മികച്ച ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ കര്‍ക്കരെയെയും മറ്റും രക്ഷിച്ചേനെയെന്ന് വാദം

Posted on: 30 Nov 2008


ന്യൂഡല്‍ഹി: ആധുനിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ലഭിച്ചിരുന്നെങ്കില്‍ ഹേമന്ത് കര്‍ക്കരെ, അജയ് കാംതെ തുടങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥരെ നഷ്ടപ്പെടില്ലായിരുന്നെന്ന് വിലയിരുത്തല്‍. നെഞ്ചിനു പുറമെ കഴുത്തും അടിവയറും തോളുകളും മറയുന്ന തരത്തിലെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വേണമെന്ന പോലീസിന്റെ നിരന്തര ആവശ്യം ഇനിയും നടപ്പിലാക്കിയിട്ടില്ല. പോലീസിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും ഇത്തരം ജാക്കറ്റുകള്‍ കിട്ടാന്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കണമെന്നാണ് അധികൃതരുടെ അറിയിപ്പ്.

പുതിയ ജാക്കറ്റുകള്‍ ഭാരം കുറഞ്ഞതും ബാലിസ്റ്റിക് ആയുധങ്ങള്‍ കൊണ്ടുള്ള ആക്രമണത്തെ ചെറുത്തുനില്ക്കാന്‍ കഴിവുള്ളതുമാണെന്ന് പോലീസ് ഗവേഷണ വികസന ബ്യൂറോ മേധാവി കെ. കോശി പറഞ്ഞു. സാധാരണഗതിയില്‍ പോലീസിനു നല്കിയിട്ടുള്ള ബുള്ളറ്റ് പ്രൂഫ് കവചങ്ങള്‍ നെഞ്ചിനു മാത്രം സുരക്ഷ നല്കുന്നവയാണ്. ഏറ്റുമുട്ടലുകളില്‍ ഇവ ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ മുംബൈ, ജാമിയനഗര്‍ ഏറ്റുമുട്ടലുകളില്‍ പോലീസ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്ന് മറ്റൊരു പോലീസുദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. 9 എം.എം. പിസ്റ്റളുകളില്‍നിന്നുള്ള വെടിയുണ്ടകളെ മാത്രമേ ഇതിന് പ്രതിരോധിക്കാനാകൂ എന്നതാണ് കാരണം.






MathrubhumiMatrimonial