
ഒഡിഷയില്‍ തീവണ്ടിയിടിച്ച് ആറ് ആനകള്‍ ചത്തു
Posted on: 31 Dec 2012

ഗഞ്ജം (ഒഡിഷ):ഗഞ്ജം ജില്ലയില്‍ തീവണ്ടിയിടിച്ച് ആറ് ആനകള്‍ ചത്തു. അപകടത്തില്‍ തീവണ്ടിയിലെ ഒരു ജീവനക്കാരനും മരിച്ചിട്ടുണ്ട്.
ഒരു കുട്ടിയാനയും ഒരു കൊമ്പനും നാല് പിടിയാനകളുമാണ് ചത്തത്. രംഭ , ഗുമ സ്റ്റേഷനുകള്‍ക്കിടയ്ക്കുള്ള സുഭാലയയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം. ഹൗറയില്‍ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന കോറമാന്‍ഡല്‍ എക്‌സ്പ്രസ് ആനക്കൂട്ടത്തെ ഇടിക്കുകയായിരുന്നു.
എന്നാല്‍ തീവണ്ടിയിലെ ജീവനക്കാരന്‍ അപകടത്തില്‍ പ്പെടാനുണ്ടായ സാഹചര്യം അറിവായിട്ടില്ല. കനത്ത മഞ്ഞുവീഴ്ചമൂലം എന്‍ജിന്‍ ഡ്രൈവര്‍ക്ക് മുന്നിലേക്ക് കാണാന്‍ കഴിയാഞ്ഞതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.

സംഭവത്തെത്തുടര്‍ന്ന് ബെറാംപുറിനും ഭുവനേശ്വറിനുമിടയ്ക്ക് തീവണ്ടിഗതാഗതം തടസ്സപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കാന്‍ എട്ടുമണിക്കൂറോളം എടുത്തതായി റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
ആനക്കൂട്ടത്തില്‍ 20 ആനകള്‍ ഉണ്ടായിരുന്നതായി ബെറാംപുര്‍ വനം ഡി.എഫ്.ഒ . സുധാംശു ശേഖര്‍ മിശ്ര പറഞ്ഞു. ഒന്‍പത് ആനകള്‍ പാളം മുറിച്ചുകടക്കുകയായിരുന്നു. പാളത്തില്‍ ഒരു കിലോമീറ്ററോളം ആനകളുടെ ജഡാവശിഷ്ടങ്ങള്‍ ചിതറി. ജഡങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംഭവസ്ഥലത്തുതന്നെ സംസ്‌കരിക്കുമെന്നും ഡി.എഫ്.ഒ. പറഞ്ഞു.
