
ഹേമന്ത് കര്‍ക്കരെയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന വിട
Posted on: 30 Nov 2008

പോലീസ്‌സേനയുടെ അകമ്പടിക്ക് പിന്നിലാണ് ഹേമന്ത് കര്‍ക്കരെയുടെ മൃതദേഹം കിടത്തിയ വാഹനം നീങ്ങിയത്. മകന്‍ ആകാശ് മാത്രമാണ് മൃതദേഹത്തോടൊപ്പം ഇരുന്നിരുന്നത്.
പത്തരയോടെ ദാദറിലെ ശ്മശാനത്തില്‍ ദഹിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഹേമന്ത് കര്‍ക്കരെക്ക് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖ്, ഉപമുഖ്യമന്ത്രി ആര്‍.ആര്‍. പാട്ടീല്‍, ഛഗന്‍ ഭുജ്ബല്‍, ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ എന്നിവരെത്തി. മുംബൈ പോലീസ് തലവന്‍ എ.എന്‍. റോയ്, മുംബൈ കമ്മീഷണര്‍ ഹസ്സന്‍ ഗഫൂര്‍, മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ ജൂലിയസ് റിബോറെ ഉള്‍പ്പടെ പോലീസ് സേനയിലെ മുതിര്‍ന്നവരും ശവസംസ്‌കാരച്ചടങ്ങിന് എത്തി. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ നേതാവ് രാജ്താക്കറെ, ബി.ജെ.പി. നേതാവ് നിതിന്‍ ഗഡ്കരി എന്നിവരുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.
സംസ്ഥാന ബഹുമതിക്ക് ശേഷം പതിനേഴുകാരനായ ആകാശ് ചിതയ്ക്ക് തീകൊളുത്തി. ആയിരങ്ങള്‍ ശവസംസ്‌കാരച്ചടങ്ങില്‍ സംബന്ധിച്ചു. ശിവാജി പാര്‍ക്കിലെ വീട്ടിലും നിരവധിപേര്‍ എത്തി.
ഹേമന്ത് കര്‍ക്കരെയുടെ വിയോഗം വ്യക്തിപരമായും മുംബൈ പോലീസ് സേനയ്ക്കും കനത്ത നഷ്ടം തന്നെയാണ്. ഹേമന്ത് കര്‍ക്കരെയുടെ പകരക്കാരന്‍ ആരാണെന്ന് കണ്ടെത്തലും തന്നെ സംബന്ധിച്ച് വിഷമകരമാണെന്ന് മഹാരാഷ്ട്ര പോലീസ് മേധാവി എ.എന്‍. റോയ് പറഞ്ഞു.
