ഇ. ബാലാനന്ദന്‍ അന്തരിച്ചു

Posted on: 19 Jan 2009


കൊച്ചി: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇ. ബാലാനന്ദന്‍ (84) അന്തരിച്ചു. രാവിലെ 8. 45 ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്​പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കളമശ്ശേരി ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം സംസ്‌ക്കാരം വൈകിട്ട് കളമശ്ശേരി ഏരിയാകമ്മിറ്റി ഓഫീസ് വളപ്പില്‍ നടന്നു. സംസ്‌ക്കാര ചടങ്ങില്‍ പോളിറ്റ് ബ്യൂറോ അംഗങ്ങളും മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങളും പങ്കെടുത്തു.

കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരക്കാരനായി അറിയപ്പെടുന്ന ബാലാനന്ദന്‍ ഏറെനാളായി അസുഖങ്ങളാല്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയിലെ എരുവപ്പെട്ടിയില്‍ 1924 ല്‍ രാമന്‍േറയും ഈശ്വരിയുടേയും മൂത്തമകനായി ജനിച്ച ബാലാനന്ദന്‍ ആലുവ കേന്ദ്രീകരിച്ച് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായാണ് പാര്‍ട്ടി ജീവിതം ആരംഭിക്കുന്നത്.

കള്ളുഷാപ്പ് തൊഴിലാളിയായാണ് ജോലി ആരംഭിച്ചത്.പിന്നീട് ആലുവയിലെത്തി ട്രേഡ് യൂണിയന്‍പ്രവര്‍ത്തകനായി.അന്ന അലൂമിനിയം കമ്പനിയില്‍ ഇലക്ട്രീഷ്യനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം പിന്നീട് ജോലി ഉപേക്ഷിച്ച് മുഴുവന്‍സമയ പാര്‍ട്ടി പ്രവര്‍ത്തകനായി.

സി ഐ ടി യു സ്ഥാപിക്കപ്പെട്ടപ്പോള്‍ അതിന്റെ സംസ്ഥാന സെക്രട്ടറിയായി. പിന്നീട് സി ഐ ടി യു ദേശീയ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.

പാര്‍ട്ടിക്കാര്‍ക്കിടയില്‍ സ്വാമി എന്ന് വിളിക്കപ്പെടുന്ന അദ്ദേഹം 1967 മുതല്‍ 69 വരെയും 1970 മുതല്‍ 76 വരേയും വടക്കേക്കര മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു. 1980 ല്‍ മുകുന്ദപുരത്തുനിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1988 ല്‍ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1978 മുതല്‍ 2005 വരെ സി പി എം പോളിറ്റ് ബ്യൂറോ അംഗമായിരുന്നു അദ്ദേഹം.

വര്‍ഷങ്ങളോളം ഡല്‍ഹിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല. ബാലാനന്ദന്‍െ ആത്മകഥ കുറച്ചുദിവസങ്ങള്‍ക്കുമുന്‍പാണ് പ്രകാശനം ചെയ്തത്. ഭാര്യ സരോജിനി ബാലാനന്ദന്‍, മക്കള്‍ സുനില്‍, സുശീല, സുരേഖ, സരള




MathrubhumiMatrimonial