
പരമ്പരാഗത വ്യവസായ പദ്ധതി അടങ്കല്‍ കൂട്ടി
Posted on: 21 Feb 2009

കശുവണ്ടി വ്യവസായത്തിനുള്ള പദ്ധതിയടങ്കലില്‍ 17 കോടി കശുവണ്ടി സംഭരണത്തിനാണ്. തൊഴിലാളികളുടെ ഗ്രാറ്റ്വിറ്റി കുടിശ്ശിക തീര്‍ക്കുന്നതിനായി 10 കോടി വകയിരുത്തി. കൈത്തറി വ്യവസായത്തിനുള്ള പദ്ധതിയടങ്കലില്‍ ഒരു ഭാഗം ഹാന്റെക്‌സിന്റെയും ഹാന്‍വീവിന്റെയും പുനരുദ്ധാരണ പാക്കേജിനായി നീക്കിവെച്ചു. ടെക്സ്റ്റ്‌ഫെഡിനു കീഴിലുള്ള സ്പിന്നിങ് മില്ലുകളുടെ പുനരുദ്ധാരണ പാക്കേജിലേക്കുള്ള സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി മൂന്നു കോടിയും റിബേറ്റിനായി 6.35 കോടി രൂപയും വകയിരുത്തി. ഖാദി ഗ്രാമീണ വ്യവസായങ്ങള്‍ക്ക് 5.7 കോടി രൂപ നല്‍കിയപ്പോള്‍ പയ്യന്നൂരിലെ സുവര്‍ണ്ണജൂബിലി സ്മാരകത്തിന് 50 കോടി നീക്കിവെച്ചു. ഖാദി ബോര്‍ഡിലെയും സെറിഫെഡിലെയും ഒരു വിഭാഗം ജീവനക്കാരെ പഞ്ചായത്തിലേക്കു പുനര്‍വിന്യസിക്കും. ബീഡിത്തൊഴിലാളികളുടെ സംരക്ഷണത്തിന് അഞ്ചു കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. ഇവരെ 45 വയസ്സില്‍ വിരമിക്കാന്‍ അനുവദിക്കുകയും പ്രതിമാസം 500 രൂപ പെന്‍ഷന്‍ നല്‍കുകയും ചെയ്യും. നേരത്തേ വിരമിച്ചവര്‍ക്ക് 55 വയസ്സായില്ലെങ്കില്‍ ഈ ആനുകൂല്യം ലഭിക്കും. 55 വയസ്സിനു ശേഷം സാധാരണ പെന്‍ഷനായിരിക്കും ലഭിക്കുക. ചെറുകിട സംരംഭങ്ങള്‍ക്കുള്ള നിക്ഷേപ സബ്‌സിഡികള്‍ക്കായി 13.27 കോടി രൂപയാണ് ബജറ്റിലുള്ളത്. എറണാകുളത്തെ ഇടയാറില്‍ ബഹുനില വ്യവസായ എസ്‌റ്റേറ്റ് സ്ഥാപിക്കാന്‍ 4.5 കോടിയും നിലവിലുള്ള വ്യവസായ എസ്‌റ്റേറ്റുകളുടെ വികസനത്തിനായി 3.24 കോടി രൂപയും നീക്കിവെച്ചു. ചെറുകിട വ്യവസായികള്‍ക്ക് ക്ഷേമനിധി ആരംഭിക്കാന്‍ ഒരു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ചെറുകിട -ഇടത്തരം വ്യവസായങ്ങളെ സംരക്ഷിക്കാന്‍ കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വഴി 500 കോടി രൂപയുടെ വായ്പാ പാക്കേജ് നടപ്പാക്കും. കെ.എസ്.എഫ്.ഇയുടെ പുതിയ 40 ശാഖകള്‍ തുടങ്ങാനും തീരുമാനിച്ചു.
