ആഹ്ലാദത്തിന്റെ വിസ്‌ഫോടനങ്ങള്‍ -മമ്മൂട്ടി

Posted on: 24 Feb 2009


സന്തോഷംകൊണ്ട് വാക്കുകള്‍ കിട്ടാതാവുന്നത് പലവട്ടം ഞാന്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഇന്ന് ടി.വി.കണ്ടുകൊണ്ടിരിക്കുമ്പോള്‍ ശരിക്കും ഞാന്‍ അതറിഞ്ഞു. ന്യൂസ് ഫ്‌ളാഷായി റഹ്മാനും റസൂല്‍ പൂക്കുട്ടിയും തെളിഞ്ഞപ്പോള്‍ വാക്കുകളെ മറച്ചുകൊണ്ട് ആഹ്ലാദത്തിന്റെ വിസേ്ഫാടനങ്ങള്‍. ഒരു ചാനല്‍ അതിനിടെ പ്രതികരണം ചോദിച്ചപ്പോള്‍ ഞാന്‍ വാക്കുകള്‍ കിട്ടാതെ വീര്‍പ്പുമുട്ടി.

ഇതു നമ്മുടെ ആഹ്ലാദമാണ്. രാജ്യത്തിന്റെ അഭിമാനമാണ്. ഒപ്പം അവരുടെ പ്രയത്‌നത്തിന്റെയും സ്വപ്നത്തിന്റെയും സമ്മാനമാണ്.

തിടുക്കത്തില്‍ റസൂലിനെ അഭിനന്ദിക്കാന്‍ വിളിക്കുമ്പോള്‍ മൊബൈല്‍ ബിസിയായിരുന്നു. ലോകമെങ്ങും നിന്നുള്ള വിളികള്‍ കാത്തു നില്‍ക്കുന്നുണ്ടാവും ആ നമ്പറില്‍. ഞാന്‍ ഒരു എസ്.എം.എസ്. അയച്ചു.

ഒരിക്കല്‍ എറണാകുളത്തുവെച്ചാണ് ആദ്യമായി റസൂലിനെ കാണുന്നത്. ആനന്ദിന്റെ 'ഗോവര്‍ധന്റെ യാത്രകള്‍' സിനിമയാക്കുന്നതിനെപ്പറ്റിയാണ് റസൂല്‍ സംസാരിച്ചത്. സിനിമയെ ഭ്രാന്തമായി സ്നേഹിക്കുന്ന ഒരാള്‍... ഒരു സ്വപ്നംപോലെ അതിനു പിന്നാലെ നടക്കുന്നയാള്‍. അത്തരം മനസ്സുള്ളവര്‍ക്കേ ചരിത്രം സൃഷ്ടിക്കാനാവൂ; ചരിത്രമാകാനും...

ഒരു തരത്തില്‍ 'സ്ലം ഡോഗ് മില്യനയര്‍' ലോകത്തിന്റെ ശ്രദ്ധയിലേക്ക് ഇന്ത്യയെ കൊണ്ടു ചെന്നു നിറുത്തുകയാണ്. വലിയ സിനിമാ കമ്പനികള്‍ ഇന്ത്യയിലേക്ക് വന്നു പടമെടുക്കുകയും ഇന്ത്യന്‍ സിനിമ വിദേശരാജ്യങ്ങില്‍ പുതിയ സാമ്രാജ്യങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന കാലത്താണിത് എന്നത് ശ്രദ്ധേയമാണ്. ഓസ്‌കര്‍ അങ്ങനെ ഇന്ത്യന്‍ സിനിമയ്ക്ക് പുതിയ ഒരു ജാലകം തുറക്കുകയാണ്. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ മികവു പുലര്‍ത്തുന്ന നമ്മുടെ സിനിമയ്ക്ക് സാങ്കേതികത്തികവുകൂടിയുണ്ടെങ്കില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും. റഹ്മാനും റസൂലും നല്‍കുന്ന സന്ദേശം അതാണ്.






MathrubhumiMatrimonial