TravelBlogue

തീര്‍ത്ഥാടന കാലം

Posted on: 16 Jan 2009

രഞ്ജനാ നായര്‍



ഒരു പാടു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരിക്കല്‍ കൂടി കേരളത്തിന്റെ വടക്കന്‍ തീരത്തേക്ക് ഒരു യാത്രയില്‍ പോകാന്‍ കഴിഞ്ഞത്. വെള്ളിയാഴ്ച വൈകീട്ടു യാത്ര തിരിക്കുമ്പോള്‍, മനസ്സ് ആഹ്ലാദഭരിതമായിരുന്നു. രാത്രി, തലശ്ശേരി വഴി യാത്ര തുടങ്ങി, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കൊല്ലൂര്‍, ഉഡുപ്പി, ഗോകര്‍ണം, മുരുഡേശ്വരം, ധര്‍മസ്ഥല, സുബ്രമണ്യം,,പിന്നെ കാസര്‍കോട് അമ്പലങ്ങളും...അങ്ങിനെ ആണ് ഞങ്ങള്‍ പരിപാടി ഇട്ടത്. എന്നാല്‍ അവിചാരിതമായി, വഴിയിലെ യാത്രാക്കുരിക്കില്‍ അകപെട്ടു പോയ ഞങ്ങള്‍ക്ക്, രാജരാജേശ്വര ക്ഷേത്രത്തില്‍ എത്തിയപ്പോഴേക്കും, നട അടച്ചുപോയതാണ് കാണുവാന്‍ കഴിഞ്ഞത്. എന്നിരുന്നാലും, മടക്കം വരുമ്പോള്‍, കേറി, തൊഴാം എന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ യാത്ര തുടങ്ങി.

രാത്രിയിലെ യാത്ര ഒരു ഹരമാണ്. വാഹനങ്ങളുടെ നിരന്തരമായ ശബ്ദമോ ബഹളമോ ഒന്നുമില്ലാതെ....എന്നാലും, ഡ്രൈവര്‍ ഉറങ്ങി പോകാതെ നോക്കുവാന്‍ വേണ്ടി, മുന്നിലെ സീറ്റിലിരുന്നു വലിയേട്ടന്‍, തോരാതെ വര്‍ത്തമാനം പറഞ്ഞു കൊണ്ടേ ഇരുന്നു. ഇടക്കെപ്പോഴോ, ഡ്രൈവരുടെ തുടര്‍ച്ചയായുള്ള ഹോണടി കേട്ടു കണ്ണു മിഴിച്ചപ്പോള്‍, നേരെ മുന്‍പില്‍, റോഡില്‍, വെളുത്ത ഒരു മാരുതി, വളഞ്ഞു പുളഞ്ഞു പോകുന്നതു കണ്ടു. വണ്ടിയിലെ സാരഥി ഉറങ്ങി പോയതാണ്....ഞങ്ങളുടെ നിര്‍ത്താത്ത ഹോണടി കേട്ടു കക്ഷി ഉണര്‍ന്നു പോയി കാണും. തിരിഞ്ഞു നോക്കിയപ്പോള്‍, പ്രശ്‌നമൊന്നുമില്ലാതെ കാര്‍ വരുന്നുണ്ടായിരുന്നു. ഉഡുപ്പിയിലെത്തുമ്പോള്‍, സമയം പുലര്‍ച്ചെ ഒന്നേകാല്‍. ഞങ്ങള്‍ അവിടെ തങ്ങണമെന്നു കരുതിയിട്ടില്ലാത്തതു കൊണ്ട്, നേരത്തെ മുറിയൊന്നും ബുക്ക് ചെയ്തിട്ടുമില്ലായിരുന്ന്ു. ഇന്ന് ഇവിടെ താമസിച്ച്, രാവിലെ തൊഴുതതിന്നു ശേഷം, കൊല്ലൂരിലേക്കു പോകാം എന്നു ഏട്ടന്‍ പറഞ്ഞു. ഞങ്ങളും സമ്മതം മൂളി. പക്ഷെ, ഈ അസമയത്തു എവിടെ മുറി കിട്ടും? അതായിരുന്നു എല്ലാവരുടേയും മനസ്സില്‍....ഡ്രൈവര്‍ ഈ ഭാഗത്തേക്കു ആദ്യമായി വരുന്ന ആളാണു. ഹോട്ടലുകളുടെ പേരു നോക്കി നോക്കി മെല്ലെ പോയി കൊണ്ടിരുന്ന വാഹനം, ഒരു സ്ഥലത്തെത്തി. അവിടെ മുന്നോട്ടു പ്രവേശനമില്ലാ.. ഇനിയെന്ത് എന്നു ആലോചിക്കുമ്പോഴേക്കും പൊടുന്നനെ, ഒരാള്‍ എതിരെ വരുന്നു, ഏട്ടന്‍, ഹോട്ടല്‍, മുറി എന്നൊക്കെ പറയുമ്പോഴേക്കും, അയാള്‍ നല്ല മലയാളത്തില്‍ ഇങ്ങോട്ടു ചോദിച്ചു...മുറിക്കാണോ, എന്റെ കൂടെ വരു....വാഹനം തിരിച്ചു ഒരു 10 അടി പോയി. അടച്ചിട്ടിരുന്ന ഒരു ഷട്ടര്‍ ഉറക്കെ തട്ടി കൊണ്ട്, ആഗതന്‍ വിളി തുടങ്ങി...ഒരല്‍പ സമയത്തിന്നു ശേഷം, മേലേ തട്ടില്‍ നിന്നും ഒരു തല പുറത്തേക്കു കണ്ടു....തുളു ഭാഷയില്‍ അന്യോന്യം എന്തെല്ലാമൊ പറഞ്ഞു, ആഗതന്‍ ഞങ്ങളെ സമാധാനിപ്പിച്ചു. ഇവിടെ നല്ല സ്ഥലമാണു..ഈ തിരിവിന്റെ അപ്പുറമാണു അമ്പലം...രാവിലെ സുഖമായി തൊഴാം. മേലെ നിന്നും ആളു ഇറങ്ങി വന്നു, ഞങ്ങള്‍ ഒരു നില കയറി പോയി. ഒടുവില്‍, 2 മുറി കിട്ടി. അതു മാത്രമാണു അവിടെ ബാക്കി ഉള്ളതു! ഭഗവാന്‍ തന്നെ ആ സമയത്തു ആളെ പറഞ്ഞയച്ച് ഞങ്ങളെ കൊണ്ടു പോയ പോലെ തോന്നി. ഞങ്ങള്‍ക്കു സഹായി ആയി വന്ന ആള്‍, എത്ര വലിയ സഹായമാണു ചെയ്തതു എന്നു പറയുവാന്‍ കഴിയില്ലാ. അല്ലെങ്കില്‍ ആ അസമയത്തു ഞങ്ങള്‍ എത്ര ചുറ്റി നടക്കുമായിരുന്നു!!. അദ്ദേഹത്തിന്നു നന്ദി പ്രകാശിപ്പിച്ചു കൊണ്ട്, ഞങ്ങള്‍ ഉറങ്ങുവാന്‍ കിടന്നു. രാവിലെ അഞ്ചരയാകുമ്പോഴേക്കും അമ്പലത്തില്‍ എത്തണം എന്നു ഉദ്ദേശിച്ചു കിടന്നു. ഉദ്ദേശ്ശിച്ച സമയത്തു തന്നെ ഞങ്ങള്‍ അമ്പലത്തില്‍ എത്തി. ഭഗവാന്റെ നിര്‍മാല്യം ആണ് നടക്കുന്നത്. നല്ല പോലെ കണ്ണു നിറച്ചു തൊഴുതു. അതിന് ശേഷം, അഭിഷേകവും, പിന്നെ അലങ്കരിച്ച ഭഗവാനേയും കണ്ടു...എത്ര നോക്കി നിന്നാലും മതിയാകാത്ത ഓമന കുട്ടന്‍. ഇവിടെ ഉള്ള വിഗ്രഹം രുഗ്മിണി ദേവി പുജിച്ചിരുന്നതാണത്രെ...ദ്വാരക കടലില്‍ മുങ്ങിപോയപ്പോള്‍, ഈ വിഗ്രഹം കാണാതായി എന്നും പിന്നൊരിക്കല്‍, ദൈ്വത മത സിദ്ധാന്തികനായ മാധ്വാചാര്യര്‍ക്കു ഈ വിഗ്രഹം, ലഭിക്കുകയും ചെയ്തു എന്നു പറയപ്പെടുന്നു. അദ്ദേഹത്താല്‍ പ്രതിഷ്ഠിതമായതാണത്രെ ഈ വിഗ്രഹം. നല്ല കറുത്ത ശിലയില്‍ അധികം പൊക്കം ഇല്ലാതെ ഉള്ള വിഗ്രഹം ബാലഭാവത്തിലാണ്. അതിനാല്‍ തന്നെ എടുത്തു ഓമനിക്കുവാന്‍ തോന്നി പോകും. പക്ഷെ,, ആളുകള്‍ കൂടുവാന്‍ തുടങ്ങി. ഗുരുവായൂരിലെ പോലെ, ബഹളം വെയ്ക്കുന്നില്ലാ എങ്കിലും, എല്ലാവര്‍ക്കും തൊഴണമല്ലൊ...അതിനായി, ഞങ്ങള്‍ മാറി നിന്നു. അവിടെ തന്നെ ആഞ്ജനേയന്റെയും വലിയ വിഗ്രഹമുണ്ട്...അതിലും, അഭിഷേകം നടത്തുന്നതു കണ്ടു. ആകെ കൂടി മനസ്സു നിറഞ്ഞു...അത്ര നല്ല ദര്‍ശനമായിരുന്നു. ഒന്നു കൂടി വലം വെച്ചതിന്നു ശേഷം, വീട്ടിലേക്ക് മഹാ പ്രസാദവും ലഭിച്ചു...നമ്മുടെ ക്ഷേത്രങ്ങളിലും, ഇതേ പോലെ, പരിതസ്ഥിതി സൗഹൃദമായ തുണി സഞ്ചികള്‍ എന്തു കൊണ്ടു പ്രസാദത്തിന്നായി ഉപയോഗിക്കുന്നില്ലേ ആവോ! കണ്ണനെ മനസ്സു നിറയെ കാണാന്‍ കഴിഞ്ഞ നിര്‍വൃതിയിലായിരുന്നു ഞങ്ങളെല്ലാം. .ഓരോ കാപ്പി കുടിച്ചു, പിന്നേയും യാത്ര തുടര്‍ന്നു. ഇനി, കൊല്ലൂരിലേക്കാണ് യാത്ര....ഇവിടെ നിന്നും , കൊല്ലൂരിലേക്ക് 65 കിലോമീറ്റര്‍ ഉണ്ട്. വഴിക്ക് ഇരുവശവും നല്ല ഭംഗിയുള്ള സ്ഥലങ്ങള്‍ ആണ്...ഇടക്ക് ഒരിടത്ത് പ്രാതല്‍ കഴിക്കുവാന്‍ മാത്രം നിര്‍ത്തി, ഞങ്ങള്‍ മൂകാംബിയിലെത്തുമ്പോള്‍, സമയം 8.30. ഉടനെ തന്നെ, ക്ഷേത്രത്തില്‍ പോയി, ദര്‍ശനം കഴിച്ചു...ദേവിയെ നന്നായി തൊഴുതു.. യാതൊരു തിരക്കും ഇല്ല. ഇരിക്കുന്ന രൂപത്തില്‍ മഹാലക്ഷ്മി സ്വരൂപത്തില്‍ ആണ് ദേവി ഇവിടെ...സുന്ദരമായി അലങ്കരിച്ച അമ്മയുടെ സ്വരൂപം കണ്ണിന് കുളിര്‍മയായി. തിരിച്ച്, ഞങ്ങള്‍ നേരത്തെ ബുക്ക് ചെയ്തു വെച്ച ഹോട്ടലില്‍ എത്തി അന്വേഷിച്ചപ്പോള്‍, കുടജാദ്രിക്കു പോകുവാന്‍ അവിടെ നിന്ന് തന്നെ വാഹനം ലഭിക്കുവാനുള്ള ഏര്‍പാടുകള്‍ അവര്‍ ചെയ്യാം എന്നു പറഞ്ഞു. ഒരാള്‍ക്കു 350 രൂപയാണു ചാര്‍ജ്. ഞങ്ങള്‍ക്ക് മാത്രമായി ഒരു വാഹനം ഏര്‍പ്പാടാക്കി, കുടജാദ്രിയിലേക്കു യാത്രയായി. മൂകാംബിക ദേവിയുടെ മൂല ക്ഷേത്രം കുടജാദ്രിയില്‍ ആണത്രെ. അവിടെ നിന്നും, ശ്രീശങ്കരാചാര്യരുടെ കൂടെ, പിന്നിലായി ദേവി വന്നതും, കൊല്ലൂരില്‍ എത്തിയപ്പോള്‍, ശ്രീശങ്കരാചാര്യര്‍, കാലിലെ ചിലമ്പിന്റെ ഒച്ച കേള്‍ക്കാത്തതിനാല്‍ തിരിഞ്ഞു നോക്കിയതും, ഭഗവതി, നേരത്തെ പറഞ്ഞ കരാര്‍ പ്രകാരം, ഇനി മുന്നോട്ടില്ലാ എന്നു പറഞ്ഞു അവിടെ തന്നെ നിന്നു എന്നുമാണ് സങ്കല്‍പം.ഇവിടെ ദേവി ശാന്ത സ്വരൂപത്തില്‍ ആണ്...സാത്വികമായ ഭാവം. ദേവിയുടെ പീഠത്തിന്നു മുന്‍പില്‍ ശ്രിശങ്കരാചാര്യര്‍ പ്രതിഷ്ഠിച്ച ജ്യോതിര്‍ലിംഗം ഉണ്ടത്രെ. ഇവിടെ ദേവി അഭയവരദകാരിണിയാണ്.

കുടജാദ്രിയിലേക്കു പോകുവാന്‍ ഞങ്ങള്‍ക്കു ലഭിച്ച ജീപ്പ്, ഒരു മലയാളി കുട്ടിയുടെ ആയിരുന്നു..... ഷിബു...അങ്ങു തെക്കു നിന്നു വന്നു ഇവിടെ തന്നെ താമസമാക്കിയതാണ്... അല്‍പ്പ സ്വല്‍പ്പം സ്ഥലവും സ്വന്തമായി ഉണ്ടത്രെ...എല്ലാം അമ്മയുടെ കടാക്ഷം! അവന്‍ പറഞ്ഞു നിര്‍ത്തി..ഇവിടെ ഭാര്യയും മകളും ഒത്ത്, നന്നായി ജീവിക്കുന്നു...അതെ, എല്ലാം അമ്മയുടെ കടാക്ഷം മാത്രം. മിറ്റൂര്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍, വണ്ടി നിന്നു. ഇവിടെ നിന്നും വെള്ള കുപ്പിയൊ മറ്റോ വേണമെങ്കില്‍ വാങ്ങണം,,ഇവിടുന്നു അങ്ങോട്ട് ഒന്നും കിട്ടില്ലാ. അവന്‍ പറഞ്ഞു. നല്ല ഇളനീര്‍ ഞങ്ങള്‍ക്കു ഏട്ടന്‍ വാങ്ങി തന്നു. വഴി ഭയങ്കര കടുപ്പം തന്നെ...മുന്നോട്ടു നീങ്ങുമ്പോള്‍, വാഹനം, പുറകോട്ടു തന്നെ ചലിക്കുന്നു. ചില സ്ഥലം പേടി തോന്നും! ആടി ഉലഞ്ഞ് കൊണ്ടുള്ള യാത്രയാണ്....കഴിഞ്ഞ പ്രാവശ്യം കൈലാസത്തില്‍ പോയപ്പോള്‍, ന്യാലം എന്ന സ്ഥലം തൊട്ട് സാഗൊ എന്ന സ്ഥലം വരെ ഇങ്ങിനെയാണ്...ആടി ഉലഞ്ഞു കൊണ്ട്....നിറയെ വലിയ പാറകല്ലുകളും, തകര്‍ന്നു കിടക്കുന്ന വഴിയും....അതാണ് ഇപ്പോള്‍ മനസ്സില്‍ ഓടി എത്തിയത്. എല്ലാ തീര്‍ത്ഥയാത്രകളും ഇങ്ങിനെ ആണല്ലൊ! ബുദ്ധിമുട്ടു സഹിച്ചു വേണം തീര്‍ഥയാത്രകള്‍ എന്നു ആരോ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. എന്തായാലും, ആ അഭിപ്രായത്തോടു യോജിക്കുന്നു. ഇല്ലെങ്കില്‍, ദര്‍ശനം ഒരു വഴിപാടൊരുക്കല്‍ പോലെ ആവില്ലേ! കുടജാദ്രിയില്‍ എത്തിയപ്പോള്‍, സമയം പതിനൊന്ന് കഴിഞ്ഞു.
ഇവിടെ ഉള്ള ക്ഷേത്രത്തില്‍ വേണ്ട പൂജകള്‍ കഴിപ്പിച്ച്. ഞങ്ങള്‍, ശങ്കരപീഠം കാണുവാന്‍ കയറുവാന്‍ തുടങ്ങി. കാശ്മീരില്‍, ശ്രീശങ്കരാചര്യര്‍ സ്ഥാപിച്ചു എന്ന് കരുതുന്ന മറ്റൊരു പീഠം ഉണ്ട്.. കാശ്മീരില്‍...അവിടേയും , ഇതിനേക്കാള്‍ ഉയരത്തില്‍ ആണ് ക്ഷേത്രം. കയറി കയറി മുകളില്‍ എത്തുമ്പോള്‍, താഴെ ആളുകളെ ഉറുമ്പ് പോലെ മാത്രമെ തോന്നിക്കയുള്ളു. ഇവിടെ ചില സ്ഥലത്ത് നല്ല കയറ്റം ആണ്...ചിലയിടത്തില്‍, ചാഞ്ഞുള്ളതും. വഴിയില്‍ രണ്ടു സ്ഥലത്ത് ചെറിയ കടകള്‍ ഉണ്ട്. മോരും, ഗ്ലൂകോസും കിട്ടും. ഒരു പാടു ആളുകള്‍ വരുന്നുണ്ട്. ചെറുപ്പക്കാരായ ആണ്‍ കുട്ടികള്‍ അങ്ങു താഴെ നിന്നു തന്നെ, മല കയറി വരുന്നു...ഞങ്ങള്‍ വയസ്സന്മാരെ പോലെ, വണ്ടി വിളിച്ചൊന്നും അല്ലാ. ഒരുപിടി മലയാളി കുട്ടികളെ കണ്ടു. കയറ്റം ദുസ്സഹമാകുമ്പോള്‍, എതിരെ വരുന്നവരും, കൂടെ കയറുന്നവരും എല്ലാം ഒരു കൈ സഹായിക്കുന്നുണ്ട്...ആരേയും അറിഞ്ഞിട്ടല്ലാ....മറിച്ചു ഒരു കൈ താങ്ങ് അത്ര മാത്രം...അതു തന്നെ അപ്പോള്‍, എന്തൊരു സഹായമാണു എന്നൊ!! അവസാനം, ചരിഞ്ഞു കിടക്കുന്ന കയറ്റത്തിന്റെ അറ്റത്തായി, പീഠം കണ്ടു. കുറച്ചു പരന്ന പാറകല്ലുകള്‍ കൊണ്ടു നിര്‍മിച്ച ഒരു കൊച്ചു മുറി. അതില്‍ ശ്രീശങ്കരാചാര്യരുടെ പ്രതിമ ഉണ്ട്. ഒരു ചെറിയ ആണ്‍ കുട്ടി ഒരു 10 വയസ്സു കാണും, കാരണവരെ പോലെ ഇരുന്ന്്, പ്രസാദം നല്‍കുന്നുണ്ട്. ഞങ്ങള്‍ ആ കുട്ടിയെ കൂടി ഉള്‍പെടുത്തി ചില ഫോട്ടോകള്‍ എടുത്തു. നല്ല മോരു കൂടി കുടിച്ചതിനു ശേഷം മടക്കം തുടങ്ങി. കുറച്ച് ഇറങ്ങിയാല്‍, ഗണേഷ് ഗുഹയുണ്ട്, അതിനും താഴോട്ടു ചിത്രമൂല ഗുഹയുണ്ടത്രെ...പക്ഷെ, ഞങ്ങളെ കണ്ടപ്പോളേ ഗണേഷ് ഗുഹയില്‍ ഉള്ള ആളുകള്‍ പറഞ്ഞു...നിങ്ങള്‍ക്കു പോകുവാന്‍ കഴിയില്ലാ....ആ ഗണേശ് ഗുഹയിലും ഒരു കൊച്ചു കുട്ടി ഉണ്ടു...10 വയസുകാരന്‍...അവനും ഉരുവിട്ടു....ദുര്‍ഘടാ....ചില ഫോട്ടോ കൂടി എടുത്തു മടക്കം തുടങ്ങി...ഇറങ്ങി പോകുമ്പോള്‍, കൂടെ ഉള്ള സ്‌നേഹിതയുടെ ചെരുപ്പു വഴുതി....വീണു...ഭാഗ്യത്തിന്..,, ഒരല്‍പം ഉളുക്ക് മാത്രമെ സംഭവിച്ചുള്ളു...(അവള്‍ക്കു, പക്ഷെ നല്ല വേദനയുണ്ടു ആവലാതിക്കു അതു തന്നെ ധാരാളമാണു)ഇറക്കം ഇറങ്ങി താഴെ എത്തുവാന്‍ അരമണിക്കൂര്‍ എടുത്തു.....ഭക്ഷണം കഴിച്ചതിന്നു ശേഷം മൂകാസുരനെ വധിക്കുവാന്‍ ദേവി ഉപയോഗിച്ചു എന്നു കരുതുന്ന വലിയ ശൂലത്തിന്റെ പുറത്തേക്കു തള്ളി നില്‍ക്കുന്ന ഭാഗം കൂടി കണ്ടു, മടക്ക യാത്ര തുടങ്ങി. ഒരിക്കല്‍ കൂടി ക്ഷേത്രത്തില്‍ പോയി ദര്‍ശനം കഴിച്ചു, നേരത്തെ തന്നെ ഉറങ്ങാന്‍ കിടന്നു.

നാളെ കാലത്ത് നാല് മണിക്കു പുറപ്പെടണമെന്ന് ഏട്ടന്‍ പറഞ്ഞു. ഗോകര്‍ണം, മുരുഡേശ്വര്‍, ധര്‍മസ്ഥല, സുബ്രമണിയം എന്നിവയാണു അജണ്ടയില്‍. കാലത്തു 4 മണിക്കു തന്നെ പുറപെട്ടു. കൊല്ലൂരില്‍ നിന്നും കുറച്ചു പോയപ്പോഴേക്കും, റോഡ് വളരെ മോശമായിതുടങ്ങി. എന്‍-എച്ച് ആണെന്നു പറഞ്ഞിട്ടെന്താ കാര്യം...മഹാ മോശം. ഈ ദേശീയ പാതയില്‍ നിന്നും കുറച്ചു മാറിയിട്ടാണ് ഗോകര്‍ണത്തേക്കു വഴി എന്നറിഞ്ഞിരുന്നു...അതു തേടി, തേടി കഷ്ടി 30 കി.മി.ദൂരം നഷ്ടമായി. ചോദിക്കുന്നവര്‍ക്ക് സ്ഥലമോ വഴിയോ അറിയില്ലാ എന്നു തോന്നിപ്പോകും, ചില ആളുകള്‍ പറഞ്ഞു തരുന്ന വഴി അത്ര ആശയകുഴപ്പമുണ്ടാക്കുന്നതായിരുന്നു. ഏതായാലും 6.30 ഓടെ ഗോകര്‍ണത്തില്‍ എത്തി. ഇവിടെ ഭഗവാന്‍ പരമശിവന്റെ ശിവലിംഗം ഒരിക്കല്‍ രാവണന്‍ കൊണ്ടു വരികയായിരുന്നു എന്നും, ഇവിടെ എത്തിയപ്പോള്‍, ആ ശിവലിംഗം നിലത്തു വെക്കാതെ കൈയില്‍ തന്നെ സൂക്ഷിക്കുവാന്‍, അപ്പോള്‍ അവിടെ പ്രത്യക്ഷപ്പെട്ട ബ്രാഹ്മണ ബാലന്റെ വേഷം ധരിച്ച ഗണപതിയെ ഏല്‍പ്പിച്ചു. രാവണന്‍ കുളി കഴിഞ്ഞു എത്തിയപ്പോഴേക്കും, നിലത്തു വെച്ച ശിവലിംഗം അവിടെ ഉറച്ചു പോയി. അതില്‍ ക്രുദ്ധനായ രാവണന്‍ ശിവലിംഗം എടുക്കുവാന്‍ ആഞ്ഞപ്പോള്‍, അതു മണ്ണില്‍ താഴ്ന്നു, ഒടുവില്‍, തന്റെ കൈയില്‍ പിടി കിട്ടിയ ഭാഗം രാവണന്‍ ശക്തിയായി വലിച്ചപ്പോള്‍, അതു ഒരു ഗോവിന്റെ---പശുവിന്റെ-ചെവിയുടെ ആകൃതിയില്‍ അല്‍പ്പം മാത്രം കണ്ടു. ക്രുദ്ധനായ, രാവണന്‍, ബ്രാഹ്മണ ബാലന്റെ കമണ്ഡലുവും, മറ്റു സാമഗ്രികളും വലിച്ചെറിഞ്ഞപ്പോള്‍, അവ വീണ സ്ഥലമാണ്, മുരുഡേശ്വരം, അഗസ്ഥ്യകുടി എന്നാണ് കഥ. എന്തായാലും, നമുക്ക്, ആ ശിവലിംഗത്തിന്റെ ഗോകര്‍ണാകൃതിയില്‍ കാണപ്പെടുന്ന അല്‍പ്പ സ്ഥലം സ്​പര്‍ശിക്കാം, സ്വയം ബോധ്യപ്പെടാം. രാവിലെതന്നെ തിരക്കുണ്ട്, എങ്കിലും, ശാന്തമായ സ്ഥലം... ഇതും പരശുരാമ ക്ഷേത്രങ്ങളില്‍ ഒന്നാണ്...ഞങ്ങളുടെ പരിപാടിയില്‍ നിന്നും നഷ്ടമായ ഒരുമണിക്കൂര്‍ സമയം തിരിച്ചു പിടിക്കുന്നതിനായി, ഞങ്ങള്‍ അവിടെ അധികം തങ്ങിയില്ല, വേഗം തന്നെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞതും, ഞങ്ങള്‍ മുരുഡേശ്വരത്തിലേക്കു പുറപ്പെട്ടു.

പോകുന്ന വഴി തന്നെ പ്രാതല്‍ കഴിച്ചു. റോഡിന്റെ സ്ഥിതി, ആ പുലര്‍കാല വെളിച്ചത്തില്‍ കണ്ടതിനേക്കാള്‍ മഹാമോശം. ഏതായാലും, പത്തുമണിയോടേ, മുരുഡേശ്വരത്തില്‍ എത്തി. അങ്ങോട്ടുള്ള വഴി തിരിഞ്ഞ്, അല്‍പ്പം ചെന്നാല്‍ തന്നെ ആദ്യം കാണുന്നത്, പുലിതോല്‍ ധരിച്ചു ധ്യാനത്തില്‍ ഇരിക്കുന്ന പരമശിവനെയാണ്. ഞങ്ങള്‍ നാഗേശ്വരത്തു,(ഗുജറാത്ത്)ജ്യോതിര്‍ലിംഗം കാണുവാന്‍ പോയപ്പോള്‍ അവിടെ ഇത്തരം ഒരു പരമശിവന്റെ പ്രതിമ ഇത്ര വലുപ്പത്തില്‍ കണ്ടിരുന്നു, എങ്കിലും, ഇതിന്റെ അത്ര ഒഴുക്കുള്ള ശില്‍പ്പമല്ലാ. ജീവനുണ്ടെന്നു തോന്നിക്കുന്ന പ്രതിമയാണിത്. അതിനടുത്തു തന്നെ, രാവണന്‍, ഗണപതിക്കു, ശിവലിംഗം സൂക്ഷിക്കുവാന്‍ കൊടുക്കുന്നതും, മഹാഭാരത യുദ്ധത്തിലെ, ഗീതോപദേശവും, പ്രതിമാ രൂപേണ കൊത്തി വെച്ചിട്ടുണ്ട്. മുരുഡേശ്വരം, കടല്‍ കര എന്നിവ ചേര്‍ന്നതാണ്. അവിടത്തെ ക്ഷേത്രം പുരാതനമാണെങ്കിലും, അതിന്റെ ഗോപുരമെല്ലാം പണിതു കഴിഞ്ഞിട്ട് അത്ര അധികം കാലമായില്ല. ആ പുതുക്കം, എന്നതിനേക്കാള്‍, പഴമയുടെ ഗാംഭീര്യം, അവിടെ നഷ്ടപ്പെട്ടു പോയിരിക്കുന്നു....ഒരു എടുപ്പ്, അത്രമാത്രമെ ഇപ്പോള്‍ തോന്നുന്നുള്ളു...കടല്‍ കരയില്‍ തന്നെ കാപ്പി കുടിക്കുവാന്‍ പറ്റിയ സ്ഥലങ്ങള്‍ ഉണ്ട്...കടലും നോക്കി ഭക്ഷണം കഴിക്കാം. അവിടെ ഇരിക്കുമ്പോള്‍, സമയം എന്നതിന് മൂല്യം നഷ്ടെപ്പെട്ട പോലെ...... കടലില്‍ കളിക്കുന്ന ആളുകളേയും, ദൂരെ ബോട്ടില്‍ യാത്ര ചെയ്യുന്ന ടൂറിസ്റ്റുകളേയും, കടപ്പുറത്ത് മണല്‍ വാരി കളിക്കുന്ന കുട്ടികളേയും, വലിയവരേയും എല്ലാം കാണുമ്പോള്‍, ഇവിടെ തന്നെ ഇരിക്കാന്‍ തോന്നും....ഞങ്ങള്‍ മനസ്സില്ലാ മനസ്സോടെയാണ് യാത്ര പുറപ്പെട്ടത്. ഏട്ടനും, കാഴ്ചകള്‍ കണ്ടു മതിയായിട്ടില്ല; എന്നിരുന്നാലും, ഞങ്ങളുടെ മുന്‍പില്‍, ഗൗരവത്തിന്റെ മുഖംമൂടി അഴിച്ചുവെച്ചില്ല. ഉച്ച ഭക്ഷണം ഉഡുപ്പിയില്‍ നിന്നും കഴിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും, പതിവുപോലെ, വഴി മാറി പോയി...ഏതോ നന്നല്ലാത്ത സ്ഥലത്തു നിന്നും കഴിക്കേണ്ടി വന്നു. അതിനേക്കാള്‍ സങ്കടകരമായത്, ഇവിടേയും, ഒരു മണിക്കൂര്‍ നഷ്ടപ്പെട്ടു എന്നതാണ്....താമസസ്ഥലത്ത്
സുബ്രമണ്യത്തില്‍... ആറുമണിക്കു മുന്‍പ് ചെന്ന് താക്കോല്‍, കൈപറ്റണമെന്ന്, പ്രത്യേകിച്ചു നിര്‍ദ്ദേശിച്ചിരുന്നതിനാല്‍, ഈ പ്രാവശ്യം, ധര്‍മസ്ഥല, കാണുന്നതു മാറ്റി വെക്കേണ്ടി വരും എന്ന് ഏട്ടന്‍ പറഞ്ഞു.

ചോദിച്ചു ചോദിച്ച് വഴി കണ്ടു പിടിച്ച് ഞങ്ങള്‍ ഒടുക്കം സുബ്രമണ്യത്തില്‍ എത്തിയപ്പോള്‍, സമയം ആറ്മണി ആകാന്‍ പോകുന്നു.. കര്‍ണാടകത്തില്‍, കൊല്ലൂരില്‍ നിന്നും, ഉഡുപ്പി, മണിപ്പാല്‍, കാര്‍കലാ, മൂലബിദ്രി, ബേണൂര്‍, ധര്‍മസ്ഥല എന്നി സ്ഥലങ്ങള്‍ പിന്നിട്ട്, മൊത്തം 173 കിലോമീറ്റര്‍ സഞ്ചരിച്ച് ഞങ്ങള്‍ വൈകുന്നേരമായി സുബ്രമണ്യത്തില്‍ എത്തുമ്പോള്‍. അവിടെ ക്ഷേത്രത്തിന്റെ അടുത്തു തന്നെയുള്ള ആശ്രയ എന്ന സത്രത്തില്‍ താമസസൗകര്യം ലഭിച്ചത് ഒരു ഭാഗ്യമായി തന്നെ തോന്നി. നല്ല സൗകര്യമുള്ള മുറിയും, കുളിമുറിയും. രാവിലെ രണ്ട് മണിമുതല്‍ ചൂടു വെള്ളം ലഭ്യമാണ്. വളരെ വൃത്തിയായി പരിപാലിച്ചു വെച്ചിട്ടുള്ള കെട്ടിടം. ഒരു നിമിഷത്തേക്ക്, പണ്ട്, ഗുരുവായൂരില്‍ സത്രത്തിലെ മുറിയില്‍ താമസിച്ചത് മനസ്സില്‍ ഓടി എത്തി. അടിസ്ഥാന സൗകര്യം കൂടി ഇല്ലാത്ത, ഭഗവാനെ ദര്‍ശിക്കുവാന്‍ വരുന്നാ ആളുകള്‍ ഇത്രമാത്ര സൗകര്യങ്ങളെ അര്‍ഹിക്കുന്നുള്ളു എന്ന ജീവനക്കാരുടെ പെരുമാറ്റം, എല്ലാം.... സാക്ഷാല്‍ ശബരിമല ശാസ്താവിന്റെ സന്നിധിയില്‍ ചെല്ലുമ്പോള്‍, നമുക്ക് ഇത്ര നല്ല പെരുമാറ്റമോ, സ്വീകരണമോ ലഭിക്കുന്നില്ലാ എന്നതു സത്യമല്ലേ!

ഏഴ് പ്രധാനപെട്ട മുക്തി സ്ഥലങ്ങളില്‍ ഒന്നായിട്ടാണു സുബ്രമണ്യത്തെ കാണുന്നത്. മയില്‍ വാഹനനായിട്ടാണു ഇവിടെ ഭഗവാനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ ക്ഷേത്രത്തില്‍ ഉള്ള ചിതല്‍ പുറ്റുകളിലെ മണ്ണ് ഭക്ത ജനങ്ങള്‍ പ്രസാദമായി കരുതുന്നു. അതിന് ഔഷധ ശക്തിയും ഉണ്ടെന്നു കരുതപ്പെടുന്നു. തൃക്കോവിലിനു മുന്‍പില്‍ ഉള്ള ഗരുദ സ്തംഭം, വിഷനാഗങ്ങളുടെ ശക്തി അപഹരിക്കുന്നുവെന്നും ഇവിടുള്ളവര്‍ കരുതുന്നു. ഈ ക്ഷേത്രത്തില്‍ തന്നെ ഉമാമഹേശ്വരന്മാരുടേയും, നരസിംഹത്തിന്‍േറയും ശിവലിംഗങ്ങള്‍ ഉണ്ടത്രേ. വളരെ പണ്ട്, ഒരു കൂട നിറച്ചും ശിവലിംഗങ്ങള്‍, മാധ്വാചാര്യാ എന്ന ഭക്തന്, വ്യാസമുനി നല്‍കി അനുഗ്രഹിച്ചു എന്നു കൂടി പറയപ്പെടുന്നു.. ഈ അമ്പലത്തിനു കുറച്ചു മാറി ആണ് പുരാതന സുബ്രമണ്യ ക്ഷേത്രം.( ആദി സുബ്രമണ്യ ക്ഷേത്രം) ഞങ്ങള്‍ എത്തുമ്പോഴേക്കും 7.30 ആയി. രാത്രി ഇവിടെ ഏഴുമണി വരെ മാത്രമേ ഈ അമ്പലത്തില്‍ നട തുറക്കുകയുള്ളു. തിരിച്ച്, സുബ്രമണ്യ ക്ഷേത്രത്തില്‍ എത്തി. കുറച്ചു സമയം കൂടി അവിടെ ചെലവഴിച്ചതിന് ശേഷം, ഞങ്ങള്‍ ഭക്ഷണം കഴിക്കുവാന്‍ പോയി. പിറ്റേന്ന് രാവിലെ നാല് മണിക്ക്, യാത്ര തിരിക്കുവാനാണ് പരിപാടി....കാസര്‍കോട് വഴി പോകുവാനും, വഴിയില്‍ അനന്തപദ്മനാഭ ക്ഷേത്രത്തിലും മദുര്‍ ഗണപതി ക്ഷേത്രത്തിലും, തൊഴണം എന്നു കരുതിയിരുന്നു. ഇരുള്‍ നിറഞ്ഞ പാത മാത്രം. ഒരൊറ്റ വാഹനവും റോഡിലില്ലാ. വണ്ടിയില്‍ ഇട്ടിരുന്ന ഭജനകള്‍ കേട്ടു, വഴി പോയതറിഞ്ഞില്ലാ. കാസര്‍കോട് എത്താറായി. കിഴക്കു സൂര്യന്‍ കടും ചുവപ്പില്‍ മുങ്ങി ഉദിച്ചു പൊന്തുന്നു. രാവിലത്തെ സമയമാണ് ദിവസത്തിന്റെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തം എന്നു തോന്നാറുണ്ട്. ആളും, ആര്‍പ്പും ഇല്ലാതെ, പക്ഷികളുടെ സംഗീതവും, പുലര്‍കാറ്റിന്റെ തലോടലും.....ശാന്തമായ പ്രകൃതി, അങ്ങിങ്ങു കാണുന്ന ക്ഷേത്രങ്ങളില്‍ മാത്രം കുറച്ചു ആള്‍ക്കാരെ കാണുന്നു. ഒരു പക്ഷെ, ഇത് ശബരിമല വ്രതത്തിന്റെ കാലം ആയതു കൊണ്ടാകാം. പ്രശാന്തമായ അന്തരീക്ഷം... എവിടെ ആണ്, അനന്തപദ്മനാഭ ക്ഷേത്രം എന്നു ഞങ്ങള്‍ക്ക് ആര്‍ക്കും അത്ര അറിവില്ലാ. ഞങ്ങളുടെ ടാക്‌സി സാരഥിക്കും അറിയില്ല..കുറച്ചു കൂടി മുന്നോട്ടു പോയപ്പോള്‍, വഴി അരികില്‍ വണ്ടി കഴുകി കൊണ്ടിരുന്ന ചെറുപ്പക്കാരനോടു ചോദിച്ചപ്പോള്‍, വഴി പറഞ്ഞു തന്നു. ആദ്യം, ഞങ്ങള്‍, അനന്തപദ്മനാഭ ക്ഷേത്രത്തിലേക്കു തന്നെ പുറപെട്ടു. ഇവിടെ ആദ്യം വില്വമംഗല സ്വാമിയാര്‍, ശ്രീകൃഷ്ണ ഭഗവാനെ നേരില്‍ പൂജിച്ചിരുന്നു എന്ന് കരുതപ്പെടുന്നു. ഒരിക്കല്‍, വെണ്ണ എടുക്കുവാന്‍ തുടങ്ങിയ കണ്ണനെ, സ്വാമിയാര്‍ പുറം കൈ കൊണ്ടു തട്ടി നീക്കി എന്നും, അതില്‍ പിണങ്ങി, കണ്ണന്‍, ഇനി എന്നെ അനന്തന്‍കാട്ടില്‍ വന്നു കണ്ടാല്‍ മതി എന്നും പറഞ്ഞു, ക്ഷേത്രത്തിന്റെ തൊട്ടടുത്തുള്ള ഗുഹയിലൂടെ ഓടി പോയി എന്നുമാണ് കരുതുന്നത്. ആ ഗുഹയിലേക്ക് ഇന്ന് കടക്കുവാന്‍ കഴിയാതെ വേലി കെട്ടിയിട്ടുണ്ട്. എന്നാലും, അവിടെ വരെ പോയി, ഭഗവാന്‍ ഓടി പോയ വഴി നമുക്കു കാണാം. ഈ ക്ഷേത്രത്തില്‍, അനന്തശായി ഇരിക്കുന്ന രൂപത്തിലാണു പ്രതിഷ്ഠ. ഭൂമി ദേവിയും, ശ്രീദേവിയും രണ്ടു ഭാഗത്തും ഉപവിഷ്ടരാണ്. ആദ്യം ഉണ്ടായിരുന്ന വിഗ്രഹം, മാറ്റി ഇപ്പോള്‍ പുതിയ വിഗ്രഹമാണ്. ഒരാള്‍ പൊക്കത്തില്‍, ശരിക്കും ആള്‍സ്വരൂപമായിട്ടാണ് പ്രതിഷ്ഠ. അവിടത്തെ ആളുകള്‍ പറയുന്നത്, ഈ വിഗ്രഹത്തിനും, മനുഷ്യരുടെ പോലെ തന്നെ, നാഡി ഞരമ്പുകള്‍ ഉള്‍പ്പെടെയുളള ശരീരമാണെന്നാണ്. ഈ ക്ഷേത്രക്കുളത്തില്‍, ഒരു മുതലയുണ്ട്. ദേവന് നേദിക്കുന്ന ചോറാണ് ഇതിന്റെ ഭക്ഷണം. അത് അവിടെ ഒരു വഴിപാടുമാണ്. ഇത്തവണ പോയ ക്ഷേത്രങ്ങളില്‍ എല്ലാം തന്നെ, ഏറ്റവും ആദ്യത്തെ പൂജ, നിര്‍മാല്യം തൊട്ടു, അലങ്കാരാ പൂജ വരെ കാണുവാന്‍ സാധിച്ചു എന്നതായിരുന്നു ഒരു പ്രത്യേകത. സുബ്രമണ്യത്തില്‍ മാത്രമേ ഇതിന്നൊരു മാറ്റമുണ്ടായുള്ളു. അഭിഷേകവും, അലങ്കാര പൂജയും കഴിഞ്ഞ് വളരെ ഞങ്ങള്‍ പുറത്തിറങ്ങി.

ഇനിയത്തെ യാത്ര മദുര്‍ ഗണപതി ക്ഷേത്രത്തിലേക്കാണ്. ഇതും, അനന്തപുരിയില്‍ നിന്നും രണ്ടര കി.മീ. ദൂരത്താണ്. അവിടെ എത്തിയപ്പോഴേക്കും, നീണ്ട ക്യൂ രൂപപ്പെട്ട് കഴിഞ്ഞിരിക്കുന്നു. തിങ്കളാഴ്ച ഇവിടെ പ്രധാനമാണത്രെ. ഈ ക്ഷേത്രത്തില്‍ ശിവനും ഉണ്ട്. എന്നാല്‍ ഗണപതിക്കാണ് പ്രാധാന്യം എന്നു മാത്രം. ഇവിടത്തെ വിഗ്രഹം, സ്വയംഭൂ ആണെന്നും, അതു വളര്‍ന്നു കൊണ്ടിരിക്കുന്നു എന്നും പറയുന്നു. മറ്റു ക്ഷേത്രങ്ങളില്‍ നിന്നും, വ്യത്യസ്തമായി കണ്ട ഒരു സംഭവം, എന്തെന്നാല്‍, ഈ രണ്ടു ക്ഷേത്രങ്ങളിലും, നാം അര്‍ച്ചനക്കു ശീട്ടു എടുത്താല്‍, ശ്രീകോവിലിന്നു മുന്‍പില്‍, മറ്റൊരു തന്ത്രി ഇരുന്ന്, നമ്മുടെ മുന്‍പില്‍ വെച്ചു തന്നെ അതൊരിക്കല്‍ കൂടി മന്ത്ര ശുദ്ധിയോടെ ജപിച്ച്, നമുക്കു വേണ്ടി, നാം കേള്‍ക്കെ തന്നെ ഭഗവാനോടു, നമ്മുടെ അപേക്ഷ സമര്‍പ്പിക്കുന്നു. ഇവിടെ , തന്ത്രി ഒരു ഇടനിലക്കാരനും കൂടി ആണ്. എന്തായാലും, നമുക്കു വേണ്ടി ഒരാളും കൂടി ഭഗവാനോടു പ്രാര്‍ഥിക്കുക എന്നതു വളരെ അധികം മനസ്സിനു ശാന്തി നല്‍കിയ ഒരു സംഭവമായി.

തൊഴുത് പുറത്തിറങ്ങിയപ്പോഴേക്കും, സമയം ഒന്‍പതിനോട് അടുത്തിരിക്കുന്നു. തൊട്ടു തന്നെ ഒരു ഭക്ഷണ ശാല ഉണ്ടായിരുന്നു. എങ്കിലും, ടൗണില്‍ ചെന്നു ഭക്ഷണം കഴിക്കാം എന്ന വലിയേട്ടന്റെ അഭിപ്രായത്തോടു ഞങ്ങളും യോജിച്ചു. അന്നു ബക്രീദ് ആയതു കോണ്ട്, നഗരത്തില്‍ ഭക്ഷണ ശാലയൊന്നും തുറന്നിട്ടില്ല..ഒടുക്കം, കുറെ ദൂരെ ഓടിയതിന് ശേഷമാണ്, നല്ല ഒരിടം കണ്ടതും, ഭക്ഷണം കഴിച്ചതും. സമയമുണ്ടെങ്കില്‍, വഴിയില്‍, മറ്റു ക്ഷേത്രങ്ങള്‍ കൂടി ദര്‍ശിക്കണമെന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നു. എങ്കിലും, എല്ലായിടത്തും നട അടക്കുന്ന സമയമായതിനാല്‍, ഞങ്ങള്‍ യാത്ര നേരെ വീട്ടിലേക്കു തന്നെ ആക്കി.

എല്ലാവരുടേയും മുഖം പ്രസന്നമാണു. ഇത്ര നല്ല ഒരു യാത്ര ആകും എന്നു ആരും കരുതി കാണില്ലാ. തികച്ചും വിഭിന്നരായ, നാല് ആളുകള്‍ ഒത്തു ചേര്‍ന്നപ്പോള്‍, ആ യാത്ര, സ്വന്തം കുടുമ്പത്തോടൊപ്പം നടത്തിയതു പോലെ തന്നെ മനസ്സില്‍...അത്രക്കു നല്ലതായിരുന്നു.
ഒരേ മാനസികാവസ്ഥയിലുള്ളവരുമായി യാത്ര ചെയ്യുമ്പോള്‍, അസൗകര്യങ്ങള്‍ കുടി, മാറി പോകുന്നു എന്നതാണു സത്യം. ഇനി ഒരിക്കല്‍ കൂടി ഇങ്ങിനെ യാത്ര ചെയ്യണം എന്നു പറഞ്ഞുറപ്പിച്ചാണു ഞങ്ങള്‍ ഒരോരുത്തരും പിരിഞ്ഞതു.



MathrubhumiMatrimonial