
പത്ത് ഐ.ടി. പാര്‍ക്കുകള്‍
Posted on: 21 Feb 2009

ടെക്‌നോപാര്‍ക്ക് മൂന്നാം ഘട്ടം, ടെക്‌നോസിറ്റി, കൊല്ലം ടെക്‌നോപാര്‍ക്ക്, ചേര്‍ത്തല ഇന്‍ഫോപാര്‍ക്ക്, അമ്പലപ്പുഴ ഇന്‍ഫോപാര്‍ക്ക്, കൊരട്ടി ഐ.ടി. പാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, തളിപ്പറമ്പ് ഐ.ടി. പാര്‍ക്ക്, കാസര്‍കോട് ഐ.ടി. പാര്‍ക്ക് എന്നിവയ്ക്ക് പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 385 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. ആഗോള സാമ്പത്തിക മാന്ദ്യം പരിഗണിച്ച് സര്‍ക്കാര്‍ ഐ.ടി. പാര്‍ക്കുകളിലെ സ്ഥാപനങ്ങളുടെ വാടകയില്‍ പകുതി 2010-11ല്‍ നല്‍കിയാല്‍ മതിയാകും.
ടൂറിസം കേന്ദ്രങ്ങളിലെ വൈദ്യുതി, കുടിവെള്ളം, ഖരമാലിന്യ സംസ്‌കരണ പദ്ധതികള്‍ എന്നിവയ്ക്കായി 15 കോടി വകയിരുത്തി. മുസിരിസ് പൈതൃക പദ്ധതിക്ക് 90 കോടി, കേരള ട്രാവല്‍ മാര്‍ട്ട് നടത്തിപ്പിന് 50 ലക്ഷം എന്നിവയാണ് മറ്റു പ്രധാന പദ്ധതികള്‍. കണ്ണൂര്‍ വിമാനത്താവളത്തിലേക്കു നിലവിലുള്ള നാലു റോഡുകള്‍, ശിവഗിരിയിലേക്കുള്ള 25 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന നാലു റോഡുകള്‍ എന്നിവ വികസിപ്പിക്കും. ശബരിമല റോഡുകളുടെ ദീര്‍ഘകാല മെയിന്റനന്‍സ് കരാറിന് 20 കോടിയും അനുവദിച്ചു.
