ഗുല്‍സാറിന് ആഹ്ലാദം, അല്‍പ്പം നൊമ്പരം

Posted on: 24 Feb 2009


മുംബൈ: ലോസ് ആഞ്ജലിസിലെ കൊഡാക് തിയേറ്ററില്‍ 'ജയ്‌ഹോ...' മുഴങ്ങിയപ്പോള്‍ അതെഴുതിയ ഗുല്‍സാര്‍ മുംബൈയിലെ വീട്ടില്‍ ടെലിവിഷന്‍ കണ്ടാണ് ചരിത്രനിമിഷത്തില്‍ പങ്കാളിയായത്.
ഹിന്ദി ചലച്ചിത്രഗാനശാഖയ്ക്ക് നവഭാവുകത്വം സമ്മാനിച്ച കവിക്ക് ഒരു ഹിന്ദി ഗാനം ചരിത്രത്തിലാദ്യമായി ഓസ്‌കര്‍വേദിയില്‍ ആദരിക്കപ്പെട്ടപ്പോള്‍ ആ ബഹുമതി ഏറ്റുവാങ്ങാനെത്താനായില്ല. തോളിനു പരിക്കേറ്റ് വിശ്രമത്തിലായതിനാലാണ് ഗുല്‍സാറിന് ഓസ്‌കര്‍ ഏറ്റുവാങ്ങാന്‍ എത്താന്‍ കഴിയാതിരുന്നത്. മികച്ച ഗാനത്തിനുള്ള പുരസ്‌കാരം സംഗീതം നല്‍കിയ എ.ആര്‍.റഹ്മാനും വരികളെഴുതിയ ഗുല്‍സാറും പങ്കുവെക്കുകയായിരുന്നു. ഇരുവര്‍ക്കുംവേണ്ടി റഹ്മാന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
പുരസ്‌കാരത്തിന്റെ എല്ലാ ബഹുമതിയും റഹ്മാന് അവകാശപ്പെട്ടതാണെന്നും ഒരു ഹിന്ദി ഗാനരചയിതാവിന് ഓസ്‌കര്‍ നോമിനേഷന്‍ കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും തന്റെ പാട്ട് ഓസ്‌കര്‍വേദിയില്‍ അലയടിച്ചതിന്റെ ആവേശത്തില്‍ ഗുല്‍സാര്‍ പറഞ്ഞു. ശബ്ദമിശ്രണത്തിന് പുരസ്‌കാരം നേടിയ റസൂല്‍ പൂക്കുട്ടി അതിന് എന്തുകൊണ്ടും അര്‍ഹനാണെന്ന് അഭിപ്രായപ്പെട്ട ഗുല്‍സാര്‍ ചടങ്ങിനെത്താന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്നു പറഞ്ഞു.




MathrubhumiMatrimonial