട്ടരുവികള്‍ ചേര്‍ന്ന് പുല്ലകയാറായി കിഴക്കന്‍ മലനിരകളെ തഴുകി, തെളിനീരായി മുണ്ടക്കയം നഗരത്തിലെത്തിയ കാലം നഗരവാസികള്‍ക്ക് എന്നോ നഷ്ടമായ ഓര്‍മ്മ. തെളിനീരുനിറഞ്ഞ കാട്ടരുവികളിലെ വെള്ളം ഒഴുകിയെത്തിയിരുന്ന പുല്ലകയാര്‍ കിഴക്കിന്റെ കവാടത്തിലെ വിസ്മയക്കാഴ്ചകളിലൊന്നായിരുന്നുവെന്ന് മുണ്ടക്കയത്തെ പ്രായംചെന്നവരില്‍ ചിലരെങ്കിലും ഓര്‍ത്തെടുക്കുന്നു.

കിഴക്കന്‍ മലനിരകളില്‍ പ്രകൃതിയൊരുക്കിയ വെള്ളച്ചാട്ടങ്ങളും ഇന്ന് പഴയ ഓര്‍മ്മ. പാപ്പാനി, വെള്ളാപ്പാറ, നിന്നുമുള്ളിപ്പാറ വെള്ളച്ചാട്ടങ്ങളുടെ പേരുകള്‍ ഇപ്പോഴും പലരുടെയും ഓര്‍മ്മയില്‍നിന്ന് മാഞ്ഞിട്ടില്ലെന്നത് ആശ്വാസം.

തട്ടമലയില്‍നിന്ന് പമ്പാനദി വരെ

കിഴക്കന്‍ മലനിരകളിലെ തട്ടമലയില്‍നിന്ന് കുഞ്ഞരുവികളായി ഒഴുകിത്തുടങ്ങുന്ന ഈ പുഴ മുണ്ടക്കയത്തെത്തുന്നതോടെ പുല്ലകയാറും മുണ്ടക്കയത്തെ വലിയതോടായ നെടുംതോടുമായി യോജിച്ച് മണിമലയാറായി കൂലംകുത്തിയൊഴികിയിരുന്ന കാഴ്ച എത്ര അഴകുള്ളതായിരുന്നുവെന്ന് പുഴയെ സ്‌നേഹിക്കുന്നവര്‍ പറയുന്നു. ഇന്ന് വേനലിന്റെ കാഠിന്യമേറുന്നതിനും മുമ്പുതന്നെ മണിമലയാറിന്റെ ആരംഭസ്ഥാനം മരുഭൂമിക്ക് സമാനമായി.

പുഴയുടെ ഈ ദുരവസ്ഥയെക്കുറിച്ച് അന്വേഷിക്കുന്നവര്‍, ആരാണ് ഇതിന് ഉത്തരവാദികളെന്ന ചോദ്യമുന്നയിച്ചാല്‍ ഉത്തരം ഒന്നുമാത്രമായിരിക്കും. നാം തന്നെയെന്ന്. പക്ഷേ, ഈ സത്യം അംഗീകരിക്കാന്‍ ആരും തയ്യാറാകുന്നില്ല. തട്ടമലയില്‍നിന്ന് ഒഴുകിത്തുടങ്ങുന്ന മണിമലയാര്‍ 90 കിലോമീറ്റര്‍ ദൂരത്തില്‍ കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ ഒഴുകി വരട്ടാറിലെത്തി, പിന്നീട് പമ്പയിലെത്തിയ ശേഷം വേമ്പനാട്ടുകായലില്‍ പതിക്കുകയാണ്.

മാലിന്യങ്ങള്‍ ആറ്റിലേക്ക്

ജീവിക്കാന്‍ വായുവെന്നപോലെ ആവശ്യമായ ജലത്തിനുവേണ്ടി മനുഷ്യര്‍ തമ്മിലടിക്കാന്‍ ഇനിയും അധികകാലം കാത്തിരിക്കേണ്ടിവരില്ല. മലയാളക്കരയുടെ ജലസമ്പത്തുകളായ ആറുകളൊക്കെ മാലിന്യപ്പുഴകളായി മാറിക്കഴിഞ്ഞു. മണിമലയാറിന്റെ ഉത്ഭവസ്ഥാനത്തെ പ്രധാന നഗരമായ മുണ്ടക്കയത്തെയും കിലോമീറ്ററുകള്‍ക്കിപ്പുറം പാറത്തോട്ടിലെയും കാഞ്ഞിരപ്പള്ളിയിലെയും മാലിന്യങ്ങള്‍ ചെറിയ തോടുകളിലൂടെ ഒഴുകിയെത്തുന്നതും മണിമലയാറിലേക്കുതന്നെ.

കാഞ്ഞിരപ്പള്ളിയിലെ പ്രധാന ജലസമ്പത്തായ ചിറ്റാറിലൂടെ ഒഴുകിയെത്തുന്നത് കാഞ്ഞിരപ്പള്ളി നഗരത്തിലെ മാത്രമല്ല, ഈരാറ്റുപേട്ടയുടെ ഒരു ഭാഗത്തെ മാലിന്യങ്ങള്‍കൂടിയാണ്. ഈരാറ്റുപേട്ടയിലെ ചെമ്മലമറ്റത്തുനിന്ന് ആരംഭിക്കുന്ന ഒരു കൈത്തോട് ആനക്കല്ലിലെത്തുമ്പോള്‍ നരിവേലിത്തോടുമായി ചേര്‍ന്ന് ചിറ്റാറായി ഒഴുകുന്നു. ഈ ആറ്റിലേക്കാണ് നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിലെയും ഭക്ഷണശാലകളിലെയും മാലിന്യപ്പൈപ്പുകള്‍ തുറന്നുവച്ചിരിക്കുന്നത്.

കാഞ്ഞിരപ്പള്ളി നഗരത്തിലെ മാലിന്യവും പേറി വരുന്ന ചിറ്റാര്‍ കത്തലാങ്കല്‍പ്പടിക്ക് സമീപം ഈരക്കൂട്ടുവച്ച് മണിമലയാറ്റിലേക്ക് പതിക്കുകയാണ്. നീരൊഴുക്ക് നിലച്ച് ഇവിടെ ഇപ്പോള്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നു.

മണലൂറ്റില്‍ മരിക്കുന്ന അഴുതയാര്‍

മണിമലയാറിന്റെ പ്രധാന കൈവഴിയായ അഴുതയാര്‍ ഇന്ന് ജീവനുവേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. അധികൃതരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് പുഴയുടെ മാറുപിളര്‍ന്ന് കവരുന്ന മണലൂറ്റിന് അല്പമെങ്കിലും ശമനമുണ്ടായിട്ടുണ്ട്. എന്നാല്‍, ഇരുട്ടിന്റെ മറവില്‍ പുഴയെ ഈറ്റിക്കൊല്ലാന്‍ ശ്രമിക്കുന്നവരുമുണ്ട്.

വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരേസമയം 25 തൊഴിലാളികളിലധികം അഴുതയാറിന്റെ ഉള്ളിലിറങ്ങിനിന്ന് മണലൂറ്റിയിരുന്ന കാലം.

അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ എത്തുന്ന റവന്യു അധികൃതരുമായി സംഘര്‍ഷമുണ്ടാകുന്നതും ഇവിടെ പതിവായിരുന്നു.

ഒരു കടവില്‍നിന്ന് പത്ത് ലോഡ് കൊണ്ടുപോകാനനുവാദമുണ്ടായിരുന്നപ്പോള്‍ 200 ലോഡുകള്‍ വരെ വാരിമാറ്റിയ ലാഭക്കൊതിയന്മാര്‍ ജലസ്രോതസ്സുകളുടെ ജീവനെടുക്കാന്‍ മത്സരിക്കുകയായിരുന്നു. മണലൂറ്റിനെ തുടര്‍ന്നുണ്ടായ അഗാധ ഗര്‍ത്തങ്ങളില്‍ ജീവന്‍പൊലിഞ്ഞവരുടെ കണക്കുകളും ഞെട്ടിപ്പിക്കുന്നതാണ്.



MathrubhumiMatrimonial