
ചോരവീണപ്പോഴും തലകുനിക്കാതെ താജ്
Posted on: 30 Nov 2008

മുംബൈയുടെ താജില്‍ 60 മണിക്കൂര്‍ നീണ്ട വെടിയൊച്ച നിലച്ചു. ഉള്‍മുറികളില്‍ നിരന്നുകിടക്കുന്ന മൃതദേഹങ്ങള്‍. വെടിവെപ്പിലും സേ്ഫാടനത്തിലും തകര്‍ന്നുവീണ അലങ്കാരത്തൂക്കുവിളക്കുകള്‍; ജനാലച്ചില്ലുകള്‍. മുറികള്‍ക്ക് ചോരയുടെ നിറവും മണവും. ഒന്നാംനിലയില്‍ കറുത്ത പുക ഒടുങ്ങിയിട്ടില്ല.
ഒട്ടേറെ വിവാഹസല്‍ക്കാരങ്ങള്‍ക്കും പുസ്തക പ്രകാശനങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും വേദിയായ ബാള്‍ റൂം മുഴുവനായും കത്തിപ്പോയി. ചുമരുകളില്‍ വെടിയുണ്ടയേറ്റ പാടുകള്‍. ഈ കേടുകള്‍ തീര്‍ക്കാന്‍ താജിനിനി ഒരു വര്‍ഷം വേണം.
ജംഷേദ്ജി ടാറ്റയുടെ സ്വപ്നങ്ങളിലാണ് താജിന്റെ അടിത്തറ ആദ്യം പണിതത്. വെള്ളക്കാരനല്ലാത്തതിനാല്‍ വാട്‌സന്‍സ് ഹോട്ടലില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതാണ് ആഡംബര ഹോട്ടല്‍ പണിയാനുള്ള ടാറ്റയുടെ നിശ്ചയത്തിനു പിന്നില്‍. ഒരുനാള്‍, കൃത്യമായി പറഞ്ഞാല്‍ 1898 നവംബര്‍ ഒന്നിന് ടാറ്റ രണ്ടര ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്തു, ഇന്നുകാണുന്ന താജ്മഹല്‍ ഹോട്ടലിരിക്കുന്ന സ്ഥലത്ത്. 99 വര്‍ഷമായിരുന്നു പാട്ടക്കാലാവധി. 1900ല്‍ തറക്കല്ലിടല്‍ നടത്തി.
ദിവസവും ടാറ്റ വരും, തന്റെ സ്വന്തം ഹോട്ടല്‍ ഉയരുന്നത് കാണാന്‍. ഒരു പാഴ്‌സി വാസ്തുശില്പിക്കൊപ്പം. സീതാറാം എന്ന വ്യക്തിയാണ് മുംബൈയുടെ താജ്മഹല്‍ ഡിസൈന്‍ ചെയ്തത്. എല്ലാറ്റിനും ജംഷേദ്ജിയുടെ നിര്‍ദേശവും. പണിക്കിടെ മലേറിയ പിടിപെട്ട് സീതാറാം മരിച്ചു. ടാറ്റ നിരാശനായില്ല. ഖാന്‍സാഹിബ് സൊറാബ്ജി കോണ്‍ട്രാക്ടര്‍ താജ് പണിതു.
അഞ്ചുനിലകളിലുയരുന്ന താജിന്റെ ഉള്ളലങ്കാരങ്ങള്‍ വാങ്ങാന്‍ ജംഷേദ്ജി നേരിട്ടിറങ്ങി. ഡസ്സന്റോഫില്‍ നിന്ന് വൈദ്യുതോപകരണങ്ങള്‍ കൊണ്ടുവന്നു. ബെര്‍ലിനില്‍ നിന്ന് അലങ്കാര വിളക്കുകളും. കറന്റുപോയാല്‍ വെളിച്ചത്തിന് ഗ്യാസ് ലൈറ്റുകള്‍; അമേരിക്കയില്‍ നിന്ന് ഫാനുകള്‍, പാരീസിലെ ഒരു പ്രദര്‍ശനത്തില്‍ നിന്ന് സ്പണ്‍ സ്റ്റീല്‍ തൂണുകള്‍, വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കുന്ന ലിഫ്റ്റുകള്‍, കോണ്ടിനെന്റല്‍ ശൈലിയിലുള്ള ഫര്‍ണിച്ചര്‍ എല്ലാം ടാറ്റ എത്തിച്ചു, താജിനെ അലങ്കരിക്കാന്‍.
മുംതാസിനോടുള്ള ഷാജഹാന്റെ പ്രണയ സ്മാരകമായിരുന്നു ആഗ്രയിലെ താജെങ്കില്‍, ജന്മനാടിനോടുള്ള ജംഷേദ്ജിയുടെ ഒടുങ്ങാത്ത സ്നേഹത്തിന്റെ സാക്ഷാത്കാരമായിരുന്നു ജംഷേദ്ജിയുടെ താജ്മഹല്‍.
കടുത്ത വിശ്വാസിയായിരുന്ന അദ്ദേഹം പണിതീരും മുമ്പ്, മുഹൂര്‍ത്തം നോക്കി താജ് തുറന്നു, 1903 ഡിസംബര്‍ 16ന്. കെട്ടിടത്തിന്റെ ഒരു ഭാഗവും മകുടവും അപ്പോഴും തീരാന്‍ ബാക്കിയുണ്ട്.
25 ലക്ഷം രൂപ മുടക്കി നിര്‍മിച്ച ഹോട്ടല്‍ തുറന്നപ്പോള്‍ എത്തിയ അതിഥികളേക്കാള്‍ കൂടുതല്‍ പരിചാരകര്‍ ഹോട്ടലിലുണ്ടായിരുന്നു. ഏഴ് അതിഥികളാണ് ആദ്യമായി താജിലെത്തിയത്.
ഹോട്ടല്‍ തുറന്നദിവസം വന്‍ ജനക്കൂട്ടമാണ് അതിനുമുമ്പില്‍ തടിച്ചുകൂടിയത്. ജീവിതത്തിലാദ്യമായി വൈദ്യുതി വിളക്കുതെളിയുന്ന കെട്ടിടം കാണാനെത്തിയതായിരുന്നു അവര്‍. മുംബൈയിലാദ്യമായി വൈദ്യുതി വിളക്ക് തെളിഞ്ഞതും ജംഷേദ്ജിയുടെ താജിലാണ്.
താജുയര്‍ന്ന് 20 വര്‍ഷത്തിനുശേഷമാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ പണിയുന്നത്.
പണ്ട്, തന്റെ സ്ഥാപകനെ ഹോട്ടലില്‍ പ്രവേശിപ്പിക്കാതിരുന്ന വെള്ളക്കാരെ പതിവായി സ്വീകരിക്കാനുള്ള നിയോഗമാണ് കാലം താജിനു നല്‍കിയത്. സാഹിത്യകാരന്മാരായ സോമര്‍സെറ്റ്‌മോമും ഡ്യുക്ക് എല്ലിങ്ടണും തുടങ്ങി മൗണ്ട് ബാറ്റണ്‍ പ്രഭുവും ബില്‍ ക്ലിന്റനും വരെ താജിന്റെ ആതിഥ്യം സ്വീകരിച്ചു. നൂറുകണക്കിന് പുസ്തകങ്ങളില്‍ താജ് പരാമര്‍ശിക്കപ്പെട്ടു. ലൂയി ബോംഫീര്‍ഡിന്റെ 'വണ്‍ നൈറ്റ് ഇന്‍ ബോംബെ' വികസിക്കുന്നത് താജിനെ ചുറ്റിപ്പറ്റിയാണ്. 1940ല്‍ ഈ കൃതി പുറത്തുവന്നു.
ആദ്യകാലത്ത് മഹാരാജാക്കന്മാരായിരുന്നു താജിന്റെ രക്ഷാധികാരികള്‍. എല്ലാവര്‍ഷവും ജനവരിയില്‍ രാജസഭ കൂടിയിരുന്നത് താജിലെ തെക്കേയറ്റത്തുള്ള 'പ്രിന്‍സ്' റൂമിലായിരുന്നു. രാജവാഴ്ച തീര്‍ന്നതോടെ ഈ മുറി 'ബിസിനസ്സ് രാജാക്കന്മാ'രുടെ കൂട്ടായ്മാമുറിയായി.
ഒരു യുദ്ധത്തില്‍ മുറിവേറ്റവരുടെ കരച്ചിലും ഞെരക്കങ്ങളും ആഹ്ലാദാരവങ്ങള്‍ക്കൊപ്പം തന്നെ താജിന് പരിചിതമാണ്. ഒന്നാംലോക മഹായുദ്ധക്കാലം താജിനെ 500 കിടക്കകളുള്ള ആസ്പത്രിയായി രൂപാന്തരപ്പെടുത്തി.
അതിനുശേഷം, ഭയന്ന നിലവിളികളും കൂട്ടക്കരച്ചിലുകളും ഒട്ടും പരിചിതമല്ലാത്ത വെടിയൊച്ചകളും സേ്ഫാടനങ്ങളും താജ് കേള്‍ക്കുന്നത് ബുധനാഴ്ച രാത്രി മുതലുള്ള 60 മണിക്കൂറുകളിലാണ്.
താന്‍ ആതിഥ്യമരുളിയവരുടെ പട്ടിക ഓരോ മുറിച്ചുവരിലും ചരിത്ര സൂചികയായി ഒട്ടിച്ചുവെച്ചിരിക്കുന്ന താജ്മഹല്‍ നടുങ്ങിവിറച്ച ആ ദിനങ്ങളുടെ ഓര്‍മയും ഇനി അവയ്ക്കു കീഴെ ചേര്‍ത്തുവെക്കും, വരുംകാല സന്ദര്‍ശകരോട് പറയാന്‍.
