
മാനവികതയുടെ പച്ചവെളിച്ചമായി ഒരു ലക്ഷം 'ഇന്ത്യന്‍ റുപ്പി'
Posted on: 21 May 2012

ഡല്‍ഹി യാത്രക്കിടെ തീവണ്ടിയില്‍ നിന്നു വീണ് ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്ന സുള്‍ഫിക്കര്‍ എന്ന 15കാരന്റെയും അമ്മ ജാസ്മിന്റെയും ജീവിതപരീക്ഷണങ്ങളെക്കുറിച്ചായിരുന്നു ഫീച്ചര്‍. ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തിന് ലഭിച്ച ദേശീയ അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപയാണ് രഞ്ജിത്ത് നല്‍കിയത്. പണത്തേക്കാള്‍ മീതെയാണ് മാനവികതയെന്ന സന്ദേശമുയര്‍ത്തിയ ഈ ചിത്രത്തിന് ലഭിച്ച പുരസ്‌കാരം ഇങ്ങനെ അര്‍ഥവത്താവുകയും ചെയ്തു.
ജാസ്മിന്റെ കുടുംബത്തെ ചെറിയതോതിലെങ്കിലും സഹായിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞു. ആരേയും അറിയിക്കാതെ നല്‍കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ ഇത് മറ്റുള്ളവര്‍ക്ക് പ്രചോദനമാവുമെങ്കില്‍ അതാവട്ടെയെന്ന നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. ഇതോടെ തന്റെ ചിത്രത്തിനു ലഭിച്ച പുരസ്‌കാരത്തിന് മൂല്യം കൂടിയതായി തോന്നുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു.
പരീക്ഷണങ്ങളുടെ പാളങ്ങളില്‍ കൈത്താങ്ങായി മാതൃഭൂമി ഏജന്റ് നാരായണന്‍നായര്‍
പറവൂര്‍ : സുള്‍ഫിക്കറിനും അമ്മ ജാസ്മിനും കുടുംബത്തിനും ഒരുകൈ സഹായവുമായി മാതൃഭൂമി നോര്‍ത്ത് പറവൂര്‍ ഏജന്റ് പി.എന്‍. നാരായണന്‍നായരും എത്തി. മാതൃഭൂമി വാരാന്തപ്പതിപ്പില്‍വന്ന 'പരീക്ഷണങ്ങളുടെ പാളങ്ങളില്‍' എന്ന ഫീച്ചര്‍ വായിച്ച നാരായണന്‍നായര്‍ ദുരന്തവും വേദനയും അനുഭവിക്കുന്ന കുടുംബത്തെ സഹായിക്കാന്‍ അയ്യായിരം രൂപ മാതൃഭൂമി ഓഫീസില്‍ നേരിട്ടേല്പിച്ചു.
പറവൂര്‍ തെക്കേ നാലുവഴി 'തിരുവാതിര'യില്‍ നാരായണന്‍നായര്‍ 52 വര്‍ഷമായി 'മാതൃഭൂമി' വിതരണക്കാരനും ഏജന്റുമാണ്. സുള്‍ഫിക്കറുടേയും അമ്മയുടേയും ജീവിതകഥ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചതായി അദ്ദേഹം പറഞ്ഞു.
