ഗുജറാത്ത് കടല്‍ത്തീരം കാക്കാന്‍ കസ്റ്റംസിന്റെ കൈവശമുള്ളത് കണ്ടംവെച്ച ബോട്ടുകള്‍!

Posted on: 30 Nov 2008


അഹമ്മദാബാദ്: ഗുജറാത്തിലെ 1600 നോട്ടിക്കല്‍ മൈല്‍ ദൂരം വരുന്ന കടല്‍ത്തീരത്തെ നിരീക്ഷണത്തിനായി കസ്റ്റംസിന്റെ കൈവശമുള്ളത് മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗംപോലും കിട്ടാത്ത കണ്ടംവച്ച ബോട്ടുകള്‍. പാക് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന സര്‍ക്രീക്ക്, മാണ്ട്‌വി, ജക്കോവ് എന്നീ സ്ഥലങ്ങള്‍ മുതല്‍ മഹാരാഷ്ട്രയോട് ചേര്‍ന്നുകിടക്കുന്ന വല്‍സാഡ്‌വരെയുള്ള തീരദേശത്ത് 25 വര്‍ഷം മുമ്പ് നിലവില്‍ ഉണ്ടായിരുന്ന സുരക്ഷാനിരീക്ഷണ സൗകര്യങ്ങളാണ് ഇപ്പോഴും ഉള്ളത്. ഇടക്കാലത്ത് സ്​പീഡ് ബോട്ടുകള്‍ നല്‍കി വിപുലീകരിക്കാന്‍ നടത്തിയശ്രമങ്ങള്‍ ഉപേക്ഷിച്ചതോടെ സ്​പീഡ് ബോട്ടുകള്‍ കരയിലായി. പകരം മരംകൊണ്ട് നിര്‍മിച്ച പഴയബോട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ കസ്റ്റംസിന് ഉള്ളത്. സവാരിക്ക് പോലും പറ്റാത്ത ഈ ബോട്ടുകളുമായി കടല്‍ക്കൊള്ളക്കാരെയോ തീവ്രവാദികളെയോ നേരിടാന്‍ അടുത്തകാലത്തൊന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കടലില്‍ ഇറങ്ങിയ ചരിത്രവുമില്ല.

ഗുജറാത്ത് കടല്‍ത്തീരത്തിനടുത്താണ് കണ്ട്‌ല, മുന്ദ്ര,ഹജീറ തുറമുഖങ്ങളും ജാംനഗര്‍, പോര്‍ബന്തര്‍ മേഖലകളും. ജാംനഗറില്‍ റിലയന്‍സ് ഗ്രൂപ്പിന്റെയും എസ്സാറിന്റെയും വന്‍ റിഫൈനറികളും ദ്വാരകയില്‍ ടാറ്റയുടെ കെമിക്കല്‍ ഫാക്ടറിയും മുന്ദ്രപോര്‍ട്ടിനടുത്ത് അദാനി ഗ്രൂപ്പ് നിര്‍മിക്കുന്ന 4600 മെഗാവാട്ട് പവര്‍‌സ്റ്റേഷനും അദാനിഗ്രൂപ്പിന്റെ തന്നെ തുറമുഖവും പാകിസ്താനിലെ കറാച്ചി തുറമുഖത്തിനടുത്തുനിന്ന് ഏറെ അകലത്തിലല്ല. താജ് ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി ഗുജറാത്ത് തീരദേശത്ത് കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. മുംബൈ ആക്രമണത്തിന് ഉപയോഗിച്ചത് പോര്‍ബന്തറില്‍ നിന്ന് തട്ടിയെടുത്ത സ്വകാര്യബോട്ടാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തേ കസ്റ്റംസ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ആയുങ്ങള്‍ നല്‍കിയിരുന്നുവെങ്കില്‍ കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ കസ്റ്റംസിന് ഒരൊറ്റ തോക്കുപോലും നല്‍കിയിട്ടില്ലത്രെ! പണ്ട് പിടിച്ചെടുക്കുന്ന ആയുധങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് വാങ്ങുന്നതിനുള്ള സൗകര്യം നല്‍കിയിരുന്നതും നിര്‍ത്തലാക്കി. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ജീവന് ഭീഷണിയൊന്നും ഇല്ലാത്ത സ്ഥിതിക്ക് തോക്കുപോലുള്ള ആയുങ്ങളൊന്നും നല്‍കേണ്ടതില്ലെന്നാണ് ഉത്തരവ്!

നിലവില്‍ തീരസംരക്ഷണസേനയുടെ ദമന്‍, ജാംനഗര്‍ പോസ്റ്റുകള്‍ക്ക് പുറമേ ബി.എസ്.എഫിന്റെ വാട്ടര്‍ വിഭാഗവും വിജിലന്‍സ് വിഭാഗവും മാത്രമാണ് പാക് അതിര്‍ത്തി മുതല്‍ മുംബൈ വരെയുള്ള ഗുജറാത്ത് കടല്‍ത്തീരം സംരക്ഷിക്കാനുള്ളത്. കസ്റ്റംസിന്റെ മറൈന്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ കരയില്‍ മാത്രമായി മാറി.

തീവ്രവാദികള്‍ ആധുനിക ബോട്ടുകളില്‍ 50 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സാറ്റലൈറ്റ് ഫോണും ആധുനിക സൗകര്യങ്ങളുമായി തീരത്തുകൂടി സൈ്വരവിഹാരം നടത്തുമ്പോള്‍ വാര്‍ത്താവിനിമയസൗകര്യം പോലുമില്ലാത്ത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സ്വകാര്യ മൊബൈല്‍ ഫോണ്‍ തന്നെ ആശ്രയം.

സജീവ് .സി.നായര്‍



MathrubhumiMatrimonial