ഗുല്‍സാര്‍: പൂത്തുലയുന്ന കാവ്യവിസ്മയം

Posted on: 24 Feb 2009

ജെ. ബാലചന്ദ്രന്‍



ഗുല്‍സാറിന്റെ വരികളില്‍ മിക്കപ്പോഴും നിറയുന്നത് രാത്രിയും ചന്ദ്രികയുമാണ്; അദ്ദേഹത്തിന്റെ കവിതകളില്‍ പ്രത്യേകിച്ചും. ഹിന്ദി സിനിമാഗാനങ്ങളുടെ പുഷ്‌കലകാലത്ത് കടന്നുവന്ന ഗുല്‍സാര്‍തന്നെയാണ് ആധുനികകാലത്തും ഹിന്ദി സിനിമാഗാനശാഖയെ അര്‍ഥസമ്പത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതും.

ഓസ്‌കര്‍ പുരസ്‌കാരത്തിന്റെ മുഴുവന്‍ ഖ്യാതിയും എ.ആര്‍. റഹ്മാന് പതിച്ചുനല്കുമ്പോള്‍ ഗുല്‍സാറിന്റെ ഘനഗംഭീരശബ്ദത്തില്‍ നിറയുന്നത് പക്വതയുടെയും നിറവിന്റെയും പൂര്‍ണതയാണ്. പ്രശസ്തിയുടെ കുത്തൊഴുക്കില്‍ അചഞ്ചലനായി നില്ക്കുന്ന ഗുല്‍സാറിനോട് അനുവാചകര്‍ പറഞ്ഞുപോകുന്നു- ജയ് ഹോ.

സംഗീതത്തിന്റെയും കലയുടെയും ശാദ്വലഭൂമിയായ പഞ്ചാബില്‍നിന്ന് ഹിന്ദി-ഉറുദു കാവ്യലോകത്തേക്ക് ഉയര്‍ന്നുവന്ന വര്‍ത്തമാനകാലപ്രതിഭയാണ് ഗുല്‍സാര്‍ എന്ന സംപൂരണ്‍ സിങ് കര്‍ല. പാകിസ്താനിലെ 'ദീന'യില്‍ ജനിച്ച ഗുല്‍സാര്‍ വിഭജനകാലത്താണ് ഇന്ത്യയിലേക്ക് താമസം മാറുന്നത്.

ഗാനരചയിതാവെന്നും കവിയെന്നും പേരെടുത്തശേഷം ഗുല്‍സാറിന്റെ തൂലികയില്‍നിന്ന് സിനിമകള്‍ക്കായി ഒട്ടേറെ തിരക്കഥകളും കഥകളും പിറന്നു. 1971-ലെ 'മേരെ അപ്‌നെ', 1976-ലെ 'മൗസം', 1996ലെ 'മാച്ചിസ്' തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു.

ഹിന്ദി സിനിമാലോകത്തെ അതികായന്മാരായിരുന്ന ബിമല്‍റോയ്, ഹൃഷികേശ് മുഖര്‍ജി തുടങ്ങിയവരുടെ സിനിമകള്‍ക്ക് ഗാനങ്ങളെഴുതിയാണ് ഗുല്‍സാര്‍ ഈ രംഗത്തേക്ക് കടന്നുവന്നത്. ബിമല്‍റോയിയുടെ 1963-ലെ 'ബന്ദിനി'ക്കാണ് അദ്ദേഹം ആദ്യം പാട്ടെഴുതിയതെങ്കിലും 'കാബൂളിവാല'യാണ് ഗുല്‍സാറിന്റെ പാട്ടുകളുമായി ആദ്യം പുറത്തിറങ്ങിയത്.

ഗസല്‍ ചക്രവര്‍ത്തി മിര്‍സാ ഗാലിബിന്റെ ജീവിതത്തെ ആസ്​പദമാക്കി 1988-ല്‍ തയ്യാറാക്കിയ ടെലിവിഷന്‍ പരമ്പരയാണ് ഗുല്‍സാറിന്റെ മറ്റൊരു കനപ്പെട്ട സംഭാവന.

എ.ആര്‍. റഹ്മാനെക്കൂടാതെ അനു മാലിക്, ജതിന്‍ ലളിത്, ശങ്കര്‍-ഐസാള്‍, ലോയ് തുടങ്ങിയ സംഗീതപ്രതിഭകളുമായി ചേര്‍ന്ന് ഒട്ടേറെ മികച്ച ഗാനങ്ങള്‍ ഗുല്‍സാര്‍ ഒരുക്കിയിട്ടുണ്ട്.

ഹിന്ദി സിനിമാസംഗീതം ശബ്ദഘോഷത്തില്‍ മുങ്ങിയപ്പോള്‍ സാഹിത്യഭംഗി തുളുമ്പുന്ന ഗാനങ്ങളുമായി ഗുല്‍സാര്‍ ഹിന്ദി ഗാനരംഗത്തെ സമ്പുഷ്ടമാക്കി.

ഗുല്‍സാറിന്റെ തൂലികയില്‍നിന്ന് ഇന്ത്യക്കാരുടെ മനസ്സിലേക്കൊഴുകിയ മനോഹരഗാനങ്ങള്‍ക്ക് കണക്കില്ല. ഹിന്ദി സിനിമാരംഗത്തെ ഇതിഹാസസമാനരായ സച്ചിന്‍ ദേവ് ബര്‍മന്‍, സലില്‍ ചൗധരി, രാഹുല്‍ ദേവ് ബര്‍മന്‍, മദന്‍മോഹന്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ഗുല്‍സാറിന് പുതുതലമുറയിലെ പ്രതിഭാധനരോടൊപ്പം ചേര്‍ന്ന് ഗാനപ്രപഞ്ചം സൃഷ്ടിക്കാന്‍ പ്രയാസമുണ്ടായില്ല. ദോ ദിവാനേ ശഹര്‍മേം, ആനേവാലേ പല്‍ ജാനേവാലാ ഹേ, യാരാ സിലി സിലി ബിര്‍ഹാ കി രാത്, ചല്‍ ഛയ്യ ഛയ്യ ഛയ്യാ തുടങ്ങിയ ഗാനങ്ങളുടെ വഴികള്‍ ഗുല്‍സാറിന്റെതാണ്.

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും പദ്മഭൂഷണും നല്കി രാജ്യം ഗുല്‍സാറിനെ ആദരിച്ചു. ഉറുദുവില്‍ ഗുല്‍സാര്‍ എന്ന വാക്കിന് പൂത്തുലഞ്ഞത് എന്നാണര്‍ഥം. ഗുല്‍സാറിന്റെ കവിതകളില്‍ കാല്പനികസൗന്ദര്യം പൂത്തുലയുന്നത് സ്വാഭാവികം.




MathrubhumiMatrimonial