goodnews head

രക്ഷകനായി വര്‍ഗീസ്‌

Posted on: 06 Sep 2012

പി.പി.ലിബീഷ്‌കുമാര്‍



2012 ആഗസ്ത് 27
കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍
രാവിലെ 7.30.

രണ്ടാമത്തെ പ്ലാറ്റ്‌ഫോം നിറയെ ആള്‍ക്കാര്‍. ചെറുവത്തൂര്‍-മംഗലാപുരം പാസഞ്ചര്‍ വരുന്നതിന്റെ അനൗണ്‍സ്‌മെന്റ്. വിദ്യാര്‍ഥികള്‍ കൂട്ടമായി റെഡിയായി നില്‍ക്കുന്നു. തീവണ്ടിയുടെ തല ദൂരെ കണ്ടപ്പോള്‍ പ്ലാറ്റ്‌ഫോം ശബ്ദമുഖരിതമായി. ആളുകള്‍ ഇറങ്ങുന്നു, കയറുന്നു....

വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ ഒരു നിലവിളി. തീവണ്ടിയില്‍ കയറുന്നതിനിടെ പ്ലാറ്റ്‌ഫോമിനിടയില്‍ കുടുങ്ങി ഒരു വിദ്യാര്‍ഥി നിലവിളിക്കുകയാണ്. രക്തം ചീറ്റി ഒഴുകുന്നു. അവന്റെ കാലുകളെ പിഴിഞ്ഞുകൊണ്ട് തീവണ്ടിമെല്ലെ നീങ്ങുകയാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട യാത്രികര്‍ അനങ്ങുന്നില്ല. നോക്കിക്കൊണ്ടിരിക്കുന്നു. ചിലര്‍ മൊബൈലില്‍ പടം എടുക്കുന്നു. നിലവിളി ശ്രദ്ധയില്‍പ്പെട്ട ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍ ചിത്രരാജ് ചെയിന്‍ വലിക്കൂ എന്ന് ഉച്ചത്തില്‍ അലറിക്കൊണ്ട് ഓടുകയാണ്. ആരും പക്ഷേ ചെയിന്‍ വലിച്ചില്ല. റെയില്‍വേ ജീവനക്കാരനായ സന്താനം കാണിച്ച റെഡ് സിഗ്‌നല്‍ കണ്ട് എന്‍ജിന്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി.

ചോരയില്‍ മുങ്ങിയ വിദ്യാര്‍ഥി നടുക്കമായി കണ്‍മുന്നില്‍. പ്രതികരിക്കാനാകാതെ പലരും കാഴ്ചക്കാരായി. റെയില്‍വേ അധികൃതര്‍ ആംബുലന്‍സിന് വിളിച്ചു. അപ്പോള്‍ ഒരാള്‍ ഓടിവന്ന് വിദ്യാര്‍ഥിയെ വാരിയെടുത്തു. അറ്റുപോയ കാല്‍ പെറുക്കിയെടുത്തു. പ്ലാറ്റ്‌ഫോമിന് വെളിയില്‍ നിര്‍ത്തിയിട്ട തന്റെ സ്വന്തം കാറില്‍ കിടത്തി. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളോട് വിവരം പറഞ്ഞു. ബോധം പോകാത്ത മനസ്സുമായി പിന്‍സീറ്റില്‍ കിടക്കുന്ന കുട്ടി അണങ്കൂര്‍ പച്ചക്കാട്ടെ ഫൈസലാണെന്നും മംഗലാപുരത്തെ കോളേജിലേക്ക് പോകുകയായിരുന്നെന്നും പറഞ്ഞു. വീട്ടിലെ ഫോണ്‍ നമ്പറും ചോദിച്ചറിഞ്ഞു. ഇദ്ദേഹം നമ്പര്‍ എഴുതിയെടുത്ത് പോലീസിന് നല്‍കി. കാര്‍ കാസര്‍കോട്ടെ ആസ്പത്രിയിലേക്ക്...

രക്ഷയില്ല. രക്തം വാര്‍ന്നുപോവുകയാണ്. ഉടന്‍ മംഗലാപുരത്തെത്തിക്കണം. ഡോക്ടര്‍മാര്‍ അറിയിച്ചു. ഇദ്ദേഹം തന്നെ ആംബുലന്‍സ് വിളിച്ചു. പരിചയക്കാരനായ ഡ്രൈവര്‍ പ്രകാശന്‍ വണ്ടിയുമായി വളരെ പെട്ടെന്ന് എത്തി. വാഹനം കുതിക്കുമ്പോള്‍ മംഗലാപുരത്തെ ആസ്പത്രിയിലേക്ക് വിളിച്ച് ഡോക്ടര്‍മാരെ റെഡിയാക്കി.

റോഡിലെ കുണ്ടും കുഴിയും അവഗണിച്ച് ചുരുങ്ങിയ സമയത്തില്‍ മംഗലാപുരത്തെത്തുമ്പോള്‍ ആസ്പത്രി അധികൃതര്‍ റെഡി. ഓപ്പറേഷന്‍ തീയറ്ററിലേക്ക് കൊണ്ടുപോകണമെങ്കില്‍ മുന്‍കൂര്‍ ബില്ലടക്കണം. കീശയിലുണ്ടായിരുന്ന അയ്യായിരത്തോളം രൂപ കൗണ്ടറില്‍ ഏല്പിച്ചു. ഒപ്പം തന്റെ തിരിച്ചറിയല്‍ കാര്‍ഡും. അവര്‍ ഫൈസലിന്റെ പേരിനൊപ്പം രജിസ്റ്ററിലെഴുതി.

എ.ഒ.വര്‍ഗീസ് - ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സിപി.സി.ആര്‍.ഐ.-കാസര്‍കോട്, ചക്കിട്ടടുക്കം, അട്ടേങ്ങാനം, കാഞ്ഞങ്ങാട്, കേരള, ഫോണ്‍: 9447955712.

മംഗലാപുരം സ്വകാര്യ കോളേജില്‍ പഠിക്കുന്ന ബി.ബി.എ. വിദ്യാര്‍ഥി അണങ്കൂര്‍ പച്ചക്കാട്ടെ ഫൈസലെന്ന 19കാരന്‍ മരണത്തില്‍നിന്ന് രക്ഷപ്പെട്ടു. ഒരു കാല്‍ മുറിച്ചുമാറ്റി. വീട്ടുകാര്‍ ആസ്പത്രിയിലെത്തി. അപ്പോഴേക്കും എ.ഒ.വര്‍ഗീസ് എന്ന 'രക്ഷകന്‍' കാസര്‍കോട്ടേക്ക് മടങ്ങി.

കാസര്‍കോട്ടെ കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റായ എ.ഒ.വര്‍ഗീസ് തീവണ്ടിയില്‍ വരുന്ന സഹപ്രവര്‍ത്തകരെ കൂട്ടാനാണ് സ്വന്തം കാറുമായി അന്ന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തിയത്. ഈ സമയത്താണ് വിദ്യാര്‍ഥിയുടെ നിലവിളി കേട്ടതും ഓടിയടുത്തതും. ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ ചെയിന്‍ വലിക്കൂ എന്നുപറഞ്ഞ് അലറുന്ന സമയം തന്നെ വണ്ടിയില്‍ ഉണ്ടായിരുന്നവര്‍ ചെയിന്‍ വലിച്ചിരുന്നെങ്കില്‍ കുട്ടിയുടെ കാല്‍ നഷ്ടപ്പെടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളോട് അദ്ദേഹം പറയുന്നു- തീവണ്ടിയില്‍ തൂങ്ങി യാത്ര ചെയ്യരുത്. യാത്രാസമയം മൊബൈലില്‍ കളിക്കുകയുമരുത്.
ഇങ്ങനെ ഒരാളെ ഈ കാലത്ത് നമുക്ക് കാണാന്‍ കഴിയുക അപൂര്‍വമാണ്. എ.ഒ.വര്‍ഗീസ് എന്ന രക്ഷകന്റെ ബയോഡാറ്റയില്‍ നിറയെ രക്ഷാപ്രവര്‍ത്തനങ്ങളാണ്. കണ്‍മുന്നില്‍ കണ്ട നൂറുകണക്കിന് അപകടങ്ങളില്‍ പലരെയും വര്‍ഗീസ് രക്ഷപ്പെടുത്തി.

അടുക്കത്ത്ബയലിലുണ്ടായ വാഹനാപകടത്തില്‍ കാര്‍ യാത്രക്കാരനെ രക്ഷിച്ചതും കിണറിന്റെ ആഴങ്ങളില്‍നിന്ന് പെണ്‍കുട്ടിയെ കരയ്‌ക്കെത്തിച്ചതും തീവണ്ടിക്കുമുന്നില്‍ മരിച്ച മൊഗ്രാല്‍-പുത്തൂരിലെ പരിചയക്കാരന്റെ ഛിന്നഭിന്നമായ ശരീരം പെറുക്കിയെടുത്തതും ഇദ്ദേഹം തന്നെ.

പലപ്പോഴും ആസ്പത്രിയിലും ആംബുലന്‍സിനും മരുന്നിനും മറ്റും മുന്‍കൂട്ടി പണം നല്‍കുന്നത് ഇദ്ദേഹത്തിന്റെ കൈയില്‍നിന്നുതന്നെയാണ്. പലരും തിരിച്ചുതരും. ചിലത് കിട്ടാതെയും. ഇതിലൊന്നും പരാതിയോ പരിഭവമോ ഇല്ല. നന്ദി എന്ന വാക്കിന് കാത്തുനില്‍ക്കാറുമില്ല. തന്റെ സേവനം ആത്മാര്‍ഥതയോടെ ചെയ്യുന്നു, അത്രമാത്രം -വര്‍ഗീസ് പറയുന്നു.
വര്‍ഷങ്ങളായി സേവനരംഗത്തുള്ള വര്‍ഗീസിനെ മിക്ക ഡോക്ടര്‍മാര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും പരിചയമാണ്. പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന ഡോക്ടര്‍ക്ക് സഹായികളില്ലെങ്കില്‍ ശരീരം തുന്നിക്കെട്ടാനും സഹായി ആകാനും ഇദ്ദേഹത്തിന് മടിയില്ല. വിവിധ സമുദായാംഗങ്ങളുടെ ശവസംസ്‌കാരം നടത്താനും വര്‍ഷങ്ങളായി വര്‍ഗീസ് പോകുന്നു.

കാസര്‍കോട് സെന്റ് ജോസഫ് ചര്‍ച്ചിന് കീഴിലുള്ള വിന്‍സെന്റ് ഡി പോള്‍ എന്ന സംഘടനയുടെയും കാസര്‍കോട് വൈ.എം.സി.എ.യുടെയും പ്രവര്‍ത്തകനാണ് 51 കാരനായ എ.ഒ.വര്‍ഗീസ്.

എ.ഒ.ജോസഫിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്. പനത്തടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സിങ് അസിസ്റ്റന്റ് ടി.ഒ.ത്രേസ്യയാണ് ഭാര്യ. മൈസൂരില്‍ ഓഡിയോളജിസ്റ്റായി ജോലി ചെയ്യുന്ന ലിറ്റിന എ.വര്‍ഗീസ്, എന്‍ജിനിയറിങ് വിദ്യാര്‍ഥി ബെര്‍ലിന്‍ എ.വര്‍ഗീസ് എന്നിവര്‍ മക്കളാണ്.

 

 




MathrubhumiMatrimonial