
ശുചീകരണത്തില്‍ മാതൃകയായി ഹൈക്കോടതി ജഡ്ജി
Posted on: 18 Jun 2012

എളമക്കരയിലെ കീര്‍ത്തിനഗര്‍ ബി. ടി. എസ്. റോഡിലെ സായി ഗായത്രിയിലാണ് ജഡ്ജിയുടെ താമസം. ഇവിടെ മഴക്കാലപൂര്‍വ്വ ശുചീകരണങ്ങള്‍ നടക്കാത്തതിനാല്‍ റോഡു മുഴുവനും കാടുപിടിച്ച് കിടക്കുകയായിരുന്നു. മഴക്കാലമെത്തിയതോടെ കാനകള്‍ അടഞ്ഞ് വെള്ളക്കെട്ടും പതിവായി. ഇതോടെയാണ് അവധി ദിവസമായ ഞായറാഴ്ച അവിടം വൃത്തിയാക്കാന്‍ ജഡ്ജി തീരുമാനിച്ചത്. ഇടതടവില്ലാതെ മഴ പെയ്തതിനാല്‍ വൈകുന്നേരത്തോടെയാണ് പണികള്‍ ആരംഭിച്ചത്. അപ്പോഴേക്കും മഴ മുറുകി. എന്നാല്‍ മഴ വകവെയ്ക്കാതെ തൂമ്പയുമായി അദ്ദേഹം റോഡിന്റെ ഇരുവശവും ചെത്തി മിനുക്കി മാലിന്യം പൂര്‍ണമായും നീക്കി. നാട്ടുകാര്‍ ഇത് കൗതുകത്തോടെയാണ് വീക്ഷിച്ചത്.
മാസങ്ങള്‍ക്ക് മുന്‍പ് ഇവിടം കാടുപിടിച്ചപ്പോള്‍ അദ്ദേഹം വീട്ടു ജോലിക്കാരെക്കൊണ്ട് റോഡ് വൃത്തിയാക്കിച്ചിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞതും കാട് വളര്‍ന്ന് വലുതായി, വെളളം പോകാനായി റോഡില്‍ നിന്ന് കാനയിലേക്കുളള ദ്വാരങ്ങള്‍ എല്ലാം അടഞ്ഞ് പോയിരുന്നു. കുട്ടികളടക്കം നിരവധി പേരാണ് ദിനം പ്രതി ഇതുവഴി നടന്നു പോകുന്നത്. മലിനമായ വെള്ളത്തിലൂടെയുള്ള സഞ്ചാരം രോഗ കാരണമാകുമെന്നത് മുന്നില്‍ കണ്ടായിരുന്നു അദ്ദേഹം സ്വയം ഈ പ്രവര്‍ത്തനത്തിലേക്കിറങ്ങുവാന്‍ തയ്യാറായത്.
