goodnews head

അക്ഷരങ്ങളിലൂടെ ജീവിതം പഠിപ്പിച്ച്‌

Posted on: 08 Sep 2012

നിലീന അത്തോളി



തൃശ്ശൂര്‍ : ഏഴു കൊല്ലമായി വിനോദ് ജുവനൈല്‍ ഹോമിലാണ്. വയസ്സ് പതിനഞ്ചായി. എന്നാല്‍ ആറാം ക്ലാസ്സിലാണിപ്പോഴും. വര്‍ഷങ്ങളൊത്തിരിയായി അച്ഛനെയും അമ്മയെയും കണ്ടിട്ട്. ഒരിക്കല്‍ അവരെ കാണാന്‍ വേണ്ടി ഓടിപ്പോയെങ്കിലും ഇരുവരും വിനോദിനെ തള്ളിപ്പറഞ്ഞു. 'അച്ഛന്‍' 'അമ്മ' എന്ന് വിനോദ് എഴുതിത്തുടങ്ങിയിട്ടധികമായില്ല. അക്ഷരമാല അറിയാത്ത ജുവനൈല്‍ ഹോമിലെ നിരവധി കുട്ടികളില്‍ ഒരുവനാണ് ഇവനും. തൃശ്ശൂര്‍ ജുവനൈല്‍ ഹോമില്‍ ഇങ്ങനെ നിരവധി പേരുണ്ട്. ചന്ദ്രശേഖരന്‍ , മണികണ്ഠന്‍... അങ്ങനെപോകും അവരുടെ പേരുകള്‍. 15 വയസ്സിലും അക്ഷരമാലപോലും നേരാംവണ്ണം അറിയാതെ യു.പി. സ്‌കൂളില്‍ തുടരുന്ന കുട്ടികള്‍.

കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടി 15 വര്‍ഷം പൂര്‍ത്തിയാവുമ്പോഴും സംസ്ഥാനത്തെ വിവിധ ജുവനൈല്‍ ഹോമുകളില്‍ പല കുട്ടികള്‍ക്കും അക്ഷരമാലപോലും അറിയില്ല. ഈ തിരിച്ചറിവാണ് തൃശ്ശൂര്‍ വിമല കോളേജിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥികളെ വേറിട്ട് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ജുവനൈല്‍ ഹോമിലെ വിദ്യാര്‍ഥികളെ സമ്പൂര്‍ണ സാക്ഷരരാക്കുക എന്ന ദൗത്യമാണ് ഇവര്‍ ഏറ്റെടുത്തത്. മികച്ച എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഡോ. ഫീബ റാണി ജോണിന്റെയും കോളേജിലെ എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്ററായ മേരി തോമസ്സിന്റെയും നേതൃത്വത്തില്‍ ഇവര്‍ ജുവനൈല്‍ ഹോമിലെ കുട്ടികളെ കൈപിടിച്ചുയര്‍ത്തുകയാണ്. അവധിക്ക് മറ്റ് വിദ്യാര്‍ഥികള്‍ ഓണമാഘോഷിക്കുമ്പോള്‍ വിമലയിലെ 75ഓളം വരുന്ന എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍ ജുവനൈല്‍ ഹോമിലെ കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകരുകയായിരുന്നു. അവരോടൊപ്പം ചേര്‍ന്ന് കലാപരിപാടികളവതരിപ്പിച്ചും കളിച്ചും പാട്ടു പാടിയും പഠനത്തെ രസകരമാക്കാന്‍ ഇവര്‍ക്ക് സാധിച്ചു.5 ദിവസം തുടര്‍ച്ചയായി ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നിവയില്‍ ഗ്രൂപ്പായി തിരിച്ച് എല്ലാ കുട്ടികള്‍ക്കും ക്ലാസ്സുകള്‍ നല്‍കി.

ആദ്യദിവസം പുസ്തകവുമായി തിരിഞ്ഞോടിയ കുട്ടികള്‍ പിന്നീട് എല്ലാ ദിവസവും 9 മണിയാകുമ്പോള്‍ പഠിക്കാന്‍ ഹാജരാകുന്ന കാഴ്ചയാണ് പിന്നീടുണ്ടായതെന്ന് എന്‍.എസ്.എസ് വിദ്യാര്‍ഥികളായ റോസ് പയസ്സും രേണുകാദേവിയും നയന്‍താരയും പറയുന്നു. സ്‌കൂളില്‍ വന്ന് പേരിന് പഠിക്കുന്നുവെന്നല്ലാതെ ട്യൂഷന്‍ സമ്പ്രദായമോ ഹോംവര്‍ക്കുകളോ ഒന്നും ഇവര്‍ക്ക് പരിചയമില്ല. ട്യൂഷന് അധ്യാപകരെ വെയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും വന്നവരെല്ലാം തന്നെ രണ്ട് ദിവസത്തിനകം മടങ്ങുകയായിരുന്നുവെന്നാണ് ജുവനൈല്‍ ഹോമിലെ കെയര്‍ടേക്കര്‍ നല്‍കുന്ന മറുപടി.

കുടുംബം എന്ന സങ്കല്‍പം കണ്ടറിയാത്തവരായിരുന്നു ഇവരില്‍ പലരും. ജുവനൈല്‍ ഹോം പോലെയാണോ വീടെന്നായിരുന്നു പലര്‍ക്കും ചോദിക്കാനുണ്ടായിരുന്നതെന്ന് രേഷ്മയും ദിവ്യയും തസ്‌നി ഹുസൈനും പറയുന്നു

വിജയും അജയും സഹോദരങ്ങളാണ്. അജയ്ക്ക് കുളിക്കാനിഷ്ടമല്ല. ആഴ്ചകളോളം കുളിക്കാതെയാണ് അവന്‍ സ്‌കൂളില്‍ പോയിരുന്നത്. എന്‍.എസ്.എസ്. പെണ്‍കുട്ടികളുടെ ആവശ്യപ്രകാരം വിജയ് അനിയനെ കുളിപ്പിക്കാമെന്ന് സമ്മതം മൂളി. അങ്ങനെയാണ് അജയ് ആഴ്ചകള്‍ക്ക് ശേഷം വെള്ളം കാണുന്നത്.

ഇവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി. എംബ്രോയ്ഡറി വര്‍ക്ക്, പെയിന്റിങ് എന്നിവ പഠിപ്പിച്ചു. ചിത്രരചനാ മത്സരം നടത്തി. നന്നായി വരയ്ക്കുന്നവര്‍ക്ക് പെയിന്റും ബ്രഷും സമ്മാനമായി നല്‍കി. ഇനി അവര്‍ വരച്ചും തുന്നിയും ഉണ്ടാക്കുന്ന സാധനങ്ങള്‍ വിപണിയിലെത്തിച്ച് കിട്ടുന്ന കാശുകൊണ്ട് ഇവര്‍ക്കായി ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങാനും ഈ പെണ്‍കുട്ടികള്‍ ആലോചിക്കുന്നുണ്ട്.
കഴിഞ്ഞ സാക്ഷരതാ ദിനത്തില്‍ ജുവനൈല്‍ ഹോമിലെ കുട്ടികള്‍ക്കായി ഒരു ലൈബ്രറി ഒരുക്കി നല്‍കിയിട്ടുണ്ട് ഇവര്‍. ഏറ്റവും കൂടുതല്‍ പുസ്തകം വായിച്ച കുട്ടികള്‍ക്ക് സമ്മാനങ്ങളും ഇവര്‍ പിരിച്ചെടുത്ത കാശുകൊണ്ട് നല്‍കുന്നു. 75 പേരുള്ള എന്‍.എസ്.എസ്. വളണ്ടിയര്‍മാരെ ഗ്രൂപ്പുകളായി തിരിച്ച് ജുവനൈല്‍ ഹോമിലെ കുട്ടികള്‍ക്ക് ഇനി വിമലയിലെ കുട്ടികള്‍ ക്ലാസെടുക്കും. എല്ലാ ശനിയാഴ്ചയും ജുവനൈല്‍ ഹോമില്‍ പോയി സ്‌പെഷല്‍ ക്ലാസ്സുകള്‍ നല്‍കാനാണ് പരിപാടി.

അക്ഷരങ്ങള്‍ പഠിച്ചതിലുപരിയായി ചേച്ചിമാര്‍ വന്നു തുടങ്ങിയതിനുശേഷം നിങ്ങളില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടായി എന്ന ചോദിച്ചാല്‍ കുട്ടികള്‍ ഒറ്റസ്വരത്തില്‍ പറയും-ഇനി ഞങ്ങള്‍ 'അവനെ' പൊട്ടനെന്ന് വിളിക്കില്ല. സംസാരിക്കാനും കേള്‍ക്കാനും കഴിയാത്ത 'അവനെ' ഇത്രയുംനാള്‍ ഞങ്ങള്‍ പൊട്ടനെന്നാണ് വിളിച്ചിരുന്നത്. ഇനിയതുണ്ടാവില്ല.

 

 




MathrubhumiMatrimonial