goodnews head

രാവും പകലും കാട്ടിലെ ഡോക്ടറായി വിന്‍സെന്റ് സേവ്യര്‍

Posted on: 29 Jun 2012

കെ.ആര്‍ പ്രഹഌദന്‍




മൂഴിയാര്‍(പത്തനംതിട്ട): ആദിവാസികളുടെ കൊച്ചുഡോക്ടര്‍ ആണ് ഈ മനുഷ്യന്‍. മനസില്‍ ആഗ്രഹിക്കുമ്പോള്‍ ഓടിയെത്തുന്ന കാണപ്പെട്ട ദൈവം. ഡോ. വിന്‍സെന്റ് സേവ്യര്‍ സീതത്തോട് പഞ്ചായത്തിലെ ആദിവാസിക്കോളനികളില്‍ കഴിഞ്ഞ നാലുവര്‍ഷമായി ദൈവതുല്യമായ സാന്നിധ്യമാണ്.

നാഗര്‍കോവിലില്‍ ജനിച്ച് കേരള ആരോഗ്യവകുപ്പിലും തമിഴ്‌നാട് ആരോഗ്യവകുപ്പിലും ജോലി കിട്ടിയ ഇദ്ദേഹം കേരളത്തിനൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

തിരുവനന്തപുരം പെരിങ്കടവിള ഡിസ്‌പെന്‍സറിയിലെ സേവനത്തിനു ശേഷം നാലുവര്‍ഷം മുമ്പാണ് സീതത്തോട്ടില്‍ മെഡിക്കല്‍ ഓഫീസറായി എത്തുന്നത്.

നാഗര്‍കോവിലിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും സീതത്തോട്ടിലെ ആദിവാസിക്കുടികള്‍ അദ്ദേഹത്തിന്റെ മനസില്‍ നൊമ്പരമായി. ഗ്രാമീണ സേവനത്തിന് തയ്യാറാകാതെ മിക്കവരും തടിതപ്പുമ്പോള്‍ വനമേഖലയില്‍ നിന്നിറങ്ങാതെ ആദിവാസികള്‍ക്ക് ആരോഗ്യത്തിന്റെ കാവലാളായി ഡോക്ടര്‍.

കോളനികളില്‍ എന്തെങ്കിലും രോഗമുണ്ടെന്നറിഞ്ഞാല്‍ ഏതു പാതിരാത്രിയിലും ഡോക്ടര്‍ കുതിക്കുകയായി. സീതത്തോട് പഞ്ചായത്ത് നല്‍കിയ സഞ്ചരിക്കുന്ന ആസ്പത്രിയില്‍ നിറയെ മരുന്നുകളാണ്.

കോളനിയില്‍ സാറെന്നാല്‍ ഈ ഡോക്ടറാണ്. ഓരോരുത്തരെയും അദ്ദേഹം പേരെടുത്ത് വിളിക്കും. കാട്ടില്‍ നടന്നുകയറി ഊരുചുറ്റുന്ന ആദിവാസിയുടെ നാഡി പരിശോധിക്കും. പോക്കറ്റില്‍നിന്ന് അത്യാവശ്യം മരുന്നുകളും നല്‍കും. മാസം തികയാതെ പ്രസവിച്ച യുവതിയെ ഡോക്ടര്‍ ചികിത്സിക്കാനെത്തിയത് രാത്രിയില്‍. കാടുതാണ്ടിചെന്നപ്പോള്‍ കുഞ്ഞ് മരിച്ചു. ഡോക്ടറെ കൊല്ലാന്‍ പിടിച്ചു ചിലര്‍. പക്ഷേ, കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി. ഇപ്പോള്‍ അവരും ഡോക്ടറുടെ സ്‌നേഹിതര്‍.

കുടികളില്‍ കുഞ്ഞിന്റെ നൂലുകെട്ടിനും പേരുവിളിക്കും മറ്റു വിശേഷങ്ങള്‍ക്കും പുറത്തു നിന്ന് ഒരതിഥിയേയുള്ളു. അത് ഡോക്ടര്‍മാത്രം. തമിഴും മലയാളവും കലര്‍ന്ന മരുന്ന് മണക്കുന്ന ആ സാന്നിധ്യമാണ് മേഖലയില്‍ ആശ്വാസമാകുന്നത്. ഡോക്ടറുടെ സേവനത്തെ കളക്ടര്‍ പി. വേണുഗോപാല്‍ പ്രശംസിച്ചു. അദ്ദേഹത്തിന് താമസിക്കാന്‍ വാടക കൂടാതെ കെ.എസ്.ഇ.ബി. ക്വാര്‍ട്ടേഴ്‌സ് നല്‍കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

 

 




MathrubhumiMatrimonial