സംഗീതം തന്നെ ജീവിതം

Posted on: 24 Feb 2009

എം.കെ. അര്‍ജുനന്‍



സംഗീത സംവിധായകന്‍ ആര്‍.കെ. ശേഖറെ 1968ല്‍ എനിക്ക് പരിചയപ്പെടുത്തിയത് ദേവരാജന്‍ മാസ്റ്ററാണ്. 'പഴശ്ശിരാജ'യിലെ 'ചൊട്ടമുതല്‍ ചുടലവരെ...' എന്ന പാട്ട് ചിട്ടപ്പെടുത്തിയ ആര്‍.കെ. ശേഖര്‍ മലയാളിയുടെ മനസ്സില്‍ കത്തിനില്‍ക്കുന്ന കാലമായിരുന്നു അത്.

'കറുത്ത പൗര്‍ണമി' എന്ന ചിത്രത്തിനുവേണ്ടിയുള്ള റെക്കോഡിങ് ജോലികള്‍ക്കുവേണ്ടിയാണ് ഞാനും നിര്‍മാതാവും ഉള്‍പ്പെടെയുള്ള സംഘം ചെന്നൈയിലെത്തിയത്. ആദ്യചിത്രത്തിന്റെ റെക്കോഡിങ്ങാണ്, വേണ്ടരീതിയില്‍ സഹായിക്കണമെന്ന് ദേവരാജന്‍ മാസ്റ്റര്‍ ആര്‍.കെ. ശേഖറിനോടു പറഞ്ഞിരുന്നു. റെക്കോഡിങ്ങിനുള്ള സൗകര്യങ്ങള്‍ ചെയ്തുതന്ന ശേഖര്‍ പാട്ടുകള്‍ പൂര്‍ത്തിയാകുന്നതുവരെ സ്റ്റൂഡിയോയില്‍ ഉണ്ടായിരുന്നു. അന്നു തുടങ്ങിയതാണ് ശേഖറിന്റെ കുടുംബവുമായുള്ള ബന്ധം.

പിന്നീട് എന്റെ എല്ലാ ചിത്രങ്ങളുമായും ശേഖര്‍ സഹകരിച്ചു. ചെന്നൈയിലെ ശേഖറിന്റെ വീടിനോടു ചേര്‍ന്ന് എനിക്ക് ഒരു മുറിയും ഒരുക്കിത്തന്നു. റെക്കോഡിങ്ങിനായി പോകുമ്പോള്‍ ശേഖറിന്റെ കുടുംബത്തോടൊപ്പമാണ് പിന്നീട് ഞാന്‍ താമസിച്ചിരുന്നത്. എ.ആര്‍. റഹ്മാന് അപ്പോള്‍ ആറോ ഏഴോ വയസ്സുണ്ടാകും.

കമ്പോസിങ് നടക്കുമ്പോള്‍ ശേഖറിനോടൊപ്പം റഹ്മാനും സ്റ്റൂഡിയോയില്‍ വരും. കമ്പോസിങ് മുറിയില്‍ ഒരു മൂലയിലായി ഇരിക്കും. പാട്ട് തീര്‍ന്ന് ഞങ്ങള്‍ സ്റ്റുഡിയോവിടുമ്പോള്‍ അതേ രാഗങ്ങള്‍ റഹ്മാന്‍ മൂളുന്നുണ്ടാകും.

ഇടയ്ക്ക് ഹാര്‍മോണിയത്തില്‍ വിരലുകള്‍ ചലിപ്പിക്കുന്നതിനുള്ള ചില എക്‌സര്‍സൈസുകള്‍ ശേഖര്‍ മകന് പറഞ്ഞുകൊടുക്കും. അക്കാലത്തുതന്നെ റഹ്മാന്റെ അമ്മയുടെ താത്പര്യത്തില്‍ അവന്‍ പിയാനോ പരിശീലനത്തിനു പോയിരുന്നു. ടി നഗറില്‍, പിയാനോ സംഗീതലോകത്തെ പ്രഗല്ഭനായ ഭണ്ഡ്‌രാജിന്റെ കീഴിലായിരുന്നു പരിശീലനം.

തന്നെ തേടിവരുന്ന നിര്‍മാതാക്കളോടും സംവിധായകരോടും ശേഖര്‍ എന്റെ പേര് നിര്‍ദേശിച്ചിരുന്നു. അങ്ങനെ ഒരു കുടുംബംപോലെ കഴിയുന്നതിനിടയില്‍ 1976 ലായിരുന്നു ശേഖറിന്റെ മരണം.

'അടിമച്ചങ്ങല'യ്ക്ക് പാട്ടുകളൊരുക്കിയപ്പോള്‍ റഹ്മാനെയും ഞാന്‍ സ്റ്റുഡിയോയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അന്ന് റഹ്മാന് ഏതാണ്ട് 12-13 വയസ്സ് പ്രായമുണ്ടാകും. പാട്ടുകള്‍ക്ക് കീബോര്‍ഡ് വായിച്ചത് റഹ്മാനാണ്. പിന്നീട് എന്റെ എല്ലാ പാട്ടുകള്‍ക്കും റഹ്മാനുണ്ടായിരുന്നു. പഠനം പൂര്‍ത്തിയാക്കാതെ റഹ്മാനെ കൊണ്ടുപോകുന്നതിനെ പലരും എതിര്‍ത്തിരുന്നു. എന്നാല്‍, അസാധാരണമായ ഒരു സിദ്ധി ആ കുട്ടിയില്‍ ഞാന്‍ കണ്ടു. 92ല്‍ ചെന്നൈ വിടുന്നതുവരെ എന്റെ എല്ലാ പാട്ടുകള്‍ക്കും റഹ്മാന്റെ സഹകരണമുണ്ടായിരുന്നു.

സംഗീതം മാത്രമായിരുന്നു എന്നും റഹ്മാന്റെ മനസ്സില്‍. ഊണും ഉറക്കവും ഉപേക്ഷിച്ചായിരുന്നു പലപ്പോഴും പ്രാക്ടീസ്. ചെറുപ്പത്തിലും കൂട്ടുകാരോടൊപ്പം നടപ്പില്ല. ക്ലാസ്സു കഴിഞ്ഞുവന്നാല്‍ പിന്നെ സംഗീതലോകത്ത്.

ചെറിയ പ്രായത്തില്‍ത്തന്നെ പരസ്യങ്ങള്‍ക്കായി ജിംഗിള്‍സുകള്‍ ചെയ്യുന്നതില്‍ റഹ്മാന്‍ താത്പര്യം കാണിച്ചു.

വീടിനോട് ചേര്‍ന്നു തയ്യാറാക്കിയ ചെറിയ സ്റ്റുഡിയോയില്‍ ഇരുന്നാണ് റഹ്മാന്‍ ജിംഗിള്‍സുകള്‍ തയ്യാറാക്കിയത്.

സംഗീതോപകരണങ്ങള്‍ക്ക് കേടുപാടുണ്ടായാല്‍ അത് നന്നാക്കുന്നതും സ്വന്തം നിലയ്ക്കാണ്. ഉപകരണങ്ങളുടെ പാര്‍ട്ട്‌സുകള്‍ വാങ്ങുന്നതിന്

ഇടയ്ക്ക് എന്നെയും കൂട്ടും. എത്ര കടകള്‍ കയറിയാലും റഹ്മാന് തൃപ്തിവരില്ല. ഉദ്ദേശിച്ച സാധനം കണ്ടെത്താതെ മടങ്ങില്ല. ഉപകരണങ്ങളോട് വല്ലാത്തൊരു ആവേശമായിരുന്നു ഈ ചെറുപ്പക്കാരന്.

'യോദ്ധ' എന്ന ചിത്രത്തിനു സംഗീതം ചെയ്യുമ്പോള്‍ എന്നെ സ്റ്റുഡിയോയിലേക്ക് വിളിച്ചു. പാട്ടുകള്‍ തീരുംവരെ ഞാനും സ്റ്റുഡിയോയില്‍ ഉണ്ടായിരുന്നു.

റഹ്മാന്റെ എല്ലാപാട്ടുകളും മനോഹരമാണ്. ഏതാണ്കൂടുതല്‍ നല്ലതെന്ന് പറയാന്‍ കഴിയില്ല. ശബ്ദത്തെക്കുറിച്ച് അപാരമായ അറിവാണ് റഹ്മാനുള്ളത്. ശബ്ദത്തിനു വേണ്ടിയുള്ള അന്വേഷണമാണ് അദ്ദേഹത്തിന്റെത്. ശബ്ദത്തിന്റെ ടോണുകള്‍ ക്രമപ്പെടുത്തുന്നതിലെ വൈദഗ്ദ്യമാണ് എടുത്തുപറയേണ്ടത്.

പാവങ്ങളോട് റഹ്മാന്റെ കുടുംബം കാണിക്കുന്ന കരുണ എനിക്ക് നേരിട്ടറിയാം. ശരിയായ വിശ്വാസിയാണദ്ദേഹം. ദൈവവിശ്വാസവും ഈ നേട്ടത്തിന് റഹ്മാന് തുണയായി.

നന്മ ചെയ്തതിനുള്ള പ്രതിഫലമാണിത്. അവന് ആയുസ്സും ആരോഗ്യവും ഉണ്ടാകണമേ എന്നാണെന്റെ പ്രാര്‍ഥന.

തയ്യാറാക്കിയത് വി.പി. ശ്രീലന്‍






MathrubhumiMatrimonial