TravelBlogue

ഷേക്‌സ്​പിയറുടെ നാട്ടില്‍

Posted on: 13 Feb 2009

ഡോ.ജി.ആര്‍.ബിന്ദു



''അഭിനന്ദനങ്ങള്‍ ബിന്ദു!'',

പുലര്‍ച്ചെ അഞ്ചു മണിക്ക് കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരുന്ന് ഭര്‍ത്താവ് സുരേഷ് വിളിച്ചു പറഞ്ഞു. ഞെട്ടി ഉണര്‍ന്നു ചെന്നു നോക്കിയപ്പോള്‍ കാര്യം മനസ്സിലായി. പ്രശസ്തമായ ഐ.ഈ.ഈ എന്ന സ്ഥാപനം ഇംഗ്ലണ്ടിലെ സ്റ്റ്രാറ്റ്‌ഫോട്-അപ്പോണ്‍-ഏവണ്‍ എന്ന സ്ഥലത്ത് ് നടത്തുവാന്‍ പോകുന്ന കോണ്‍ഫറന്‍സില്‍ എന്നെ പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണിച്ചതായിട്ടുള്ള ഈ-മെയില്‍. വിശ്വസിക്കാന്‍ പെട്ടെന്ന് സാധിച്ചില്ല. ആദ്യം ദൈവത്തിനോട് നന്ദി പറഞ്ഞു. പിന്നീട് അമ്മയേയും അച്ഛനേയും ഗുരുനാഥനെയും ഈ വാര്‍ത്ത അറിയിച്ചു. യാത്ര ഒറ്റയ്ക്കു തന്നെ വേണ്ടി വരുമെന്നറിയാമായിരുന്നു. കാരണം ഡോക്ടറായ ഭര്‍ത്താവിന്റെ ജോലിത്തിരക്ക് തന്നെ. എന്നാല്‍ എന്റെ സഹോദരന്‍ കിരണും, അമ്മയുടെ സഹോദരിയും ഇംഗ്ലണ്ടിലുണ്ടായിരുന്നതു കൊണ്ട്, മറ്റ് ആശങ്കകളൊന്നും വേണ്ടിയിരുന്നില്ല.
സ്റ്റ്രാറ്റ്‌ഫോട്-അപ്പോണ്‍-ഏവണ്‍, ലോകം ഒരു നാടകശാലയാണെന്നും, എല്ലാ മനുഷ്യരും ഇവിടെ നടീനടന്മാര്‍ ആണെന്നും ലോകത്തോട് വിളിച്ചു പറഞ്ഞ വിശ്വാസാഹിത്യത്തിലെ എഴുത്തച്ഛനായ ഷേക്‌സ്​പിയറുടെ ജന്മസ്ഥലം ദൈവം എന്ന മഹാനാടകകൃത്തിന്റെ നാടകത്തില്‍ ഞാന്‍ എന്ന കലാകാരി അഭിനയിക്കേണ്ടുന്ന അടുത്തരംഗം ഇതാണെന്ന ബോധത്തോടെ യാത്രയ്‌ക്കൊരുങ്ങി.

ആദ്യവിദേശയാത്ര


ജീവിതത്തിലെ ആദ്യത്തെ വിദേശയാത്ര, അതും ഒറ്റയ്ക്ക്, ഉത്കണ്ഠാകുലമാകേണ്ട മനസ്സില്‍ എന്തുകൊണ്ടോ വളരെ ശാന്തത അനുഭവപ്പെട്ടു. 2004 ഏപ്രില്‍ മാസം 14-ാം തീയതി, വിഷുദിവസം രാവിലെ 8 മണിക്കുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നും യാത്ര തുടങ്ങിയത്. നേരത്തെ പറഞ്ഞു വച്ചതിനനുസരിച്ച് ജനാലയ്ക്കടുത്തുള്ള ഒരു സീറ്റു തന്നെ കിട്ടി. വിമാനം ആകാശത്തിലേയ്ക്ക് പറന്നുയര്‍ന്നപ്പോള്‍ ഈശ്വരന്റെ കൈകള്‍ എന്നെ താങ്ങുന്നതായി അനുഭവപ്പെട്ടു. തൊട്ടടുത്തിരുന്ന യുവതിയായ വിദേശ വനിത ഇംഗ്ലീഷില്‍ എന്നോട് പേരും മറ്റു വിവരങ്ങളും ചോദിച്ചു. അവരോട് കൂടുതല്‍ സംസാരിച്ചപ്പോഴാണ് അവര്‍ വിദേശിയല്ലായെന്നും ഗുജറാത്തുകാരിയായ ദീപയാണെന്നും മനസ്സിലായത്. ലണ്ടനില്‍ അവര്‍ ഒരു യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുകയാണ്. നൃത്തത്തിനോടുള്ള അടക്കാനാകാത്ത അഭിനിവേശം കൊണ്ട് മോഹിനിയാട്ടം ഒരു മാസം പഠിക്കുവാന്‍ വന്നതായിരുന്നു അവര്‍. മറ്റേതൊരു അമ്മയെയും പോലെ ലണ്ടനിലുള്ള തന്റെ രണ്ടു പെണ്‍മക്കളേയും ബിസിനസ്സുകാരനായ ഭര്‍ത്താവിനേയും കാണാനായി ദീപ വെമ്പല്‍ പൂണ്ടിരിക്കുകയായിരുന്നു. വിമാനത്തില്‍ വച്ചു തന്നെ ഞങ്ങള്‍ വളരെ നല്ല സുഹൃത്തക്കളായി. ഏതാണ്ട് അരമണിക്കൂറിനകം ഞങ്ങള്‍ രാവണരാജ്യമായ ശ്രീലങ്കയില്‍ എത്തി. ലണ്ടനിലേക്കുള്ള വിമാനം അടുത്ത ദിവസമേയുള്ളു. അതിനാല്‍ അന്നു ഞങ്ങളെ എയര്‍ലൈസന്‍സുകാര്‍ തന്നെ ഒരു ഹോട്ടലില്‍ താമസിപ്പിച്ചു. കടല്‍ത്തീരത്തുള്ള ആ വിശ്രമകേന്ദ്രം അത്യന്തം സുന്ദരമായിരുന്നു. എനിക്കായി ഒരു പ്രത്യേക മുറി തന്നെ ലഭിച്ചു. അവിടെയെത്തി ഉടന്‍ തന്നെ വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ശ്രീലങ്കന്‍ രൂപ ഇല്ലാത്തതിനാല്‍ ഹോട്ടലില്‍ നിന്നും അതിനു കഴിഞ്ഞില്ല. പിന്നെ അതിനടുത്ത് തന്നെയുള്ള ഒരു ടെലിഫോണ്‍ ബൂത്തില്‍ നിന്നു ഫോണ്‍ ചെയ്യാന്‍ സാധിച്ചു. അവര്‍ക്ക് ഇന്ത്യന്‍ രൂപ വളരെ ഇഷ്ടമാണ്, കാരണം അതിന്റെ മതിപ്പ് ശ്രീലങ്കന്‍ രൂപയെക്കാള്‍ വളരെ അധികമാണ്.
അന്നു വൈകുന്നേരം ബീച്ചില്‍ ദീപയോടൊപ്പം പോയി. അവിടെ വച്ചാണ് ദീപയുടെ ജീവിതത്തില്‍ ഉണ്ടായ ആകസ്മികമായ ചില ദുരന്തങ്ങളെക്കുറിച്ചറിയുവാന്‍ കഴിഞ്ഞത്. കെനിയയിലായിരുന്നു ദീപ വളര്‍ന്നതും പഠിച്ചതുമെല്ലാം. എന്നാല്‍ ഒരു ദിവസം സ്വന്തം വീട്ടില്‍ വച്ചു തന്റെ മാതാപിതാക്കളെ കെനിയയിലെ ചില തീവ്രവാദികള്‍ വെടിയുണ്ടക്കിരയാക്കുന്നത് കണ്ടതിനാല്‍ ഉണ്ടായ മാനസികാഘാതം, ദീപയെ ഒരു മാനസികരോഗത്തിനടിമയാക്കി. പിന്നീട് സ്‌നേഹനിധിയായ ഒരു ഭര്‍ത്താവിനെ ലഭിക്കുകയും, അതോടൊപ്പം ലണ്ടനില്‍ പോയി ഒരു ബിസിനസ്സ് തുടങ്ങുകയും ചെയ്തു. കാലക്രമേണ മനസ്സിനേറ്റ മുറിവിന്റെ നൊമ്പരം തെല്ലൊന്നു മാറിത്തുടങ്ങി. എന്റെ മുന്നിലിരിക്കുന്ന ദീപയെന്ന യുവതി അസാമാന്യ ധൈര്യവും, ഉറച്ച മനസ്സിന്റെയും ഉടമയാണെന്നു ബോധ്യമായത് അപ്പോഴാണ്. കെനിയയിലെ വര്‍ഗ്ഗീയ കിരാതന്മാര്‍ തകര്‍ത്തെറിഞ്ഞ ജീവിതത്തില്‍ നിന്നും നൃത്തമെന്ന മഹത്കലയിലൂടെ കരകയറുവാന്‍ ശ്രമിക്കുകയാണവര്‍! അന്നു രാത്രി ഞങ്ങള്‍ക്കു കാണാന്‍ വേണ്ടി ഹോട്ടലുകാര്‍ തീയാട്ടു പോലൊരു പ്രദര്‍ശനവും നടത്തി തന്നിരുന്നു.

അടുത്ത ദിവസം അതിരാവിലെ ഞങ്ങളെയെല്ലാവരേയും എയര്‍പോര്‍ട്ടിലേക്കു കൊണ്ടുപോയി. ദീപയുടെയും എന്റേയും ആവശ്യാനുസരണം ഞങ്ങള്‍ക്ക് അടുത്തടുത്ത സീറ്റുകള്‍ തന്നെ വിമാനത്തില്‍ തന്നു. ഇനി 11 മണിക്കൂറുകള്‍. ഏതാണ്ടു 5 മണിക്ക് വിമാനം ആകാശത്തിലേയ്ക്ക് പറന്നുയര്‍ന്നു, അങ്ങ് ഷേക്‌സ്​പിയറിന്റെ നാട്ടിലേക്ക്! പഞ്ഞിക്കെട്ടുകള്‍ പോലുള്ള മേഘപടലങ്ങളിലൂടെ വിമാനം പായുമ്പോള്‍ സ്വപ്‌നേപി വിചാരിക്കാത്ത ഒരു യാത്ര നടത്തിതരുന്നതില്‍ ഞാന്‍ സര്‍വ്വേശ്വരനോട് മനസ്സില്‍ നന്ദി പറഞ്ഞു. ഇടയ്ക്കിടയ്ക്ക് വിമാനത്തിന് നല്ല ഒരു കുലുക്കം അനുഭവപ്പെടുമ്പോഴെല്ലാം ക്യാപ്റ്റന്‍ ഉച്ചഭാഷിണിയിലൂടെ പുറത്തുള്ള മോശമായ കാലാവസ്ഥയാണ് അതിനു കാരണം എന്തെന്നു ബോധിപ്പിച്ചുകൊണ്ടിരുന്നു. മുന്നിലുള്ള ടി.വി സ്‌ക്രീനിലൂടെ വിമാനം സഞ്ചരിക്കുന്ന റൂട്ടു വ്യക്തമാക്കുകയും ചെയ്യും. ഒറ്റയ്ക്കാണ് ഞാന്‍ യാത്ര ചെയ്യുന്നത് എന്ന തോന്നല്‍പോലും എന്റെ മനസ്സില്‍ ഉണ്ടായതേയില്ല. എപ്പോഴും ഏതോ ഒരജഞ്ജാത ശക്തി എനിക്ക് കൂട്ടു നല്‍കിയിരുന്നു. പിന്നെ ദീപ എന്ന നല്ല കൂട്ടുകാരിയും ഉണ്ടല്ലോ! എയര്‍ഹോസ്റ്റസുകള്‍ ഇടയ്ക്കിടയ്ക്ക് തണുത്ത പാനീയങ്ങളും ക്രമമായി തന്നുകൊണ്ടിരുന്നു. എന്തുകൊണ്ടെന്ന് എന്നറിയില്ല, ഞാന്‍ സമയം (11 മണിക്കൂര്‍) പോയത് അറിഞ്ഞതേയില്ല. ഏതാണ്ട് 1.30 (ഉച്ച) മണിയോട് കൂടി ലണ്ടന്‍ ഹീത്രു എയര്‍പോര്‍ട്ടില്‍ ഇറങ്ങാന്‍ പോകുന്നതായി ക്യാപ്റ്റന്‍ അറിയിച്ചു. എന്നാല്‍ പിന്നേയും പത്തിരുപത് മിനിറ്റായിട്ടും വിമാനം ഇറങ്ങിയില്ല. ഹീത്രു വളരെ അധികം ട്രാഫിക്ക് ഉള്ള ഒരു എയര്‍പോര്‍ട്ടാണെന്നും, അതുകൊണ്ട് ഞങ്ങളുടെ വിമാനം ക്യൂവിലാണ് എന്നും ദീപ പറഞ്ഞു. അപ്പോള്‍ ഞാന്‍ നമ്മുടെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിലെ ക്യൂ ആണ് ഓര്‍ത്തു പോയത്. വിമാനങ്ങള്‍ക്കും ക്യൂവോ! വിദേശത്ത് ഇതുവരെയും പോയിട്ടില്ലാത്ത എനിക്ക് വളരെ അത്ഭുതം തോന്നി. വെറുതെയൊന്നു ജനാലയില്‍ കൂടി പുറത്തേക്ക് നോക്കിയപ്പോള്‍ അതിലേറെ അത്ഭുതം ജനിപ്പിക്കുന്ന ഒരു കാഴ്ച കണ്ടു. വിസ്തൃമായ സാഗരത്തില്‍ തത്തിക്കളിക്കുന്ന കുഞ്ഞോടങ്ങള്‍ പോലെ. നീലാംബരത്തിലെ വെണ്‍മേഘങ്ങളില്‍ വരിവരിയായി നില്‍ക്കുന്ന വിമാനങ്ങള്‍!! ഓരോന്നും താഴെയിറങ്ങാനായി തങ്ങളുടെ ഊഴം കാത്തുനില്‍ക്കുകയായിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ വിമാനവും താഴെയിറങ്ങി. വിമാനത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ എനിക്ക് വല്ലാത്ത ഒരു ആകാംഷയുണ്ടായിരുന്നു. കാരണം ദീപയുടെ വീട് ലണ്ടന്‍ തന്നെയായിരുന്നു. എന്നാല്‍ എനിക്ക് മറ്റൊരു വിമാനത്തില്‍ കയറി കുറച്ചു കൂടി യാത്ര ചെയ്യാനുണ്ടായിരുന്നു. അതിന് അവരുടെ കൂട്ട് ഇല്ലല്ലോ. മക്കളെ ഉടന്‍ കാണാം എന്ന സന്തോഷം ദീപയുടെ മുഖത്തുണ്ടായിരുന്നു. ഞങ്ങള്‍ സ്വന്തം അഡ്രസ്സും ഈ-മെയില്‍ അഡ്രസ്സും അന്യോന്യം കൈമാറി. പിന്നെ ഞാന്‍ ദീപയെ യാത്രയാക്കി.

എയര്‍പോര്‍ട്ടില്‍ കുറച്ചു ഫോര്‍മാലിറ്റികള്‍ ഉണ്ട്. അതു കഴിഞ്ഞപ്പോള്‍ ഞാന്‍ മാന്‍ചെസ്റ്ററിലേക്ക് ഉള്ള ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിന്റെ കാര്യം തിരക്കി. എന്റെ സഹോദരനും അമ്മയുടെ സഹോദരിയും അവിടെയാണ് എന്നെ കാത്തു നില്ക്കുന്നത്. ഹീത്രുവില്‍ ഓരോ വിമാനത്തിലേക്കും ഉള്ള യാത്രക്കാര്‍ക്ക് ഓരോ ഗേറ്റുണ്ട്. അധികൃതര്‍ പറഞ്ഞതനുസരിച്ച് ഞാന്‍ മറ്റൊരു ഗേറ്റില്‍ ചെന്നു. എനിക്ക് അവിടെ 2-3 മണിക്കൂര്‍ കാത്തിരിക്കണം. ചുറ്റും ഇരിക്കുന്നവരൊക്കെ വെള്ളക്കാര്‍. എന്നാല്‍ ആരും തന്നെ ഇന്ത്യക്കാരിയായ എന്നെ ശ്രദ്ധിക്കുന്നതേയില്ല. എന്നാല്‍ ഒരു വിദേശി കേരളത്തില്‍ വരുമ്പോഴോ!!! കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ എന്‍ക്വയറിയില്‍ എന്റെ ലഗേജിനെപ്പറ്റി അന്വേഷിച്ചു. എന്നാല്‍ ശ്രീലങ്കന്‍ വിമാനത്തില്‍ നിന്നും ഒരു ലഗ്ഗേജും മാന്‍ചെസ്റ്ററിലേക്കുള്ള വിമാനത്തില്‍ എത്തിയില്ല എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. എനിക്ക് വേവലാതിയായി. ഞാന്‍ ഗേറ്റിലെ അധികൃതരെ ഈ കാര്യം അറിയിച്ചു. അവര്‍ ഉടന്‍ തന്നെ പല സ്ഥലങ്ങളിലേക്കും ഫോണ്‍ ചെയ്തു, എന്റെ ബാഗ് എവിടെയാണ് എന്ന് മനസ്സിലാക്കി. എന്തു കൊണ്ടോ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വച്ച് എന്റെ ബാഗില്‍ ഹീത്രു എന്നാണ് സീല്‍ അടിച്ചത് മാന്‍ചെസ്റ്റര്‍ എന്നല്ല. അതുകൊണ്ട് ആ ബാഗ് (പെട്ടി) ഹീത്രൂവില്‍ വച്ച് ആരും കൈപറ്റാത്തതിനാല്‍ അധികൃതര്‍ ഒരു പ്രത്യേക മുറിയില്‍ വച്ചിരിക്കുകയായിരുന്നു. അത് ഞാന്‍ തന്നെ പോയി എടുത്തു കൊണ്ടുവരണം. കാരണം അത് മറ്റൊരു ടെര്‍മിനലിലായിരുന്നു എനിക്ക് ഗേറ്റിലുള്ള അധികൃതര്‍ വഴിയെല്ലാം പറഞ്ഞു തന്നു. മുമ്പ് നിശ്ചയിച്ചിരുന്ന മാന്‍ചെസ്റ്റര്‍ വിമാനത്തില്‍ കയറാന്‍ സമയം വൈകുന്നതുകൊണ്ട് എനിക്ക് സാധിക്കില്ലായിരുന്നു. അതുകൊണ്ട് അധികൃതര്‍ തന്നെ രണ്ട് മണിക്കൂര്‍ കഴിഞ്ഞുള്ള മറ്റൊരു വിമാനത്തില്‍ സീറ്റു തരമാക്കി തന്നു. മാത്രവുമല്ല എന്റെ സഹോദരനെ വിളിച്ച് കാര്യം പറയാമെന്നു ഉറപ്പും തന്നു. അത്രമാത്രം സഹായിക്കാന്‍ അവര്‍ തയ്യാറായിരുന്നു. എന്നാല്‍ തിരുവനന്തപുരം എയര്‍പോര്‍ട്ട് അധികൃതരുടെ അനാസ്ഥ കൊണ്ട് എനിക്കുണ്ടായ ബുദ്ധിമുട്ട് ചെറുതൊന്നുമല്ല. ഏതായാലും ഞാന്‍ ബ്രിട്ടീഷ് എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞതുപോലെ ബാഗു എടുക്കാന്‍ പോയി. ഒരു ''ഹീത്രൂ എക്‌സ്​പ്രസ്'' വഴി പോകണം എന്ന് അവര്‍ പറഞ്ഞിരുന്നു. കേരളത്തിലെ എക്‌സ്​പ്രസ് ഹൈവേ കേട്ടിട്ടുള്ള എനിക്ക് അത് ഒരു റോഡായി മാത്രമേ തോന്നിയുള്ളു. എന്നാല്‍ അവര്‍ പറഞ്ഞ വഴി ചെന്ന എനിക്ക് ഒരു ട്രെയിന്‍ കിടക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. നമ്മുടെ നാട്ടില്‍ ഉള്ളതുപോലുള്ള ഒരു തിരക്കും കാണാനില്ല. എന്നാലും ഒറ്റയ്ക്ക് മറുനാട്ടില്‍ ഒരു ട്രെയിന്‍ യാത്ര! അതും ലക്ഷ്യസ്ഥാനം ഏതെന്നു അറിയാതെയും. എയര്‍പോര്‍ട്ടിന്റെ ഒരു ടെര്‍മിനലില്‍ നിന്നും മറ്റൊരു ടെര്‍മിനലിലേക്കു പോകാന്‍ ടിക്കറ്റു വേണ്ടെന്നും ട്രെയിനില്‍ ഇരുന്ന ഒരു ഇംഗ്ലീഷുകാരന്‍ പറഞ്ഞു.

യാതൊരു മുന്‍പരിചയം ഇല്ലാത്തവരോടും ഇവര്‍ പറയുന്ന 'ഹലോ' എന്ന പ്രയോഗം അഭിനന്ദനീയം തന്നെ. അറിയാതെ തന്നെ ഒരു സൗഹൃദം തോന്നും. 'ഹീത്രൂ എക്‌സ്​പ്രസ്' പതിയെ നീങ്ങിത്തുടങ്ങി. ആദ്യ സ്റ്റോപ്പില്‍ എത്തിയപ്പോള്‍ തന്നെ ടെര്‍മിനല്‍ എത്തിയെന്ന് ട്രെയിനിലുള്ളില്‍ 'അനൗണ്‍സ്‌മെന്റ്' വന്നു. അവിടെയിറങ്ങി അന്വേഷിച്ച് ബാഗു വച്ചിരുന്ന മുറി കണ്ടെത്തി. വളറെ ഭാരമുള്ള പെട്ടിയായിരുന്നു. അതിനാല്‍ തിരിച്ചു ഞാന്‍ പഴയ ഗേറ്റിലെത്താന്‍ നന്നെ പണിപ്പെട്ടു. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വെസ്റ്റേഷനിലെ 'കൂലി' കളെ ഞാന്‍ സ്മരിച്ചുപോയി. ഏതായാലും ഒരു 'ട്രോളി' സംഘടിപ്പിച്ചു. തിരിച്ചു പോകാന്‍ ട്രെയിനില്ല. പകരം ലിഫ്റ്റിലൂടെ മുകളില്‍ കയറി, പിന്നെ ഒരു നീണ്ട വരാന്തയിലൂടെ കുറച്ചു ദൂരം നടക്കണം. ഏതായാലും ദൈവകൃപയാല്‍ സെക്യൂരിറ്റി ചെക്കും പൂര്‍ത്തിയാക്കി. മാന്‍ചെസ്റ്ററിലേക്കുള്ള അവസാന വിമാനം പുറപ്പെടുന്നതിനു മുന്‍പ് ഞാന്‍ ആ ഗേറ്റില്‍ തിരിച്ചെത്തി. ബ്രിട്ടീഷ് എയര്‍വേസിന്റെ വിമാനമായിരുന്നു. എയര്‍ഹോസ്റ്റസ്സിന്റെ വേഷവിധാനം തികച്ചും ആംഗലേയരീതിയില്‍ വളരെ കുറച്ചു സമയമേ യാത്രയുള്ളൂ. അതിനാല്‍ യാത്രക്കാരാരും തന്നെ ഭക്ഷണം വാങ്ങിയില്ല. എന്നാല്‍ എനിക്കതു നിരാകരിക്കാന്‍ കഴിയുമായിരുന്നില്ല. വിശപ്പും ക്ഷീണവും എന്നെ ഗ്രസിച്ചിരുന്നു. എയര്‍ഹോസ്റ്റസ്സിന്റെ കയ്യില്‍ നിന്നും 'സാന്‍വിച്ച്' ഞാന്‍ ശരിക്കും തട്ടിപ്പറിക്കുകയായിരുന്നു! നാല്പതു മിനിട്ടുകള്‍ക്കകം വിമാനം ലണ്ടനില്‍ നിന്നും മാന്‍ചെസ്റ്ററിലെത്തി. പെട്ടിയും മറ്റും ശേഖരിച്ച് ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ വളരെയധികം ഉത്കണ്ഠയും അതിലേറെ അമ്പരപ്പും പ്രതിഫലിക്കുന്ന രണ്ടു മുഖങ്ങള്‍ കാണുമാറായി. എന്റെ സഹോദരന്‍ കിരണും കുഞ്ഞമ്മയും വല്ലാതെ ഭയന്നു നില്‍ക്കുന്നു. എനിക്കൊന്നും മനസ്സിലായില്ല. എന്തു തന്നെയായാലും ഞാന്‍ അല്‍പ്പം വൈകിയെത്തിയെന്നല്ലേയുള്ളൂ. എന്നാല്‍ അപ്പോഴാണ് ഞാന്‍ വിവരം അറിയുന്നത്. ഹീത്രൂ എയര്‍പോര്‍ട്ടില്‍ വച്ച് പെട്ടി കണ്ടെത്തുവാനും, മറ്റൊരു വിമാനത്തില്‍ ടിക്കറ്റു തരമാക്കാനും എന്നെ വളരെയധികം സഹായിച്ച ബ്രിട്ടീഷ് എയര്‍വൈസിലെ വനിത അവര്‍ പറഞ്ഞതു പ്രകാരം തന്നെ എന്റെ സഹോദരനെ ഫോണ്‍ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ ബ്രിട്ടീഷുകാരുടെ വിനയാന്വമായ ഭാഷയില്‍ അവര്‍ പറഞ്ഞത് ഇതാണ്, ''ആര്‍ യൂ മിസ്റ്റര്‍ കിരണ്‍? ഐ ഹാവ് എ വെരി അണ്‍ഫോര്‍ച്ചുനേറ്റ് ന്യൂസ് എബൗട്ട് യുവര്‍ സിസ്റ്റര്‍ ബിന്ദു. ഷീ ഹാസ്...'' (നിങ്ങള്‍ കിരണാണോ? എനിക്ക് താങ്കളുടെ സഹോദരിയെപ്പറ്റി വളരെയധികം നിര്‍ഭാഗ്യകരമായ ഒരു വാര്‍ത്ത അറിയിക്കുവാനുണ്ട്.....) ആദ്യത്തെ രണ്ടു വാചകം കേട്ടതോടെ സഹോദരന്‍ വല്ലാതെ പേടിച്ചുപോയി. അതിന്റെ പകപ്പ് മാറാത്തതിനാലാണ് എന്നെ കാത്തിരുന്ന രണ്ടുപേരും ഉത്കണ്ഠാകുലരായത്. ഏതായാലും ബ്രിട്ടീഷുകാരുടെ സുപ്രസിദ്ധമായ ''പൊളയിറ്റ്‌നസ്സ്'' (വിനയം) ചെയ്‌തൊരു വിന!!!

ലീഡ്‌സിലുള്ള താമസം


വിമാനത്താവളത്തില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ ഒരു ചാറ്റല്‍ മഴയുണ്ടായിരുന്നു. നഗരത്തില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ ഒന്നും തന്നെയില്ല. തിരുവനന്തപുരത്തെ 'വി.ജെ.റ്റി' ഹോള്‍ മാതൃകയിലുള്ള കെട്ടിടങ്ങള്‍. എന്നാല്‍ വളരെയധികം വൃത്തിയുണ്ട്. മാഞ്ചസ്റ്ററില്‍ നിന്നും കുഞ്ഞമ്മയുടെ കാറില്‍ ഞങ്ങള്‍ ലീഡ്‌സ് നഗരത്തിലുള്ള അവരുടെ വീട്ടിലെത്തി. കുഞ്ഞമ്മ ഉണ്ടാക്കി വച്ചിരുന്ന രുചികരമായ ഭക്ഷണം ആദ്യം തന്നെ അകത്താക്കി. നാട്ടില്‍ നിന്നും അമ്മയും അച്ഛനും കൊടുത്തയച്ചിരുന്ന പലഹാരങ്ങളും മറ്റും പെട്ടിയില്‍ നിന്നും എടുത്ത്, അവിടെ കുടുംബാംഗങ്ങള്‍ക്കു വിതരണം ചെയ്തു. പിന്നീട് നന്നായി ഉറങ്ങി.

അടുത്ത ദിവസം കുഞ്ഞമ്മയുടെ കൂടെ ലീഡ്സ്സ് നഗരത്തിലെ മത്സ്യകമ്പോളത്തില്‍ ഒരു സന്ദര്‍ശനം നടത്തി. തിരുവനന്തപുരത്തെ പാളയം കണ്ണിമേറ മാര്‍ക്കറ്റിന്റെ ഓര്‍മ്മയുണ്ടായിരുന്നു മനസ്സില്‍. എന്നാല്‍ മീനിന്റെ ഗന്ധം ഒട്ടും തന്നെ അവിടില്ലായിരുന്നു. വെള്ളകോട്ടും കൈകളില്‍ ഗ്ലൗസ്സും ധരിച്ച് നാട്ടിലെ ഡോക്ടറന്‍മാരെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് അവിടെ കച്ചവടക്കാര്‍ നിന്നിരുന്നത്. ഒരു തുള്ളി വെള്ളംപോലും തറയില്‍ ഒഴുകുന്നുണ്ടായിരുന്നില്ല. മത്സ്യങ്ങളൊക്കെ നന്നായി വൃത്തിയാക്കി ഒരു തരത്തില്‍ പറഞ്ഞാല്‍ നൃത്തം ചെയ്യാന്‍ വേഷം കെട്ടിനില്‍ക്കുന്നതുപോലെ തയ്യാറാക്കി നിരത്തിവെച്ചിരുന്നു. ഞങ്ങള്‍ 'സാല്‍മണ്‍' വാങ്ങി, കുറച്ചു കൊഞ്ചും. കുറച്ചു ചൈനക്കാര്‍ വന്നു ഞണ്ടു വാങ്ങുന്നത് കണ്ടു. ജീവനുള്ള വളരെയധികം വലിയ ഞണ്ടുകള്‍! കാലുകള്‍ കെട്ടിവച്ചിരിക്കുന്നു. അവയെ തൂക്കം നോക്കിയാണ് ചൈനീസുകാര്‍ വാങ്ങിക്കൊണ്ടു പോയത്. പുറത്തു ഇറങ്ങിയപ്പോള്‍, കുറെ പെട്ടിക്കട കച്ചവടക്കാരെ കണ്ടു. ചെറിയ തുകല്‍ ബാഗുകള്‍, ബെല്‍റ്റുകള്‍ എന്നിവ വില്‍ക്കുകയാണ്. പുതുമ നഷ്ടപ്പെടാത്ത പലതരം പച്ചക്കറികളും ഉണ്ട്. ആവശ്യത്തിനു പച്ചക്കറികളും മറ്റും വാങ്ങി, തിരിച്ച് വീട്ടിലേക്കു മടങ്ങി. മടക്കയാത്രയും ചില സ്ഥലങ്ങളില്‍, റോഡിനിരുഭാഗവും നിരപ്പായ പച്ച മേടുകളാണ്. ചെറിയ വേലികള്‍ വച്ചു അതിരുകള്‍ തിരിച്ചിട്ടുണ്ടെന്നു മാത്രം. ചില പഴയ ആംഗലേയ ചിത്രകാരന്മാര്‍ക്കു പ്രചോദനം നല്‍കിയതു, ഈ പ്രകൃതി ഭംഗി തന്നെ എന്തു വ്യക്തം.

വൈക്കിംഗുകളുടെ ജീവിതത്തിലേക്ക് ഒരെത്തിനോട്ടം


അടുത്ത ദിവസം, ലീഡ്‌സിന് അടുത്തുതന്നെ സ്ഥിതി ചെയ്യുന്ന 'ജോര്‍വിക്ക് വൈക്കിംഗ് സെന്റര്‍' സന്ദര്‍ശിക്കാന്‍ എനിക്ക് സാധിച്ചു. ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് 'വൈക്കിംഗ്' എന്ന നാമധേയത്തില്‍ ഇന്ന് അറിയപ്പെടുന്ന ഒരു ജനവിഭാഗം വസിച്ചിരുന്ന ഭൂപ്രദേശമാണ് അത്. 'യോര്‍ക്ക് ആര്‍ക്കിയോളജിക്കല്‍ ട്രസ്റ്റ്'ന്റെ നേതൃത്വത്തില്‍ നടത്തിയ ഭൂഗര്‍ഭ പര്യവേഷണത്തിന്റെ ഫലമായി ഇവിടെനിന്നും ലഭിച്ച വസ്തുക്കള്‍ കൊണ്ട് പഴയ രീതിയില്‍ തന്നെയുള്ള വൈക്കിംഗ് വീടുകളും, വീഥികളും മറ്റും പുനര്‍നിര്‍മ്മിച്ച് പ്രദര്‍ശനത്തിനായി ഇവിടെ ഒരുക്കിയിട്ടുണ്ട്. എ.ഡി. 975, ഒക്‌ടോബര്‍ 25, സമയം വൈകുന്നേരം 5.30ന് ഈ വൈക്കിംഗ് നഗരം എങ്ങനെ ഉണ്ടായിരുന്നുവോ അതേ രൂപഘടനയില്‍ തന്നെയാണ് പുനര്‍നിര്‍മ്മാണം! മനുഷ്യമുഖങ്ങള്‍ പോലും ഇവിടെനിന്നും കണ്ടെത്തിയ തലയോട്ടികള്‍ കൊണ്ടു നിര്‍മ്മിച്ചവയാണ്!
വൈക്കിംഗുകാര്‍ യുദ്ധവീരന്മാരായിരുന്നു - മെടീവല്‍ കാലഘട്ടത്തിലെ സ്‌ക്കാന്റിനേവിയന്‍ കടല്‍വ്യാപാരികളായി, പിന്നീട് യുദ്ധമുറകളില്‍ പ്രാവീണ്യം നേടിയവരായിരുന്നു ഇവര്‍. ബ്രിട്ടീഷ് സംസ്‌കാരം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യമായ ഒരു പങ്ക് വൈക്കിംഗുകാര്‍ക്ക് ഉണ്ട്. അതുകൊണ്ടുതന്നെ കഴിഞ്ഞ 21 വര്‍ഷംകൊണ്ട്, ഏതാണ്ട് 14 ദശലക്ഷം ആളുകളാണ് ഈ കേന്ദ്രം സന്ദര്‍ശിച്ചിട്ടുള്ളത്. ബ്രിട്ടനില്‍, ലണ്ടനുപുറത്ത്, സന്ദര്‍ശകര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു കേന്ദ്രമായിട്ടാണ് അധികൃതര്‍ ജോര്‍വിക്ക് സെന്ററിനെ കണക്കാക്കുന്നത്.
കുഞ്ഞമ്മയോടും അനിയനോടൊപ്പമായിരുന്നു ഞാന്‍ അവിടെ പോയത്. വൈക്കിംഗ് ജീവിതരീതി പരിചയപ്പെടുത്തുവാന്‍ വളരെ രസകരമായ ഒരു മാതൃകയാണ് അവിടെയുണ്ടായിരുന്നത്. വീടുകളും കടകളും എന്തിനേറെ, ശൗചാലയങ്ങള്‍പോലും വൈക്കിംഗ് കാലഘട്ടത്തിലേത്‌പോലെ തന്നെ ഉണ്ടാക്കിവച്ചിരുന്നു. മദ്ധ്യത്തിലുള്ള വീഥിയിലൂടെ താനേ നീങ്ങുന്ന ക്യാരേജില്‍ നമ്മള്‍ ഇരിക്കണം. ഓരോ സ്ഥലം എത്തുമ്പോഴും നമുക്ക് തന്നിരിക്കുന്ന ഹെഡ്‌ഫോണിലൂടെ വിവരണം നല്‍കും. ക്യാരേജ് നീങ്ങുമ്പോള്‍, ആളുകള്‍ തമ്മില്‍ സംസാരിക്കുന്നതു കേള്‍ക്കാം, അവര്‍ പാചകംചെയ്യുന്നത് കാണുവാനും, ഭക്ഷണപദാര്‍ത്ഥത്തിന്റെ മണം ആസ്വദിക്കാനും സാധിക്കും. ഒരു സ്ഥലത്ത് ക്യാരേജ് എത്തിയപ്പോള്‍ വയറ് സുഖമില്ലാതെ മലവിസര്‍ജ്ജനം നടത്തുന്ന ഒരു വൈക്കിംഗിനെ ഒരുക്കിവച്ചിരിക്കുന്നതാണ് കണ്ടത്. വീടിന് പുറത്തുവച്ചിട്ടുള്ള ഒരു വലിയ പാത്രമാണ് അക്കാലത്തെ ടോയിലറ്റ്. ആ ഭാഗത്ത് നിന്നും ദുസ്സഹമായ ഒരു ഗന്ധവും വരുന്നുണ്ടായിരുന്നു!!! ഏതു കാര്യത്തിലും ബ്രിട്ടീഷുകാര്‍ക്കുള്ള നിഷ്‌കര്‍ഷതയുടെ ഉത്തമ ഉദാഹരണം തന്നെയാണത്.
ഏതായാലും വൈക്കിംഗ് നഗരം കാണാന്‍ കഴിഞ്ഞത് ജീവിതത്തിലെ വേറിട്ടൊരു അനുഭവം തന്നെ. പര്യവേഷണം ചെയ്തു ലഭിച്ച ഓരോ സാധനവും വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്ത്, പഴമയുടെ അതേ തനിമയോടെ പുനര്‍നിര്‍മ്മിക്കുവാന്‍ ആ നാട്ടുകാര്‍ എടുത്ത പരിശ്രമം ശ്ലാഘനീയം തന്നെ. സ്‌കാനിംഗ്‌പോലുള്ള അത്യാധുനിക സാങ്കേതികവിദ്യയും പ്രാചീന സംസ്‌കാരവും സമീചീനമായി സമ്മേളിക്കുന്ന ഈ പ്രദര്‍ശനം ബ്രിട്ടനിലെ ഏറ്റവും മികച്ചവയില്‍ ഒന്നായതില്‍ അത്ഭുതമില്ല.

ത്രിമാനമോ അതോ ചതുര്‍മാനമോ?


മറ്റൊരു ദിവസം പ്രത്യേകതരം ഒരു സിനിമ കാണുവാന്‍ അവസരം ലഭിച്ചു. നമ്മുടെ നാട്ടില്‍ ത്രിമാന സിനിമകള്‍ ഉണ്ടല്ലോ? ത്രിമാനമെന്നാല്‍ - മൂന്ന് 'ഡയമെന്‍ഷന്‍' എന്നര്‍ത്ഥം. എന്നാല്‍ ഇതില്‍ ഒരു 'ഡയമെന്‍ഷനും' കൂടി കൂടുതലുണ്ട്. 'ബഗ്‌സ് ലൈഫ്' എന്ന സിനിമയായിരുന്നു അന്ന് പ്രദര്‍ശിപ്പിച്ചത്. ചെറുപ്രാണികളുടെ ജീവിതത്തെ ആസ്​പദമാക്കിയുള്ള ഈ സിനിമയിലുടനീളം സാങ്കേതികമികവിന്റെ ബഹിര്‍സ്ഫുരണം ദര്‍ശിക്കാന്‍ സാധിക്കും. ത്രിമാനതയിലൂടെ കൈവരിക്കുന്ന ദര്‍ശനസൗഖ്യത്തെ ഇരട്ടിപ്പിക്കുവാനായി ഇവിടെ കഥയുടെ ഗതി അനുസരിച്ച് നാം ഇരിക്കുന്ന കസേരകള്‍ കൂടി ചലിപ്പിക്കും. അങ്ങനെ ഒരു വണ്ടു പറന്നടുത്തുവരുന്നതായി തോന്നുക മാത്രമല്ല, അത് അങ്ങനെതന്നെ അനുഭവിക്കുകയും ചെയ്യും. ഈശ്വരാ! സമയം പോയത് അറിഞ്ഞതേയില്ല...

ബര്‍മിംഗ്ഹാംലേക്ക് ട്രെയിനില്‍


കോണ്‍ഫറന്‍സിന്റെ തീയതി അടുത്തു. ഞാന്‍ സഹോദരനോടൊപ്പം ലീഡ്സ്സില്‍ നിന്നും 'ബര്‍മിംഗ്ഹാം' എന്ന സ്ഥലത്തു ട്രെയിനില്‍ ചെന്നിട്ട്, അവിടെ നിന്നും കുഞ്ഞമ്മയുടെ ഒരു സുഹൃത്തിന്റെ കാറില്‍ കോണ്‍ഫറന്‍സ് സ്ഥലമായ സ്റ്റ്രാറ്റ്‌ഫോട്-അപ്പോണ്‍-ഏവണില്‍ ചെല്ലാനാണ് തീരുമാനിച്ചത്. അതിന്‍പ്രകാരം ലീഡ്സ്സിലെ റെയില്‍വെ സ്റ്റേഷനില്‍ ചെന്നു. നല്ല വൃത്തിയും വെടിപ്പുമുള്ള സ്ഥലം. കൃത്യസമയത്തു തന്നെ ട്രെയിന്‍ വന്നു. പ്ലാറ്റ്‌ഫോമില്‍ നിന്നും ട്രെയിനിന്റെ കോച്ചിലേക്കു കയറാന്‍ ഒട്ടും തന്നെ പ്രയാസമില്ല, കാരണം രണ്ടും ഒരേ നിരപ്പിലാണ്, പടികളില്ലെന്നു സാരം. അതുകാരണം വലിയ പെട്ടികള്‍ പോലും പ്ലാറ്റ്‌ഫോമില്‍ നിന്നും ട്രെയിനിലേക്ക് ഉരുട്ടി കയറ്റാം. 'കൂലികള്‍' വേണ്ടേ വേണ്ടേ. ബ്രിട്ടീഷുകാരുടെ സ്വയംപര്യാപ്തതയ്ക്ക് മറ്റൊരുദാഹരണം. കോച്ചിനകത്ത് പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ലോഞ്ചിനെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു ഓരോ ഒരുക്കങ്ങളും. എയര്‍കണ്ടീഷന്റായിരുന്നു കോച്ച്. ഓരോ സീറ്റിനും മുകളില്‍, ആ സീറ്റിലിരിക്കുന്ന യാത്രക്കാരന്‍ എവിടെ വരെ പോകുന്നു എന്നത് സ്ഥലപേരായി എഴുതി കാണിച്ചുകൊണ്ടിരിക്കും. പുറത്തേക്കു നോക്കാനുള്ള ജനാലകള്‍ വളരെയധികം വലുതാണ്. ഞാനും സഹോദരനും സീറ്റുകളില്‍ ഇരുന്നു. അത് സ്ലീപ്പര്‍കോച്ചല്ലായിരുന്നു. അല്പനേരം കഴിഞ്ഞപ്പോള്‍ ട്രെയിന്‍ പുറപ്പെട്ടു. തെല്ലും കുലുക്കമില്ല, തെല്ലും ശബ്ദവുമില്ല. പുറത്തെ കാഴ്ചകള്‍ വളരെ വ്യക്തമായി കാണാനും കഴിയും. ഒരു കോച്ചില്‍ ഒരു പതിനഞ്ചിലേറെ സീറ്റുകളില്ല. വളരെ നിശബ്ദമായ യാത്ര. ജനാലയില്‍ക്കൂടി ഇംഗ്ലണ്ടിലെ ഗ്രാമീണഭംഗി ആസ്വദിച്ചുകൊണ്ടിരുന്നതിനാല്‍ സമയംപോയത് അറിഞ്ഞതേയില്ല. ബ്രൗണ്‍ നിറത്തിലുള്ള ചെറിയ 'ഫാം ഹൗസുകളും' പശുക്കളും, മേച്ചില്‍പ്പുറങ്ങളും മറ്റും മറ്റും പ്രശസ്ത ആംഗലേയ കവകളായ റോബര്‍ട്ട് ഫ്രോസ്റ്റ്, എഡ്‌വര്‍ഡ് തോമസ് മുതലായവര്‍ തങ്ങളുടെ കവിതകളില്‍ പ്രതിപാദിച്ചിട്ടുള്ള ''ഇംഗ്ലീഷ് കണ്‍ട്രീസൈട്''. ഇറങ്ങേണ്ടതായ സ്റ്റേഷന്‍ എത്തിയപ്പോള്‍ എന്തുകൊണ്ടോ ഒരു നഷ്ടബോധം മനസ്സില്‍ ആഴ്ന്നിറങ്ങി. ആ ഒരു രാത്രി ബിര്‍മിംഹംമ്മില്‍ സുഹൃത്തിന്റെ വീട്ടില്‍ തങ്ങി. അടുത്ത ദിവസം പുലര്‍ച്ചെ ചായ കുടിക്കാന്‍ അടുക്കളയില്‍ ചെന്നപ്പോള്‍ ഒരു അത്ഭുതകരമായ കാഴ്ച കണ്ടു. പഞ്ചസാരയും, ശര്‍ക്കരയും മറ്റും നിറച്ചു വച്ചിരിക്കുന്ന ചെറിയ ചെറിയ ഭരണികള്‍ തുറന്നുവച്ചിരിക്കുന്നു. ഉറുമ്പ്, പാറ്റ, പല്ലി ഇവയൊന്നും തന്നെ ആ നാട്ടിലില്ല. എന്നാല്‍ സൂക്ഷിച്ചില്ലെങ്കില്‍ തേള്‍, വണ്ട് എന്നിവ വീട്ടില്‍ കടന്നു കൂടാനുള്ള സാദ്ധ്യതയുണ്ട്. ഒരോ നാട്ടിലേയും പ്രത്യേകതകള്‍...

സ്റ്റ്രാറ്റ്‌ഫോട്-അപ്പോണ്‍-ഏവണിലേക്ക്


രാവിലത്തെ പ്രാതല്‍ കഴിഞ്ഞ് ഞങ്ങള്‍ സുഹൃത്തിന്റെ കാറില്‍ തന്നെ 'സ്റ്റ്രാറ്റ്‌ഫോട്-അപ്പോണ്‍-ഏവണി'ലേക്ക് പുറപ്പെട്ടു. അര-മുക്കാല്‍ മണിക്കൂറിനകം അവിടെയെത്തി ചേര്‍ന്നു. കോണ്‍ഫറന്‍സ് നടക്കുന്നത് ''അല്‍വസ്റ്റല്‍ മാനര്‍'' എന്നു പേരുള്ള ഒരു ഹോട്ടലില്‍ വച്ചായിരുന്നു. വിദേശത്തുള്ള ഒരു വന്‍കിട ഹോട്ടലിനെപ്പറ്റിയുള്ള എന്റെ മുന്‍വിധിയെ തികച്ചും തകര്‍ക്കുന്ന വിധമുള്ള ഒരു കെട്ടിടമായിരുന്നു, അത് തടി കൊണ്ടുണ്ടാക്കിയ ചുമരുകളും, ഓടു കൊണ്ടുള്ള മേല്‍ക്കൂരയും എത്ര ഭംഗിയായി ഒരുക്കി വച്ചിരിക്കുന്നെന്ന് പറഞ്ഞറിയിക്കാന്‍ സാദ്ധ്യമല്ല. കോണ്‍ക്രീറ്റിന്റെ അതിപ്രസരം തെല്ലുമില്ല. ഷേക്‌സ്​പിയര്‍ തന്റെ പ്രഖ്യാതമായ 'മിഡ് സമ്മര്‍ നൈറ്റ്‌സ് ട്രീം' എന്ന നാടകം ആദ്യമായി അവതരിപ്പിച്ച അതേ സ്ഥാനത്തു തന്നെയാണ് ആ ഹോട്ടല്‍ നിര്‍മ്മിച്ചിരുന്നത്. പഴമയുടെ തനിമ ഒട്ടും തന്നെ നഷ്ടപ്പെടാതെ എന്തുമാത്രം നല്ലരീതിയില്‍ ഒരു ഹോട്ടല്‍ അവിടെ കെട്ടിപൊക്കിയിരിക്കുന്നു എന്നലോചിച്ചപ്പോള്‍ സന്തോഷം തോന്നി. നമ്മുടെ തുഞ്ചന്‍ പറമ്പിനേയും, തോന്നയ്ക്കലിലെ ആശാന്‍ സ്മാരകത്തിനേയും, ഉള്ളൂര്‍ സ്മാരകത്തിനേയും ഒരു നിമിഷം ഓര്‍ത്തുപോയി.
അന്നത്തെ ദിവസം പ്രബദ്ധങ്ങള്‍ അവതരിപ്പിക്കുന്ന വിശേഷാല്‍ വ്യക്തികളെ പരിചയപ്പെടുകയും കോണ്‍ഫറന്‍സിന്റെ മറ്റു കാര്യക്രമങ്ങളില്‍ പങ്കെടുക്കുകയും ചെയ്തതിനുശേഷം, ആ സ്ഥലം മുഴുവന്‍ ചുറ്റിക്കാണാന്‍ സഹോദരനും ഞാനും തീരുമാനിച്ചു. ആദ്യം ഞങ്ങള്‍ പോയത് ഷേക്‌സ്​പിയറിന്റെ ജന്മഗൃഹത്തിലായിരുന്നു വളരെ സാധാരണമായ ഒരു കൊച്ചു ഭവനം. തടി ഭിത്തികള്‍ ഉള്ള ഒരു ഇരുനില കെട്ടിടമായിരുന്നു അത്. അവിടുത്തെ ഒരു ഇടുങ്ങിയ മുറിയില്‍ ഒരു സാധാരണ കട്ടില്‍ സജ്ജമാക്കി വച്ചിരിക്കുന്നതു കണ്ടു. അവിടെ നിന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്, ആ മുറിയിലാണ് വിശ്വസാഹിത്യത്തിലെ ഇതിഹാസ പുരുഷനായ ഷേക്‌സ്​പിയര്‍ ജന്മം കൊണ്ടത് എന്നാണ്. ഭാഗ്യം, എന്റെ മഹാഭാഗ്യം, അതൊന്നു കൊണ്ടു മാത്രമാണ് എനിക്കിവിടെ പോകാന്‍ കഴിഞ്ഞത്. ഫോട്ടോഗ്രാഫി പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നതിനാല്‍ ആ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞില്ല. പിന്നെ മറ്റൊരു മുറിയില്‍ വച്ചിരുന്ന അതിഥികള്‍ക്കുള്ള പുസ്തകത്തില്‍ ഞങ്ങള്‍ ഒപ്പിട്ടു. പുസ്തകം പിന്നിലോട്ട് മറിച്ചുനോക്കിയപ്പോള്‍ അത്ഭുതപ്പെട്ടുപോയി, ചാള്‍സ് ഡിക്കന്‍സ്, തോമസ് ഹാര്‍ഡി, ജോണ്‍ കീറ്റ്‌സ് തുടങ്ങിയ അപൂര്‍വ്വ പ്രതിഭകളാണ് ഞങ്ങള്‍ക്ക് മുന്‍പില്‍ ഒപ്പിട്ടിരിക്കുന്നത്!!! അവിശ്വസനീയം!

ഷേക്‌സ്​പിയറിന്റെ കുടുംബത്തിനെ കുറിച്ചു മറ്റും എഴുതിയ ഒരു ഫലകം അടുത്തുതന്നെ വച്ചിട്ടുണ്ടായിരുന്നു. അതിന്‍പ്രകാരം അദ്ദേഹത്തിന്റെ അച്ഛനമ്മമാര്‍ക്ക് ഉണ്ടായ എട്ടു മക്കളില്‍ മൂന്നാമനാണ് വില്യം. മൂത്ത രണ്ടുപേരും ശൈശവദശയില്‍ തന്നെ അകാലമൃത്യുവരിച്ചു. അതിനാല്‍ വില്ല്യം എന്ന ബാലനെ അച്ഛനമ്മമാര്‍ വളരെയധികം താലോലിച്ചു തന്നെ വളര്‍ത്തിക്കാണും! അപ്പോഴാണ് ഇംഗ്ലണ്ടില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ എന്നോട് പറഞ്ഞ കഥ ഓര്‍മ്മ വന്നത്. ഷേക്‌സ്​പിയറിന്റെ പിതാവ് വ്യാപാരിയായിരുന്നു എന്നും, വ്യാപാരത്തിന്റെ ഭാഗമായി അദ്ദേഹം കാശ്മീരില്‍ വരികയുണ്ടായിയെന്നും, അവിടെവച്ച് കഥപറയാന്‍ വളരെയധികം വൈദഗ്ദ്ധ്യമുള്ള 'ശാഖപ്രിയന്‍' എന്ന ഒരു കൊച്ചു ബാലനെ കണ്ടുവെന്നും പുത്രദു:ഖത്താല്‍ വിവശനായിരുന്ന അദ്ദേഹം ശാഖപ്രിയനെ, സ്വന്തം പുത്രനായി ദത്തെടുത്തുവെന്നും, ആ ബാലന്‍ പില്‍ക്കാലത്ത് ഷേക്‌സ്​പിയര്‍ എന്ന നാമധേയം വരിച്ചുവെന്നുമാണ് ആ കഥ. ഏതുകാര്യത്തിലും ഒരു ഭാരതീയ ഉറവിടം കണ്ടെത്തുക എന്ന ഏതു ഇന്ത്യക്കാരന്റേയും കഴിവാണോ അതോ സത്യാവസ്ഥയുടെ എന്തെങ്കിലും കണിക അതിലുണ്ടോ എന്നും അറിയില്ല. ഏതായാലും അതു കണ്ടുപിടിക്കുക ഒരു ചരിത്രകാരന്റെ കടമയാണ്. സാഹിത്യപ്രതിഭ കൊണ്ട് ലോകം കീഴടക്കിയ ഷേക്‌സ്​പിയറിന്റെ ജന്മഗൃഹം കണ്ടതിനുശേഷം ഞങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ വീടിനു പുറകിലായി വിവിധ വര്‍ണ്ണങ്ങളിലുള്ള പുഷ്പങ്ങള്‍ വിടര്‍ന്നു നില്ക്കുന്ന ഒരു പൂന്തോട്ടം കാണാന്‍ കഴിഞ്ഞു.

പിന്നെ ഞങ്ങള്‍ കാണാന്‍ പോയത് ഷേക്‌സ്​പിയറിന്റെ നാടകങ്ങള്‍ ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നത് തിയേറ്ററിലാണ് - റോയല്‍ ഷേക്‌സ്​പിയര്‍ തീയേറ്റര്‍. റോയല്‍ തീയേറ്റര്‍ കമ്പനിക്കാര്‍ നടത്തുന്ന മൂന്നു തീയേറ്ററുകളില്‍ ഒരെണ്ണമായിരുന്നു അത്. 'സ്‌വാന്‍' തീയേറ്റര്‍ എന്ന പേരില്‍ മറ്റൊരു തീയേറ്റര്‍ അടുത്തു തന്നെയുണ്ടായിരുന്നു. നമ്മുടെ നാട്ടില്‍ സിനിമ തീയറ്ററില്‍ മൂന്നു നേരം പ്രദര്‍ശനം ഉള്ളതുപോലെ തന്നെ അവിടെ സ്ഥിരമായി നാടകങ്ങള്‍ നടത്താറുണ്ട്. തീയറ്ററിനു ചേര്‍ന്നു തന്നെ ഒഴുകുന്ന നദിയാണ് ഏവണ്‍ നദി വളരെ മന്ദം മന്ദം ഒഴുകുന്ന ആ നദിയുടെ കരയില്‍ ആപ്പിള്‍ വൃക്ഷങ്ങള്‍ പൂത്തുലഞ്ഞു നില്‍പ്പുണ്ടായിരുന്നു. അവിടെ ഒരു പാര്‍ക്കും നിര്‍മ്മിച്ചിട്ടുണ്ട്. അരയന്നങ്ങള്‍ (സ്‌വാനുകള്‍) ജലക്രീഡ നടത്തുന്നതും കാണാമായിരുന്നു. വാക്കുകള്‍ കൊണ്ട് പകിട കളിക്കുവാന്‍ കഴിവുള്ള വില്യം ഷേക്‌സ്​പിയറിനെ പോലുള്ള മഹാസാഹിത്യകാരന് തന്റെ തൂലികയിലൂടെ വിശ്വസാഹിത്യം രചിക്കാന്‍ മറ്റെന്തു വേണം എന്നു തോന്നിപ്പോകുംവിധം നയന മനോഹരവും ഹൃദ്യവുമാണാദൃശ്യം.

'സ്റ്റ്രാറ്റ്‌ഫോട്-അപ്പോണ്‍-ഏവണ്‍' എന്ന ഈ സ്ഥലത്തു വച്ചു തന്നെയാണ് ആന്‍ ഹാത്ത്‌വേ എന്ന സുന്ദരിയെ ഷേക്‌സ്​പിയര്‍ വിവാഹം ചെയ്യുന്നത്. ഇവിടെ തന്നെയാണ് ആന്‍ ജനിച്ച വീടും.

ഇവിടുത്തെ മിക്ക കടകളിലും ഷേക്‌സ്​പിയറിന്റേയും അദ്ദേഹം ജനിച്ച വീടിന്റേയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത ചെറിയ പാത്രങ്ങള്‍, കുപ്പികള്‍, കപ്പുകള്‍ എന്നിവ ലഭിക്കും. എല്ലാറ്റിനും വളരെയധികം വിലയാണ്. എങ്കിലും കൊത്തുപണിയാല്‍ അദ്ദേഹത്തിന്റെ മുഖം രൂപപ്പെടുത്തിയിട്ടുള്ള ഒരു തളിക ഞാന്‍ ഓര്‍മ്മയ്ക്കായി വാങ്ങി വച്ചു. പിന്നെ പാര്‍ക്കിലെ ഒരു കസേരയില്‍ ചെന്നിരുന്നു, അവിടുത്തെ ദൃശ്യങ്ങള്‍ നോക്കി മതിവന്നില്ലെങ്കിലും നേരം ഇരുട്ടിയപ്പോള്‍ ഞങ്ങള്‍ തിരിച്ചു ഹോട്ടലില്‍ പോയി.








അടുത്ത ദിവസം പുലര്‍ച്ചെ തന്നെ ഉണര്‍ന്നു, പ്രാതലും കഴിച്ച് കോണ്‍ഫറന്‍സ് മുറിയില്‍ ചെന്നു. അന്നായിരുന്നു എന്റെ പ്രഭാഷണം. നല്ല രീതിയില്‍ തന്നെ അവതരിപ്പിക്കുവാന്‍ സാധിച്ചു. വിദേശികളായ പല ഗവേഷകരും വളരെയധികം താത്പര്യത്തോടു കൂടി തന്നെ പല കാര്യങ്ങളും ചോദിച്ചറിയുന്നുണ്ടായിരുന്നു. പിന്നെ കുറച്ചു കഴിഞ്ഞ്, ബ്രിട്ടീഷ് ഇന്റലിജന്‍സിലെ ഒരു ഉദ്യോഗസ്ഥന്‍ എന്നെ സ്വകാര്യസംഭാഷണത്തിനു ക്ഷണിച്ചു. ആദ്യമൊന്നു പരിഭ്രമിച്ചെങ്കിലും, കാര്യമറിഞ്ഞപ്പോള്‍ അഭിമാനവും തോന്നി. അദ്ദേഹത്തിന് ഞാന്‍ ചെയ്യുന്ന ഗവേഷണത്തില്‍ നിന്നും കുറച്ചു കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ ഉണ്ടായിരുന്നു. യുദ്ധത്തില്‍ ഉപയോഗിക്കുന്ന ടാങ്കുകളിലും മറ്റും ഇതുമായി ബന്ധമുണ്ടെന്നു പിന്നീട് എനിക്ക് മനസ്സിലായി.

കോണ്‍ഫറന്‍സിന്റെ സമാപനത്തിനുശേഷം, ഞാന്‍ സഹോദരനോടൊപ്പം ലീഡ്‌സിലേക്കുള്ള മടക്കയാത്രയ്ക്ക് ഒരുങ്ങി. തിരിച്ച് ട്രെയിനില്‍ പോകാനാണ് തീരുമാനിച്ചത്. അതിന്‍പ്രകാരം റെയില്‍വെ സ്റ്റേഷനില്‍ എത്തി. സ്വയം സംസാരിച്ചു കൊണ്ട് പ്ലാറ്റ്‌ഫോമിന്റെ അങ്ങോളമിങ്ങോളം നടക്കുന്ന ഒന്നു രണ്ടു പേരെ ഞാനവിടെ കണ്ടു. ജീവിതത്തിന്റെ പിരിമുറുക്കം കുറയ്ക്കുവാന്‍ നാം കൂട്ടുകാരോടും ബന്ധുമിത്രാദികളോടും വിചാരങ്ങള്‍ പങ്കിടാറുണ്ടല്ലോ. എന്നാല്‍ അങ്ങനെ കേള്‍ക്കുവാന്‍ ആരും തന്നെ നമ്മോടൊപ്പം ഇല്ലെങ്കില്‍ ഉള്ള മാനസികാവസ്ഥ!!! അതിന്റെ പരിണതഫലമാണ് ഞാന്‍ കണ്ടത്. ഇവരില്‍ ഒരാള്‍ എന്റെ സഹോദരന്‍ കിരണിനോട് വന്ന് യാതൊരു പ്രസക്തിയുമില്ലാത്ത ചില കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു. കിരണ്‍ അത് കേട്ടുകൊണ്ടിരുന്നു. ഒരു സഹായം. അത്ര മാത്രം.

ഇവിടെയും ഒരു ഇന്ത്യക്കാരി


കുറച്ചുനേരത്തെ കാത്തിരിപ്പിനുശേഷം ട്രെയിന്‍ വന്നു. ഞങ്ങള്‍ അതിനകത്തു കയറി. ഞാനിരുന്ന സീറ്റിനടുത്ത് വന്നിരുന്ന പെണ്‍കുട്ടിയെ അറിയാതെ ശ്രദ്ധിച്ചുപോയി. എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടിരുന്ന ആ കുട്ടി ഒരു തമിഴ്‌നാട്ടുകാരിയായിരുന്നു. ഉമയെന്നു പേര്. കുറച്ചു ദൂരെ ഭര്‍ത്താവിനോടൊപ്പമാണ് താമസം. എന്നും ജോലിസ്ഥലത്ത്എത്തിച്ചേരാനായി ട്രെയിനില്‍ സഞ്ചരിക്കാറുണ്ടത്രേ. എന്നെ കണ്ടപ്പോള്‍ ഉമയ്ക്ക് എന്തെന്നില്ലാത്ത സന്തോഷവും അതിലേറെ അത്ഭുതവും. ഇംഗ്ലണ്ടിലായിട്ടുപോലും സാമ്പാറും ഇഡ്ഡലിയും പച്ചക്കറികളും മാത്രം കഴിക്കുന്ന ഉമ, സ്വന്തം നാടിനേയും നാട്ടിലെ ആഹാരങ്ങളേയും വളരെയേറെ ഇഷ്ടപ്പെടുന്നുണ്ട്. ഇടയ്‌ക്കൊക്കെ നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നുമുണ്ട്. ഉമയോട് സംസാരിച്ചിരുന്നു നേരം പോയത് അറിഞ്ഞില്ല.

റോബിന്‍ഹുഡിന്റെ കാട്ടില്‍


സ്റ്റ്രാറ്റ്‌ഫോടില്‍ നിന്നും ലീഡ്‌സിലേക്ക് തിരിച്ചെത്തിയിട്ട് പിന്നെ മറ്റൊരു യാത്ര പോയി. 'സെന്റര്‍ പാര്‍ക്ക്‌സ്' എന്ന സുഖവാസ കേന്ദ്രത്തിലേക്കായിരുന്നു അത്. രണ്ടു ദിവസം അവിടെ തങ്ങാനായിരുന്നു തീരുമാനം. ഞങ്ങള്‍ കുറച്ചു മലയാളി സ്ത്രീകള്‍ മാത്രം അടങ്ങുന്ന ഒരു സംഘമാണ് അവിടെ പോയത്. കൂടുതലും എന്റെ കുഞ്ഞമ്മയ്ക്ക് പരിചിതര്‍. നോട്ടിങ്ങ്ഹംഷയറിലുള്ള ആ കേന്ദ്രം ''ഷെര്‍വുഡ് ഫോറസ്റ്റിലാണ്'' സ്ഥിതി ചെയ്യുന്നത്. പുരാതന ഇംഗ്ലീഷ് നാടോടി കഥകളിലെ നായകനായ റോബിന്‍ ഹുഡ് താമസിച്ചിരുന്ന കാട്ടുപ്രദേശം! സ്വച്ഛ സുന്ദരമായ അന്തരീക്ഷം! തിരക്കേറിയ നഗരജീവിതത്തില്‍ ലഭിക്കുന്ന ഒരിടവേളയില്‍ രാപാര്‍ക്കാന്‍ വെള്ളക്കാര്‍ കണ്ടെത്തിയ ഒന്നാന്തരം ഒരു വിശ്രമകേന്ദ്രമായിരുന്നത്. രണ്ടുദിവസത്തെ അവിടുത്തെ താമസം മാനസികോല്ലാസം പ്രദാനം ചെയ്യുന്നതായിരുന്നു.

മഹത്തായ ലണ്ടന്‍ നഗരം

ലീഡ്സ്സില്‍ വന്നിട്ട് പിന്നെ ലണ്ടണിലേക്കു പോയി. വളരെയേറെ വിസ്തൃതിയുള്ള 'മോട്ടോര്‍ വേ' യിലൂടെ എന്റെ കുഞ്ഞമ്മ ഡ്രൈവ് ചെയ്ത കാറിലാണ് യാത്ര ചെയ്തത്. മോട്ടോര്‍ വേയുടെ വശങ്ങളില്‍ 'മോട്ടല്‍'സും ഭക്ഷണശാലകളും, പെട്രോള്‍ പമ്പുകളും മറ്റും യാത്രക്കാരുടെ സൗകര്യാര്‍ത്ഥം നിര്‍മ്മിച്ചിട്ടുള്ളതാണ്. ചില ന്യൂനപക്ഷം കേരളീയരുടെ എതിര്‍പ്പു കാരണം മുടങ്ങിയ നമ്മുടെ എക്‌സ്​പ്രസ് ഹെവേയുടെ കാര്യം ഞാനപ്പോള്‍ ഓര്‍ത്തുപോയി. നമുക്ക് നഷ്ടപ്പെടുന്ന സൗകര്യങ്ങള്‍ നാം അറിയുന്നില്ല, എന്നു തോന്നി.

ലീഡ്സ്സില്‍ നിന്നും ലണ്ടനിലേക്കുള്ള 200 മൈല്‍ ഏതാനും മണിക്കൂറുകള്‍ കൊണ്ടാണ് ഞങ്ങള്‍ (ഞാന്‍, അനുജന്‍, കുഞ്ഞമ്മ) താണ്ടിയത്. ഒടുവില്‍ മഹത്തായ ലണ്ടന്‍ നഗരത്തില്‍ എത്തി. അവിടെയുള്ള ഒരു സുഹൃത്തിന്റെ വീട്ടിലാണ് ഞങ്ങള്‍ തങ്ങിയത്. ആ ദിവസം, ലണ്ടനിലെ പലതരം കാഴ്ചകള്‍ ചുറ്റിനടന്നും, ബസ്സില്‍ കയറി സഞ്ചരിച്ചും ഞങ്ങള്‍ കണ്ടു. ബക്കിംഹം പാലസ്സില്‍ എത്തിയപ്പോള്‍ അവിടെ 'ചെയ്ഞ്ച് ഓഫ് ഗാര്‍ഡ്‌സ്' എന്ന സമ്പ്രദായം കണ്ടു. ഹയിഡ് പാര്‍ക്ക്, മാഡം ടുസ്സാടിന്റെ വാക്ക്‌സ് മ്യൂസിയം, പ്രൈംമിനിസ്റ്ററിന്റെ വസതിയായ നമ്പര്‍ ടെന്‍, ഡൗണിങ് സ്റ്റ്രീറ്റ്, കിരണ്‍ പി.എച്ച്.ഡി. ചെയ്തുകൊണ്ടിരുന്ന 'ലണ്ടണ്‍ സ്‌കൂള്‍ ഓഫ് എക്കൊണോമിക്ക്‌സ്', എന്നീ പ്രശസ്തമായ സ്ഥലങ്ങളും കണ്ടു. ചരിത്ര പുസ്തകതാളുകളില്‍ വച്ചു മാത്രം പരിചയപ്പെട്ടിട്ടുള്ള ഈ ദൃശ്യങ്ങള്‍ നേരിട്ടു കണ്ടപ്പോഴുള്ള അനുഭൂതി അവര്‍ണ്ണനീയം. ആര്‍തര്‍ കോനന്‍ ഡോയലിന്റെ വിശ്വപ്രശസ്ത സൃഷ്ടിയായ ഷെര്‍ലക്ക് ഹോംസിന്റെ ഓര്‍മ്മയ്ക്കായി ഒരു വീടും ഇവിടുണ്ട്. തേംസ് നദിയില്‍ കൂടിയുള്ളബോട്ട് യാത്ര വേറിട്ടൊരു അനുഭവമായിരുന്നു. അന്നുരാത്രി ഞങ്ങള്‍ 'ലയണ്‍ കിംഗ്' എന്ന സംഗീതനാടകം കാണാന്‍ തിയറ്ററില്‍ പോയി. അത്യധികം ചടുലമായ അംഗവിക്ഷേപങ്ങള്‍ കൊണ്ട് നടീനടന്മാരും, രംഗാവിഷ്‌കാരങ്ങളും കാണികളെ രസിപ്പിച്ചു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അവസരങ്ങള്‍!

മാതൃഭൂമിയിലേക്ക് മടക്കയാത്ര


രചനാവൈഭവം കൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയ ഇംഗ്ലീഷ് സാഹിത്യത്തിന്റെ നവോത്ഥാന നായകനായ ഷേക്‌സ്​പിയറിന്റെ നാട്ടില്‍ നിന്നും എഴുത്തച്ഛന്റെ നാടായ കേരളത്തിലേക്ക് നിറഞ്ഞ മനസ്സുമായാണ് ഞാന്‍ തിരിച്ചെത്തിയത്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സൂര്യനസ്തമിച്ചിട്ടും ഒരിക്കലും അസ്തമിക്കാത്ത ഒരു സൂര്യപ്രഭയായ് ഷേക്‌സ്​പിയര്‍ കൃതികള്‍ ഇന്നും ലോകം മുഴുവന്‍ ജ്വലിച്ചു നില്‍ക്കുന്നു. ആ മഹാതേജസ്സിന്റെ ഉറവിടം ദര്‍ശിച്ച ഞാന്‍ ചാരിതാര്‍ത്ഥ്യമടഞ്ഞു.



MathrubhumiMatrimonial