കോളേജില്‍ സ്ഥിരം തസ്തിക; സ്‌കൂളില്‍ അധിക ഡിവിഷന്‍

Posted on: 21 Feb 2009


തിരുവനന്തപുരം: ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ 1999-2004 കാലയളവില്‍ അനുവദിച്ച 66 കോഴ്‌സുകള്‍ക്ക് സ്ഥിരം തസ്തികകള്‍ അനുവദിക്കും. സര്‍ക്കാര്‍ കോളേജുകളില്‍ ഉടന്‍തന്നെ ഈ തസ്തികകള്‍ അനുവദിക്കും. എയ്ഡഡ് കോളേജുകളില്‍ എത്രയും വേഗം ഇതിന്റെ കണക്കെടുത്ത് തസ്തിക അനുവദിക്കും. എന്‍ജിനീയറിങ് കോളേജുകളില്‍ എ.ഐ.സി.ടി.ഇ. മാനദണ്ഡ പ്രകാരം മിനിമം തസ്തിക അനുവദിക്കും. യു.ജി.സി. സെ്കയില്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇത് നടപ്പാക്കുന്നതോടൊപ്പം യു.ജി.സി. സ്‌കീമും നടപ്പാക്കും.
സര്‍വകലാശാലകള്‍ നടത്തുന്ന തനതു അധിക വിഭവസമാഹരണത്തിന് തുല്യമായ തുക ഗ്രാന്റായി നല്‍കും. അടുത്ത വര്‍ഷത്തെ പദ്ധതിയേതര ഗ്രാന്റ് കണക്കാക്കുന്നതിന് ഇത് മുഖ്യ ഘടകമാക്കും. സര്‍വകലാശാലകളുടെ ധനപ്രതിസന്ധിയെക്കുറിച്ച് പഠിക്കാന്‍ മുന്‍ ചീഫ് സെക്രട്ടറി കെ.വി. രബീന്ദ്രന്‍നായര്‍ അധ്യക്ഷനായി ഒരു കമ്മിറ്റിയെ നിയോഗിക്കും.
എം.ജി. സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് സസ്റ്റൈനബിള്‍ ഡെവലപ്‌മെന്റ്, കൊച്ചി സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ നാനോ മെറ്റീരിയല്‍സ്, കേരളയില്‍ സെന്റര്‍ ഫോര്‍ ബയോ ഇന്‍ഫോമാറ്റിക്‌സ് എന്നിവ അന്തര്‍ സര്‍വകലാശാല വിദ്യാകേന്ദ്രങ്ങളായി വികസിപ്പിക്കും. ഇതിന് 10 കോടി രൂപ നല്‍കും. കൊച്ചിയിലെ സെന്റര്‍ ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സിന് മൂന്നു കോടി വകയിരുത്തി. തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ ഗവേഷണ കേന്ദ്രത്തിന് രണ്ട് കോടി നല്‍കും. എം.ജി.യില്‍ ടൂറിസം വൊക്കേഷണല്‍ കോഴ്‌സ് തുടങ്ങും.
കോഴിക്കോട് സര്‍വകലാശാലയില്‍ ഇ.എം.എസ്. ചെയറിന് മാര്‍ക്‌സിസ്റ്റ് ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും മറ്റുമായി 25 ലക്ഷവും ഇന്‍സ്റ്റിട്യൂട്ട് ഓഫ് ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്‌സില്‍ മലയാള ഗ്രന്ഥങ്ങള്‍ തര്‍ജമ ചെയ്യാന്‍ 25 ലക്ഷവും അനുവദിക്കും. ഇടുക്കി, വയനാട്, കോഴിക്കോട്, ബാര്‍ട്ടണ്‍ഹില്‍, ശ്രീകൃഷ്ണപുരം എന്‍ജിനീയറിങ് കോളേജുകളുടെ അടിസ്ഥാനസൗകര്യവികസനത്തിനായി 12 കോടി നല്‍കും.
220 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിലനില്‍ക്കുന്ന ഷിഫ്ട് സമ്പ്രദായം അവസാനിപ്പിക്കും. ഇവിടെയെല്ലാം ആവശ്യമായ കെട്ടിടം പണിയും. പുനര്‍വിന്യാസത്തിലൂടെ അധ്യാപകരെ നിയമിക്കും. സ്‌കൂളുകളില്‍ അധിക ഡിവിഷന്‍ അനുവദിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കും. എയ്ഡഡ് സ്‌കൂളുകളില്‍ ആവശ്യമായി വരുന്ന അധ്യാപക തസ്തികകള്‍ 1:1 എന്ന അനുപാതത്തില്‍ പ്രൊട്ടക്ടഡ് അധ്യാപകരെയും പുതിയ നിയമനവുംവഴി നികത്തും. ജില്ലയെ ഒരു ഗ്രൂപ്പായെടുത്താണ് പുനര്‍വിന്യാസം നടത്തുക. പുതിയ തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം.
3055 ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍കൂടി കമ്പ്യൂട്ടര്‍വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഹൈസ്‌കൂള്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കുള്ള മെരിറ്റ് കം മീല്‍സ് സേ്കാളര്‍ഷിപ്പിന് 32 കോടി വകയിരുത്തി.
കോഴിക്കോട്ടെ പ്രിസം പ്രോജക്ട്, ആലപ്പുഴയിലെ തീരദേശ ഇലക്‌ട്രോണിക് വിദൂര വിദ്യാഭ്യാസ പരിപാടി, കൊടകരയിലെ ഓട്ടിസം പാര്‍ക്ക്, ഒറ്റപ്പാലം ബധിരമൂക വിദ്യാലയം, കുണ്ടറയിലെ പുലരി പദ്ധതികള്‍ക്ക് 25 ലക്ഷം വീതം അനുവദിക്കും.













MathrubhumiMatrimonial