goodnews head

കാടത്തം മറന്ന കാട്ടാന

Posted on: 22 Jun 2012

ടി.വി.രവീന്ദ്രന്‍



പുല്‍പ്പള്ളി: കാട്ടാനക്കൂട്ടങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും ഭീതി പരത്തുമ്പോള്‍ ചെതലയം റേഞ്ചിലെ ഇരുളം വനപാതയില്‍ കാട്ട് കൊമ്പന്‍ മണിയന്‍ ജനകീയനാവുകയാണ്. പനം പട്ടകളും പഴക്കുലകളുമെല്ലാം നാട്ടുകാര്‍ മണിയന് കാണിക്കയായര്‍പ്പിക്കുമ്പോള്‍ സഞ്ചാരികള്‍ക്കെല്ലാം ഇതൊരു വേറിട്ട കാഴ്ച.

ഇരുളത്തെ വനപാതയില്‍ കാഴ്ചക്കാര്‍ക്ക് വിരുന്നൊരുക്കുന്ന കാട്ടു കൊമ്പന്റെ ജനകീതയും ചര്‍ച്ചയാവുകയാണ്. തന്റെ ആവാസകേന്ദ്രമായ ഇടവനത്തില്‍ കുടില്‍ കെട്ടി ആദിവാസി വിഭാഗങ്ങള്‍ നടത്തുന്ന ഭൂസമരത്തോടും മണിയന് സഹതാപമാണെന്ന് തോന്നും അവരോടുള്ള സൗഹൃദം കണ്ടാല്‍.

ആദിവാസികളുടെ കയ്യേറ്റ സമരകേന്ദ്രങ്ങളിലെത്തുന്ന ഈ ഗജവീരന്‍ പ്രകോപിതനാകുന്നില്ല. മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ വന്യമൃഗത്തിന്റെ ജനസൗഹൃദമാണ് ഇവിടെ കാഴ്ച. സ്വകാര്യ വാഹനങ്ങളിലെ യാത്രക്കാര്‍ പലപ്പോഴും വാഹനം നിര്‍ത്തി മൊബൈല്‍ ഫോണിലും മറ്റും മണിയന്റെ വികൃതികള്‍ ഒപ്പിയെടുക്കുന്നതും സ്ഥിരം കാഴ്ചയാണ്. അവരോടും മണിയന്റെ സമീപനം സൗഹാര്‍ദ്ദപരമാണ്. എന്നാല്‍ ചിലപ്പോഴൊക്കെ ഇവി ടെ എത്തുന്ന മറ്റ് കാട്ട് കൊമ്പന്‍മാര്‍ മണിയനെന്ന് തെറ്റിദ്ധരിച്ച് ലോഹ്യം പറയാന്‍ ചെന്നവരെ ഓടിച്ച സംഭവങ്ങളുമുണ്ട്.

ജനങ്ങള്‍ കൈവെള്ളയില്‍ പഴം പോലും ഈ കാട്ട്‌കൊമ്പന് നല്‍കിയി ട്ടുണ്ട്. രാത്രികാലങ്ങളില്‍ ഇരുളം ടൗണിലിറങ്ങുന്ന ഈ ആനക്കുട്ടന്‍ ഉപ്പ് ചാക്കുകള്‍ കണ്ടാല്‍ കുത്തിത്തുറക്കുകമാത്രമേ ചെയ്യൂ, മറ്റ് വസ്തുവകകള്‍ നശിപ്പിക്കില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രണ്ട് തവണ മണിയന് മയക്ക് വെടിവെച്ച് ചികിത്സ നല്‍കേണ്ടി വന്നിട്ടുണ്ട്. ആദ്യം കാലിലെ മുറിവ് വ്രണമായപ്പോഴും പിന്നെ വാലിന് പഴുപ്പ് കയറിയപ്പോഴും. രണ്ട് തവണയും ചുരുങ്ങിയ കാലത്തെ ഇടവേളക്ക് ശേഷം ഈ ആന ഇരുളത്തെത്തി.

കാഴ്ചക്കാരോടും പ്രദേശവാസികളോടും സൗഹൃദപരമായി പെരുമാറുന്ന മണിയന്‍ വന്യമൃഗമാണെന്ന സത്യം വിസ്മരിക്കരുതെന്നും വനപാലകര്‍ ഓര്‍മ്മപ്പെടുത്തുന്നു. നാട്ടാനകള്‍ക്ക് പോലും ഉണ്ടാകുന്ന സ്വഭാവമാറ്റം ദുരന്തങ്ങള്‍ക്ക് കാരണമായിട്ടുണ്ടല്ലോ.


ചിത്രം : മണിയന്‍, ഇരുളം വനപാതയില്‍






 

 




MathrubhumiMatrimonial