goodnews head

എയ്ഡ്‌സിനെയും തോല്‌പിച്ച് ഈശ്വരിയുടെ ജനസേവനം

Posted on: 14 Dec 2008


ചെന്നൈ: തന്റെ ഗ്രാമത്തിലെ ജനങ്ങള്‍ ഒന്നടങ്കം അകറ്റിനിര്‍ത്തിയ ഈശ്വരി ഇപ്പോള്‍ അവിടത്തെ പഞ്ചായത്തിലെ കൗണ്‍സിലറാണ്. മാത്രമല്ല എച്ച്.ഐ.വി. ബാധിതരായ സ്ത്രീകളുടെ സങ്കടങ്ങളിലും ദുരിതങ്ങളിലും ഒപ്പം നിന്ന് മാതൃകയാകാനും ഇവരുണ്ട്. തേനി ജില്ലയിലെ കൊട്ടങ്കിപ്പട്ടി പഞ്ചായത്തിലെ കൗണ്‍സിലറായി മത്സരിക്കാന്‍ തന്നെ 29 കാരിയായ ഈശ്വരിക്ക് ഭഗീരഥപ്രയത്‌നനം നടത്തേണ്ടിവന്നു. തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചപ്പോള്‍, അതു പിന്‍വലിക്കണമെന്ന ആവശ്യവുമായി ഗ്രാമവാസികള്‍ ഒത്തുചേര്‍ന്നു. എയ്ഡ്‌സ് ബാധിതയായ ഒരാള്‍ക്കു വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പറ്റില്ലെന്ന് അവര്‍ മുന്‍വിധിയെഴുതി. എന്നാല്‍ ഒരു സന്നദ്ധ സംഘടന അവര്‍ക്ക് സഹായവുമായെത്തി. അവര്‍ രംഗത്തിറങ്ങി പതുക്കെ ജനങ്ങളുടെ മനസ്സുമാറ്റി. എയ്ഡ്‌സ് ബാധിച്ച ഒരാളെ അകറ്റി നിര്‍ത്തുന്നത് ശരിയല്ലെന്ന് ഇവര്‍ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കി. ''ജനാധിപത്യ വ്യവസ്ഥയില്‍ ജനറല്‍ വാര്‍ഡില്‍ ആര്‍ക്കുവേണമെങ്കിലും മത്സരിക്കാമെന്നും അത് തടയാന്‍ ആര്‍ക്കും അവകാശമില്ല'' എന്നുമായിരുന്നു അവരുടെ മുദ്രാവാക്യം.

സമൂഹത്തില്‍നിന്നു മാത്രമല്ല, സ്വന്തം വീട്ടില്‍ നിന്നുപോലും പ്രതികൂല കാലാവസ്ഥ നേരിടേണ്ടിവന്നുവെന്ന് ഈശ്വരി പറയുന്നു. 1997-ലാണ് ഈശ്വരിക്ക് എച്ച്.ഐ.വി.ബാധ കണ്ടെത്തിയത്. തുണിക്കച്ചടക്കാരനായ ഭര്‍ത്താവ് മാരിയപ്പനില്‍ (33) നിന്നുമാണ് വൈറസ് പകര്‍ന്നത്. വിവരമറിഞ്ഞ് വീട്ടുകാര്‍ ഈശ്വരിയെ അകറ്റി നിര്‍ത്തി. എച്ച്.ഐ.വി. ലൈംഗിക ബന്ധത്തിലൂടെയും രക്തം വഴിയും മാത്രമേ പകരൂവെന്ന് വിട്ടുകാരെ പറഞ്ഞുമനസ്സിലാക്കാന്‍ ഈശ്വരിക്ക് ഒരുവര്‍ഷം സമയം വേണ്ടിവന്നു. അയല്‍വാസികളെയും ഇക്കാര്യം അവര്‍ പറഞ്ഞു മനസ്സിലാക്കി. അവരുടെ വിജ്ഞാനവും വിവരവും തിരിച്ചറിഞ്ഞ ജനങ്ങള്‍ ഒടുവില്‍ അവരെ കൗണ്‍സിലറായി തിരഞ്ഞെടുത്തു.

235 വോട്ടാണ് തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് ലഭിച്ചത്. തന്റെ ഗ്രാമവാസികള്‍ക്ക് ഉപകാരപ്പെടുന്ന സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് വിശദമായി പഠിക്കുകയും അത് സ്വന്തം ഗ്രാമത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ''ഇപ്പോള്‍ എന്റെ വാര്‍ഡ് എല്ലാ കാര്യത്തിലും സ്വയം പര്യാപ്തമാണ്''-ഈശ്വരി അഭിമാനത്തോട പറയുന്നു. ഗ്രാമങ്ങളുടെ പുരോഗതിക്കായുള്ള സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഈശ്വരിക്ക് മനഃപാഠമാണെന്ന് പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ പറയുന്നു. ''എച്ച്.ഐ.വി.യെക്കുറിച്ച് അജ്ഞരായ നിരക്ഷരര്‍ക്ക് ഈ രോഗത്തിന്റെ തെറ്റിദ്ധാരണ മാറ്റിയെടുക്കുന്നതിന് ക്ലാസ്സെടുക്കാന്‍ താന്‍ തയ്യാറാണെന്ന് ഈശ്വരി പറയുന്നു.

എയ്ഡ്‌സ് ബാധിതരായ ഭര്‍ത്താവും താനും ഒരു കുട്ടിയുമടങ്ങുന്ന കുടുംബം മരുന്നിലൂടെ ഇപ്പോഴും നല്ല ആരോഗ്യത്തോടെ ജീവിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. തന്റെ ജീവിനെക്കുറിച്ച് പ്രതീക്ഷയില്ലാത്തതിനാല്‍ ബാങ്കുകള്‍ തനിക്ക് വായ്പ നിഷേധിക്കുന്നുണ്ടെന്നും ഈശ്വരി പറഞ്ഞു. ''ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത് ദീര്‍ഘകാലം ജീവിക്കുമെന്ന് തന്നെയാണ്; പക്ഷേ, അവര്‍ കരുതുന്നത് ഞാന്‍ ഉടനെ മരിക്കുമെന്നും''-പണയംവെക്കാന്‍ കൊണ്ടുപോയ തന്റെ ആഭരണങ്ങള്‍ ചില ബാങ്ക് ഉദ്യോഗസ്ഥര്‍ തൊടാന്‍തന്നെ വിസമ്മതിച്ച സംഭവവും അവര്‍ വേദനയോടെ ഓര്‍ക്കുന്നു.

 

 




MathrubhumiMatrimonial