വിളക്കുപാറ ഇനി ലോകനെറുകയില്‍

Posted on: 24 Feb 2009

എം.കെ.സുരേഷ്‌



വിളക്കുപാറ(കൊല്ലം): കൊഡാക് തിയേറ്ററില്‍ റസൂല്‍ പൂക്കുട്ടിയുടെ പേര് മുഴങ്ങുമ്പോള്‍ വിളക്കുപാറ പഴയതെരുവില്‍ വീട്ടില്‍ ആഹ്ലാദപ്പെരുമഴ, സന്തോഷത്തിന്റെ കണ്ണീരൊഴുക്ക്...
വിളക്കുപാറയെന്ന കൊച്ചുഗ്രാമവും റസൂലിന്റെ വീടും ഞായറാഴ്ച രാത്രി ഉറങ്ങാതിരിക്കുകയായിരുന്നു, നേരമൊന്നു വെളുത്തുകിട്ടാന്‍. പ്രാര്‍ത്ഥന നിറഞ്ഞ കാത്തിരിപ്പിന് ഫലമുണ്ടായി. കൊല്ലം ജില്ലയിലെ അഞ്ചലിനടുത്ത വിളക്കുപാറ ഗ്രാമം ലോകത്തിന്റെ നെറുകയിലായി ;റസൂലിലൂടെ, 'സ്ലം ഡോഗ് മില്യനയറി'ലൂടെ. ഇനി വിളക്കുപാറ ഓസ്‌കര്‍ ഗ്രാമം, പഴയതെരുവില്‍ വീട് ഓസ്‌കര്‍ വീടും.
പി.ടി.പൂക്കുട്ടിയുടെയും നബീസ ബീവിയുടെയും എട്ടാമത്തെ മകന്‍ കേരളത്തിന് ആദ്യ ഓസ്‌കര്‍ നേടുന്നതിന്റെ നിമിഷം സ്വന്തമാക്കാന്‍ ബന്ധുക്കളെല്ലാം ഞായറാഴ്ചതന്നെ കുടുംബവീട്ടില്‍ ഒത്തുകൂടി. ടെലിവിഷന് വിശ്രമമുണ്ടായില്ല. തിങ്കളാഴ്ച രാവിലെ ഇടയ്ക്കിടെയുണ്ടായ വൈദ്യുതിമുടക്കമായിരുന്നു വലിയൊരു പ്രശ്‌നം.
ശബ്ദമിശ്രണത്തിന് പുരസ്‌കാരം പ്രഖ്യാപിച്ച ഉടന്‍, ടെലിവിഷനില്‍ റസൂലിന്റെ പേര് തെളിയുമ്പോള്‍ ഗ്രാമത്തില്‍ പലയിടത്തും പടക്കം പൊട്ടിച്ചും പ്രകടനം നടത്തിയും റസൂലിനെ നാട്ടുകാര്‍ ഒന്നുകൂടി അവരുടേതാക്കി. മധുരം നല്‍കി വീട്ടുകാര്‍ എല്ലാവരെയും സ്വീകരിച്ചു. സഹോദരങ്ങളുടെ ദുഃഖം ഒന്നുമാത്രമായിരുന്നു ; ഉമ്മയും ബാപ്പയും ഇന്ന് ഇല്ലാത്തതിന്റെ.
റസൂലിന്റെ സഹോദരന്‍ സൈഫുദ്ദീനും ഭാര്യ തനൂജയുമാണ് കുടുംബവീട്ടില്‍ താമസം. മറ്റൊരു സഹോദരന്‍ ബൈജു തൊട്ടടുത്തും. കായംകുളത്തുള്ള ഷംസുദ്ദീന്‍, കായംകുളം എല്‍.പി.എസ്സിലെ അധ്യാപിക പി.സീനത്ത്, കുഞ്ഞുമോള്‍, ഷീജ, ഷീബ തുടങ്ങിയ സഹോദരങ്ങളും ഞായറാഴ്ചതന്നെ വീട്ടിലെത്തി. ഗ്രാമക്കാരും വന്നുതുടങ്ങിയതോടെ പ്രഖ്യാപനം വരും മുമ്പേ ഓസ്‌കര്‍ കിട്ടിയ ആഘോഷമായിരുന്നു വിളക്കുപാറയില്‍. അമ്മാവന്‍മാരായ കബീറും അഞ്ചല്‍ ഇബ്രാഹിമും എല്ലായിടത്തും ഓടിനടന്നു.
റസൂലിന്റെ ചിത്രമുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വീട്ടിനു മുന്നിലും ഗ്രാമവീഥികളിലും നിറഞ്ഞു. ഏരൂര്‍-ഇളവറാങ്കുഴി റോഡരികിലെ വീട്ടിലേക്ക് വാഹനയാത്രക്കാര്‍ തലയിട്ടു നോക്കിപ്പോകുമ്പോള്‍ പഴയതെരുവില്‍ വീട്ടിലേക്ക് സ്നേഹം പങ്കിടാന്‍ എത്തുന്നവരുടെ തിക്കുംതിരക്കുമായി.
അഡ്വ. കെ.രാജു എം.എല്‍.എ.യും തൊട്ടടുത്തുള്ള മുന്‍ എം.എല്‍.എ. പി.എസ്.സുപാലും ചെങ്ങറ സുരേന്ദ്രന്‍ എം.പി.യും എ.ഐ.സി.സി.അംഗം കൊടിക്കുന്നില്‍ സുരേഷും കളക്ടര്‍ എ.ഷാജഹാനും നേരത്തേ എത്തി. മന്ത്രി മുല്ലക്കര നന്ദിപറഞ്ഞു മടങ്ങി അധികം വൈകാതെ സാംസ്‌കാരികമന്ത്രി എം.എ.ബേബി, ഭാര്യ ബൈറ്റിക്കൊപ്പം എത്തി. കേരളസര്‍ക്കാരിന്റെ സന്തോഷം അറിയിച്ച് കേക്ക് മുറിച്ചു നല്‍കി. വരുന്നവരെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ക്കൊപ്പം ഗ്രാമവും മത്സരിച്ചു നിന്നു.
മന്ത്രിയും സംഘവും ഊണിനിരുന്നപ്പോള്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടിയുടെ വരവ്. ഒടുവില്‍ ഉമ്മന്‍ ചാണ്ടിയും ഊണിന് കൂടിയപ്പോള്‍ കൊടിക്കുന്നിലും കളക്ടറും ഏരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതിയമ്മയും ഒപ്പമിരുന്നു. ചാനലുകാരുടെ ലൈവ്, മാധ്യമപ്പട...ഒരു കൊച്ചുഗ്രാമവും കൊച്ചുവീടും എത്ര പെട്ടെന്നാണ് വലുതായത്.
റസൂലിനെ സ്വീകരിക്കാന്‍ വിളക്കുപാറ മാത്രമല്ല, കേരളവും കാത്തിരിക്കുന്നു. പക്ഷേ, ഗ്രാമത്തിലെ വരവേല്‍പ്പ് കഴിഞ്ഞേ സര്‍ക്കാരിന്റെ ആദരിക്കലുള്ളൂ എന്ന് മന്ത്രി ബേബിയുടെ പ്രഖ്യാപനം. 'റസൂലിന് നായകനാകാന്‍ സൗന്ദര്യമുണ്ട്. പക്ഷേ, പിന്നില്‍ നില്‍ക്കാനായിരുന്നു ഇഷ്ടം. എവിടെ ജനിച്ചുവെന്നതല്ല പ്രശ്‌നം, തനിക്കു പറ്റിയ മേഖലയില്‍ അര്‍പ്പണബോധത്തോടെ ചിന്തിച്ച്, അധ്വാനിച്ച് വിജയം നേടാമെന്ന് പുതിയ തലമുറയ്ക്ക് സന്ദേശം നല്‍കുകയാണ് റസൂലെന്ന് മന്ത്രി.
ഒരാള്‍ക്കും റസൂലിനെ മറക്കാനാവില്ലെന്നും അതിരറ്റ് സന്തോഷിക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി.
പണ്ട്, കഥാപ്രസംഗമൊക്കെയായി റസൂലിനൊരു കാലമുണ്ടായിരുന്നു. വിളക്കുപാറ മഹാദേവര്‍ക്ഷേത്രത്തില്‍ ആദ്യ പരിപാടി. ഈയിടെ സ്വീകരണത്തിന് ജന്മനാട്ടിലെത്തുമ്പോള്‍ റസൂല്‍ ഗ്രാമവാസികളോട് പറഞ്ഞു-നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ഥിക്കണം, ക്ഷേത്രത്തില്‍ വിളക്കു കൊളുത്തണം. അവരത് ചെയ്തു.
''എന്റെ ഗ്രാമത്തിനുള്ള ശിവരാത്രി സമ്മാനമാണിത്. എന്റെ ഓസ്‌കര്‍ ഗ്രാമത്തിന് സമര്‍പ്പിക്കുന്നു-ഓസ്‌കര്‍ പ്രഖ്യാപനത്തിശേഷം റസൂല്‍ വീട്ടുകാരോട് പറഞ്ഞു. തിങ്കളാഴ്ച ഗ്രാമത്തില്‍ ശിവരാത്രി ഉത്സവമായിരുന്നു. വിളക്കുപാറയില്‍ ഒരു ദിവസം രണ്ടുത്സവം.
വിളക്കുപാറയ്ക്ക് ഒരു പ്രാര്‍ഥനകൂടിയുണ്ട്-റസൂലൊന്ന് വന്നുകിട്ടാന്‍. വരവേല്‍പ്പിനായി അവര്‍ കാത്തിരിക്കുന്നു. റസൂല്‍ പൂക്കുട്ടി ഇന്ത്യയുടേതായി, കേരളത്തിന്‍േറതായി. പക്ഷേ, വിളക്കുപാറക്കാര്‍ രഹസ്യമായി പറയുന്നു ; ഇല്ല, റസൂല്‍ ഞങ്ങളുടേത് മാത്രമാണ്.




MathrubhumiMatrimonial