
മോഷെ, തീയില്‍നിന്ന് രക്ഷിക്കപ്പെട്ടവന്‍
Posted on: 30 Nov 2008

മുംബൈയിലെ ജൂതവംശജര്‍ക്ക് ഭീകരാക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടുകിട്ടിയ പുതിയ മോശയാണ് മോഷെ ഹോറ്റ്‌സ്ബര്‍ഗ് എന്ന രണ്ടുവയസ്സുകാരന്‍. മോശ വെള്ളത്തില്‍നിന്നെടുക്കപ്പെട്ടവനാണെങ്കില്‍ മോഷെ, അഗ്‌നനിയില്‍നിന്ന്് രക്ഷിക്കപ്പെട്ടനാണ്.
മുംബൈയിലെ ജൂതര്‍ക്കിടയില്‍ പുരോഹിതനായിരുന്ന(റബ്ബി) ഗവ്‌റിയേല്‍ നോവാക് ഹോറ്റ്‌സ്ബര്‍ഗിന്റെയും ഭാര്യ റിവ്കയുടെയും മകനാണ് മോഷെ. കൊളാബയിലെ നരിമാന്‍ ഹൗസില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഗവ്‌റിയേലും റിവ്കയും കൊല്ലപ്പെട്ടു. ഉറങ്ങിക്കിടന്ന മോഷെയെ ഭീകരര്‍ അനാഥത്വത്തിന്റെ ലോകത്തേയ്ക്ക് ഭീകരര്‍ എറിഞ്ഞുതള്ളി.
2003മുതല്‍ മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ഗവ്‌റിയേലും ഭാര്യയും നരിമാന്‍ ഹൗസിലായിരുന്നു താമസം. ബുധനാഴ്ച രാത്രി രണ്ട് ഭീകരര്‍ നിറതോക്കുമായി നരിമാന്‍ ഹൗസ് ആക്രമിച്ചപ്പോള്‍, രണ്ടാം നിലയിലായിരുന്നു ഗവ്‌റിയേലും കുടുംബവും. ഭീകരര്‍ വെടിവെപ്പ് തുടങ്ങിയ ഉടന്‍ ഒന്നാം നിലയിലെ മുറികളിലൊന്നില്‍ കയറി അടച്ചിരുന്ന അമ്മായി സാന്ദ്രയ്ക്ക് രണ്ടാം ദിനമാണ് മോഷെയെ കിട്ടിയത്.
രാവിലെ കുട്ടിയുടെ കരച്ചില്‍ കേട്ട് പതുക്കെ മുറിതുറന്ന് മുകളിലെത്തിയ സാന്ദ്ര കണ്ടത് അച്ഛന്റെയും അമ്മയുടെയും മരവിച്ച ജഡങ്ങള്‍ക്കരികിലിരുന്ന് വിലപിക്കുന്ന മോഷെയെയാണ്. ആക്രമണത്തിന്റെ ബാക്കിയെന്നോണം മോഷെയുടെ മുഖത്തും ശരീരമാസകലവും രക്തം തെറിച്ച പാടുണ്ടായിരുന്നു. കുട്ടിയെയുമെടുത്ത് നരിമാന്‍ ഹൗസില്‍നിന്ന് സാന്ദ്ര ഓടിരക്ഷപ്പെട്ടു.
ഇപ്പോള്‍ ജൂത സന്നദ്ധപ്രവര്‍കരുടെ സംരക്ഷണയിലായിരുന്ന മോഷെയെ അപ്പൂപ്പന്‍ യെഹുദിത് റോസന്‍ബര്‍ഗിന്റെയും അമ്മൂമ്മ ഷിമോണിന്റെയും കൈകളിലേല്‍പ്പിച്ചു. ആക്രമണവിവരമറിഞ്ഞ് ഇവര്‍ ഇസ്രായേലില്‍നിന്നെത്തുകയായിരുന്നു.
