ഭീകരവാദത്തിന് ഇന്ത്യയെ തകര്‍ക്കാനാവില്ല- ഒബാമ

Posted on: 30 Nov 2008


ന്യൂഡല്‍ഹി: മുംബൈയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് അമേരിക്ക പിന്തുണ വാഗ്ദാനം ചെയ്തു. ഇന്ത്യയുടെ മഹത്തായ ജനാധിപത്യത്തെ ഭീകരവാദത്തിന് തോല്‍പ്പിക്കാനാവില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ ഫോണില്‍ വിളിച്ച അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട പ്രസിഡന്റ് ബുഷും സഹകരണം ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തിരുന്നു. ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണത്തെ സഹായിക്കാന്‍ യു.എസ്. രഹസ്യാന്വേഷണ സംഘത്തിനെ അയയ്ക്കാന്‍ യു.എസ് . അംബാസഡര്‍ ഡേവിഡ് മുല്‍ഫോര്‍ഡ് സന്നദ്ധത പ്രകടിപ്പിച്ചു. അതേസമയം കശ്മീര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പാകിസ്താന്‍ തീവ്രവാദസംഘടനകളാണ് മുംബൈ ആക്രണമത്തിന് പിന്നിലെന്നാണ് യു.എസ്. രഹസ്യാന്വേഷണ സംഘടന കണ്ടെത്തിയിരിക്കുന്നതെന്ന് അമേരിക്കന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശനിയാഴ്ച രാവിലെയാണ് ബരാക് ഒബാമ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വിളിച്ച് മുംബൈ സംഭവവികാസങ്ങളില്‍ അദ്ദേഹത്തിനുള്ള കടുത്ത ദുഖം പ്രകടിപ്പിച്ചത്. അറുപതുമണിക്കൂര്‍ നീണ്ട കടുത്ത പോരാട്ടത്തിന് ശേഷം തീവ്രവാദികളെ വധിച്ച് മുംബൈയില്‍ സമാധാനനില കൈവരിച്ച സംഭവവികാസങ്ങളെ കുറിച്ച് പ്രധാനമന്ത്രി ഒബാമയോട് വിശദീകരിച്ചു. പ്രധാനമന്ത്രിയെ ഫോണില്‍ വിളിക്കുന്നതിന് തൊട്ട് മുമ്പാണ് 'ഇന്ത്യയുടെ മഹത്തായ ജനാധിപത്യ പാരമ്പര്യത്തെയും തീവ്രവാദത്തിനെതിരായ ആഗോള സഖ്യത്തേയും തോല്‍പ്പിക്കാന്‍ ഭീകരവാദത്തിന് കഴിയില്ലെ'ന്ന് ഒബാമ മാധ്യമപ്രവര്‍ത്തരോട് പറഞ്ഞത്.

ഇന്ത്യയ്ക്കും തീവ്രവാദത്തിനെതിരായി പോരാടുന്ന മറ്റ് രാജ്യങ്ങള്‍ക്കുമൊപ്പം അമേരിക്ക നിലനില്‍ക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം നിലവില്‍ ഇന്ത്യയുടെ ദുരന്തത്തില്‍ സഹായിക്കാന്‍ ബുഷ് ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും പ്രഖ്യാപിച്ചു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തുറന്നയുദ്ധത്തിലേയക്ക്് മുംബൈ പ്രശ്‌നം നയിക്കുമോ എന്ന് അമേരിക്ക ഭയപ്പെടുന്നുണ്ടെന്നും അവിടെനിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഭീകരാക്രമണത്തിന് പാകിസ്താന്‍ ആസ്ഥാനമായ തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍.
അതേസമയം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ആഭ്യന്തര മന്ത്രി ശിവരാജ്പാട്ടീലും മുതിര്‍ന്ന നേതാക്കളുമായി ശനിയാഴ്ച ചര്‍ച്ച നടത്തി. രാവിലെ നാവികസേനാ മേധാവി, രഹസ്യാന്വേഷണ വിഭാഗം തലവന്‍, കരസേനാ ഉപമേധാവി, ആഭ്യന്തര സുരക്ഷാ പ്രത്യേക സെക്രട്ടറി തുടങ്ങിയവരുമായി പാട്ടീല്‍ ചര്‍ച്ചനടത്തി.

അതിനു ശേഷമാണ് പ്രധാനമന്ത്രി സേനാ മേധാവികളുടെ യോഗം വിളിച്ചത്. ആഭ്യന്തരമന്ത്രി യോഗത്തില്‍ ക്ഷണിക്കപ്പെടാതിരുന്നത് അഭ്യൂഹങ്ങള്‍ക്കിടയാക്കി. പ്രധാനമന്ത്രി പ്രതിരോധമന്ത്രി എ.കെ. ആന്റണിയുമായും ചര്‍ച്ച നടത്തി.

ഡി. ശ്രീജിത്ത്




MathrubhumiMatrimonial