goodnews head

വിളിപ്പാടകലെ ജീവന്റെ മാലാഖമാര്‍

Posted on: 29 Jun 2012

സി.സരിത്‌



എവിടെയെങ്കിലും അപകടം നടന്നാല്‍ 102 എന്ന മൂന്നക്കനമ്പറില്‍ അമര്‍ത്തൂ... 'ഏഞ്ചല്‍' നിങ്ങളുടെ സഹായത്തിനെത്തും.

വഴിയിലൊരു അപകടം. ചോരയില്‍ക്കുളിച്ചു കിടക്കുന്നവരുടെ നിലവിളികള്‍ കാതുകളില്‍ വന്നലയ്ക്കുന്നു. അവരെ എങ്ങനെയും രക്ഷപ്പെടുത്തണമെന്നുണ്ട് നിങ്ങള്‍ക്ക്. എന്നാല്‍ തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങളൊന്നും നിര്‍ത്തുന്നതേയില്ലെങ്കിലോ? വിഷമിക്കേണ്ട. ഇതാ, ഒരു വിളിപ്പാടകലെ വാഹനങ്ങളുണ്ട്. കൊച്ചുവാഹനമൊന്നുമല്ല, ആബുലന്‍സ് തന്നെ. 102 എന്ന മൂന്നക്ക നമ്പറിലേക്ക് വിരലമര്‍ത്തൂ. അപകടം നടന്ന സ്ഥലത്തിനടുത്ത് എവിടെയെങ്കിലും ആംബുലന്‍സ് ഉണ്ടെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ മുന്നിലേക്കു പാഞ്ഞെത്തിയിരിക്കും.

ഇത് മായവും മന്ത്രവുമൊന്നുമല്ല. ഏഞ്ചല്‍ എന്ന ടെക്‌നോ ചാരിറ്റി പദ്ധതിയാണ് രക്ഷയ്‌ക്കെത്തുന്നത്. ഏഞ്ചല്‍ എന്നാല്‍ ആക്ടീവ് നെറ്റ്‌വര്‍ക് ഗ്രൂപ്പ് ഓഫ് എമര്‍ജന്‍സി ലൈഫ് സേവേഴ്‌സ്. 102 എന്ന സൗജന്യ നമ്പറിലേക്ക് അപകടം നടന്ന സ്ഥലം ഏതാണെന്ന് വിളിച്ചറിയിച്ചാല്‍ മതി. ഓട്ടോമാറ്റിക്കായി അതിനടുത്തുള്ള ആംബുലന്‍സിന് വിവരമെത്തും. അങ്ങനെയാണ് ആംബുലന്‍സ് അപകടസ്ഥലത്ത് കുതിച്ചെത്തുന്നത്.

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് എന്നീ അഞ്ച് ജില്ലകളിലാണ് ഏഞ്ചല്‍ ഇപ്പോള്‍ ഉള്ളത്. കണ്ണൂരില്‍ 30 വാഹനങ്ങള്‍ ഇതിന്റെ സേവനത്തിലുണ്ട്. ഇത് ഈ വര്‍ഷം 100 ആക്കും. കോഴിക്കോട് ജില്ലയില്‍ 110 വാഹനങ്ങളില്‍ ഈ സംവിധാനം ഉണ്ട്. ഇനി അപകടത്തില്‍പ്പെട്ടവരെ കൃത്യസമയത്ത് ആസ്പത്രിയിലെത്തിക്കാന്‍ വാഹനം കിട്ടാതെ ആരുടെയെങ്കിലും ജീവന്‍ അപകടത്തിലാകുമെന്ന പേടി വേണ്ട. ഒരു വിളിപ്പാടകലെ ഏഞ്ചലുണ്ട്.

ഏഞ്ചലിന്റെ പിറവി

പാശ്ചാത്യരാജ്യങ്ങളിലാണ് ടെക്‌നോ ചാരിറ്റി എന്ന ജീവകാരുണ്യപ്രവര്‍ത്തനം ആദ്യം നിലവില്‍വന്നത്. പുതിയ കാലത്തിന്റെ സാങ്കേതികവിദ്യയുമായി കൈകോര്‍ത്തു നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനമെന്നു ചുരുക്കം. ഈ മാതൃക പിന്‍പറ്റിയാണ് ഏഞ്ചല്‍ ഇവിടെയുമെത്തിയത്.

റോഡപകടങ്ങള്‍ നിത്യസംഭവം. ഹൃദ്രോഗമരണങ്ങളും സാധാരണം. എന്നാല്‍ ആസ്പത്രിപൂര്‍വ പരിചരണവും യഥാസമയം ചികിത്സ ലഭ്യമാക്കലും ഇത്തരം മരണനിരക്ക് കുത്തനെ കുറയ്ക്കാനിടയാക്കും. കോഴിക്കോട്ടെ എമര്‍ജന്‍സി വിഭാഗത്തിലെ സുമനസ്സുകളായ ഡോക്ടര്‍മാരുടെയും സാമൂഹികപ്രവര്‍ത്തകരുടെയും ഈ ചിന്തയില്‍നിന്നാണ് ഏഞ്ചലിന്റെ പിറവി. കഴിഞ്ഞ വര്‍ഷം ഫിബ്രവരി 18ന് കോഴിക്കോട്ട് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം പദ്ധതി ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം ജനവരി അഞ്ചിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് കണ്ണൂരില്‍ പദ്ധതിക്കു തുടക്കംകുറിച്ചത്.

അപകടം നടന്നാല്‍ സ്ഥലത്തുള്ളവര്‍ ആദ്യം നമ്പറുകള്‍ തേടിപ്പിടിച്ച് ആംബുലന്‍സിനെ വിളിക്കും. അവസാനം ആംബുലന്‍സ് എത്തുമ്പോഴേക്കും സമയം ഏറെ പോയിട്ടുണ്ടാകും. ആംബുലന്‍സ് കിട്ടാതെവന്നാല്‍ കിട്ടുന്ന ഓട്ടോയിലോ കാറിലോ ജീപ്പിലോ പരിക്കേറ്റവരെ ആസ്പത്രിയിലെത്തിക്കും. സീറ്റില്‍ ഒടിച്ചുമടക്കി കിടത്തി എത്തിക്കുന്നതാകട്ടെ മരണത്തിലേക്കുള്ള എളുപ്പവഴിയുമാകുന്നു. ഇതു മനസ്സിലാക്കി 75 ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ആസ്പത്രിപൂര്‍വ പരിചരണത്തില്‍ ഏഞ്ചല്‍ പരിശീലനം നല്‍കിക്കഴിഞ്ഞെന്ന് പദ്ധതിയുടെ എക്‌സിക്യുട്ടീവ് ഡയരക്ടര്‍ ഡോ. സുള്‍ഫിക്കര്‍ അലി പറഞ്ഞു. നട്ടെല്ലിനും മറ്റും പരിക്കേറ്റവരെ സുരക്ഷിതമായി എടുക്കാന്‍ സ്‌പൈന്‍ ബോര്‍ഡുകളും ഏഞ്ചല്‍ വണ്ടികളിലുണ്ട്. രോഗിയെ എത്തിക്കുന്ന ആസ്പത്രിയുമായി ബന്ധപ്പെട്ട് ചികിത്സാസൗകര്യം മുന്‍കൂട്ടി ഉറപ്പിക്കാനുള്ള സൗകര്യവുമുണ്ട്. കാസര്‍കോടും തൃശ്ശൂരും പദ്ധതി തുടങ്ങാനിരിക്കുകയാണ്.

പ്രവര്‍ത്തനം ഇങ്ങനെ

102 ലേക്ക് വിളിച്ചാല്‍ കോളുകള്‍ നേരെ കോഴിക്കോട്ടെ സെന്‍ട്രല്‍ കണ്‍സോളില്‍ എത്തും. നാലു കോളുകള്‍ വരെ ഒരേസമയം സെന്‍ട്രല്‍ കണ്‍സോളിന് സ്വീകരിക്കാനാകും.

ഇവിടെ കോള്‍ ലഭിച്ചയുടനെ സേവനം ആവശ്യമുള്ളതിന് തൊട്ടടുത്ത ആംബുലന്‍സ് ഡ്രൈവറുടെ ഫോണിലേക്ക് കോള്‍ കൈമാറ്റം ചെയ്യും. കോള്‍ അറ്റന്‍ഡ് ചെയ്യുന്നില്ലെങ്കില്‍ അടുത്ത ഡ്രൈവറുടെ ഫോണിലേക്ക് കോള്‍ കൈമാറും. ഇങ്ങനെ നാലു ഡ്രൈവര്‍മാരെ വരെ നിമിഷങ്ങള്‍ക്കുള്ളില്‍ ബന്ധപ്പെടാനാകും. മോട്ടോര്‍ വെഹിക്കിള്‍ ട്രാക്കിങ് യൂണിറ്റ് എന്ന കൊച്ചുപകരണം ആംബുലന്‍സുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്. 15,000 രൂപയാണ് ഈ ഉപകരണത്തിന്റെ വില. ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം വഴി ഈ ഉപകരണത്തിലൂടെയാണ് 102 ആംബുലന്‍സുകളുടെ ലക്ഷ്യസ്ഥാനം തിരിച്ചറിയുന്നത്. എത്ര സമയത്തിനകം ലക്ഷ്യസ്ഥാനത്ത് എത്താനാകുമെന്നറിയാന്‍ കഴിയും.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ കണ്‍സോളില്‍ ആറു പേരാണുള്ളത്. അപകടത്തില്‍ പരിക്കേറ്റ് ശരീരം തളര്‍ന്നവരാണ് ഇവരെല്ലാം. ഓരോ മാസവും 300 കോളുകളെങ്കിലും സെന്‍ട്രല്‍ കണ്‍സോളിന് ലഭിക്കുന്നുണ്ട്. സ്വകാര്യ-സഹകരണ ആസ്പത്രികളുടെയും സന്നദ്ധസംഘങ്ങളുടെയും ആംബുലന്‍സുകളാണ് ഏഞ്ചലിന്റെ പതാകവാഹകര്‍. പാവങ്ങള്‍ക്കും അപകടത്തിനിരയായി കൂടെയാരുമില്ലാത്തവര്‍ക്കും ആംബുലന്‍സിന്റെ ചാര്‍ജ് ഏഞ്ചല്‍തന്നെ നല്‍കും.

സംഭാവനയ്ക്കും സ്‌പോണ്‍സര്‍ഷിപ്പിനും പുറമെ ഏഞ്ചലിന്റെ പ്രവര്‍ത്തനത്തിന് തുണയായി സര്‍ക്കാര്‍സഹായവുമുണ്ട്. ജില്ലാ കളക്ടറാണ് കണ്ണൂര്‍ ജില്ലയില്‍ പദ്ധതിയുടെ ചെയര്‍മാന്‍; ഡി.എം.ഒ. വൈസ് ചെയര്‍മാനും. ഇവരെക്കൂടാതെ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ. സുള്‍ഫിക്കര്‍ അലി, ഡോ. മനോജ് നാരായണന്‍ (ഫിനാന്‍സ് ഡയരക്ടര്‍), ഡോ. ശ്രീകുമാര്‍, പി. നാരായണന്‍, രജിത്ത് രാജരത്‌നം, അഡ്വ. മനോജ്കുമാര്‍, പി. ഷാഹിന്‍, ഡോ. സുരേന്ദ്രബാബു എന്നിവരടങ്ങിയതാണ് ഡയരക്ടര്‍ ബോര്‍ഡ്.

ചിറകുവിരിക്കുന്ന മാലാഖ

ഏഞ്ചലിന്റെ അദൃശ്യകരങ്ങള്‍ ജീവന്‍രക്ഷയില്‍ മാത്രമൊതുങ്ങുന്നില്ല. 102ല്‍ അംഗമായ ആംബുലന്‍സുകള്‍ അപകടകരമായ വേഗത്തില്‍ ഓടുന്നുണ്ടോ? എങ്കില്‍ അവയെ കണ്ടെത്തി തിരുത്താനുള്ള നിര്‍ദേശം നല്‍കാനും ഏഞ്ചലിനു കഴിയും. 102 നമ്പര്‍ പതിച്ച ആബുലന്‍സ് അമിത ചാര്‍ജ് ഈടാക്കുന്നുവെങ്കില്‍ ആ പരാതിയും ഏഞ്ചലിനെ അറിയിക്കാം. പരിഹാരം ഉറപ്പ്. ആസ്പത്രിപൂര്‍വ പരിചരണത്തില്‍ പൊതുജനങ്ങള്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്.

 

 




MathrubhumiMatrimonial