
കുടിവെള്ള മേഖലയ്ക്ക് 1023 കോടി അടങ്കല്‍
Posted on: 21 Feb 2009

നബാര്‍ഡ് ധനസഹായത്തോടുകൂടിയുള്ള 618 കോടിരൂപയുടെ സ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഗണ്യമായ ഭാഗവും ഈവര്‍ഷം ചെലവഴിക്കും. ആലപ്പുഴ യൂഡിസ്മാറ്റ് പദ്ധതിക്കുവേണ്ടി വരുന്ന അധികച്ചെലവ് സംസ്ഥാന സര്‍ക്കാര്‍ നല്‍കും. സുസ്ഥിര നഗരവികസന പദ്ധതിയിലെ കുടിവെള്ള സ്‌കീമുകള്‍, ജെന്റം കുടിവെള്ള സ്‌കീമുകള്‍ എന്നിവയ്ക്ക് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ശീര്‍ഷകത്തിലാണ് പണം വകയിരുത്തിയിട്ടുള്ളത്. ഇതിനുപുറമേ 1200 കോടി രൂപയുടെ ജലനിധി രണ്ടാംഘട്ടം ഈ വര്‍ഷം നടപ്പാക്കിത്തുടങ്ങും. ഇവയെല്ലാം ചേര്‍ക്കുമ്പോള്‍ കുടി വെള്ളമേഖലയില്‍ 2009-10ല്‍ 2000 കോടിയോളം രൂപ മുതല്‍മുടക്കുണ്ടാകും.
സ്പാന്‍ പദ്ധതിപോലെ നഗരമേഖലയ്ക്കും ഓരോ പ്രത്യേക പാക്കേജ് ആരംഭിക്കും. 17 പദ്ധതികളിലായി ഇതിനകം 112 കോടിരൂപ ചെലവഴിച്ചുകഴിഞ്ഞിട്ടുണ്ട്. 129 കോടി രൂപകൂടി ചെലവഴിക്കുകയാണെങ്കില്‍ 8.2 ലക്ഷം ആളുകള്‍ക്ക് രണ്ടുവര്‍ഷത്തിനുള്ളില്‍ കുടിവെള്ളം ഉറപ്പുവരുത്താം.
തൃശ്ശൂരിലെ ചേലക്കര, പുതുക്കാട്, കോലഴി, മറത്തക്കര, ഒല്ലൂര്‍, തൃശ്ശൂര്‍ പട്ടണം തുടങ്ങിയ സ്ഥലങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടും. മഞ്ചേശ്വരം, കൂത്തുപറമ്പ്, പാട്യം, തലശ്ശേരി, പാലക്കാട്, ഷൊര്‍ണ്ണൂര്‍, നെയ്യാറ്റിന്‍കര, തിരുവനന്തപുരം-മണ്‍വിള, വടക്കേക്കര, പാലാ പദ്ധതികളും ഇതില്‍ ഉള്‍പ്പെടും. കൊച്ചി ഡി.എഫ്.ഐ.ഡി. പദ്ധതിയും പൂര്‍ത്തീകരിക്കും. ഇതിനായി ഈ വര്‍ഷം 30 കോടിരൂപ വകയിരുത്തും.'
